പെൺകുട്ടിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ
പറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ യുവാക്കൾ തടഞ്ഞുനിർത്തി ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ജഗത് സിംഗ് ബന്ത് ബൈപാസ് റോഡിന് സമീപത്താണ് സംഭവം നടന്നത്. പെൺകുട്ടിയും ഒപ്പമുള്ള യുവാവും ഫോട്ടോയെടുക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ കൈകളിൽ പിടിച്ച് വലിച്ചു. പെൺകുട്ടിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ കേസെടുത്ത പൊലിസ് നാല് പേരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിഹാറിലെ ജാമുയി ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേസിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.