കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ.
ന്യൂഡൽഹി: പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ആയിരക്കണക്കിനാളുകളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്. ജന്തർ മന്തർ ഉൾക്കൊള്ളുന്നതിലും അധികം ആളുകൾ എത്തുന്നതോടെ സമരാനുകൂലികൾ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ കൊണാട്ട് പ്ലേസും പരിസര പ്രദേശങ്ങളിലുമായി നിറയും.
രാത്രിയാകുമ്പോഴേക്കാണ് സമരമേഖല നിറയുന്നത്. ഇവരെ പോലീസ് തടയുന്നതോടെ രാത്രിയിൽ ജന്തർ മന്തറിന് പുറത്തെ സമരവേദി യുദ്ധക്കളമായി മാറുന്നതാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ വരെ നീണ്ടു. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതോടെ പ്രതിഷേധക്കാർ കൈ യിൽ കിട്ടിയത് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. തങ്ങളെ മർദിച്ച പോ ലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ വളഞ്ഞിട്ട് തിരിച്ചടിച്ചു. കൂടാതെ യൂണിഫോമില്ലാതെ മർദിച്ചവരെയും വിദ്യാർഥികൾ തിരിച്ചടിച്ചു.
വൈകുന്നേരത്തോടെ പ്രതിഷേധക്കാർ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടയ്ക്കണമെന്ന് വ്യാപാരികൾക്ക് പോലീസ് നിർദേശം നൽകി. അതേസമയം പ്രതിഷേധത്തെ തകർക്കാൻ ചിലർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിജെപി ചൂണ്ടിക്കാട്ടി.
രാജ്യ തലസ്ഥാനം ബാരിക്കേഡുകളും പോലീസ് സന്നാഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് ആളുകൾ എത്തുന്നത് തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹമാണുള്ളത്. നിസാമുദ്ദീൻ അടക്കമുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികളെ പോലീസ് തടഞ്ഞുനിർത്തി വഴിയിൽ ഇറക്കിവിട്ടു.
ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണമുണ്ട്. പോലീസ് നിയന്ത്രണം കടുപ്പിച്ചതോടെ മിക്കയിടത്തും വലിയ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്.
അതേസമയം, ദേശസുരക്ഷാ നിയമ പ്രകാരം ആളുകളെ മൂന്നു മാസം വരെ മുൻകൂട്ടി തടങ്കലിൽ വയ്ക്കാൻ ഡൽഹി പോലീസിനുള്ള പ്രത്യേക അധികാരം ഒക്ടോബർ 18 വരെ നീട്ടി നൽകി ഡൽഹി ലഫ്.ഗവർണറുടെ ഔദ്യോഗിക വിജ്ഞാപനമിറങ്ങി. എന്നാൽ, ഇത് സാധാരണ ഭരണനടപടിയുടെ ഭാഗമാണെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം.
Tags : Thousands Flock restrictions Ignoring Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Patta CJP