ധാക്കയിൽ ശമ്പളവർധന ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രകടനം.
ധാക്ക: ശമ്പളവർധന ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ വസ്ത്രനിർമാണശാല തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും അക്രമാസക്തമായി. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
തലസ്ഥാനമായ ധാക്കയിലെ മിർപുർ, അഷുലിയ, ഗാസിപ്പുർ, നാരായൺഗഞ്ച് എന്നിവിടങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാർ പൊലിസ് വാനുകൾക്കു തീയിട്ടു. ഇവരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ധാക്ക, ഗാസിപ്പുർ, മെയ്മൻസിംഗ് എന്നിവിടങ്ങളിലെ 4,000 വസ്ത്രനിർമാണശാലകളിലെ 670 എണ്ണം പൂട്ടിയതോടെയാണു തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിമാസ വേതനം 12,500 ബംഗ്ലാദേശി ടാക്കയിൽനിന്ന് 30,000 ടാക്കയായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണു സമരം.
പണപ്പെരുപ്പം മൂലം ഭക്ഷണം, പാർപ്പിടം, ഗതാഗതം, ആരോഗ്യം എന്നിവയുടെ ചെലവുകൾ ഉയർന്ന് ജീവിത സാഹചര്യം ദുഃസഹമാക്കിയെന്നാണ് തൊഴിലാളികൾ പറയുന്നത്.
സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഞായറാഴ്ച ആഭ്യന്തരമന്ത്രി, തൊഴിൽ മന്ത്രി, മറ്റ് മുതിർന്ന മന്ത്രിമാർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. തൊഴിൽ വകുപ്പ് മന്ത്രി ആരിഫുൾ ഹഖ് ചൗധരി വേജ് ബോർഡ് രൂപവത്കരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പ്രതിഷേധം അവസാനിപ്പിക്കാൻ തൊഴിലാളികൾ തയാറായില്ല.
Tags : Bangladesh Workers Protests Factory Wages Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash