ഫാ. സെബാസ്റ്റ്യന്‍ പൂണോളി
കോഴിക്കോട്: ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്, നിയമോപദേഷ്ടാവ്, അധ്യാപകന് എന്നിങ്ങനെ ഇടപെട്ട മുഴുവന്‍ മേഖലകളിലും പ്രകാശം പരത്തിയ ആത്മീയവര്യനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഫാ. സെബാസ്റ്റ്യന്‍ പൂണോളി സിഎംഐ (86).
വൈദികര്‍ ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വലിയൊരു ശിഷ്യഗണത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ ദൈവികപരിപാലനയില്‍ പൗരോഹിത്യ ശുശ്രൂഷയിലേക്കു പ്രവേശിച്ചവരേറെയാണ്.
കോഴിക്കോട് ദേവഗിരി കോളജ്, ബംഗളൂരു ധര്‍മാരാം കോളജ്, ക്രൈസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍, കോഴിക്കോട് പ്രോവിഡന്‍സ് നൊവിഷ്യേറ്റ് ഹൗസ് നോവിസ് മാസ്റ്റര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ച ഫാ. സെബാസ്റ്റ്യന്‍ പൂണോളിയുടെ പാണ്ഡിത്യവും അറിവും അപാരമായിരുന്നു.
ചെന്നൈ ലയോള കോളജില്‍നിന്ന് ബിരുദവും തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്ദര ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം ധര്‍മാരാം കോളജില്‍നിന്നാണു തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
1975 മുതല്‍ 1981 വരെ ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപനമികവിനുള്ള "ജൂനിയര്‍ ഷെപ്പേര്‍ഡ്' എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു. സിഎംഐ സഭയുടെ വികാരി ജനറാള്‍, ധര്‍മാരാം കോളജ് റെക്ടര്‍ എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ അദ്ദേഹത്തിന്റെ നേതൃപാടവവും നൈപുണ്യവും ജനശ്രദ്ധയാകര്‍ഷിച്ചു.
ദേവഗിരി ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചുവരുന്നതിനിടെ 31നായിരുന്നു വിയോഗം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ദേവഗിരി സെന്റ് ജോസഫ്സ് ആശ്രമ പള്ളിയിൽ നടക്കും.
Tags : FrSebastianPoonoly Blended Spirituality Scholarship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash