Kerala
ഇടുക്കി: പീരുമേട് പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒന്നു വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം കെട്ടിടം തകര്‍ന്നു വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത -183 നോട് ചേര്‍ന്നുള്ള പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്ന ആളുടെ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടന്നിരുന്നത്. കെട്ടിടത്തിന്റെ അഞ്ചു നിലകളും പില്ലറില്‍ ആണ് നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് നിഗമനം.
കൊട്ടാരക്കര - ഡിണ്ടുഗല്‍ ദേശീയപാതയില്‍ പാമ്പനാർ ടൗണില്‍ തിരുഹൃദയ ദേവാലയത്തിന് എതിര്‍വശത്താണ് നിര്‍മാണം നടന്നിരുന്നത്. റോഡിന്റെ ഒരു വശത്ത് താഴ്ചയില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചു വന്നിരുന്നത്. റോഡില്‍ നിന്നു വിട്ടു നിര്മിച്ചതിനാല് ഇതിന്റെ മുന്‍വശത്ത് മണ്ണിട്ട് നികത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം കെട്ടിടം ഇടിയാന്‍ കാരണമെന്നും നിഗമനം ഉണ്ട്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപം ആളുകള്‍ താമസിക്കുന്ന മറ്റ് വീടുകളുമുണ്ട്. ഈ ഭാഗത്തേക്ക് കെട്ടിടം പതിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് മുന്‍പു തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്ത കരാറുകാരന് കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Kerala
കൊച്ചി: അലവന്‍സ് വര്‍ധന ആവശ്യപ്പെട്ട് കൊച്ചിയില്‍ ഇന്‍സ്റ്റമാര്‍ട്ട് ജീവനക്കാർ സമരം നടത്തി. ഒരു ദിവസത്തെ അലവന്‍സ് 1500ആയി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയായിരുന്നു സമരം.
നിലവില്‍ 30 ഓര്‍ഡറുകള്‍ ഡെലിവറി ചെയ്താല്‍ 1250 രൂപയാണ് ജീവനക്കാര്‍ക്ക് അലവന്‍സായി ലഭിക്കുന്നത്. ഇന്ധന വില വര്‍ധിച്ചതിനാല്‍ ദിവസേന ശരാശരി 340 രൂപ ഇന്ധന ചെലവിനായി മാത്രം മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടർന്ന് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികൾ പാലത്തിനടിയിൽ ഉറങ്ങുകയായിരുന്നു. അതിനാൽ ഇവർക്ക് പെട്ടെന്ന് ഓടി രക്ഷപെടാൻ സാധിച്ചില്ല.
ദുരന്തം പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ചും നിർമാണ സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ പോരായ്മകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികായണ്.
Kerala
കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.
തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.
ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം സ്വാഗതം ചെയ്ത് അംഗന്‍വാടി ജീവനക്കാരും. അംഗന്‍വാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ പ്രൈമറി അധ്യാപകര്‍ എന്നിവരുടെ വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായാണ് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ചതാണ്. ആശമാരുടെ സമരത്തോളം തങ്ങളുടെ സമരം ശ്രദ്ധിക്കപ്പെട്ടെങ്കിലും തങ്ങളെ അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ട് എന്നാണ് അംഗന്‍വാടി ജീവനക്കാര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
ബീന - അംഗന്‍വാടി ടീച്ചര്‍
നമ്മളെ ഓര്‍ത്തതിലും അംഗീകരിച്ചതിലും വളരെ സന്തോഷം. ഒത്തിരി ജോലി തിരക്കുണ്ട്. ആശമാര്‍ സമരം ചെയ്തു. ഞങ്ങളും സമരം ചെയ്യുന്നുണ്ടെങ്കിലും അവരുടെ അത്രയും ശ്രദ്ധ ലഭിച്ചില്ല. നിയമസഭയില്‍ ഇതിന് മുമ്പും ഞങ്ങളുടെ കാര്യം ഉന്നയിച്ചിട്ടുള്ളതാണ്. അന്നത്തെ മന്ത്രിസഭ അത്രയും കാര്യമാക്കി എടുത്തില്ല. ഇപ്പോള്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷം. 1998ല്‍ ബാലവാടി ആയിരുന്നപ്പോഴാണ് ടീച്ചര്‍ ആയി ജോലിക്ക് കയറിയത്. അന്ന് 800 രൂപയായിരുന്നു മാസ ശമ്പളം. ഇന്ന് ആയിരം രൂപ കൂട്ടിയതില്‍ സന്തോഷമുണ്ട്.
ബിന്ദു പി.ഡി. - അംഗന്‍വാടി ടീച്ചര്‍
ഏറ്റവും സന്തോഷം. വി.ഡി. സതീശന് മുഖ്യമന്ത്രിയായി ആദ്യം തന്നെ ഞങ്ങളെ പരിഗണിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫ് 102 സീറ്റോടെ വിജയിച്ചപ്പോള്‍ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇത്രയും പെട്ടെന്ന് ഞങ്ങളെ ഒക്കെ പരിഗണിക്കുമെന്ന് ഒട്ടും ഓര്‍ത്തില്ല.
ജിജി എന്‍.ആര്. - അംഗന്‍വാടി ആയ
സന്തോഷമുണ്ട്. കേറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ആയിരം രൂപ കൂട്ടിയല്ലോ. 1998ല്‍ ആണ് ഞാന്‍ ആയയായി കേറിയത്. അന്ന് 350 രൂപയായിരുന്നു ശമ്പളം കിട്ടിയത്. ഇപ്പോള്‍ ആയിരം കൂട്ടിയതില്‍ വളരെ സന്തോഷം.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ ആവശ്യങ്ങളും ഒറ്റയടിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും, വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ 9000 രൂപയാണ് ഇവരുടെ ഓണറേറിയം. ഇനി 12,000 രൂപയാണ് ഇനി ആശമാര്‍ക്ക് ലഭിക്കുക.
Kerala
കൊച്ചി: വിവിധ മേഖലകളിലെ തൊഴിലാളികളോടും തൊഴിൽ മേഖലയുടെ സ്പന്ദനങ്ങളോടും ചേർന്നു സഞ്ചരിച്ച രാഷ്ട്രീയജീവിതമാണു വി.ഡി. സതീശന്റേത്.
മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അമരത്ത് തേരുതെളിച്ചു മുന്നേറുന്പോഴും സംസ്ഥാനത്തെ നിരവധി പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹമുണ്ട്.
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂണിയൻ, കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ, ഫാക്ട് എംപ്ലോയീസ് കോൺഗ്രസ്, പ്രീമിയർ ടയർ വർക്കേഴ്സ് യൂണിയൻ, ടിസിസി എംപ്ലോയീസ് യൂണിയൻ, ഐആർഇ വർക്കേഴ്സ് യൂണിയൻ, ഹിൻഡാൽകോ വർക്കേഴ്സ് യൂണിയൻ, ടാറ്റ ഓയിൽ മിൽസ് വർക്കേഴ്സ് യൂണിയൻ, കാർബോറാണ്ടം യൂണിവേഴ്സൽ എംപ്ലോയീസ് യൂണിയൻ, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ എംപ്ലോയീസ് കോൺഗ്രസ്, കെഎഫ്സി പ്രഫഷണൽ ഫോറം എന്നിവയുടെ പ്രസിഡന്റ് പദവിയിൽ വി.ഡി. സതീശൻ സേവനം ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങളിൽ നേതൃപരമായ ഇടപെടലുകൾ അദ്ദേഹം നടത്തി.
Kerala
പാലക്കാട്: പാലക്കാട്ടെ 800 ഓളം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പി.കെ. ശശിയുടെ ഡിഎംഎഫിൽ ചേർന്നു. ഈ മാസം 14 ന് നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
പാലക്കാട്ടെ സിപിഎമ്മിലെ തർക്കത്തെ തുടർന്ന് ജില്ലാ നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ടവരെ കൂടെ കൂട്ടാനും നീക്കം നടക്കുന്നുണ്ട്. പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറുമായി ഡിഎംഎഫ് നേതാക്കൾ ചർച്ച നടത്തി.
ഡിഎംഎഫ് ജില്ലാ സെക്രട്ടറി എം. സതീഷിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരായ പോരാട്ടത്തിൽ കൂടെ നിൽക്കണമെന്ന് ഡിഎംഎഫ് നേതാക്കൾ അബ്ദുൽ ഷുക്കൂറിനോട് ആവശ്യപ്പെട്ടു.
National
ചെന്നൈ: ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നാണ് വിജയ്യുടെ നിർദേശം.
ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.
അതിനിടെ, അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു.
ധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.
District News
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. 50 അങ്കണവാടി കുട്ടികളുടെ തൂക്കം പരിശോധിക്കുന്ന വെയിംഗ് സ്കെയിൽ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം വിരമിച്ച ഏഴ് അങ്കണവാടി ജീവനക്കാരെയാണ് ആദരിച്ചത്.
2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 85,000 രൂപ ചെലവിലാണ് വെയിംഗ് സ്കെയിൽ സംവിധാനം ലഭ്യമാക്കിയത്. വൈസ്പ്രസിഡന്റ് അജീന സിയാദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.ടി ഷാഹുൽഹമീദ്, നിശാ മാധവൻ, പഞ്ചായത്തംഗങ്ങളായ ഇ. മുഹമ്മദ് കുഞ്ഞി, സലാം, സി.ടി. ചെറി, കെ.വി. സിന്ധു, അസിസ്റ്റന്റ് സെക്രട്ടറി എം.പി. ഹരിഷ്, ഐസിഡിഎസ് സൂപ്പർ വൈസർ എം. അബിനിധ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിതെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം.
വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ തേടും. ഇന്ന ആള് വരണമെന്നുള്ള അഭിപ്രായം ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട ശക്തിപ്രകടനവും ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽനിന്നു പ്രവർത്തകർ പിന്തിരിയണമെന്നു കോവളം നിയുക്ത എംഎൽഎ എം. വിൻസെന്റ്. വിജയത്തിന്റെ നിറം കെടുത്തുന്ന തരത്തിൽ കോൺഗ്രസിൽ ഒന്നും ഉണ്ടായിട്ടില്ലെന്നും വിൻസെന്റ് പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ എല്ലാരും ഒരുമിച്ചുനിന്നു പ്രവർത്തിക്കും. മന്ത്രിസ്ഥാനമോ മറ്റു സ്ഥാനമാനങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നും വിൻസെന്റ് പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നത് വൈകിയില്ലെന്നും എഐസിസി നിരീക്ഷകരോട് തന്റെ അഭിപ്രായം പറഞ്ഞു. റോഡിൽ വ്യക്തമാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾക്കിടെ ഫ്ലെക്സ് പോര് തുടരുകയാണ്. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് തുടരുന്നത്. വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ കോൺഗ്രസ് പ്രവർത്തകൻ തുപ്പി പ്രതിഷേധം നടത്തിയതായി പറയുന്നു. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് ഒരു വിഭാഗം പ്രതിഷേധിച്ചു.
Kerala
തൃശൂർ: 15നു സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വനിതാ ശിശുവകുപ്പ് ഓഫീസുകൾക്കുമുന്പിൽ ധർണയും സമരവും സംഘടിപ്പിക്കുമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുനൽകണമെന്നും സുതാര്യമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെടും.
ഓണ്‍ലൈൻവഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി ത്രീജി സൗകര്യമുള്ള മൊബൈൽ ഫോണ്‍ ഉടൻ നൽകുക, ഏതു കന്പനിയുടെ സിംകാർഡ് ഉപയോഗിച്ചാലും റീചാർജ് ചെയ്യുന്നതിനു പ്രതിമാസം നിശ്ചിതതുക അനുവദിക്കുക, ആധാർ, ഇകെവൈസി- എഫ്ആർഎസ് രജിസ്ട്രേഷൻ നിർത്തലാക്കുക, ഇൻസെന്റീവ് ഇനത്തിലുള്ള കുടിശിക പൂർണമായും അനുവദിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരവും ധർണയും നടത്തുന്നത്.
പരിഹാരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ 22നു വനിതാ ശിശുവികസനവകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് വളഞ്ഞ് സമരം ശക്തിപ്പെടുത്തും.
പത്രസമ്മേളനത്തിൽ കെ.കെ. പ്രസന്നകുമാരി, എം. ഷിംജില, വി. സരള, എ. തങ്കമണി എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: 19 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് സ്വദേശികളായ റഫീഖുല്‍ മൊല്ല (22), മുസ്തഫ മണ്ഡല് (30) എന്നിവരെയാണ് പട്ടിമറ്റം ചൂരക്കോട് ഭാഗത്തു നിന്ന് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഒഡീഷയില്‍ നിന്ന് കിലോക്ക് 5000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഒരു കിലോയുടെയും രണ്ട് കിലോയുടെയും പാക്കറ്റുകളില്‍ ആക്കിയായിരുന്നു കച്ചവടം.
ഒരു മുറിയില്‍ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം റഫീഖുല്‍ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു.
എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്പെക്ടര്‍ ശിവലാല്‍, എസ്ഐമാരായ എം. അഭിജിത്ത്, പി.എം. മുഹമ്മദ്, അബൂബക്കര്‍, എഎസ്ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ ടി.എ. അഫ്സല്, ബെന്നി ഐസക്ക്, റോബിന് ജോയി, സിപിഒമാരായ ഒ.എസ്. ബിപിന്‍ രാജ്, എബി ഗോപാലന്, ടോമി തോമസ്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: കൂത്താട്ടുകുളം സിപിഎമ്മില്‍ കൂട്ടരാജി. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ് അടക്കമുള്ള 53 പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാജു ജേക്കബ് പറഞ്ഞു.
പാലക്കുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ. ജയ, മുന്‍ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആലീസ് ഷാജു, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് സിപിഐയില്‍ ചേര്‍ന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്റഫ്, മുന്‍ എംഎല്‍എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം തുടങ്ങിയ സിപിഐ നേതാക്കളില്‍ നിന്നും ഇവര്‍ അംഗത്വം ഏറ്റുവാങ്ങി.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് സിപിഐയില്‍ എത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടിരുന്നു. ഷാജു ജേക്കബ് മാത്രമാണ് ജയിച്ചത്. പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണം ഷാജു ജേക്കബ് ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഷാജു അടക്കമുള്ള ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ സിപിഐയില്‍ എത്തിയത്.
National
ന്യൂഡൽഹി: പോലീസുകാരൻ വെടിയുതിർത്തതിനെത്തുടർന്ന് ദ്വാരകയിൽ രണ്ട് തൊഴിലാളികൾക്ക് വെടിയേറ്റു. ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ജാഫർപൂർ കലാൻ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്തെ ലേബർ കോളനിയിൽ താമസിക്കുന്ന തൊഴിലാളികൾ പാർട്ടിക്കിടെ ബഹളമുണ്ടാക്കിയതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. സമീപത്ത് താമസിക്കുന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ബഹളത്തെക്കുറിച്ച് പരാതിപ്പെടുകയും തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ ഉദ്യോഗസ്ഥൻ തന്റെ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയായ പോലീസുകാരൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥനെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: വടകര തിരുവള്ളൂര്‍ ചാനിയംകടവില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. താഴെക്കുറ്റിയില്‍ യൂസഫിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനില്‍ കീഴടങ്ങിയത്. ഒരാള്‍ നേരത്തെ പിടിയിലായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും മൊബൈലും കവര്‍ന്നെന്നായിരുന്നു ലീഗ് പ്രവര്‍ത്തകനായ യൂസഫിന്റെ പരാതി . വധശ്രമത്തിനാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സിപിഎം പ്രവര്ത്തകന് മര്‍ദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ് പ്രവര്‍ത്തകനുനേരെയുള്ള ആക്രമം.
Kerala
കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം.
കോഴിക്കോട് - മുക്കം - തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു.
ഇതിന് തുടര്‍ച്ചയായാണ് പാളയം ബസ് സ്റ്റാൻഡിൽ വച്ച് അതിക്രമമുണ്ടായത്. മാധവം ബസിന്റെ ചില്ലാണ് തകര്‍ത്തത്. അസാറോ ബസിലെ ജീവനക്കാരൻ അതിക്രമം നടത്തിയെന്നാണ് പരാതി. കസബ പോലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: കളമശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ചെങ്ങമനാട് പോലീസാണ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. പരാതി കൊടുത്തതിലെ പ്രകോപനത്തിൽ കഴിഞ്ഞ ദിവസം രാത്രി അടുവാശേരിയിലെ ഇന്ദിര ഭവനിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറിയെന്നും കത്തി കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സിപിഎം-കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി ഉണ്ടാവുകയും ചെയ്തു. ഓഫീസിൽ വച്ചിരുന്ന ഫ്ലക്സുകളും ഓഫീസിലെ മറ്റ് സാധനങ്ങളും സിപിഎമ്മുകാർ നശിപ്പിച്ചെന്നും കോൺഗ്രസ് നൽകിയ പരാതിയിലുണ്ട്.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധന ആവശ്യപ്പെട്ട് ഫാക്ടറി ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. നോയിഡ ഫേസ് രണ്ടിലെ വ്യവസായ മേഖലയിലാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ സമരക്കാർ പോലീസ് വാനിന് ഉൾപ്പെടെ തീയിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
ശമ്പളം വർധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. അയൽസംസ്ഥാനമായ ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധന വരുത്തിയിരുന്നു. സമാനമായ രീതിയിൽ ഉത്തർപ്രദേശിലും വേതനം വർധിപ്പിക്കണമെന്നാണ് നോയിഡയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യം.
തിങ്കളാഴ്ച രാവിലെ സമരക്കാർ തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സെക്ടർ 84-ലെ ടെക്സ്റ്റൈൽ, ഇലക്ട്രോണിക് ഫാക്ടറികളിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ രണ്ട് വാഹനങ്ങൾ സമരക്കാർ തീയിട്ടു. സ്വകാര്യ വസ്തുവകകൾക്കും ഫാക്ടറികൾക്കും നേരെയും ആക്രമണമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഹരിയാനയിൽ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 11,274 രൂപയിൽ നിന്ന് 15,220 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നോയിഡയിൽ ഇത് ഇപ്പോഴും കുറവാണെന്നും സമാന ജോലി ചെയ്യുന്നവർക്ക് തുല്യവേതനം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഭവത്തിൽ ആളപായമില്ലെന്ന് പോലീസ് പറഞ്ഞു.
ബേസ്മെന്റിൽ സ്ഥാപിച്ചിരുന്ന മെഷീനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്ന് പ്രാഥമിക നിഗമനം. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അപകടത്തിൽപ്പെട്ടത്.
പുക നിറഞ്ഞതിനെ തുടർന്ന് ഫാക്ടറിയുടെ ഒന്നാം നിലയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും കെട്ടിടത്തിന്റെ വശത്തെ ഗ്ലാസ് പാനലുകൾ തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.
പരിക്കേറ്റ അഞ്ചു പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഗ്ലാസ് തട്ടി ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്.
തൊഴിലാളികളും പോലീസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാലക്കാട് വെച്ച് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ പോലീസ്. രമേഷ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ പാലക്കാട് മുൻസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രതികൾക്കെതിരായ നടപടിക്ക് മുമ്പായാണ് ടൗൺ നോർത്ത് പോലീസ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ നോട്ടീസ് നൽകി വിളിച്ച് വരുത്തും.
കഴിഞ്ഞദിവസം പാലക്കാട് വടക്കന്തറയിൽ വെച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ പിഷാരടിയെ വോട്ട് ചോദിച്ച് വീടുകളിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്.
പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബിജെപി കൗൺസിലർ സിന്ധു രാജനെതിരെ ചുമത്തിയിരിക്കുന്നത്.
District News
ഏരുവേശി: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം ഇരിക്കൂര്‍ നിയോജക മണ്ഡലം ഇടതു ഇടതു സ്ഥാനാര്‍ഥി മാത്യൂ കുന്നപ്പള്ളി എരുവേശി ലോക്കലിലെ വിവിധ തൊഴില്‍ ശാലകളും സാന്ത്വന കേന്ദ്രങ്ങളും മത സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു.
ലൂര്‍ദ് മാതാ ബെസിലിക്കയില്‍ പ്രാര്‍ഥന നടത്തിയാണ് ഇന്നലെ പര്യടനം അവസാനിപ്പിച്ചത്. എല്‍ഡിഎഫ് നേതാക്കളായ ഷോണി അറക്കല്‍, കെ.പി. ദിലീപ്, പി. സദാനന്ദന്, രതീഷ് ബാബു, എം. നാരായണന്, കെ.ഒ. ജനാര്ദനന് എന്നിവര്‍ ഒപ്പമുണ്ടായി. ഇന്ന് ഉദയഗിരി പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തും രാവിലെ എട്ടിന് ഉദയഗിരി ടൗണില്‍ നിന്ന് ആരംഭിക്കും.
District News
പാലക്കാട്: വനിതാദിനാഘോഷത്തിന്റെ ഭാഗമായി ലീഡ് കോളജിൽ ശ്രദ്ധേയവും മാതൃകാപരവുമായ പരിപാടി സംഘടിപ്പിച്ചു. കോളജിലെ വനിതാ പരിപാലക ജീവനക്കാരുടെ ഒരു ദിവസത്തെ മുഴുവൻ ജോലിയും ലീഡ് ലയണ്‍സ് ക്ലബ്ബിലെ വിദ്യാർഥികൾ ഏറ്റെടുത്ത് നിർവഹിച്ചു. സമൂഹത്തിൽ എല്ലാ തൊഴിലും ഒരുപോലെ മഹത്തരമാണെന്ന സന്ദേശം വിദ്യാർഥികൾ ഈ പ്രവർത്തനത്തിലൂടെ പങ്കുവെച്ചു.
റസിഡൻഷ്യൽ കോളജ് ആയ ലീഡിൽ രാവിലെ 6.30 മുതൽ ആരംഭിക്കുന്ന പരിപാലന ജോലികൾ വിദ്യാർഥികൾ ഏറ്റെടുത്തു. അടിച്ചുവാരൽ, നിലം തുടയ്ക്കൽ, ശുചിമുറികൾ വൃത്തിയാക്കൽ തുടങ്ങിയ വിവിധ ജോലികൾ അവർ നിർവഹിച്ചു.18 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ എല്ലാ തൊഴിലിന്റെയും മഹത്വം തിരിച്ചറിയുന്നതിനും, കോളജിലെ വനിതാ പരിപാലക ജീവനക്കാർക്ക് ഒരു ദിവസം വിശ്രമം സമ്മാനിക്കുന്നതിനും അവരുടെ പ്രയത്നവും ബുദ്ധിമുട്ടുകളും മനസിലാക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടതെന്ന് ലീഡ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കൂടിയായ വിദ്യാർഥി സയന്ത് പറഞ്ഞു.
പുസ്തകങ്ങൾക്കപ്പുറം സാമൂഹികബോധം വളർത്തുന്ന ഇത്തരത്തിലുള്ള വ്യത്യസ്തമായ ആശയങ്ങൾ വിദ്യാർഥികളിൽ നിന്ന് ഉയർന്നു വരുന്നത് ഏറെ അഭിമാനകരമാണെന്നും അവരുടെ എല്ലാ നല്ല ആശയങ്ങൾക്കും കോളജ് എപ്പോഴും പിന്തുണ നൽകുമെന്നും ഡയറക്ടർ ഡോ. തോമസ് ജോർജ് പറഞ്ഞു.
Kerala
തൊടുപുഴ/ വണ്ടിപ്പെരിയാര്‍: കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി മടക്ക യാത്രയ്ക്കിടെ തേയിലതോട്ടത്തില്‍ തൊഴിലാളികളുമായി കുശലം പറയാനും കൊളുന്ത് നുള്ളാനും തയാറായപ്പോള്‍ അവരുടെ മനസില്‍ നിറഞ്ഞത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റിലെ തൊഴിലാളികളുടെ അടുക്കലാണ് അദ്ദേഹം എത്തിയത്. കൊളുന്ത് നുള്ളുന്നരീതി, വിളവെടുപ്പിന്റെ സമയം, ഗുണനിലവാരം, തൊഴിലാളികളുടെ വേതനം, ലയങ്ങളിലെ താമസം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരോടു ചോദിച്ചറിയാനും രാഹുല്‍ തയാറായി.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ ചോദ്യവും ഉത്തരവും പരിഭാഷപ്പെടുത്തി . ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറല്‍സെക്രട്ടറി റോയി കെ. പൗലോസ് തുടങ്ങിയനേതാക്കളും ഒപ്പമുണ്ടായിരുന്നു.
വെള്ളിയാഴ്ച മരിയന്‍ കോളജില്‍നിന്നു മടങ്ങിയ ശേഷം പാമ്പനാറിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസം. ഇവിടെ നിന്നും ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി മരിയന്‍ കോളജിലെ ഹെലിപാഡിലേക്ക് ഗ്ലെന്‍മേരി-പാമ്പനാര്‍ റോഡിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പാതയോരത്തെ തേയിലതോട്ടത്തില്‍ കൊളുന്ത് നുള്ളുന്ന തൊഴിലാളികളുടെ അടുക്കലെത്തിയത്. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നത്.
Kerala
പാലക്കാട്: ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് ( 30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡന്റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തി കൊണ്ട് കുത്തിയത്.
ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെ പാലപ്പുറം പോസ്റ്റോഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്.
പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ രംഗത്തെത്തി. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലാണ് പ്രവർത്തകർ പി.കെ. ശ്യാമളയ്ക്കെതിരെ രംഗത്തുവന്നത്.
പാർട്ടി തിരുത്തണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല എന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥിത്വം പുനർചിന്തനം അർഹിക്കുന്നുവെന്നും പ്രവർത്തകർ പറയുന്നു.
ജനകീയനായ ഒരാളെ നിശ്ചയിക്കണമെന്നും വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത് എന്നും പ്രവർത്തകർ കുറിക്കുന്നുണ്ട്. ജനങ്ങളുടെ മനസറിയാൻ പറ്റാത്ത നേതൃത്വമാണ് ഉള്ളതെന്നും പാർട്ടിയെ സ്നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുത് എന്നും പ്രവർത്തകരുടെ കുറിപ്പുകളിലുണ്ട്.
എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാലാണ് ഗോവിന്ദൻ മത്സരിക്കാത്തത്.
International
ദുബായി: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായി വിമാനത്താവളത്തിന് നേരെ നടന്ന ഇറാന്റെ ആക്രമണത്തിൽ വിമാനത്താവളത്തിൽ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.
വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
അതേസമയം യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം പുളിങ്കൊടിയില്‍ സിപിഎം ഓഫീസ് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകര്‍ത്തു. വ്യാഴാവ്ച കോണ്‍ഗ്രസിന്റെ ഫ്ലക്സ് സിപിഎമ്മുകാര്‍ കത്തിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം പ്രകടനത്തിനിടെയാണ് സിപിഎം ഓഫീസിനകത്തെ കസേരകളും ഫ്ലക്സുകളും തകര്‍ത്തത്. ഓഫീസിനകത്തെ കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്താണ് പ്രവർത്തകർ മടങ്ങിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കി. ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രകടനം നടത്തി.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് ആണ് കേസെടുത്തത്.
ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. ഇവർ വിശ്രമിക്കുന്നതിനിടെ വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ ഗുരുതര പരിക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്.
വിനോദ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച ജബ്ബാറിന്റെ സംസ്കാരം ഇന്ന് കിണാശേരിയിലെ കോന്തനാരി ഖബർസ്ഥാനിൽ നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇയാളുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ച അത്തോളി സ്വദേശി അഷറഫിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് കോർപ്പറേഷനിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ പ്രകടനവുമായെത്തി.
കോർപ്പറേഷൻ പരിസരത്തേക്ക് മതിൽ ചാടിക്കടന്ന് പ്രവേശിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചു.
പോലീസുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ നേതാക്കന്മാരും പ്രവർത്തകരും കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്.
കോർപ്പറേഷൻ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വീഴ്ച പരിശോധിക്കുമെന്ന് മേയർ പ്രതികരിച്ചു.
കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് തൊഴിലാളികൾ മരിച്ചു. മരിച്ച തൊഴിലാളികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്. തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്.
തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. പരിക്കേറ്റ നാല് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷെജീര്‍ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് പോലീസിന്റേതാണ് നടപടി. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര് ശ്രമിച്ചു. ഇതോടെ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു.
തുടർന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവര്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരാണ് ദിനേശനെ ആക്രമിച്ചത്. അതില്‍ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: ശബരിമല മണ്ഡല- മകരവിളക്ക് കാലത്ത് താത്കാലിക ജീവനക്കാര്‍ നടത്തിയ സംശയാസ്പദമായ പണമിടപാടുകളില്‍ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ 2025-26 സീസണിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താനാണു നിര്‍ദേശം.
സന്നിധാനത്തെ താത്കാലിക ജീവനക്കാരും സ്ഥിരം ജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നവംബര്‍ 17 മുതല്‍ സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന നിക്ഷേപങ്ങളെക്കുറിച്ച് വിജിലന്‍സ് വിഭാഗം രഹസ്യ അന്വേഷണം നടത്തിയിരുന്നു.
District News
കണ്ണൂര്‍: ജോലി ഭാരം കുറയ്ക്കുന്നതിനായി വർഷങ്ങൾക്കു മുന്‍പ് സര്‍ക്കാര്‍ നല്കിയതും കാലഹരണപ്പെട്ടതുമായി ഫോണുകൾക്ക് പകരം പുതിയ ഫോണുകൾ നൽകുക, പോഷന്‍ ട്രാക്കര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള ഗുണമേന്മയുള്ള ഫോണ്‍ അനുവദിക്കുക, ഫോണ്‍, വൈഫൈ കണക്ഷന് ലഭ്യമാകുന്നത് വരെ എഫ്ആര്‍എസ് ചെയ്യാതെ എല്ലാ ഗുണഭോക്താക്കള്‍ക്കും പോഷകാഹാര വിതരണം നടത്താന്‍ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ (ഐഎൻഎഇഎഫ്) ആഭിമുഖ്യത്തിൽ അങ്കണവാടി വർക്കർമാർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. സ്മിത അധ്യക്ഷത വഹിച്ചു. മേയര്‍ പി. ഇന്ദിര മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ഒ. വിമല, ശ്രീജ മഠത്തിൽ, കെ. പ്രമോദ്, കൂക്കിരി രാജേഷ്, കെ. മോഹനന്, ജയിഷ, എം. സുമ, രേഖാ ജേക്കബ്, കെ.വി. ശ്യാമള എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി.
33 പേർ കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
കമ്പനിയിലെ ക്യാന്റീനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.
പുറം കരാർ നൽകിയ കാക്കനാട്ടെ സ്വകാര്യ കാറ്ററിംഗ് സർവീസിൽ നിന്നും എത്തിക്കുന്ന ഭക്ഷണമാണ് കാന്റീനിൽ വിതരണം നടത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Kerala
തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്.
ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്. ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. ജോലി സമയത്ത് ചെയ്യേണ്ടതായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര്‍ വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദനം. വെള്ള ഫോർച്യൂണർ കാറിൽ എത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു.
ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം സംഘം കാറിൽ നിന്നിറങ്ങി ജീവനക്കാരെ മർദിച്ചു.
കസേരയിൽ വെറുതെ ഇരിക്കുന്ന ജീവനക്കാരനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോൾ പ്ലാസയിലെ ബാരിക്കേടുകൾ തകർത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തിൽ ടോൾ പ്ലാസ അതികൃതർ പോലീസിൽ പരാതി നൽകി.
Kerala
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നു തൊഴിലാളികളെയുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം ഇന്നു രാവിലൊയിരുന്നു അപകടം.
തമിഴ്നാട് ഉത്തമപാളയത്തുനിന്ന് ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ തലകീഴായി മറിയുകയായിരുന്നു.
16 തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുമ്പും തൊഴിലാളികളെയുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കുത്തി നിറച്ചാണ് അമിത വേഗത്തില്‍ വാഹനങ്ങളെത്തുന്നത്. അപകടങ്ങള്‍ പതിവായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ലാതെ നിയമ ലംഘനം നിര്‍ബാധം തുടരുകയാണ്.
Kerala
വയനാട്: തിരുനെല്ലിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ പരാതി നൽകി മുസ്ലീം ലീഗ്. മുദ്രാവാക്യം വിളിച്ച സിപിഎം പ്രവർത്തകരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.
തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം, ഇത് ഏതെങ്കിലും സമുദായത്തിന് നേരെ വിളിച്ച മുദ്രാവാക്യമല്ലെന്നും ഒരു വ്യക്തിയെ പരാമർശിച്ചാണെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.
പല തവണ വർഗീയ പരാമർശമുള്ള മുദ്രാവാക്യം വിളിക്കുകയും അവർ തന്നെ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം കലൂരിൽ മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. പൈപ്പ് പൊട്ടിയതിന് പിന്നാലെ ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ റോഡ് ഉപരോധിച്ചു.
ഈ രാത്രിയില്‍ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മറുപടിയെന്നും ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉമാ തോമസ് പറഞ്ഞു.
കൂടാതെ, കുടിവെള്ളം ഇല്ലാത്തവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടത് കെഎംആർഎലിന്റെ ഉത്തരവാദിത്വമാണെന്നും ഇത് വലിയ വീഴ്ചയാണ്, കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥയിലാണ് ആളുകൾ എന്നും ഉമാ തോമസ് പറഞ്ഞു.
Kerala
പാലക്കാട്: ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ച മൂന്ന് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അംഗം കാജാ ഹുസൈന്, യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സദ്ദാം ഹുസൈന്, മുന്‍ വണ്ടാഴി പഞ്ചായത്ത് അംഗം ഷാനവാസ് സുലൈമാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പാലക്കാട് നഗരസഭയില്‍ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണാർക്കാട് തൃക്കല്ലൂർ സ്വദേശി ബാസിൽ സൽമാനെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
വാഹനത്തിൽ പെട്രോൾ കഴിഞ്ഞതോടെയാണ് ബാസിലും സുഹൃത്തും തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് പെട്രോൾ പമ്പിലെത്തിയത്. പെട്രോൾ നിറയ്ക്കാനായി പമ്പ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
ക്യാനില്ലെന്നും പുറത്ത് കടയിൽ നിന്നും വരണമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ബാസിൽ സൽമാൻ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തോമസ് മാത്യു, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് ബാസിൽ സൽമാനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
അതേസമയം, അക്രമത്തിനിടെ തനിക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ബാസിലും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പമ്പ് ജീവനക്കാരായ തോമസ് മാത്യു, സിന്ധു, പമ്പുടമ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Business
ന്യൂയോർക്ക്: ആഗോളതലത്തിൽ കോർപറേറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 14,000 തസ്തികകൾ കുറയ്ക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിലെ വർധിച്ചുവരുന്ന നിക്ഷേപങ്ങൾക്കിടയിൽ ചെലവ് നിയന്ത്രിക്കുന്നതിനായി പ്രവർത്തന തലങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.
ആമസോണ്‍ യുഎസിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. കഴിഞ്ഞ വർഷം അവസാനം കന്പനിക്ക് ഏകദേശം 15.6 ലക്ഷം മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാരുണ്ടായിരുന്നു. ആമസോണിന്റെ കോർപറേറ്റ് വിഭാഗത്തിൽ ഏകദേശം 3,50,000 ജീവനക്കാരാണുള്ളത്.
കോവിഡ് കാലത്ത് ആവശ്യകത കൂടിയ സമയത്ത് കന്പനി നടത്തിയ ഉയർന്ന നിയമനങ്ങൾ പരിഹരിക്കുന്നതിനായി ഇന്നലെ മുതൽ 30,000 കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോണ്‍ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അടുത്ത വർഷവും തുടരുന്നതിനാൽ ഇതിലേക്ക് എത്തിയേക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാൽ കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലാകും. 2023ൽ വിവിധ ഘട്ടങ്ങളിലായി കന്പനി പറഞ്ഞുവിട്ട 27,000 തൊഴിലാളികളുടെ എണ്ണത്തെക്കാൾ കൂടുതലാകുമിത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണ്‍ തങ്ങളുടെ ജീവനക്കാരെ ഒന്നിലധികം ഡിവിഷനുകളിലായി പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.
CAREER DEEPIKA
കാനഡയിൽ ആരോഗ്യ മേഖലയിൽ വൻ തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അവിടേക്ക് ക്ഷണിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്ക് കാനഡയിൽ വലിയ ഡിമാൻഡാണ്. മികച്ച വേതനവും സ്ഥിരതാമസത്തിനുള്ള എളുപ്പവഴികളും കാനഡ വാഗ്ദാനം ചെയ്യുന്നു.
കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി യോഗ്യരായ ആരോഗ്യ പ്രവർത്തകർക്ക് പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലീഷ്/ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയെ ആശ്രയിച്ചാണ് അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കും.
കേരളത്തിൽ നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം ഒരു വലിയ സ്വപ്നമാണ്. ആവശ്യമായ ലൈസൻസിംഗ് പരീക്ഷകൾ പാസാകുകയും അപേക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും.