Kerala
തിരുവനന്തപുരം: അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്റ്റോക്കില്ലാതെയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കഴിഞ്ഞ സർക്കാരിന്റെ പിടിപ്പുകേടാണ് സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്റെ പരിഹാസം നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിന് കാരണമായി. ആരോഗ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരിഹാസം.
കഴിഞ്ഞ സർക്കാർ കൃത്യസമയത്ത് പർച്ചേസ് ഓർഡർ നൽകാതിരുന്നതാണ് നിലവിലെ മരുന്ന് ക്ഷാമത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. മരുന്നുകമ്പനികൾക്കുള്ള ഭീമമായ കുടിശിക തുക കഴിഞ്ഞ സർക്കാർ നൽകാതിരുന്നതും ക്ഷാമത്തിന് കാരണമായെന്ന് കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് സിപിഎം നേതാവ് പി. രാജീവ്. എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യം ആണെന്നും പി. രാജീവ് പറഞ്ഞു.
അതിലാണ് കോടതി കൈകടത്തിയതെന്ന് പി. രാജീവ് ആരോപിച്ചു. കേസിൽ ഉൾപ്പെടുന്ന കക്ഷികൾക്ക് ഒരു നോട്ടിസ് പോലും നൽകിയില്ല. ഇതിലെ രാഷ്ട്രീയം കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യമാകെ എസ്ഐആർ ക്രമക്കേടിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഇവിടെ എഫ്ഐആറിലാണ് ശ്രദ്ധയെന്നും ഇതിന് പിന്നിൽ ബിജെപി ഡീൽ ആണെന്നും രാജീവ് വിമർശനം ഉന്നയിച്ചു. നാളെ രാഹുൽ ഗാന്ധിക്ക് എതിരെ ഇഡി ഒരു റിപ്പോർട്ട് എവിടെയെങ്കിലും കൊടുത്താൽ എഫ്ഐആർ ഇടുമോയെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം പാസാക്കും. മുഖ്യമന്ത്രി വി.ഡി. സതീശനാകും ചട്ടം 118 പ്രകാരം നിർണായക പ്രമേയം അവതരിപ്പിക്കുക.
പ്രതിപക്ഷമായ എൽഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന പ്രമേയത്തെ പൂർണമായും പിന്തുണയ്ക്കും. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ കേരള നിയമസഭയുടെ ഈ നീക്കം ദേശീയ തലത്തിലെ സമരങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ആവേശം പകരുമെന്നാണ് വിലയിരുത്തൽ.
National
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ആർഎംഎൽ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആശുപതിയിലെത്തി ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിംഗ് പരിശോധനകൾ നടത്തി. പൊലിസ് തന്നെ ക്രൂരമായി മർദിച്ചെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു.
നാല് പൊലിസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്ത്തി മർദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മർദനം തുടർന്നതായും ബ്രിട്ടാസ് പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലിസ് ബലംപ്രയോഗിച്ച് നീക്കി. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലിസ് റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധത്തിനിടെ എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനെയും കസ്റ്റഡിയിലെടുത്തു. സിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്. അതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസ് എംപിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് പൊലിസ് വാഹനത്തിൽ കയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതിഷേധക്കാരെ നേരിടാൻ പൊലിസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിൽ പ്രതിഷേധത്തിന്റെ നേതൃത്വം നിലനിർത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.
Kerala
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ സിപിഎം വിടാൻ കൂടുതൽ നേതാക്കൾ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിന്റെ രാജി പരാതികൾ പൂഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് കൂടുതൽ പേർ പാർട്ടി വിടുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഒരു ലോക്കൽ സെക്രട്ടറിക്കും മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തിനും എതിരെ നൽകിയ പരാതികളാണ് പൂഴ്ത്തിയതായി ആരോപിക്കുന്നത്. സംസ്ഥാന സെക്രട്ടറിക്ക് നൽകിയ ഗൗരവമേറിയ പരാതികളിൽ പോലും നടപടിയില്ലെന്ന് നേതാക്കൾ പറയുന്നു.
ഇന്നലെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജിവെച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയെ തുടർന്നാണ് രാജി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ് അറിയിച്ചു.
Kerala
കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മറ്റ് നേതാക്കളെയും കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ മാർച്ച്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, വി. ശിവദാസൻ എംപി എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ജനാധിപത്യപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ജനാധിപത്യപരമായി സമരം നടത്തിയ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ അതിക്രൂരമായാണ് ആക്രമിച്ചത്. ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയാറെടുക്കുന്നതിനിടെയായിരുന്നു പൊലിസ് നടപടി.
ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണിത്. ഗ്യാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമം നടന്നു.
13 കോടിയോളം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് കേന്ദ്രത്തിന്റെ താത്പര്യത്തിന് വേണ്ടിയാണ്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വഴി വിട്ട നീക്കങ്ങൾ നടത്തുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
കേരളത്തിലെ സാഹചര്യവുമായി എസ്ഐആറിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എസ്ഐആർ നടപ്പാക്കിയ എല്ലായിടത്തും അതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്യതലസ്ഥാനത്ത് എന്തിന് ഇങ്ങനെയൊരു അവസ്ഥ കേന്ദ്രം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതി ഉൾപ്പെടെ പ്രതിഷേധിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജനാധിപത്യത്തിനോട് ബഹുമാനമില്ലാത്തവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
Kerala
ന്യൂഡൽഹി: സ്ത്രീ പീഡകരെ പാര്ട്ടി സംരക്ഷിക്കില്ലെന്ന് ആവര്ത്തിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. താന് പ്രവര്ത്തിക്കുന്ന പാര്ട്ടിയില് സ്ത്രീകള്ക്കെതിരെയും പെണ്ക്കുട്ടികള്ക്കെതിരെയും ആര് അതിക്രമം കാണിച്ചാലും അവര്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അത് അങ്ങനെ തന്നെ തുടരുമെന്നും ശ്രീമതി പറഞ്ഞു.
അതിക്രമം കാണിച്ചവരെ പാര്ട്ടി സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലുറച്ചാണ് ശ്രീമതി. പാര്ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നടപടി എടുക്കുമെന്നും ശ്രീമതി വ്യക്തമാക്കി.
തനിക്ക് എതിരെ സൈബര് ആക്രമണം രൂക്ഷമാണെന്നും എ.കെ. ബാലനുമായുള്ള ഫോട്ടോ ഉപയോഗിച്ച് ചോദ്യങ്ങള് ഉയര്ത്തുകയാണെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് പി കെ ശ്രീമതി നിലപാട് വീണ്ടും വ്യക്തമാക്കിയത്. 'സുരേഷ് ബാബു എന്നല്ല മറ്റ് ആരായാലും സംരക്ഷിക്കില്ല' എന്നും ശ്രീമതി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം. ഹവാല ഇടപാട് ആരോപണത്തിലാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ച് ഹസൻ വാരിസിന്റെ മൊഴിയെടുത്തത്.
എസ്പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഹമ്മദ് റിയാസുമായി തനിക്ക് ബിസിനസ് ബന്ധങ്ങൾ ഇല്ലെന്നും റിയാസ് നല്ല സുഹൃത്ത് മാത്രമാണെന്നും ഹസൻ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
ഇഡി പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയാണ് മൊഴിയെടുത്തത്. ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടിപ്പിച്ചു. ഈ മൊഴികൾ പിൻവലിച്ചു താൻ ഇഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഹസൻ വാരിസ് വ്യക്തമാക്കി.
Kerala
പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്താൻ ആലോചന. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതുവരെ അദ്ദേഹത്തെ പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്താനാണു നേതൃത്വത്തിന്റെ നീക്കം. ഈ മാസം അവസാനത്തോടെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും സുരേഷ് ബാബുവിനെതിരായ പരാതിയിൽ തുടർനടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക കമ്മിഷനെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണത്തിന്റെ രീതിയും തുടർസംഘടനാ നടപടികളും സംബന്ധിച്ച് തീരുമാനമുണ്ടാകും.
അതിനിടെ, സുരേഷ് ബാബുവിനെ പാർട്ടി നേതൃത്വം മാറ്റിനിർത്തിയതാണെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് രംഗത്തെത്തി. പരാതികൾ ലഭിച്ചാൽ അവ സംഘടനാപരമായും നിയമപരമായും കൈകാര്യം ചെയ്യാനുള്ള ശേഷി സിപിഎമ്മിനുണ്ട്. പാർട്ടിക്ക് പരാതി ലഭിച്ചാൽ അത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം, സുരേഷ് ബാബുവിനെതിരേ പരാതിനൽകിയ വനിതാ അഭിഭാഷക നിലവിൽ പൊലിസിൽ പരാതി നൽകാൻ നീക്കം നടത്തുന്നില്ലെന്നാണു സൂചന. പാർട്ടിതലത്തിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ മാത്രമേ നിയമനടപടിയിലേക്ക് കടക്കൂ എന്ന നിലപാടിലാണ് പരാതിക്കാരിയെന്നാണു വിവരം.
Kerala
തൊടുപുഴ: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ചില വാർത്താ ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതിയും ലഭിച്ചിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എന്തുകൊണ്ട് നേതൃ മാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എകെജി സെന്ററിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കേരള സർവകലാശാലയുടെ ഭൂമിയാണ് അളക്കുന്നതെന്നും എകെജി സെന്റർ ഇരിക്കുന്നത് നിയമപരമായ എല്ലാ രേഖകളും ഉള്ള ഭൂമിയിലാണെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം നേതാവ് സുജ സൂസൻ ജോർജ്. സുരേഷ് ബാബുവിനെതിരെ നിയമനടപടി ആണ് വേണ്ടതെന്ന് സുജ ഫേസ്ബുക്കിൽ കുറിച്ചു.
സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വനിതാ നേതാവിന്റെ പ്രതികരണം. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല- സുജ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സംഭവത്തിൽ ഇരയായ യുവതി പൊലിസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന. സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യുവതിയ്ക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി എന്നാണ് വിവരം.
സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.
സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫിസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പഴയ ഓഫീസായ എകെജി സെന്ററിന്റെ ഭൂമി സംബന്ധിച്ച വിവാദത്തിൽ ഇന്ന് സ്ഥലം അളക്കും. രണ്ടു സർവേ നന്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിവാദം ഹൈക്കോടതിയിലെത്തിയതിനെ തുടർന്നാണ് സ്ഥലം അളക്കാൻ റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകിയത്. സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് പരായി നൽകിയിരിക്കുന്നത്.
1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്.
എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈയേറിയാണ് സെന്റർ നിർമിച്ചതെന്നും ഭൂമി സർവകലാശാലയ്ക്കു തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കേരള സര്വകലാശാല സിന്ഡിക്കേറ്റ് അംഗമായ ആര്.എസ്. ശശികുമാറിന്റെ ഹര്ജിയിലാണ് നടപടി.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില് പാര്ട്ടി ഓഫിസ് പണിതുവെന്ന പരാതിയില് ആണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയയ്ക്കാൻ തഹസില്ദാർ ആവശ്യപ്പെട്ടു.
1977ല് എ.കെ. ആന്റണി സർക്കാരാണ് എകെജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല് ഈ ഭൂമിയില് പാര്ട്ടി ഓഫിസ് പണിതുവെന്നും അനുവദിച്ചതില് കൂടുതല് ഭൂമി കൈയേറിയെന്നടക്കമുള്ള പരാതികള് ഉയർന്നതോടെ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ. സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളത് സ്പോൺസർമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാരാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു സ്പോൺസേർഡ് മുഖ്യമന്ത്രിയാണെന്നും ഗോപകുമാർ ആരോപിച്ചു. സതീശൻ ലീഗിന്റെ പിന്തുണകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയായതെന്നും എംഎൽഎ പറഞ്ഞു.
ലീഗാണ് അദ്ദേഹത്തെ സ്പോൺസർ ചെയ്തതെന്നും ബിജെപി നേതാവ് ആരോപിച്ചു. ലീഗിന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന സർക്കാരാണിത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ റോൾ ഏറ്റെടുക്കാൻ പിണറായി വിജയന് കഴിയുന്നില്ലെന്നും ബി.ബി. ഗോപകുമാർ അഭിപ്രായപ്പെട്ടു.
കുറ്റക്കാരനായ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിക്ക് സമ്മർദത്തിലാക്കാൻ സാധിക്കുന്നുണ്ട്. അമിത് ഷായെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് മന്ത്രി ഒ.ജെ. ജനീഷ് ആണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ മന്ത്രി പോസ്റ്റ് ഇടുന്നതിന്റെ അപകടം മുഖ്യമന്ത്രി മനസിലാക്കി. മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ് ജനീഷ് ആ പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം രണ്ട് ദിവസങ്ങളിലായി വിപുലമായി സംഘടിപ്പിച്ചു. റിയാദ് നഗരത്തോട് ചേർന്ന 12 ഏരിയകളെ അഞ്ച് മേഖലകളായി തിരിച്ച് മേഖലാതലത്തിലും ദവാദ്മി, മുസാഹ്മിയ, അൽഖർജ് ഏരിയകളിൽ പ്രത്യേകമായും അനുസ്മരണ പരിപാടികൾ നടന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തകർക്ക് ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള ഊർജവും പകർന്ന കോടിയേരിയുടെ രാഷ്ട്രീയ ജീവിതവും സംഘടനാ പ്രവർത്തനവും വിവിധ യോഗങ്ങളിൽ അനുസ്മരിച്ചു.
ആഭ്യന്തരമന്ത്രിയായിരിക്കെ പൊലിസ് സംവിധാനത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനും നിയമപാലനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി നടത്തിയ ഇടപെടലുകളും യോഗത്തിൽ ചർച്ചയായി.
കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി കേളി കഴിഞ്ഞ മൂന്ന് വർഷമായി തലശേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് സഹായം നടത്തിവരികയാണ്.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന സനയ്യ അർബയീൻ, ബത്ത, മർഗ്ഗബ് മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം ശ്രീഷ സുകേഷ് അധ്യക്ഷയായി. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ചേർത്തല സ്വാഗതം പറഞ്ഞു.
മർഗബ് രക്ഷാധികാരി സമിതി അംഗം സിജിൻ കൂവള്ളൂർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ കെ.ടി. ബഷീർ, ഉമ്മർ മുസ്ലിംവീട്ടിൽ, അനസ്, ജോർജ്, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
സനയ്യ അർബയീൻ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ന്യൂസനയ്യ, അസീസിയ, ബദിയ്യ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അധ്യക്ഷനായി. ബദിയ്യ രക്ഷാധികാരി സെക്രട്ടറി പ്രദീപ് ആറ്റിങ്ങൽ സ്വാഗതം പറഞ്ഞു.
ന്യൂസനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, കേളി ജോയന്റ് സെക്രട്ടറി ഷാജി റസാക്ക്, ന്യൂസനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്, ബദിയ്യ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം, അസീസിയ ഏരിയ സെക്രട്ടറി സുധീർ പോരേടം, കുടുംബവേദി വൈസ് പ്രസിഡന്റ് അനിത അജിത്ത്, അസീസിയ ഏരിയ ട്രഷറർ ലജീഷ് നരിക്കോട് എന്നിവർ സംസാരിച്ചു.
അസീസിയ രക്ഷാധികാരി സെക്രട്ടറി അജിത് പ്രസാദ് നന്ദി പറഞ്ഞു. സുലൈയിലെ അൽബിലാദിയ ഇസ്തറാഹയിൽ നടന്ന സുലൈ, നസീം മേഖലാ അനുസ്മരണത്തിന് രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അധ്യക്ഷനായി. സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി സ്വാഗതം പറഞ്ഞു.
സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, കൃഷ്ണൻകുട്ടി, വിനോദ് മലയിൽ, ഗിരീഷ് കുമാർ, സുനിൽ ഉദിനൂക്കാരൻ എന്നിവർ സംസാരിച്ചു.
നസീം രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം നന്ദി പറഞ്ഞു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ഉമ്മുൽഹമാം, റൗദ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ സ്വാഗതം പറഞ്ഞു.
ഉമ്മുൽഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ കെ.കെ. ഷാജി, ചന്ദ്രച്ചൂഡൻ, എൻ.കെ. സോവിന, പി.പി. സലീം, മുഹമ്മദ് ഷഫീഖ്, പി. സുരേഷ്, ബിനീഷ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ നന്ദി പറഞ്ഞു. ബത്തയിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന മലാസ്, ഒലയ്യ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം എസ്. സുനിൽ കുമാർ അധ്യക്ഷനായി.
മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. മലാസ് ഏരിയ സെക്രട്ടറി വി.എം. സുജിത്ത് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ, കേളി ആക്ടിംഗ് ട്രഷറർ സിംനേഷ് വയനാട്, സെക്രട്ടറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ സെക്രട്ടറി യു.സി. നൗഫൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, അഷ്റഫ് പൊന്നാനി, കെ. അബ്ദുൽ വദൂദ്, അൻവർ, മുകുന്ദൻ, അമർ പൂളക്കൽ, ഷാജിത്ത് തറയിൽ, റിയാസ് പള്ളാട്ട്, കരീം പൈങ്ങോട്ടൂർ എന്നിവർ സംസാരിച്ചു.
ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട് നന്ദി പറഞ്ഞു. ദവാദ്മി ഏരിയ ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിന് രക്ഷാധികാരി സമിതി അംഗം രാജേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.
രക്ഷാധികാരി സമിതി അംഗം കെ.കെ. മുജീബ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, സമിതി അംഗം ബിനു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, ലിനീഷ്, നിസാറുദ്ദീൻ, യൂണിറ്റ് അംഗം സജീർ എന്നിവർ സംസാരിച്ചു. സുബൈർ പുഴക്കൽ നന്ദി പറഞ്ഞു.
അൽഖർജ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ സുബ്രഹ്മണ്യൻ, നാസർ പൊന്നാനി, സജീന്ദ്രബാബു, ജ്യോതിലാൽ ശൂരനാട്, അബ്ദുൽ സമദ്, ഗോപാലൻ ചെങ്ങന്നൂർ, എൻ.ജി. രമേശ് എന്നിവർ സംസാരിച്ചു.
ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് സ്വാഗതവും ട്രഷറർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു. മുസാഹ്മിയ ഏരിയ സംഘടിപ്പിച്ച അനുസ്മരണത്തിന് രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതം പറഞ്ഞു.
രക്ഷാധികാരി സമിതി അംഗം സുരേഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഷാബു, നടരാജൻ, നൗഷാദ് ദുർമ, ഗോപി എന്നിവർ സംസാരിച്ചു. നൗഷാദ് ദുർമ നന്ദി പറഞ്ഞു.
Kerala
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല മെൻസ് ഹോസ്റ്റലിലെ മുറികൾക്ക് സിപിഎം മേഖലകളുടെ പേരുകൾ നൽകിയ സംഭവത്തിൽ ഹോസ്റ്റലിൽ പരിശോധന നടത്താൻ തീരുമാനം. വിദ്യാർഥികളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് സർവകലാശാലയുടെ നടപടി. ഹോസ്റ്റലിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും സർവകലാശാല വ്യക്തമാക്കി.
ഡിസി ഓഫീസ്, പിണറായി, മട്ടന്നൂർ, കല്ല്യാശേരി, കൂത്തുപറമ്പ് തുടങ്ങിയ പേരുകളാണ് ഹോസ്റ്റലിലെ മുറികൾക്ക് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ രംഗത്തെത്തി. മെൻസ് ഹോസ്റ്റലിന്റെ ഒരു ഭാഗം എസ്എഫ്ഐ കയ്യടക്കി വച്ചിരിക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് എസ്എഫ്ഐ പറഞ്ഞു.
ഹോസ്റ്റൽ ബ്ലോക്കിൽ മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തകരെ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നും സംഘടന വ്യക്തമാക്കി. വിദ്യാർഥികളുടെ ഭാവനയ്ക്കും താൽപര്യത്തിനും അനുസരിച്ച് ബ്ലോക്കുകൾക്കും മുറികൾക്കും വിവിധ പേരുകൾ നൽകാറുണ്ടെന്നും കേരളത്തിലെ പല ഹോസ്റ്റലുകളിലും സമാനമായ കാഴ്ചകൾ കാണാമെന്നും എസ്എഫ്ഐ വിശദീകരിച്ചു.
അതേസമയം സർവകലാശാല അധികൃതർ ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണികൾക്കും മോടിപിടിപ്പിക്കലിനും വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ലെന്നും എസ്എഫ്ഐ ആരോപിച്ചു. വിദ്യാർഥികളെ മർദിച്ചോ അകറ്റിനിർത്തിയോ അല്ല ക്യാമ്പസുകളിൽ എസ്എഫ്ഐ നിലനിൽക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമെന്ന് എം.വി.ഗോവിന്ദൻ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ല.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബു ഒഴിഞ്ഞത് പൂർണമായും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങളെ പരാതിയുമായി കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. നടപടികളിൽ പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തിരുത്തേണ്ടത് മുഴുവൻ പാർട്ടി തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.
സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തി വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: ജന്തര് മന്തറിന് സമീപം നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവര്ത്തകര്ക്കെതിരെ പൊലിസ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില് രൂക്ഷവിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പൊലിസ് സംരക്ഷിക്കുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. പൊലിസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ലൈംഗികാതിക്രമം നേരിട്ട സംഭവത്തില് വീഡിയോ ഫൂട്ടേജ് ഹാജരാക്കാനാണ് പൊലിസ് പറയുന്നതെന്നും അവർ ആരോപിച്ചു.
പരാതി സ്വീകരിക്കാന് പോലും പൊലിസ് തയാറായിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂട്ടിച്ചേർത്തു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പൊലിസ് ഉദ്യോഗസ്ഥര് ലൈംഗികാതിക്രമം നടത്തിയെന്ന് മൂന്ന് വനിതാ മാധ്യമപ്രവര്ത്തകര് ആരോപിച്ചത്.
Kerala
പാലക്കാട്: സിപിഎമ്മിൽ ഇനിയും നിരവധി പുഴുക്കുത്തുകൾ ബാക്കിയുണ്ടെന്ന് പി.കെ.ശശി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു പി.കെ.ശശി.
താൻ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. സുരേഷ് ബാബുവിനെതിരെയടക്കം വിമർശനം ഉന്നയിച്ചുകൊണ്ട് സിപിഎം ബന്ധം അവസാനിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ശശി സംസാരിച്ചത്.
ചതിച്ചാൽ ചതിക്കപ്പെടും എന്ന തത്വമാണ് ഇവിടെ സംഭവിച്ചത്. ജില്ലയിലെ യുവജന നേതാവിനെക്കൂടി മാറ്റാൻ തീരുമാനം ആയിട്ടുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിനീഷ് കോടിയേരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജൻ രംഗത്ത്. എക്സാലോജിക് കേസ് സിപിഎം നേതാക്കളെ വേട്ടയാടാനാണ് ഉപയോഗിച്ചതെന്ന് എം.വി. ജയരാജൻ പറഞ്ഞു.
ബിനീഷിന്റെ കേസിൽ കോടിയേരി ബാലകൃഷ്ണനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി പറഞ്ഞത് അതുകൊണ്ടാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
ബിനീഷിന്റെ കേസിൽ കോടിയേരിക്കെതിരായി റിമാൻഡ് റിപ്പോർട്ടോ അന്വേഷണ റിപ്പോർട്ടോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ എക്സാലോജിക് കേസ് സിപിഎമ്മിനെയും അതിന്റെ രാഷ്ട്രീയ നേതൃത്വത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായ കേസാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
National
മലപ്പുറം: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ രംഗത്ത്. താൻ ഉദ്ദേശിച്ചത് മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്നും തന്റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദകുമാർ.
പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ അത് ഏതാനും ചിലരുടെ മാത്രം തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി നേതാക്കളെല്ലാം ഒരേ നിലപാടാണ് പറയുന്നതെന്നും നന്ദകുമാർ വ്യക്തത വരുത്തി. പാർട്ടി സെക്രട്ടറി തങ്ങളെ ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അങ്ങനെ കാര്യങ്ങൾ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പറഞ്ഞതും താൻ ഇവിടെ പറഞ്ഞതും പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിശദീകരിക്കുന്നതും ഒരേ ആശയം തന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്നയാളാണ് താനെന്നും, മലപ്പുറം എക്കാലത്തും ഒരു മതനിരപേക്ഷ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എന്നാൽ ആ മതനിരപേക്ഷത ഇല്ലാതാക്കുന്ന രൂപത്തിലുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.
സിപിഎം നേതാവിന്റെ വർഗീയ അധിക്ഷേപം പിണറായി വിജയൻ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണ്. പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാപ്പ് പറയാൻ സിപിഎം തയാറാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വർഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാൻ. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ തയാറാകാതിരുന്നത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെയും തുടർന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടർച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ ഇരുട്ടിൽ നിർത്തി സിപിഎം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: പരാതികളെ തുടർന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത വിശാല ജില്ലാ സമിതി യോഗത്തിലാണ് സുരേഷ് ബാബുവിനെതിരെ നടപടിയും നേതൃമാറ്റവും സംബന്ധിച്ച തീരുമാനമുണ്ടായത്. മുൻ എംഎൽഎയായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി.
ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിലും വിമത നീക്കങ്ങൾ തടയുന്നതിലും സുരേഷ് ബാബു പരാജയപ്പെട്ടുവെന്ന് ഒറ്റപ്പാലം, പുതുശേരി തുടങ്ങിയ ഏരിയ കമ്മിറ്റികൾ യോഗത്തിൽ ശക്തമായ പരാതികൾ ഉയർന്നു വന്നിരുന്നു.
കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.
പാർട്ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വഭാവത്തിലേക്ക് മാറിയെന്നും നേതാക്കളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യമുയർന്നതായി റിപ്പോർട്ടിലുണ്ട്. പാർട്ടിയുടെ സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും നിലവിൽ വലിയ പ്രതിസന്ധിയിലാണെന്ന് വിലയിരുത്തിയാണ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ.
Kerala
കൊച്ചി: കരുവന്നൂര് സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില് വിടുതല് ഹര്ജി നല്കി. കേസില് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികളായ എ.സി. മൊയ്തീന് എംഎല്എ, കെ. രാധാകൃഷ്ണന് എംപി, എം.എം. വര്ഗീസ് എന്നിവരും സിപിഐഎമ്മും പിഎംഎല്എ കോടതിയില് വിടുതല് ഹര്ജി നല്കിയിരിക്കുന്നത്.
കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസുമായി ഒരു ബന്ധവുമില്ല. തങ്ങള് കള്ളപ്പണ ഇടപാടിന്റെ ഭാഗമല്ലെന്നും വിചാരണ ചെയ്യാന് മതിയായ തെളിവുകളില്ലെന്നുമാണ് പ്രതികളുടെ വാദം. വിചാരണയ്ക്ക് മുമ്പ് തന്നെ തങ്ങളെ പ്രതിപട്ടികയില് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ നേതൃത്വവും മൂന്ന് നേതാക്കളും വിടുതല് ഹര്ജി നല്കിയത്.
നേരത്തെ നേതാക്കള്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള് ഉണ്ടെന്ന് വിലയിരുത്തിയ കോടതി വിചാരണ നേരിടാന് നിര്ദേശം നല്കിയിരുന്നു. കേസില് ഇഡി സമര്പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി 83 പ്രതികള് ആണുള്ളത്. 28 പ്രതികളുടെ അനുബന്ധ കുറ്റപത്രം ഇഡി കോടതിയില് സമര്പ്പിച്ചിരുന്നു.
അടുത്ത 23ന് കുറ്റപത്രം വായിച്ചു കേള്പ്പിക്കുന്ന നടപടിയിലേക്ക് കടക്കാനിരിക്കവെയാണ് പ്രതികള് വിടുതല് ഹര്ജി നല്കിയിരിക്കുന്നത്. ഒക്ടോബര് 24ന് ഈ ഹര്ജി കലൂര് പിഎംഎല്എ കോടതി പരിഗണിക്കും.
കരുവന്നൂര് തട്ടിപ്പില് 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു. പ്രതികളുടെ വിടുതല് ഹര്ജിയെ കോടതിയില് ഇഡി എതിര്ക്കും. കേസില് എ.സി. മൊയ്തീന് 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം.എം. വര്ഗീസ് 69-ാം പ്രതിയും കെ. രാധാകൃഷ്ണന് 70-ാം പ്രതിയുമാണ്. പ്രതികള് തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇഡി കുറ്റപത്രത്തില് പറയുന്നത്.
Kerala
പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒന്നും അറിയുന്നില്ലെന്ന് കൺവീനർ തന്നെ പറയുകയാണ്. അപൂർവം ആളുകളാണ് സതീശനെ അനുകൂലിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനം ഉണ്ടായിരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ. മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല. കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങൾ നടക്കുന്നത്. വിഡി സതീശൻ സർക്കാർ ആർഎസ്എസ് സ്പോൺസേഡ് സർക്കാർ ആണെന്നും ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസിന്റെ കടന്നാക്രമണത്തിന് മുന്നിൽ ലീഗ് കീഴടങ്ങി. കെഎം ഷാജിയെ വാഹനത്തിൽ നിന്ന് ഇറക്കി. എന്നിട്ട് പരാതി ഇല്ല എന്ന് പറയുന്നു. താൻ യാത്ര ചെയ്തത് അസമയത്ത് ആണെന്ന് പറയുകയാണ് ഒരു മന്ത്രിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മിഷണര്ക്കെതിരേ ഡല്ഹിയില് സമരം ചെയ്യുന്ന സിപിഎം, കേരളത്തില് കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ ആക്രമിക്കുന്നതും മന്ത്രിമാരെ വഴിയില് നടയുന്നതും പാര്ട്ടിക്കുള്ളിലെ അന്തഃഛിദ്രം മറയ്ക്കാനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
നേതാക്കള് ഉള്പ്പടെയുള്ളവര് ഗൂഢാലാചന നടത്തിയിട്ടാണ് സമരവുമായി മുന്നോട്ടിറങ്ങിയിരിക്കുന്നത്. ക്രിമിനലുകളെ ഇളക്കിവിട്ട് സര്ക്കാരിനെ നേരിടാനാണ് ഭാവമെങ്കില് അതേ രീതിയില് നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന് രാജ്യത്തെ സംവിധാനങ്ങളെയാകെ അട്ടിമറിക്കാന് ശ്രമിച്ചത് തെളിവ് സഹിതം രാഹുല് ഗാന്ധി ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കോണ്ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചത്.
ജനാധിപത്യത്തില് ഏറ്റവും പ്രധാനപ്പെട്ട സുതാര്യമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. അതിനാണ് ജനാധിപത്യ രീതിയില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള് എസ്എഫ്ഐ എന്തിനാണ് യൂത്ത് കോണ്ഗ്രസുകാരെ കല്ലെറിയുന്നതെന്ന് വി.ഡി. സതീശന് ആരാഞ്ഞു. സമരം ചെയ്തത് പിണറായിക്കും ഗോവിന്ദനുമെതിരേയുമല്ലാതിരുന്നിട്ടും എന്തിനാണ് ഇവര്ക്ക് പൊള്ളുന്നത്. ഇതൊന്നും കേരളത്തിലെ ജനങ്ങള് കണ്ടില്ലെന്ന് നടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മുഴുവന് സിപിഎമ്മുകാരും ബിജെപിക്കാരും സര്ക്കാരിനെതിരേ നടത്തുന്ന സമരമാണ് ഇപ്പോള് നടക്കുന്നത്. മന്ത്രിമാരെ വഴിയില് തടയുകയാണ്. ഏത് മന്ത്രി എന്ത് തെറ്റാണ് ചെയ്തത്.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ഇന്നലെ മൂന്ന് തവണയാണ് ആക്രമിക്കപ്പെട്ടത്. എന്തിനാണ് ബിജെപിക്കാരും സിപിഎമ്മുകാരും ഒരുമിച്ച് തെരവിലിറങ്ങിയിരിക്കുന്നത്. തെരുവില് ക്രിമിനലുകളെ ഇറക്കിവിട്ട് ഭയപ്പെടുത്താനാണ് നോട്ടമെങ്കില് കൈയില് വച്ചാല് മതിയെന്നും സതീശന് പറഞ്ഞു.
Kerala
തലശേരി: തനിക്കെതിരേ കേസുകൾ വന്നപ്പോൾ പാർട്ടിയെ കവചമാക്കാൻ കോടിയേരി ഒരിക്കലും നിന്നിട്ടില്ലെന്ന് മകൻ ബിനീഷ് കോടിയേരി.
കോടിയേരി ബാലകൃഷ്ണന്റെ ചരമവാർഷിക ദിനമായ ഇന്നലെ തലശേരി കോടിയേരിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബിനീഷ്.
എത്രയോ നീചമായ ആക്രമണങ്ങൾ ഞങ്ങൾക്കെതിരേ ഉണ്ടായിട്ടുണ്ട്. ജയിലിൽ കിടക്കേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. അപ്പോൾ പോലും പാർട്ടി അതിനു മറുപടി പറയേണ്ടതില്ലെന്ന നിലപാടിലായിരുന്നു കോടിയേരി.
കേസുകൾ എല്ലാം സമാനമാണ്. രാഷ്ട്രീയപ്രേരിതമാണ്. തനിക്കെതിരേയുള്ള കേസിൽ അച്ഛന്റെ നിലപാടറിഞ്ഞ് ജയിലിൽനിന്ന് വിളിച്ചപ്പോൾ അനുകൂല ഉത്തരം പറഞ്ഞാൽ എക്കാലത്തും പാർട്ടി ഈ ഒരു കേസിനുവേണ്ടി മറുപടി പറയേണ്ടി വരുമെന്നാണ് പറഞ്ഞത്. അച്ഛന്റെ വാക്കുകളുമായി ജയിലിൽവച്ച് ഞാൻ പരുവപ്പെടുകയായിരുന്നു.
പ്രശ്നങ്ങളെ കുടുംബം എന്ന രീതിയിൽ നോക്കേണ്ടതാണ് എന്ന നിലപാടാണ് കോടിയേരി എടുത്തിട്ടുള്ളത്. പാർട്ടിയെ കവചമാക്കുകയല്ല വേണ്ടത്.പാർട്ടിക്കു കവചമാകുകയാണു വേണ്ടത്. പാർട്ടി നമുക്ക് എന്തു ചെയ്തു എന്ന് ചിന്തിക്കരുത്. നമുക്ക് എന്താണ് പാർട്ടിക്ക് നൽകാൻ കഴിയുക എന്നേ ആലാചിക്കാവൂ- ഇതായിരുന്നു അച്ഛന്റെ നിലപാട്. ഈ നിലപാടിനെയാണ് ഞങ്ങൾ പിന്തുടരുന്നത്. അതുകൊണ്ട് പാർട്ടിയെ അപകടത്തിലാക്കുന്ന, പാർട്ടി ചോദ്യം ചെയ്യപ്പെടുന്ന ഒരു പ്രവൃത്തിയും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഞങ്ങൾക്ക് ശിരസുയർത്തി പറയാൻ പറ്റും.
അങ്ങനെ എന്തെങ്കിലും ഉണ്ടോയെന്ന് പൊതുസമൂഹത്തിൽ നിന്ന് ചോദ്യം ഉയർന്നപ്പോൾ ഞങ്ങളെ തള്ളിപ്പറയുകയാണ് കോടിയേരി ചെയ്തത്. ഇന്നു പാർട്ടി ആ ലൈനിൽ നിന്ന് മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നിലവിലുള്ള സാഹചര്യം കോടിയേരിയുടെ കുടുംബത്തിനുണ്ടായപ്പോൾ കോടിയേരി എടുത്ത നിലപാട് നാം കാണണം. എന്നാൽ ഇപ്പോഴത്തെ കേസുകൾ പാർട്ടിക്കെതിരേയാണെന്നാണ് പാർട്ടി എടുത്തിരിക്കുന്ന നിലപാട്.
പാർട്ടി കുടുംബം എന്ന നിലയിൽ പാർട്ടി നയത്തിനൊപ്പമാണ് തങ്ങൾ സഞ്ചരിക്കുന്നതെന്നും ബിനീഷ് തുടർന്നു പറഞ്ഞു. കുടുംബത്തിലുണ്ടായ എല്ലാ പ്രശ്നങ്ങളും തങ്ങൾതന്നെ നേരിടുകയാണ് ചെയ്തിട്ടുള്ളതെന്നും പാർട്ടിയെ ഒരിക്കലും സമ്മർദത്തിലാക്കിയിട്ടില്ലെന്നും കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിക്ക് ദോഷകരമായതൊന്നും ചെയ്യില്ല. അവസാനം വരെ ഈ പ്രസ്ഥാനത്തോടൊപ്പമായിരിക്കും. ഒന്നിനും ഞങ്ങൾ ആരുടെ അടുത്തും പോയിട്ടില്ല.
പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും കഴിഞ്ഞ മൂന്നുവർഷവും ചരമദിനത്തിൽ വീട്ടിൽ വന്നിട്ടുണ്ട്. ഇപ്പോൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണ്. അതുകൊണ്ട് ഇവിടത്തേക്കാൾ കൂടുതൽ സമയം വേണ്ടത് മറ്റ് സ്ഥലങ്ങളിലാണ്.
അവർ പിന്നീട് എപ്പോഴെങ്കിലും വരുമായിരിക്കാം. ഞങ്ങൾക്ക് അണികൾ, നേതാക്കന്മാർ എന്നിങ്ങനെ ഒന്നുമില്ല. പാർട്ടിയെ സേവിക്കാൻ മെംബർഷിപ്പ് പോലും വേണമെന്ന് നിർബന്ധമില്ലാത്തയാളാണ് താനെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
Kerala
തൃശൂർ: തലസ്ഥാനത്തുണ്ടായ സംഘർഷത്തിന് നേതൃത്വംനൽകിയ മന്ത്രിക്കും എംപിക്കുമെതിരേ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
ജനശ്രദ്ധ തിരിച്ചുവിടാൻ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണ് ആക്രമണങ്ങൾക്കു പിന്നിൽ. പവർകട്ട്, ആശുപത്രികളിലെ രൂക്ഷമായ മരുന്നുക്ഷാമം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പോൺസേഡ് യാത്രകൾ എന്നിവ സർക്കാരിന്റെ പ്രതിച്ഛായ തകർത്തിട്ടുണ്ട്.
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതും സർക്കാരിനു മുഖംനഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ വീഴ്ചകളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ ആസൂത്രിതമായി ഗൂഢാലോചന നടത്തിയാണ് അക്രമം ഉണ്ടാക്കിയത്.
യൂത്ത് കോൺഗ്രസിന്റെ ഗുണ്ടാപ്പടയായി പൊലിസ് പ്രവർത്തിക്കണമെന്ന നിലപാട് ഗൗരവമായി ആലോചിക്കേണ്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
District News
തൃശൂർ: വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. ബഹുജന ബന്ധം ശക്തിപ്പെടുത്തും. തൊഴിലാളികൾ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലെ സ്വാധീനം വർധിപ്പിക്കും.
അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളെ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ലോക്കൽ കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റികളുടെയും പ്രവർത്തനം ശക്തിപ്പെടുത്തും. ഏരിയ കമ്മിറ്റി ഓഫീസുകളെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസുകളാക്കും. ജില്ലയിൽ ഒറ്റപ്പെട്ട പ്രസ്ഥാനമല്ല സിപിഎം. എല്ലായിടത്തും ഒരുപോലെ ശക്തവുമല്ല. നഗരമേഖലയിൽ നഗരത്തിന്റേതായ പരിമിതകളുണ്ട്. വലിയ പാർപ്പിട സമുച്ചയങ്ങളിൽ സ്വാധീനമില്ല. നഗരങ്ങളിലും ജീവകാരുണ്യ മേഖലകളിലും പ്രവർത്തനം വ്യാപിപ്പിക്കും.
പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുകളുടെ പ്രവർത്തനത്തിന് ഏകോപനമുണ്ടാക്കും. ജില്ലയിൽ സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉഷ പ്രഭുകുമാർ ജില്ലാ സെക്രട്ടേറിയറ്റിൽ
തൃശൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാറിനെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജില്ലാകമ്മിറ്റിയിലെ രണ്ട് ഒഴിവുകളിൽ തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ എന്നിവരെ ഉൾപ്പെടുത്തി.
ഏരിയ സെക്രട്ടറിമാരായ കെ. കൊച്ചനിയൻ -കുന്നംകുളം, കെ.എം. മുസ്താഖ് അലി- കൊടുങ്ങല്ലൂർ, ടി. ഗോകുലൻ- ചേലക്കര, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്. റോസൽ രാജ്, ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി എസ്. പ്രതീഷ് എന്നിവർ സ്ഥിരം ക്ഷണിതാക്കളായി. 46 അംഗ ജില്ലാ കമ്മിറ്റിയാണ് നിലവിലുണ്ടായിരുന്നത്. ആറു ക്ഷണിതാക്കൾ ഉൾപ്പടെ ജില്ലാകമ്മിറ്റിയംഗങ്ങളുടെ എണ്ണം 52 ആയി. ടി. ശശിധരനെ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഉൾപ്പെടുത്തിയില്ല.
Kerala
തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ആക്രമിക്കപ്പെട്ട സംഭവം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളെയും നിയമത്തിന് മുന്നില് കൊണ്ടു വരിക തന്നെ ചെയ്യുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണ വാഹനത്തിനു നേരെ ആക്രമണമുണ്ടായെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന് ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിലെ ദയനീയ തോല്വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില് നിന്നും രക്ഷപ്പെടാനാണ് നാട്ടില് കലാപമുണ്ടാക്കുന്നത്. ക്രിമിനല് മാഫിയ സംഘത്തെ പോലെയാണ് സിപിഎം പ്രവര്ത്തിക്കുന്നതെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ യൂത്ത് കോണ്ഗ്രസ് - എസ്എഫ്ഐ സംഘര്ഷത്തില് പ്രതികരിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്. അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺഗ്രസിന്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായെന്നും അതിന്റെ ഭാഗമായാണ് സംഘർഷം ഉടലെടുത്തതെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
സംഘർഷത്തിനെതിരെ ഉണ്ടായ പൊലിസ് നടപടിയിൽ പൊലിസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർഥികളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: ലാത്തിചാർജുകൊണ്ടോ ടിയർ ഗ്യാസ് ഉപയോഗിച്ചോ വിദ്യാർഥി പ്രസ്ഥാനത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അക്രമത്തിനും അടിച്ചമർത്തലുകൾക്കും മുന്നിൽ കീഴടങ്ങാൻ എസ്എഫ്ഐയ്ക്കോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ മനസില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോധപൂർവം ആസൂത്രണം ചെയ്താണ് യൂണിവേഴ്സിറ്റി കോമ്പൗണ്ടിലേക്കും ഹോസ്റ്റലിലേക്കും കടന്നാക്രമണം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
കോളജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായവരാണ് ഇത്തരമൊരു അക്രമത്തിന് മുതിർന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ എം.വി. ഗോവിന്ദൻ യുഡിഎഫ് നേതൃത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തി വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തിന് വികാരനിർഭരമായ കുറിപ്പുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നെന്നും പിണറായി അനുസ്മരിച്ചു.
ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർട്ടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു കോടിയേരിയെന്ന് കുറിച്ച പിണറായി വിജയൻ തലശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവച്ച് കോടിയേരി മുൻപന്തിയിലുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം;
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷം തികയുകയാണ്. സഖാവിന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിന്റെ സ്മരണകൾ നമുക്ക് മുന്നിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർട്ടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിന്റെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
വിദ്യാർത്ഥി സംഘടനാ രംഗത്തു നിന്നും വളർന്നു വന്ന്, അടിയന്തരാവസ്ഥയുടെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി, ജനകീയ സമരങ്ങളുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരിയുടേത്. തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് സഖാവ് മുൻപന്തിയിലുണ്ടായിരുന്നു.
മികച്ച ഭരണാധികാരി, ശ്രദ്ധേയനായ പാർലമെന്റേറിയൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം കോടിയേരി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി. നിയമസഭയിൽ ജനങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം, ഭരണ-പ്രതിപക്ഷ ബഞ്ചുകളിലായി മികച്ച പാർലമെന്റേറിയനെന്ന നിലയിൽ വലിയ അംഗീകാരം നേടി.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പോലീസ് സേനയിൽ നടപ്പിലാക്കിയ സമഗ്രമായ പരിഷ്കാരങ്ങളും, ടൂറിസം മേഖലയ്ക്ക് നൽകിയ പുതിയ ഉണർവും മികച്ച ഭരണാധികാരി എന്ന വിശേഷണം കോടിയേരിക്ക് നേടിക്കൊടുത്തു.
വ്യക്തിപരമായി വലിയൊരു നഷ്ടമാണ് സഖാവിന്റെ വിയോഗം സൃഷ്ടിച്ചത്. നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നു. ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകൾക്ക് അതീതമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച കോടിയേരിയുടെ സ്മരണകൾ സമത്വപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് എക്കാലവും ഊർജം പകരും. സഖാവിന്റെ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാം. അഭിവാദ്യങ്ങൾ.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി ആയിരുന്നു ജയരാജന്റെ വിമർശനം.
എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ച അദ്ദേഹം മുമ്പ് നായാടി മുതൽ നമ്പൂതിരി വരെ എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നാണ് പറയുന്നതെന്നും ആരോപിച്ചു.
മുസ്ലിങ്ങളെ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും ജയരാജൻ പറഞ്ഞു. അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും ജയരാജൻ പരിഹാസമുയർത്തി.
Kerala
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില് ഒ.ജെ. ജനീഷിനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനില്ലെന്ന് ചിന്ത ജെറോം പറഞ്ഞു.
പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും ഡിലീറ്റ് ചെയ്തത് മന്ത്രിയെന്ന നിലയിലുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ട്രെസ് താങ്ങാൻ പറ്റുന്നയാളല്ല മന്ത്രിയെന്നും അതുകൊണ്ടാകും പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും ചിന്ത ജെറോം പരിഹസിച്ചു.
മന്ത്രി ജനീഷിനെ മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച് സ്ട്രെസ് കൊടുത്ത് കാണും. ഡിലീറ്റ് ചെയ്തില്ലെങ്കിൽ മെറ്റയെ ഉപയോഗിച്ച് മന്ത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും ചിന്ത ജെറോം വിമര്ശിച്ചു.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് സംസ്ഥാന സര്ക്കാരിന് നല്കിയ കത്തില് കേസെടുക്കണമെന്ന് ഹൈക്കോടതിയില് ആവര്ത്തിച്ച് ഇഡി. സര്ക്കാരിന് നല്കിയ കത്തും കേസിലെ കണ്ടെത്തലുകളും മൊഴിപകര്പ്പുകളും ഇഡി കോടതിയില് മുദ്ര വച്ച കവറില് ഹാജരാക്കി.
ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില് എഫ്ഐആര് ഇടാതെ പ്രാഥമിക അന്വേഷണമാണ് സര്ക്കാര് നടത്തുന്നത്. എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം. കേസില് ആവശ്യമെങ്കില് മൊഴിപകര്പ്പുകള് അന്വേഷണസംഘത്തിന് കൈമാറാമെന്നും ഇഡി കോടതിയില് വ്യക്തമാക്കി.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന നിലപാട് ആണോ ഈ വിഷയത്തില് സ്വീകരിച്ചിട്ടുള്ളതെന്ന് കോടതി ചോദിച്ചു. ഹര്ജിയില് വാദം തുടരുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്ശ.
Kerala
കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന പിൻവലിക്കാമെന്ന് കൊച്ചി മുൻ എംഎൽഎ കെ.ജെ. മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നിർമ്മാണ അപാകതയിൽ അന്വേഷണം നടത്തുകയാണെങ്കിൽ സഹകരിക്കും. ഫ്ലാറ്റിലെ പാവങ്ങളായ താമസക്കാരെ സംരക്ഷിക്കണമെന്നാണ് തന്റെ നിലപാടെന്നും മാക്സി പറഞ്ഞു. ഭരണം മാറിയപ്പോൾ താമസക്കാർ ഒതളങ്ങപോലെ തിരിഞ്ഞു എന്നായിരുന്നു മാക്സി കഴിഞ്ഞ ദിവസം പറഞ്ഞത്.
പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിനായുള്ള ശ്രമം നടക്കുമ്പോൾ ഭരണം മാറിയതോടെ സ്ഥിതി മാറി.
നിലവിലുള്ള സർക്കാർ പ്രശ്നങ്ങൾ പരിഹരിക്കണം. നിർമ്മാണ അപാകതകളിൽ സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കെട്ടിടത്തിന്റെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചു വിദഗ്ധ പരിശോധന നടത്തണം. കെട്ടിടം പൊളിച്ചു കളയേണ്ടതാണെങ്കിൽ പൊളിച്ചു കളയണമെന്നും മാക്സി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വെള്ളാപ്പള്ളി നടേശന്റെ പേര് പരാമർശിക്കാതെ വിമർശനവുമായി പിണറായി വിജയൻ. ബിഡിജെഎസ് വഴിയും മറ്റും അന്യമതവിദ്വേഷം കുത്തിവച്ച് ആർഎസ്എസിന്റെ കടന്നുകയറ്റത്തിന് എസ്എൻഡിപി യോഗനേതൃത്വം കൂട്ടുനിന്നെന്ന് പിണറായി പറഞ്ഞു.
എസ്എൻഡിപിയിലെ ഭൂരിപക്ഷവും മതേതര നിലപാടും ഇടതുപക്ഷ മനസുമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് വിപരീതമാണ് എൻഎസ്എസിലെ സ്ഥിതിയെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
എൻഎസ്എസ് നേതൃത്വം വർഗീയ ശക്തികൾക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും താഴെത്തട്ടിൽ കാവിവത്കരണം ശക്തമായെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സമിതിയുടെ തിരുത്തൽ രേഖയിലാണ് പിണറായി എസ്എൻഡിപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
Kerala
കൽപ്പറ്റ: എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ നരകിക്കുമെന്ന് സിപിഎം നേതാവ് കെ.ടി. ജലീൽ. ആർഎസ്എസും കോൺഗ്രസും ലീഗും നടത്തിയ കുപ്രചരണങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനോട് ചെയ്തത് കൊടുംപാതകമാണ്. പാര് തന്ന പൂവൻപഴം തൊണ്ടയിൽ കൊണ്ടില്ല. സർക്കാർ കൊടുത്ത പൂവൻ പഴം തൊള്ളയിൽ കൊണ്ടില്ല. ഇടതുപക്ഷത്തിന് എതിരായി വോട്ട് ചെയ്തത് അതുകൊണ്ടാണെന്നും കെ.ടി.ജലീൽ ആരോപിച്ചു.
കൊടുത്തത് കൂടിപ്പോയതാണ് പ്രശ്നമായത്. അല്ലാതെ എന്ത് കുറ്റമാണ് 10 കൊല്ലം ഭരിച്ച സർക്കാരിനെതിരെ ഉന്നയിക്കാൻ ഉണ്ടായിരുന്നതെന്നും ജലീൽ ചോദിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് ആളുകൾ വസ്തുത മനസിലാക്കിയതെന്നും ജലീൽ വ്യക്തമാക്കി.
മാറ്റത്തിന് വോട്ട് ചെയ്തവർക്ക് ഇപ്പോൾ ശരിക്കും കിട്ടുന്നുണ്ട്. പവർ കട്ടാണ് സമ്മാനം. പെൻഷൻ എപ്പോൾ കിട്ടുമെന്ന് പടച്ചോന് മാത്രമേ അറിയൂ എന്നും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗുരുതരമായ അപകടസൂചനയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചരിത്രം ഓർമ്മിപ്പിച്ച അദ്ദേഹം, പത്ത് വർഷം മുൻപ് അവിടെയും ബി ജെ പിക്ക് മൂന്ന് സീറ്റുകൾ മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ പത്ത് വർഷം കൊണ്ട് മൂന്ന് സീറ്റിൽ നിന്ന്, ഇന്നവർ ഭരണം പിടിച്ചെടുക്കുന്ന സാഹചര്യത്തിലെത്തിയെന്നും ജയരാജൻ ഓർമപ്പെടുത്തി. കോൺഗ്രസും മുസ്ലീം ലീഗും ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിൽ ബി ജെ പിക്ക് മുന്നേറ്റമുണ്ടായത്.
നമ്മുടെ പാർട്ടിയെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്തണം. വർഗീയ ശക്തികളെ ചെറുക്കാൻ സിപിഎം കൂടുതൽ ശക്തമായി നിലനിൽക്കണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമിതി യോഗത്തില് ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയന്. ജി. സുധാകരന് ജീര്ണിച്ച നേതാവാണെന്നും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മാധ്യമങ്ങള്ക്ക് മുന്നില് കൂടുതൽ പ്രാധാന്യവും സ്ഥാനവും നല്കേണ്ടതില്ലെന്നും അദ്ദേഹം യോഗത്തില് വ്യക്തമാക്കി.
സുധാകരനുമായി ബന്ധപ്പെട്ട വിഷയം പാര്ട്ടിയെ സംബന്ധിച്ച് പൂര്ണമായും അവസാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില് തിരുത്തല് രേഖ അടങ്ങിയ മാര്ഗരേഖ പിണറായി വിജയൻ അവതരിപ്പിച്ചു.
എം.വി. ഗോവിന്ദനെതിരായ ശാസന വിഷയം കമ്മിറ്റിയില് റിപ്പോര്ട്ട് ചെയ്തു. ആലപ്പുഴയിലെ പാര്ട്ടി പ്രവര്ത്തനങ്ങളില് ഗുരുതര വീഴ്ചയുണ്ടായെന്നും സാമുദായിക സംഘടനകളോട് പാര്ട്ടി അകന്നുപോയെന്നും റിപ്പോര്ട്ടില് കുറ്റപ്പെടുത്തുന്നു.
എസ്എന്ഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് പരാമര്ശിച്ച റിപ്പോര്ട്ടില്, ഇരു വിഭാഗങ്ങള്ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും അവരെ വേണ്ട രീതിയില് പരിഗണിച്ചില്ലെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത ഉടൻ പരിഹരിക്കണമെന്നും നിര്ദേശമുണ്ട്.
Kerala
കണ്ണൂർ: സിപിഎമ്മിലെ സംഘടനാദൗർബല്യങ്ങൾ തുറന്നടിച്ച് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. ശത്രുക്കളുടെ കടന്നാക്രമണം ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്നും പാർട്ടിയിൽ സംഘടനാപരമായ വലിയ വീഴ്ചകൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. വിശാല ജില്ലാ കമ്മിറ്റിക്കുള്ള സ്വാഗതസംഘ രൂപവത്കരണ യോഗത്തിലായിരുന്നു ഇ.പിയുടെ വിമർശനം.
ബ്രാഞ്ചുകളിൽ വലിയൊരു ശതമാനവും ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും യോഗങ്ങൾ പരിമിതപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി അംഗങ്ങളും ബ്രാഞ്ച്, ലോക്കൽ, ഏരിയാ കമ്മിറ്റികളും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പാളിച്ചകൾ വരുത്തി. ഇത് തിരുത്തുന്നതിൽ നേതൃത്വവും പരാജയപ്പെട്ടു. ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രചാരണം പ്രതിരോധിക്കാനായില്ല.
ചില വ്യക്തികളുടെ തെറ്റായ പ്രവണതകൾ പാർട്ടിയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജനങ്ങളിൽനിന്ന് അകന്നുപോയെന്നും പണപ്പിരിവുമായി മാത്രം മുന്നോട്ടുപോകുന്ന പ്രസ്ഥാനമെന്ന ആക്ഷേപം നേരിടേണ്ടിവന്നു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എതിരാളികൾ ധ്രുവീകരണം സൃഷ്ടിച്ചു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന സിപിഎമ്മിന്റെ പ്രതിച്ഛായ തകർക്കാൻ യുഡിഎഫും ബിജെപിയും നടത്തിയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
സംഘടനാ ദൗർബല്യവും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തിരിച്ചടിയായി. ഭരണം നഷ്ടപ്പെട്ടതല്ല വോട്ട് കുറഞ്ഞതാണ് പ്രധാന പ്രശ്നം സ്വന്തം വോട്ടർമാർ തന്നെ എതിരായി വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി. നേതൃതലത്തിൽ പ്രവർത്തിച്ചവർ മറുകണ്ടം ചാടിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളം കണ്ട കലാസംഘാടകരിൽ ഏറ്റവും ഉന്നതശീർഷനായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കലാസംഘടനകളുടെ ചരിത്രത്തിലെ ഒരധ്യായത്തിന്റെ ഒടുക്കമാണെന്നും സിപിഎം ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചു.
ദീർഘകാലമായി തന്റെ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സൂര്യ സമൂഹത്തിന്റെയും ദുഃഖം തന്റെയും കൂടെ ദുഖമാണെന്നും എം.എ.ബേബി വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം;
കേരളം കണ്ട കലാസംഘാടകരിൽ ഏറ്റവും ഉന്നതശീർഷനായിരുന്നു സൂര്യ കൃഷ്ണമൂർത്തി. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കലാസംഘടനകളുടെ ചരിത്രത്തിലെ ഒരധ്യായത്തിന്റെ ഒടുക്കമാണ്. ദീർഘകാലമായി എന്റെ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സൂര്യ സമൂഹത്തിന്റെയും ദുഖം എന്റെയും കൂടെ ദുഖമാണ്.
താൻ സ്ഥാപിച്ച സംഘടനയുടെ പേര് തന്നെ സ്വന്തം പേരിനു മുന്നിൽ ചേർക്കാനും വേണ്ടി സംഘടനയെ അദ്ദേഹം സ്നേഹിച്ചിരുന്നു. സൂര്യ ഇല്ലാതെ കൃഷ്ണമൂർത്തി ഇല്ലായിരുന്നു. 1977 മുതലാരംഭിച്ച ഈ കലാസപര്യയ്ക്കുവേണ്ടി വിക്രം സാരാഭായി വാനഗവേഷണ കേന്ദ്രത്തിലെ ജോലി വിട്ട് അദ്ദേഹം മുഴുവൻ സമയ കലാപ്രവർത്തകനായി.
'സൂര്യ' കേരളത്തിന്റെ കലാരംഗത്തിന് നിസ്തുലമായ സംഭാവന നൽകി. ലോകമെങ്ങുമുള്ള കലാകാരരെ സൂര്യ കേരളത്തിലെത്തിച്ചു, പ്രത്യേകിച്ചും തിരുവനന്തപുരത്ത്. തിരുവനന്തപുരത്ത് നടന്നുവന്ന സൂര്യ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കലോത്സവങ്ങളിലൊന്നായിരുന്നു. നൂറിലേറെ ദിവസം ലോകമെങ്ങും നിന്നുള്ള കലാകാരെ സൂര്യ ഇതിൽ പങ്കെടുപ്പിച്ചു. ഇന്ന് സൂര്യലോകമെങ്ങും പടർന്ന ഒരു സംഘടനയാണ്.
കേരളത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിച്ചത് സൂര്യ കൃഷ്ണമൂർത്തിയാണ്. നാടകാവതരണരംഗത്തും അദ്ദേഹം വലിയ സംഭാവനകൾ നൽകി. മേൽവിലാസം എന്ന നാടകം ശ്രദ്ധേയമായി. കേരളത്തിന്റെ ഏറ്റവും വലിയ കലാസംഘാടകന് എന്റെ വിട.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ആരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.
കേരളത്തിലെ സർക്കാർ ഒരു സ്പോൺസർ സർക്കാരും മുഖ്യമന്ത്രി സ്പോൺസർ മുഖ്യമന്ത്രിയുമായി അധപതിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. വി.ഡി. സതീശന്റെ മംഗലാപുരം യാത്രയുടെയും മലപ്പുറം യാത്രയുടെയും സ്പോൺസർ ആരാണെന്ന് പറയാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.ഷാജിയുടെ യാത്ര വഴിക്കുനിൽക്കുന്ന വണ്ടിയിലാണുള്ളതെങ്കിൽ ടൂറിസ്റ്റ് വകുപ്പ് പിരിച്ചു വിടണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
പകപോക്കലിന്റെ പുതിയ തലമാണ് പിണറായിക്കും റിയാസിനുമെതിരായ കേസെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരേയും അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിരോധിക്കാൻ സിപിഎം നീക്കം.
അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന നിലപാടിൽ തന്നെയാണു സിപിഎം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ജില്ലാ കമ്മിറ്റികളുടെയും പ്രാദേശിക ഘടകങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനും അന്വേഷണത്തെ തുടർന്നു കേസെടുത്താൽ കോടതി വഴി നിയമപരമായി നേരിടാനും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേയുള്ള ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് ഇന്നലെയും ജനറൽ സെക്രട്ടറി എം.എ. ബേബി ആവർത്തിച്ചു.
പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസിനും ശക്തമായ പ്രതിരോധം തീർക്കണമെന്ന നിർദേശവും ജനറൽ സെക്രട്ടറി പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകി. ഇഡിയുടെ കത്തിന്മേൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തുമെന്നു സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ അതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിലും പാർട്ടി വ്യക്തത വരുത്തിയിരുന്നു.
സുപ്രീംകോടതിയിലെ തന്നെ മുതിർന്ന അഭിഭാഷകരുമായി പിണറായി വിജയനും സിപിഎം നേതൃത്വവും നിയമവശങ്ങളെക്കുറിച്ചു നേരത്തേതന്നെ സംസാരിച്ചിരുന്നു. അന്വേഷണഘട്ടത്തിൽ കോടതിയെ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശമാണു പാർട്ടിക്കു ലഭിച്ചിട്ടുള്ളത്. കേസെടുത്താൽ മാത്രം കോടതിയിൽ ചോദ്യം ചെയ്യാമെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിട്ടുള്ളത്.
National
ന്യൂഡൽഹി: മാസപ്പടി കേസിൽ ഇഡി ശിപാർശയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസ് സിപിഎമ്മിനെതിരാണെന്ന് പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചു.
കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിന്റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രാഥമികാന്വേഷണത്തിന് നിർദേശം നൽകിയതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുന്നോട്ട് പോയാലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ തന്നെ കാര്യങ്ങളെ നേരിടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിഷയത്തിൽ തനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തപ്പോഴും റെയ്ഡുകൾ നടത്തിയപ്പോഴും ഇഡി നടപടികളെ എതിർത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ അതേ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനം കേരള സമൂഹം തീർച്ചയായും ചർച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം : കേരളം ഭരിക്കുന്നത് സംഘപരിവാർ ബി ടീം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
മോദിയും ഇഡിയും വിഡിയും ചേർന്ന കൂട്ടുകെട്ടാണ് ഇതിനുവേണ്ടി ശ്രമിക്കുന്നതെന്നും അതിനാണ് യുഡിഎഫ് പിന്തുണ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് പിണറായിയെ ലക്ഷ്യമിട്ടാണെന്ന് തുടക്കത്തിൽ തന്നെ അറിയാം ഭീഷണിപ്പെടുത്തിയാണ് മൊഴികൾ രേഖപ്പെടുത്തിയത് പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ട് എന്തിനാണ് പണം വാങ്ങിയത് എന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എം.വി. ഗോവിന്ദൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
Kerala
കൊച്ചി: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ്. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണ്. മന്ത്രിമാരുടേത് ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകളാണ്. നേരത്തെ മംഗലാപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മുഖ്യമന്ത്രി മറച്ചുവച്ചെന്ന് പി. രാജീവ് ആരോപിച്ചു.
ഇത് ജനങ്ങളുടെ സർക്കാർ അല്ല. മുതലാളിമാരുടെ സർക്കാരാണ്. വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേയെന്ന് പറയുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നതെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംവിധായകന് സനല്കുമാര് ശശിധരന് സെക്രട്ടറിയേറ്റിന് മുന്നില് നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ രൂക്ഷ വിമര്ശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ രംഗത്ത്. മഞ്ജു വാര്യര്ക്കെതിരെ സനല് കുമാര് ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമമാണെന്നും മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങള്ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതമെന്നും ശൈലജ ഫേസ്ബുക്കില് പ്രതികരിച്ചു.
കുറിപ്പിന്റെ പൂർണരൂപം;
മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേർക്ക് പ്രചോദനമാണ്.
മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രാഖ്യാപിക്കുന്നു.
National
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫിസും സിപിഎം നിർമിച്ച രക്തസാക്ഷി സ്മാരകവും മുൻ എംഎൽഎയുടെ വീടും അക്രമികൾ നശിപ്പിച്ചു. കോൽക്കത്തയിലെ ജാദവ്പുരിലാണു സംഭവം.
ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു തൃണമൂൽ കോൺഗ്രസും സിപിഎമ്മും ആരോപിച്ചു.മുൻ ജാദവ്പുർ എംഎൽഎ ദേബബ്രത മജുംദാറിന്റെ വീട് നൂറ്റന്പോളം പേരുള്ള സംഘമാണ് ആക്രമിച്ചത്.
മുൻ തൃണമൂൽ കൗൺസിലർ ബസുന്ധ ഗോസ്വാമിയുടെ വീടും അക്രമികൾ തകർത്തു. ബിജെപി പതാകയേന്തിയവരാണ് വീട് ആക്രമിച്ചതെന്ന് ബസുന്ധര ആരോപിച്ചു.
അതേസമയം, തൃണമൂൽ കോൺഗ്രസിലെ ഭിന്നതയാണ് ആക്രമണത്തിനു പിന്നിലെന്ന് ജാദവ്പുരിലെ ബിജെപി എംഎൽഎ സർബരി മുഖർജി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് ആര്എസ്എസിന് കീഴ്പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം വിഷയം അതിനുദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തില് കോണ്ഗ്രസ് പ്രഖ്യാപിത നിലപാടില് നിന്നും പിന്നോട്ടുപോയെന്നും പിണറായി ആരോപിച്ചു.
ഏക സിവില്കോഡും പൗരത്വഭേദഗതിയുമായി കേന്ദ്രം വന്നപ്പോള് അത് ഇവിടെ നടപ്പിലാക്കില്ലന്ന് പറഞ്ഞ ഒരു സര്ക്കാര് ഇവിടെയുണ്ടായിരുന്നു. ആര്എസ്എസിന്റെ അജണ്ട എങ്ങനെ കേരളത്തില് ബാധകമായെന്നത് പ്രധാനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശുദ്ധമായ കാവിവത്കരണമാണ് പിഎംശ്രീയിലൂടെ ലക്ഷ്യമിടുന്നത്. സര്വകലാശാലകളില് ആര്എസ്എസുകാരെ നോക്കി നിയമിക്കുകയാണ്. ആര്എസ്എസുകാരെ വി സിമാരാക്കുന്നു. ഇതിനെതിരെ ശബ്ദിക്കാന് മുഖ്യമന്ത്രിക്കോ വിദ്യാഭ്യാസ മന്ത്രിക്കോ കഴിയുന്നില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം. നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നുംചെയ്തില്ലെന്ന് വിമർശനം ഉയർന്നു.
പിണറായി സർക്കാർ കർഷകരെ തഴഞ്ഞെന്നും കർഷകസംഘം ഭരണവിലാസം സംഘടനായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചർച്ചയിൽ ആരോപണമുയർന്നത്. ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. എന്നാൽ കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും ചർച്ചയിൽ വിമർശനം ഉയർന്നു.
എന്നാൽ കേരളം താങ്ങുവില താഴ്ത്തി. കർഷകരെ തഴഞ്ഞവരെ തെരഞ്ഞെടുപ്പിൽ ജനങ്ങളും കൈവിട്ടുവെന്നും ചർച്ചയിൽ ആരോപണമുണ്ടായി.
സർക്കാർ വൻകിട പദ്ധതികളിൽ അഭിരമിച്ചു. അടിസ്ഥാനവിഭാഗങ്ങളെ തഴഞ്ഞു. സാധാരണക്കാരെ മറന്നു. ഇതിനാലാണ് ജനം തിരിച്ചടി നൽകിയത്. ഇനിയെങ്കിലും പഠിക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
Kerala
ആലപ്പുഴ: സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി ജി.സുധാകരൻ എംഎൽഎ വീണ്ടും രംഗത്ത്. കോഴിക്കോട് സമ്മേളനത്തിൽ തെറ്റ് തിരുത്തുമെന്ന് പറയുന്ന സിപിഎം, പാർട്ടി സെക്രട്ടറിയെ മാറ്റിയാൽ പോരായിരുന്നോയെന്ന് സുധാകരൻ ചോദിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ തിരുത്ത് തലയ്ക്ക് ഒരടി കൊടുത്തിട്ട് അവിടെ ഇരിക്കാൻ പറയുന്നതു പോലെയാണ്. പാർട്ടിയിലുണ്ടായ അധഃപതനത്തിൽ നിന്ന് ഇനിയും നേതൃത്വം എഴുന്നേറ്റിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടൂ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗമെന്താണെന്ന് അറിയാത്തവർ പോലും പൊളിറ്റ് ബ്യൂറോയിലുണ്ട്.
ആദ്യം വർഗമെന്താണെന്ന് പഠിക്കണം. ഒന്നാംക്ലാസും രണ്ടാംക്ലാസുമല്ല അത് വർക്കിംഗ് ക്ലാസാണ്. തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ എം.വി.ഗോവിന്ദൻ മാത്രമാണോ സമാധാനം പറയേണ്ടത്. തന്നെ ചീത്ത പറഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്താമെന്ന് വിചാരിക്കുന്ന ചില ആളുകളുണ്ട്. 2020നുശേഷം പിണറായി വിജയൻ തന്നോട് മര്യാദ കാണിച്ചിട്ടില്ല. പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വന്നശേഷമാണിത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയല്ല പാർട്ടിയിൽ നിന്ന് ഒഴിവായത്. തനിക്ക് ഒരു അച്ഛനേയുള്ളൂ. പല അച്ഛൻമാരുള്ളവരായിരിക്കാം അത്തരം പ്രസ്താവനകൾ നടത്തുന്നത്. ഇത്തരക്കാരെ നയിക്കുന്ന എം.എ. ബേബിക്ക് തന്നെ വിമർശിക്കാൻ എന്ത് അവകാശമാണുള്ളതെന്നും സുധാകരൻ ചോദിച്ചു.
കൊള്ളയും അഴിമതിയും കാട്ടിയതിനാലാണ് റിപ്പോർട്ടർ ടിവി ഓഫീസിൽ റെയഡ് നടത്തിയതെന്നും അവർ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ കടപ്പെട്ട സർക്കാർ അതിനായി ഒന്നും ചെയ്തില്ല. ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ എൽഡിഎഫ് സർക്കാർ, ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി ശരിയാണെന്ന് സമ്മതിച്ചെങ്കിലും അഞ്ച് വർഷം ഒന്നും ചെയ്യാതെ കളഞ്ഞുകുളിക്കുകയായിരുന്നെന്നും ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്വന്തം ആളുകൾ പോലും വോട്ട് ചെയ്തില്ലെന്നതാണ് യാഥാർഥ്യം.
പാർട്ടിക്കാർ വോട്ട് ചെയ്യാതിരുന്നത് തെറ്റാണെങ്കിലും, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് എൽഡിഎഫ് തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ജനങ്ങൾ അകന്നതെന്ന് തിരിച്ചറിയാൻ മുന്നണി തയാറാകണം. വൈക്കം, തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ തുടങ്ങിയ ഉറച്ച മണ്ഡലങ്ങളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലായിരുന്നുവെന്നും മുന്നണിയുടെ വീഴ്ചകളാണ് ജനവിധിയിൽ പ്രതിഫലിച്ചതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
District News
എടക്കര: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം കരട് വിജ്ഞാപനം റദ്ദാക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ പിൻവലിക്കുക, മലയോര കർഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ജനങ്ങൾ കുടിയിറക്ക് ഭീഷണിയിൽ കഴിയുന്പോൾ വയനാട് എംപി പ്രിയങ്കഗാന്ധി കണ്ട ഭാവം നടിക്കുന്നില്ലെന്നും പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ തയാറാകുന്നില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി.
വഴിക്കടവ് മണിമൂളിയിൽ സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.ടി. അലി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. യു. ഗിരീഷ്കുമാർ, പി.ടി. ഉഷ, വി.കെ. ഷാനവാസ്, എ. അനസ്, ലോക്കൽ സെക്രട്ടറി ശറഫുദീൻ മണിമൂളി, പി.സി. നാഗൻ, വി. വിനയചന്ദ്രൻ, ബിനുപോൾ, സി.എസ്. സുരേഷ്, മനോജ് മാമൻ എന്നിവർ പ്രസംഗിച്ചു. മൂത്തേടം മരംവെട്ടിച്ചാലിൽ ഏരിയ കമ്മിറ്റി അംഗം എം. സുകുമാരൻ ധർണ ഉദ്ഘാടനം ചെയ്തു. ജെ.എം. ഷെബീബ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ടി. റെജി, എ.പി. അനിൽ, ലോക്കൽ സെക്രട്ടറി പനോലൻ ബഷീർ, അനൂപ് കെ. ഏബ്രഹാം, അഖില ദിനേശ്, ഇ. സൈറാബാനു എന്നിവർ പ്രസംഗിച്ചു.
മരുത നാരോക്കാവിൽ ഏരിയ കമ്മിറ്റി അംഗം എ. അനസ് ഉദ്ഘാടനം ചെയ്തു. ടി.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം കെ.ടി. വർഗീസ്, ലോക്കൽ സെക്രട്ടറി എം. ശിഹാബ്, ബിനോ വി. ഇഞ്ചപ്പാറ, എം.എച്ച്. കിഫ്ലി, കെ.എം. മോഹനൻ, ആർ. രാജമ്മ എന്നിവർ പ്രസംഗിച്ചു. പോത്തുകല്ലിൽ ഏരിയ കമ്മിറ്റി അംഗം എ.ടി. റെജി ഉദ്ഘാടനം ചെയ്തു. പി.വി. രാജു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി മുസ്തഫ പാക്കട, കെ. ശശികുമാർ, ഡാനിഷ് അബ്ദുള്ള, പി. രജനി, ബിജു പനങ്കയം, ബാബു പാലാട്, ഇ. റസിയ എന്നിവർ പ്രസംഗിച്ചു.
ചുങ്കത്തറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന സമരത്തിൽ പി.ടി. യോഹന്നാൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി. ബാലകൃഷ്ണൻ, എം.ആർ. ജയചന്ദ്രൻ, ഇ.എ. മാർക്കോസ്, മുഹമ്മദ് കാപ്പാടൻ, എൻ. അനിൽകുമാർ, പി.എൻ. ജിജിൻ, കെ.ബി. ബിനീഷ് , സി. അർഷാദ് എന്നിവർ പ്രസംഗിച്ചു.
Kerala
ആലപ്പുഴ: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിലൂടെ ചർച്ചചെയ്തു തെറ്റുതിരുത്തി മാറ്റത്തിനുശ്രമിക്കുന്നത് നല്ലതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു രീതി കമ്യൂണിസ്റ്റ് പാർട്ടിക്കു മാത്രം അവകാശപ്പെട്ടതാണ്. സിപിഎമ്മിനകത്ത് ചർച്ച ചെയ്തു തെറ്റു പറയാനും തിരുത്താനും ആളുണ്ട്. അതുകേട്ട് തെറ്റു തിരുത്താനും സിപിഎം തയാറുണ്ട്.
ഈ രീതി കമ്യൂണിസ്റ്റ് പാർട്ടിയിലല്ലാതെ മറ്റാർക്കുമില്ല. ഇതിനിടെ പിണറായി വിജയൻ രണ്ടു ടേം സംസ്ഥാനം ഭരിച്ചുവെന്നത് ഓർക്കണം. മുൻപ് ആർക്കും അങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല. എന്നാൽ, അതിന്റെ ക്രെഡിറ്റ് ആർക്കും നൽകിയില്ലല്ലോ. പിണറായി വിജയന് രണ്ടു ടേം ലഭിച്ചത് അവരുടെ ഭാഗ്യവും നന്മയുംകൊണ്ടാകും. മൂന്നാം ഭരണം നഷ്ടപ്പെട്ടത് തിന്മകൊണ്ടാകാം. ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ച് അതിനെ ചിത്രീകരിക്കാം.
വൈദ്യുതിമുടക്കം വലിയ പ്രശ്നമാണ്. കാലാകാലങ്ങളായി വന്ന സർക്കാരുകൾക്ക് ഉൾക്കാഴ്ചയില്ലാതിരുന്നതിന്റെ തെളിവാണ് വൈദ്യുതിമുടക്കം. ഒരു ശാശ്വത പരിഹാരത്തിന് ആരും ശ്രമിച്ചില്ല.
സംസ്ഥാന സർക്കാർ നൂറുദിവസമായതല്ലേ ഉള്ളൂ; അവരെക്കുറിച്ച് അഭിപ്രായം പറയാൻ പറ്റുന്ന തരത്തിലേക്കായിട്ടില്ല. സർക്കാരിനു തുടക്കത്തിൽ സ്റ്റാർട്ടിംഗ് പ്രശ്നമുണ്ടായിരുന്നു. ചെറിയ ചീറ്റലും പൊട്ടലുമുണ്ടെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: സിപിഎമ്മിൽ അസാധാരണ തിരുത്തൽ നടപടി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുകയും പാര്ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കേന്ദ്രനേതൃത്വം ശാസിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി എന്ന നിലയില് വ്യക്തിപരമായ ചുമതല നിര്വഹിക്കുന്നതില് എം. വി. ഗോവിന്ദനു വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശൈലി മാറ്റണമെന്ന് ചര്ച്ചകള്ക്കുള്ള മറുപടി പ്രസംഗത്തില് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സിപിഎമ്മിനു പുതു ഊര്ജം പകരാന് ലക്ഷ്യമിട്ട് കോഴിക്കോട്ട് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗസമാപന ദിവസമാണ് അസാധാരണ നടപടികളുണ്ടായത്. കണ്ണൂരില്നിന്നു പി. ജയരാജന്, തിരുവനന്തപുരത്തുനിന്നു വി. ശിവന്കുട്ടി, പാലക്കാട്ടുനിന്ന് എം. ബി. രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി ഇടം നേടിയത്. ടി. പി. രാമകൃഷ്ണനു പകരം പി. രാജീവ് ഇടതുമുന്നണി കൺവീനറാകും.
ആദ്യ രണ്ടുദിവസത്തെ ചർച്ചകളിൽ ഉയര്ന്നുവന്ന വിമര്ശനങ്ങൾ പരിഗണിച്ചാണു തീരുമാനം. സിപിഎമ്മിലെ കീഴ്വഴക്കമുസരിച്ച് സംസ്ഥാന സെക്രട്ടറിയെ ശാസിക്കുന്നത് അപൂർവമാണ്. അതോടൊപ്പം പുനഃസംഘടന പാര്ട്ടി സമ്മേളനങ്ങളില് എന്ന പതിവുരീതിക്കും മാറ്റം വന്നു.
►എം.വി. ഗോവിന്ദന് ഉത്തരവാദിത്വം നിര്വഹിച്ചില്ല
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്ഥിത്വത്തില് സംസ്ഥാന സെക്രട്ടറിക്കു വീഴ്ച സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ജനറല് സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദനെ ശാസിച്ചത്. സംഘടനാപരമായ കാര്യങ്ങള് പരിശോധിക്കുന്നത് കൂട്ടുത്തരവാദിത്വമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിനൊപ്പംതന്നെ വ്യക്തിപരമായ ചില ഉത്തരവാദിത്വമുള്ളതും എടുത്തുപറഞ്ഞു. അത് നിര്വഹിക്കുന്നതില് ഉള്പ്പടെ എം.വി. ഗോവിന്ദന് വീഴ്ച സംഭവിച്ചതായും വിമര്ശിച്ചു. അതേസമയം, പാര്ട്ടിക്ക് ഏറ്റവും കൂടുതല് ക്ഷീണമുണ്ടാക്കിയത് ഈ രണ്ടിടങ്ങളിലും ഉണ്ടായ തോല്വിയും വിവാദങ്ങളുമാണെന്നാണു ബേബി ചൂണ്ടിക്കാട്ടിയത്.
►ശാസിച്ചോ എന്നു പറയേണ്ട കാര്യമില്ലെന്ന് ഗോവിന്ദന്
പാര്ട്ടി തന്നെ ശാസിച്ചോ എന്ന് മാധ്യമങ്ങളോടു പറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദന് പ്രതികരിച്ചു. ""നിങ്ങള് എന്തു വാര്ത്ത വേണമെങ്കിലും നല്കിക്കോളൂ. പാര്ട്ടി സംഘടനാ തലത്തില് നടന്ന കാര്യങ്ങള് പുറത്തു പറയേണ്ടതില്ല. പിബി എന്നു പറയുന്നതു പാര്ട്ടിയിലെ ഉന്നതാധികാരകേന്ദ്രമാണ്. അവിടെനിന്നു വരുന്ന നിര്ദേശങ്ങള് നടപ്പിലാക്കുന്നത് സംസ്ഥാന കമ്മറ്റിയാണ്. അതില് ഒരു പ്രത്യേകതയുമില്ല. സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു എന്നതിനേക്കാള് സെക്രട്ടേറിയറ്റ് സെറ്റാക്കി എന്ന് പറയാനാണ് എനിക്കു താത്പര്യം’’ - ഗോവിന്ദന് മാധ്യമപ്രവര്ത്തകരോടു പറഞ്ഞു.