Editorial Audio
ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയതു നല്ല സൂചനയാണ്. മുൻ സർക്കാരിന്റെ ആശ്രിതവാത്സല്യത്താൽ ജയിൽസുഖവാസത്തിലായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ തിരിച്ചറിയട്ടെ, തങ്ങൾ തടവുപുള്ളികളാണെന്ന്. കുറ്റവാളികളുടെ രാഷ്ട്രീയബന്ധം അറത്തുമാറ്റാതെ കേരളം രക്ഷപ്പെടില്ല. ലഹരിമാഫിയയെ തൂഫാൻ "തൂക്കി'യപ്പോഴാണ് ഇക്കാലമത്രയും അവർ പിടിയിലാകാതിരുന്നതിന്റെ പരസ്യമായ രഹസ്യം സ്ഥിരീകരിക്കപ്പെട്ടത്; രാഷ്ട്രീയബലം! തൂഫാൻ വാരിയറാകാൻ കോൺഗ്രസ് നേതാവിനൊപ്പം യോഗം ചേർന്നവരിലേറെയും ഗുണ്ടകളായിരുന്നെന്ന വിവരവും പുറത്തായി. ലഹരിമാഫിയ, ഗുണ്ടാസംഘങ്ങൾ, കൊലയാളികൾ, വർഗീയ ആൾക്കൂട്ടങ്ങൾ, തീവ്രവാദികൾ... ഒന്നും രാഷ്ട്രീയ രക്ഷകർത്താക്കളില്ലാതെ നാടുവാഴില്ല. ഒതുക്കാവുന്നതേയുള്ളൂ; മേൽപ്പറഞ്ഞവരോടു സർക്കാരിനു ബന്ധമോ കടപ്പാടോ ഇല്ലെങ്കിൽ. നിറമേതായാലും കീറണം, ഗുണ്ടകളുടെ കൊടിരക്ഷ.
ജയിൽ വകുപ്പ് തടവുപുള്ളികൾക്കു നൽകുന്ന കാർഡ് ഉപയോഗിച്ചു മൂന്നു പേരെ ഫോണിൽ വിളിക്കാം; അധികൃതരുടെ നിരീക്ഷണത്തിൽ. ഇതു ദുരുപയോഗിച്ചാണ്, മറ്റൊരു തടവുകാരന്റെ കാർഡിലൂടെ കൊടിസുനി വിളിച്ചത്. മലപ്പുറം തവനൂർ ജയിലിൽനിന്നു പാർട്ടി സംവിധാനങ്ങൾ ഏറെ സജീവമായ കണ്ണൂരിലെ ജയിലിലേക്കു സ്ഥലം മാറാൻ സുനി ശ്രമിച്ചുവരികയായിരുന്നു. പക്ഷേ, കൈയിലെ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു തടസമായി. ജയിൽമാറ്റശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോൺവിളിയെന്നു സൂചനയുണ്ട്. ഇതോടെ സുനിയെ ഏകാന്ത മുറിയിലേക്കു മാറ്റി. സിപിഎം വിട്ട് ആർഎംപി സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരൻ 2012ലാണ് കൊല്ലപ്പെട്ടത്. പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന സിപിഎം വാദം പിന്നീട് പൊളിഞ്ഞു.
സിപിഎം നേതാക്കൾക്കുൾപ്പെടെ ജീവപര്യന്തവും ഇരട്ട ജീവപര്യന്തവുമൊക്കെ ശിക്ഷ ലഭിച്ചു. പക്ഷേ, ബന്ധമില്ലെന്നു പറഞ്ഞ പാർട്ടിയുടെ ഭരണത്തിൽ യഥേഷ്ടം പരോളും, ഫോൺ വിളിക്കുന്നതിനുൾപ്പെടെ മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങളുമെല്ലാം പ്രതികൾക്കു ജയിലിൽ ലഭിച്ചു. സർക്കാർ മാറിയതുകൊണ്ടാവാം ഇപ്പോഴത്തെ ഫോൺവിളി പിടിച്ചത്. പക്ഷേ, ഏതു ഭരണത്തിലും സജീവമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ അന്തർധാരകൾ സുനിയെ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.
പാർട്ടിഗുണ്ടകളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സിപിഎമ്മിന്റെ സമീപനത്തെ വെറുക്കുന്നവരെ അലോസരപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ലഹരിവിരുദ്ധ വേട്ടയായ തൂഫാന്റെ മറവിലുണ്ടായത്. കോൺഗ്രസ് എംപി കെ. സുധാകരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ലഹരിവിരുദ്ധ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകൾ പങ്കെടുത്ത വിവരമാണ് നടുക്കമുളവാക്കുന്നത്. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീര്‍, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതി ബിലാല്‍... ലഹരിമാഫിയയ്ക്കെതിരേ ക്വട്ടേഷൻ മാഫിയയോ? ഈ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു പിന്നീട് മട്ടാഞ്ചേരിയിലെ ബാറിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചതിനു പിടിയിലാകുകയും ചെയ്തു.
കോൺഗ്രസും ആഭ്യന്തരമന്ത്രിയും ഈ യോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഖദറിൽ തെളിഞ്ഞ കറയ്ക്ക് പ്രസ്താവനാസോപ്പ് മതിയെന്ന് കോൺഗ്രസ് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ ജനുവരിയിലാണ് ആലപ്പുഴയിലെ ഒരു സിപിഎം നേതാവിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ, പീഡനക്കേസിലെയും മയക്കുമരുന്നു കേസിലെയും സിപിഎമ്മുകാരനെ കൊന്ന കേസിലെയും പ്രതികൾ ഉൾപ്പെടെ നിരവധി ഗുണ്ടകൾ അതിഥികളായെത്തിയത്.
ആവർത്തിക്കട്ടെ, ലഹരിമാഫിയ, വാടകഗുണ്ടകൾ, കൂലിക്കൊലയാളികൾ, വർഗീയ-തീവ്രവാദ സംഘങ്ങൾ... തുടങ്ങിയവയിൽനിന്ന് രാഷ്ട്രീയക്കാർ കപ്പം പിരിക്കരുതെന്നോ അടവുനയ ബന്ധങ്ങളുണ്ടാക്കരുതെന്നോ മാത്രമല്ല, "അറിഞ്ഞുകൊണ്ട്' ഒരു സെൽഫിക്കുപോലും നിന്നുകൊടുക്കുകയുമരുത്. രാഷ്ട്രീയം അവിഹിതബന്ധങ്ങൾ തുടരുവോളം നന്മ പിറക്കില്ല. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമായാൽ മതി. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ സർക്കാർ വക വ്യാജ ഏറ്റുമുട്ടലുകളല്ല, ഗുണ്ടകളും കൊലയാളികളും അവരുടെ തലതൊട്ടപ്പന്മാരും രാഷ്ട്രീയ പരോളില്ലാത്ത ജയിൽപ്പുള്ളികളായിരിക്കുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ആഭ്യന്തരവകുപ്പിനു പിടിപ്പതു പണിയുണ്ട്. പക്ഷേ, പണിയെടുത്താൽ ചരിത്രമെഴുതാം.
Tags : DEEPIKA EDITORIAL CPM KODI SUNI