കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പ്രസവാശുപത്രിയും ആക്രമണത്തിനിരയായി.
കീവിൽ രണ്ടു പേരാണ് മരിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. പ്രസവാശുപത്രിയുടെ കവാടത്തിനും വാതികൾക്കും ജനാലകൾക്കും തകരാറുണ്ടായി. ചികിത്സയിലിരുന്നവർക്കും ആശുപത്രി ജീവനക്കാർക്കും പരിക്കില്ല. പോസ്റ്റ് ഓഫീസ്, ഗോഡൗണുകൾ എന്നിവയ്ക്കു പുറമേ നിരവധി വാഹനങ്ങളും കീവിൽ നശിച്ചു.
ഖാർകീവ് നഗരത്തിനടുത്ത് പച്ചക്കറി സംഭരണ കേന്ദ്രത്തിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് ആറു പേർ കൊല്ലപ്പെട്ടത്. ഇവിടെ 12 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തുറമുഖ നഗരമായ ഒഡേസയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ സ്കൂൾ, വൈദ്യകേന്ദ്രം, വീടുകൾ എന്നിവയ്ക്കു കേടുപാടുണ്ടായി.
റഷ്യയുടെ നാലു ഡ്രോണുകൾ മോൾഡോവ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ഇതിലൊരെണ്ണം പൊട്ടിത്തെറിക്കുകയും ചെയ്തതായി അവിടുത്തെ പ്രസിഡന്‍റ് മയാ സന്ദു അറിയിച്ചു. റുമേനിയായിലും ഒരു ഡ്രോൺ തകർന്നുവീണു.
മതിയായതോതിൽ സമ്മർദം ചെലുത്താത്തതുകൊണ്ടാണ് റഷ്യ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നതെന്ന് യുഎൻ സമ്മേളനത്തിനായി ന്യൂയോർക്കിലുള്ള യുക്രെയ്് പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞു. അമേരിക്ക ശക്തമായി പ്രതികരിക്കണമെന്നും റഷ്യൻ ആക്രണത്തെ ചെറുക്കാൻ ഇന്‍റർസെപ്റ്റർ മിസൈലുകൾ നല്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലെ ഇന്‍റർസെപ്റ്റർ മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ഇതുമൂലം അടുത്തകാലത്തെ റഷ്യൻ ആക്രമണങ്ങളിൽ മരണസംഖ്യയും നാശനഷ്ടവും വളരെ കൂടുതലാണ്.
Tags : ukraine war Russia Ukraine