തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ പടരുന്ന കാട്ടുതീ.
പാരീസ്: ജൂണിലുണ്ടായ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസിൽ 5700 അധികമരണം റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2003-ൽ ഉണ്ടായ ഉണ്ടായ കടുത്ത വേനലിനു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന അധികമരണനിരക്കാണിത്.
ജൂൺ 17 മുതൽ ജൂലൈ രണ്ടുവരെയുള്ള കാലയളവിൽ ഉഷ്ണതരംഗം രൂക്ഷമായി ബാധിച്ച മേഖലകളിൽ ആകെ 21,674 മരണമാണു റിപ്പോർട്ട് ചെയ്തത്. സാധാരണ ഇക്കാലങ്ങളിൽ 15000ത്തിനടുത്ത് മരണം മാത്രമാണു റിപ്പോർട്ട് ചെയ്യാറ്. കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് മരണനിരക്കിൽ 36 ശതമാനം വർധയുണ്ടായെന്നാണ് കണക്കിൽ പറയുന്നത്.
അധികമരണങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും 75 വയസിനു മുകളിലുള്ളവരാണ്. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഈൽ-ഡി-ഫ്രാൻസ് മേഖലയിലാണ് ഉഷ്ണതരംഗം ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ സാധാരണയേക്കാൾ 80 ശതമാനം അധികമരണം റിപ്പോർട്ട് ചെയ്തു. ജൂൺ 24, 25 തീയതികളിലാണ് ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പലഭാഗത്തും ഈ ദിവസങ്ങളിൽ ചൂട് 40ഡിഗ്രി സെൽഷസ് കടന്നിരുന്നു.
കാട്ടുതീ പടരുന്നു
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ അതിവേഗം കാട്ടുതീ പടരുന്നു. ബോർഡോ നഗരത്തിനു സമീപം 4000 ഏക്കർ പ്രദേശത്തു കാട്ടുതീ പടർന്നുവെന്നാണു റിപ്പോർട്ട്. ബുധനാഴ്ച രാത്രി 12,000 പേരെ ഒഴിപ്പിച്ചു മാറ്റി. 500 അഗ്നിശമനസേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നു.
Tags : Heatwave France Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash