മമ്മൂട്ടിയുടെ പുതിയ ചിത്രമായ മേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കോട്ടയം: പ്രായം വെറും അക്കങ്ങൾ മാത്രമാണന്ന് മലയാളികളെ പഠിപ്പിച്ച മഹാനടൻ മമ്മൂട്ടി തന്റെ ഓരോ പിറന്നാൾ ദിനത്തിലും ആരാധകർക്കു മുന്നിൽ വിസ്മയങ്ങൾ തീർക്കാറുണ്ട്.
മഹാനടന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിലും ഈ പതിവുതെറ്റിച്ചില്ല. മലയാള സിനിമയുടെ വല്യേട്ടന്റെ ജന്മദിനം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലും ട്രെൻഡായിരുന്നു. ലുക്ക് മുതൽ വാത്സല്യം നിറഞ്ഞ ആ പുഞ്ചിരി വരെ തരംഗമായ ദിനമാണ് കടന്നുപോയത്.
മമ്മൂട്ടിയുടെ സർപ്രൈസ്
പിറന്നാൾദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകാനും മമ്മൂട്ടി മടിച്ചില്ല. തന്റെ ഏറ്റവും പുതിയ ചിത്രമായ മേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് നടൻ ആരാധകർക്ക് വിരുന്നൊരുക്കിയത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലുമാണ് തന്റെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെ മമ്മൂട്ടി പുറത്തുവിട്ടത്.
കറുത്ത മുണ്ടും ഷർട്ടുമാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം. മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ ആദ്യകാല ചിത്രത്തിന്റെ പേര് വീണ്ടും ഉപയോഗിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പോസ്റ്ററിൽ അങ്ങേയറ്റം ടഫ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തമിഴ് സൂപ്പർതാരം ധനുഷിനൊപ്പമുള്ള ഓം ആണ് മമ്മൂട്ടിയുടേതായി അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. അമരൻ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും.
ലുക്ക് തന്നെ മുഖ്യം
പിറന്നാൾ ദിനത്തിൽ സാമൂഹികമാധ്യമങ്ങളിൽ തരംഗമായത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ അൾട്രാ-കൂൾ ലുക്കായിരുന്നു. പ്രായം വെറും അക്കങ്ങൾ മാത്രമാക്കി മാറ്റുന്ന മഹാനടന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സമൂഹി മാധ്യമങ്ങളെ അടക്കിഭരിച്ചു. വെള്ളപാന്റ്സും ക്ലാസിക് ഓറഞ്ച് ഷർട്ടും അതിനുചേരുന്ന ഓറഞ്ച് കളർ പ്രീമിയം സ്നീക്കേഴ്സും ധരിച്ചെത്തിയ സൂപ്പർതാരത്തിന്റെ പോസ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.
ലോകപ്രശസ്ത ജാപ്പനീസ് സ്പോർട്സ് ബ്രാൻഡായ ഒനിറ്റ്സുക ടൈഗറിന്റെ വിന്റേജ് സ്നീക്കറാണ് മമ്മൂട്ടി അണിഞ്ഞിരുന്നത്. മോഹൻലാൽ ഉൾപ്പടെയുള്ള സിനിമാലോകത്തെ സഹപ്രവർത്തകർ പ്രിയതാരത്തിന് ആശംസനേരാൻ ഉപയോഗിച്ചതും ഈ പുതുപുത്തൻ സ്റ്റൈലിഷ് ചിത്രം തന്നെയാണ്. നിർമാതാവ് ആന്റോ ജോസഫാണ് പിറന്നാൾദിനത്തിന് തൊട്ടുമുമ്പ് മമ്മൂട്ടിയുടെ പുത്തൻ ഗൈറ്റപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വാട്ട് നെക്സെറ്റ് എന്ന ക്യാപ്ഷനോടെയാണ് ആന്റോ ചിത്രങ്ങൾ പങ്കുവച്ചത്. ഈ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും സാമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തു.
ആരാധകർക്ക് മുമ്പിൽ കൂളായി
പിറന്നാൾ രാത്രി തനിക്ക് ആശംസകൾ നേരാൻ എറണാകുളത്തെ വസതിക്കു മുന്നിലെത്തിയ ആരാധകരെ മമ്മൂട്ടി വീഡിയോ കോളിലൂടെ അഭിവാദ്യം ചെയ്യുന്ന വിഷ്വലും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മമ്മൂട്ടി കൊച്ചിയിലില്ലെന്നറിഞ്ഞിട്ടും നിരവധി പേരാണ് ആശംസകളുമായി വീടിനുമുന്നിലെത്തിയത്.
Tags : Mammootty Birthday Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Megastar