പ്രതീകാത്മക ചിത്രം
കൊച്ചി: കേസുകളിൽ നിർണായക തെളിവുകളായി കോടതികളിൽ എത്തിക്കുന്ന തൊണ്ടിമുതലുകളും സുരക്ഷിതമല്ല. എറണാകുളം ജില്ലാ കോടതിയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകൾ കാണാതായ സംഭവം ഇതു മൂന്നാമത്തേതാണ്.
ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ കോടതികളിലെ രേഖകളുടെയും തൊണ്ടിമുതലുകളുടെയും സുരക്ഷിത സൂക്ഷിപ്പിനെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നു.
മോഷണം, കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ പിടിച്ചെടുക്കപ്പെടുന്ന തൊണ്ടിമുതലുകൾ കുറ്റകൃത്യവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന നിർണായക തെളിവുകളാണ്.
കോടതിയിൽ ഹാജരാക്കുന്ന തൊണ്ടിമുതലുകളുടെ കൈകാര്യം ചെയ്യൽ കേസിന്റെ വിചാരണയിലും വിധിയിലും നിർണായകവുമാണ്. തൊണ്ടിമുതലുകൾ സ്വീകരിക്കുന്നതുമുതൽ കോടതിയിൽ ഹാജരാക്കുന്നതും പിന്നീട് തിരികെ സൂക്ഷിക്കുന്നതുവരെയും കൃത്യമായ രേഖപ്പെടുത്തലും മേൽനോട്ടവും ആവശ്യമാണ്.
അഭിമന്യു കേസിലെ രേഖകളും കാണാതായി
എറണാകുളം ജില്ലാ കോടതിയിൽനിന്ന് സുപ്രധാന രേഖകൾ കാണാതാകുന്നത് ഇതാദ്യമല്ല. മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു വധക്കേസിന്റെ വിചാരണക്കോടതിയുടെ സുരക്ഷിത സൂക്ഷിപ്പിലുണ്ടായിരുന്ന കുറ്റപത്രം ഉൾപ്പടെയുള്ള 11 പ്രധാന രേഖകൾ നേരത്തേ കാണാതായിരുന്നു. കേസിന്റെ വിചാരണയിൽ നിർണായകമായിരുന്ന പ്രോസിക്യൂഷൻ രേഖകൾ നഷ്ടപ്പെട്ടതു വലിയ വിവാദമാകുകയും ചെയ്തു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്നാണു രേഖകൾ കാണാതായത്. അഭിമന്യു വധക്കേസിനുപുറമെ സെൻട്രൽ പൊലിസ് രജിസ്റ്റർ ചെയ്ത യുഎപിഎ, എൻഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി അന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. രേഖകൾ എങ്ങനെ കാണാതായി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നഷ്ടപ്പെട്ട രേഖകൾക്കുപകരം പ്രോസിക്യൂഷന്റെയും പൊലിസിന്റെയും കൈവശമുണ്ടായിരുന്ന പകർപ്പുകൾ ഉപയോഗിച്ച് രേഖകൾ പുനർനിർമിക്കാൻ ഹൈക്കോടതി അനുമതി നൽകി. തുടർന്ന് പ്രോസിക്യൂഷൻ പുതിയ പകർപ്പുകൾ വിചാരണക്കോടതിയിൽ ഹാജരാക്കി. കോടതിയിൽനിന്നു രേഖകൾ കാണാതായ സംഭവത്തിൽ കുറ്റപത്രത്തിന്റെ ഒരു പകർപ്പ് പിന്നീട് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫസൽ വധക്കേസിലും തൊണ്ടിമുതൽ വിവാദം
തലശേരി ഫസൽ വധക്കേസിലും കോടതിയിൽനിന്നു നിർണായക തൊണ്ടിമുതൽ കാണാതായ സംഭവം വിവാദമായിരുന്നു. കേസിലെ പ്രധാന തെളിവായ രക്തം പുരണ്ട തൂവാലയാണ് കോടതിയിൽനിന്ന് അപ്രത്യക്ഷമായത്. തൂവാല സൂക്ഷിച്ചിരുന്ന മുദ്രവച്ച കവറിനു പുറത്ത് എലി കൊണ്ടുപോയി എന്നു രേഖപ്പെടുത്തിയിരുന്നതും വലിയ ചർച്ചയായി. പിന്നീട് തൂവാല കോടതിയിൽനിന്നുതന്നെ കണ്ടെത്തിയതായി ജീവനക്കാർ അറിയിക്കുകയും ചെയ്തു.
Tags : Strongroom Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash