പ്രതീകാത്മക ചിത്രം - എഐ
ചെന്നൈ: തമിഴ്നാട്ടിൽ തടവുകാരുടെ ജയിൽചാട്ടം തുടർച്ചയായതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി തടവുകാർ ജീവനക്കാരായി പ്രവർത്തിക്കുന്ന 11 പെട്രോൾ പന്പുകൾ താത്കാലികമായി അടച്ചു.
പുഴൽ, കോയമ്പത്തൂർ, മധുര സെൻട്രൽ ജയിലുകൾക്കു സമീപം രണ്ടുവീതവും വെല്ലൂർ, സേലം, തിരുച്ചിറപ്പള്ളി, പാലയങ്കോട്ടൈ സെൻട്രൽ ജയിലുകൾക്കു സമീപം ഓരോന്നു വീതവും നിർത്തലാക്കിയവിൽ പെടും.
തിരുച്ചിറപ്പള്ളിയിലെ വനിതാ സ്പെഷൽ ജയിലിനും പുതുക്കോട്ടൈ ജില്ലാ ജയിലിനും സമീപമുള്ള ഔട്ട്ലെറ്റുകളും അന്പത്തുർ റോഡിൽ പുഴൽ സെൻട്രൽ ജയിലിനു സമീപമുള്ള രണ്ട് പന്പുകളും ഇതിൽപ്പെടും. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്ന, പരിശീലനം ലഭിച്ച തടവുകാർ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്ന പന്പുകളാണിവ.
ഇതിനിടെ, തേനി ജയിലിൽ പീഡനം നേരിട്ടെന്ന് അറസ്റ്റിലായ തടവുകാരൻ ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽനിന്ന് രണ്ടുപേരും തേനിയിലെ ജയിലിൽനിന്ന് 17 പേരും കോയമ്പത്തൂരിൽനിന്ന് ഒരാളുമാണ് അടുത്തിടെ രക്ഷപ്പെട്ടത്.
ചെന്നൈയിലും തേനിയിലും രക്ഷപ്പെട്ടവരെ പൊലിസ് പിടികൂടിയെങ്കിലും കോയമ്പത്തൂരിൽനിന്ന് രക്ഷപ്പെട്ടയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഒക്ടോബർ 26ന് ആണ്ടിപ്പട്ടിക്കു സമീപം തെക്കാംപട്ടിയിലെ ജില്ലാ ജയിലിൽനിന്നാണ് 17 തടവുകാർ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. 36 മണിക്കൂറിനുള്ളിൽ ഇവരെ പൊലീസ് പിടികൂടി.
അറസ്റ്റിനിടെയുണ്ടായ വെടിവയ്പിൽ മധുര സ്വദേശിയായ മീനാക്ഷിസുന്ദരത്തിനും സഹോദരൻ തിരുപ്പതിക്കും വെടിയേറ്റതായാണ് റിപ്പോർട്ട്. ജയിലിനുള്ളിലെ ക്രൂരമായ പീഡനവും മോശം ഭക്ഷണവുമാണ് തടവുകാരെ രക്ഷപ്പെടാൻ പ്രേരിപ്പിച്ചതെന്ന് മീനാക്ഷി സുന്ദരം തന്റെ വീഡിയോയിലൂടെ ആരോപിക്കുന്നുണ്ട്.
ജയിൽ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാൽ കോടതിയിൽ നേരിട്ട് കീഴടങ്ങാനാണ് രക്ഷപ്പെട്ടതെന്നും ചീഫ് ജസ്റ്റിീസിനോടും മുഖ്യമന്ത്രിയോടും അഭ്യർഥിച്ചുകൊണ്ട് ഇയാൾ പറഞ്ഞു. ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താൻ പൊലിസ് പദ്ധതിയിട്ടിരുന്നു.
സംഭവത്തിൽ സഹോദരന് പങ്കില്ലെന്നും ഗർഭിണിയായ ഭാര്യയോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനാണ് ആഗ്രഹമെന്നും ഇയാൾ പറയുന്നു.
ഔദ്യോഗിക കണക്കിൽ 17 പേരാണ് രക്ഷപ്പെട്ടതെങ്കിലും 21 തടവുകാർ ജയിൽചാടിയെന്നാണ് മീനാക്ഷിസുന്ദരത്തിന്റെ അവകാശവാദം. ഇത് പുതിയ തർക്കത്തിന് വഴിമരുന്നിട്ടിട്ടുണ്ട്.
Tags : Jailbreaks TamilNadu Staffed Prisoners Petrolpumps PrecautionaryMeasure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash