കൊച്ചി: കൂത്താട്ടുകുളം സിപിഎമ്മില്‍ കൂട്ടരാജി. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ് അടക്കമുള്ള 53 പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാജു ജേക്കബ് പറഞ്ഞു.
പാലക്കുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ. ജയ, മുന്‍ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആലീസ് ഷാജു, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് സിപിഐയില്‍ ചേര്‍ന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്റഫ്, മുന്‍ എംഎല്‍എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം തുടങ്ങിയ സിപിഐ നേതാക്കളില്‍ നിന്നും ഇവര്‍ അംഗത്വം ഏറ്റുവാങ്ങി.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് സിപിഐയില്‍ എത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടിരുന്നു. ഷാജു ജേക്കബ് മാത്രമാണ് ജയിച്ചത്. പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണം ഷാജു ജേക്കബ് ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഷാജു അടക്കമുള്ള ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ സിപിഐയില്‍ എത്തിയത്.
Tags : cpm workers joined cpi koothattukulam