സഞ്ജയ് ജയ്സ്വാൾ
ഷില്ലോംഗ്: രാജ്യത്തു വിദേശസംഭാവനയായി ലഭിച്ച 22,000 കോടി രൂപയിൽ വെറും ആറു ശതമാനം മാത്രമാണ് പള്ളികൾ ഉൾപ്പടെ വിശ്വാസികൂട്ടായ്മയ്ക്കു ലഭിച്ചതെന്ന് എഫ്സിആർഎ ഭേദഗതിയിലെ സംയുക്ത പാർലമെന്ററി സമിതി ചെയർപേഴ്സൺ സഞ്ജയ് ജയ്സ്വാൾ.
വിദേശ സംഭാവന കൈപ്പറ്റുന്ന സംഘടനകളും സ്ഥാപനങ്ങളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിക്കുമെന്നു പറഞ്ഞ അദ്ദേഹം, വിഷയത്തിൽ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നത് തുടരുകയാണെന്നും അറിയിച്ചു.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സംഗ്മയുടെ അഭ്യർഥനയെത്തുടർന്ന് ഷില്ലോംഗിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു സഞ്ജയ് ജയ്സ്വാൾ. അടുത്തതായി ചെന്നൈയിലും കൊച്ചിയിലും സമിതി അഭിപ്രായങ്ങളും നിർദേശങ്ങളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഘാലയയിലെ ക്രൈസ്തവ, ഹിന്ദു സംഘടനകൾ ഉൾപ്പടെ ഇരുപതോളം പ്രതിനിധികളാണു ജെപിസിയുമായി കൂടിക്കാഴ്ച നടത്തിയത്.
എഫ്സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷങ്ങളെയും സന്നദ്ധസംഘടനകളെയും ലക്ഷ്യമിട്ടാണെന്ന പ്രതിപക്ഷ ആരോപണത്തെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 12 നാണ് ദേദഗതിബിൽ സംയുക്ത പാർലമെന്റി സമിതിക്കു കൈമാറാൻ കേന്ദ്രം തീരുമാനിച്ചത്.
ഭേദഗതി നിർദേശങ്ങൾ ക്രൈസ്തവ സന്നദ്ധസംഘടനകളെയും ന്യൂനപക്ഷങ്ങളുടെ നിയന്ത്രണത്തിലുള്ള സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനമുയർന്നിരുന്നു.
Tags : ForeignContribution FCRA SanjayJaiswal Foreigncontributions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash contributions Christians