കസെമിറോയ്ക്കൊപ്പം ആഹ്ലാദം പങ്കിടുന്ന മെസി.
ഫോക്സ്ബറോ (മസാച്യസെറ്റ്സ്): ഗോളടിപ്പിച്ചും അടിച്ചും ലയണൽ മെസി തിളങ്ങിയ മത്സരത്തിൽ ഇന്റർ മയാമിക്കു ജയം. ന്യൂ ഇംഗ്ലണ്ട് റെവലൂഷനെതിരേ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടു ഗോളടിച്ച് ഇന്റർ മയാമി ജയം സ്വന്തമാക്കി.
റെഗുലർ സീസണിൽ ഒരു മത്സരം മാത്രം ബാക്കിനിൽക്കേ ന്യൂ ഇംഗ്ലണ്ടിനെ ഒരു പോയിന്റിന് മറികടന്ന് ഇന്റർ മയാമി ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. ഈ സീസണിൽ ഇന്റർ മയാമി നേടുന്ന പത്താമത്തെ എവേ ജയമാണിത്. മറ്റേതൊരു ടീമിനെക്കാളും മൂന്നു വിജയങ്ങൾ കൂടുതൽ.
ജയത്തോടെ അടുത്ത വർഷം നടക്കുന്ന കോണ്‍കാകഫ് ചാന്പ്യൻസ് കപ്പിൽ ഇന്റർ മയാമിക്കു യോഗ്യത നൽകി.
53-ാം മിനിറ്റിൽ ഡാനിയൽ ഗസ്ഡാഗ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 69-ാം മിനിറ്റിൽ മെസിയുടെ പാസിൽ ജർമൻ ബെർട്ടറാമെ മയാമിക്കു സമനില നല്കി. ആദ്യ എംഎൽഎസ് സീസണിൽ ബെർട്ടറാമെയുടെ പേരിൽ പത്തു ഗോളും അത്രതന്നെ അസിസ്റ്റുമുണ്ട്.
83-ാം മിനിറ്റിൽ മെസി ഇന്റർ മയാമിയുടെ വിജയഗോൾ കുറിച്ചു. ഈ സീസണിൽ അർജന്റൈൻ താരം നേടുന്ന 26-ാമത്തെ ഗോളാണ്.
Tags : LionelMessi InterMiami Wins FootballMatch NewEngland Sports