Editorial
ലോകാരോഗ്യസംഘടനയും യൂണിസെഫും ചേർന്നു പുറത്തിറക്കിയ, ജോയിന്റ് മോണിറ്ററി പ്രോഗ്രാം (ജെഎംപി) റിപ്പോർട്ടിന്റെ മുൻപേജുകളിൽ ഇന്ത്യയിൽനിന്നുള്ള പ്രസാദാത്മകമായ ചില ചിത്രങ്ങളുണ്ട്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഖിജിദിയ പ്രൈമറി സ്കൂൾ വിദ്യാർഥിനി ശരിയായ വ്യക്തിശുചിത്വത്തിന്റെ മാതൃക മറ്റ് വിദ്യാർഥികൾക്ക് സോദാഹരണം വിവരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ മാസം 22നാണ് ‘സ്കൂളുകളിലെ കുടിവെള്ളം, ശുചിത്വം, വ്യക്തിശുചിത്വം എന്നിവയിലെ പുരോഗതി-2015-2025’ എന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
എന്നാൽ, ചിത്രങ്ങളിലെ തെളിച്ചം റിപ്പോർട്ടിനകത്തേക്കു കടക്കുമ്പോൾ കാണാനില്ല. ശതമാനക്കണക്കുകളിലൂടെ പുരോഗതിയുടെ ചിത്രം വരച്ചിടാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വസ്തുതകളുടെ യാഥാർഥ്യം ഞെട്ടിക്കുന്നതാണ്. സ്കൂളുകളിൽ ശുചിമുറി സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ അഞ്ചിലൊന്ന് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 1.2 കോടി കുട്ടികൾ ഇപ്പോഴും സ്കൂളുകളിൽ യാതൊരുവിധ കുടിവെള്ള സൗകര്യവുമില്ലാത്ത സാഹചര്യത്തിലാണ് പഠിക്കുന്നത്.
2025ൽ ലോകത്ത് സ്കൂളുകളിൽ ശുചിമുറി സൗകര്യമില്ലാത്ത ആകെ കുട്ടികളുടെ പകുതിയിലധികവും കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ അഞ്ചു കോടി കുട്ടികൾക്ക് സ്കൂളുകളിൽ യാതൊരുവിധ ശുചിമുറി സൗകര്യവുമില്ല. ഈ വിവരവും ഇതേ റിപ്പോർട്ടിൽതന്നെയാണുള്ളത്. ഇന്ത്യയിൽനിന്നുള്ള സമീപകാല ദേശീയ വിവരങ്ങൾ ലഭ്യമല്ലെന്ന കുറ്റസമ്മതംകൂടി വായിക്കുമ്പോൾ കാര്യങ്ങളുടെ അവസ്ഥ ഏതാണ്ട് പിടികിട്ടും. ഇന്ത്യയിലെ സ്കൂളുകളിലെ ശുചിത്വസേവനങ്ങളുടെ കണക്കുകൾ 2024 വരെയുള്ളതു മാത്രമേ ജെഎംപി തയാറാക്കിയിട്ടുള്ളൂ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക, സാമ്പത്തിക വളർച്ചയിൽ ഇന്ത്യ മുന്നേറുന്നുണ്ടെങ്കിലും അടിസ്ഥാന ജനക്ഷേമ സേവനങ്ങളിൽ വലിയൊരു ശതമാനം ജനങ്ങൾ ഇന്നും പുറത്താണെന്ന് ഈ റിപ്പോർട്ടിൽനിന്ന് വായിച്ചെടുക്കാം. ആനുകൂല്യങ്ങൾ പൂർണമായും താഴെത്തട്ടിൽ എത്തുന്നില്ല. അതിനാൽ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളുകളിൽ ദുരിതമയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു.
ഇനി രാജ്യത്തെ സ്കൂളുകളിലെ ശുചിത്വസൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നമ്മുടെതന്നെ ചില റിപ്പോർട്ടുകൾ കാണാം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വഴി നിർമിച്ച സ്കൂൾ ശുചിമുറികളുടെ അവസ്ഥ പരിശോധിച്ചുള്ള സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് പരിശോധിച്ച സ്കൂളുകളിലെ 72 ശതമാനം ശുചിമുറികളിലും പൈപ്പ് വെള്ള സൗകര്യം ഉണ്ടായിരുന്നില്ല എന്നാണ്. 30 ശതമാനം ശുചിമുറികളും ഉപയോഗശൂന്യമായ നിലയിലായിരുന്നു.
55 ശതമാനം നിർമിതികളിലും കൈകഴുകാനുള്ള സൗകര്യങ്ങളോ സോപ്പോ ലഭ്യമായിരുന്നില്ല. പദ്ധതികളിൽ രേഖപ്പെടുത്തിയ പല ശുചിമുറികളും (11 ശതമാനത്തോളം) ഭാഗികമായി മാത്രം നിർമിക്കപ്പെട്ടതോ നിലവിലില്ലാത്തതോ ആയിരുന്നു എന്നതാണ് ഇന്ത്യൻ അവസ്ഥയുടെ ഏറ്റവും ദയനീയ ചിത്രം.കാൽ ഭാഗത്തോളം ഗ്രാമീണ സ്കൂളുകളിലും പെൺകുട്ടികൾക്ക് ഉപയോഗപ്രദമായ ശുചിമുറികളില്ലെന്ന് ‘പ്രഥം’ എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിൽ പറയുന്നു.
‘ലഭ്യമാണ്’എന്ന് രേഖകളിൽ കാണുന്ന പല ശുചിമുറികളും പൂട്ടിയിട്ടിരിക്കുന്നതായാണു കണ്ടത്. ഇതെല്ലാം വ്യക്തമാക്കുന്നത്, നമ്മുടെ ഭാവി തലമുറ വളരുന്ന സ്കൂളുകളിലെ പ്രാഥമിക സൗകര്യങ്ങൾ ഇപ്പോഴും നിരാശാജനകമാണ് എന്നാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്ന് ഊറ്റം കൊള്ളുമ്പോഴും ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇതാണ് അവസ്ഥ. ബഹിരാകാശ ശക്തിയായും യുദ്ധസാമഗ്രികളുടെ നിർമാണത്തിലെ കേമൻമാരായും മേനി നടിക്കുന്നതിനിടയിൽ നമ്മുടെ കുഞ്ഞുങ്ങൾ വൃത്തിഹീനമായ സാഹചര്യങ്ങളിലും ശുദ്ധമായ കുടിവെള്ളമില്ലാതെയുമൊക്കെയാണ് പഠിക്കുന്നത് എന്ന കാര്യം ആർക്കും നാണക്കേടായി അനുഭവപ്പെടുന്നില്ല.
ഏറ്റവും പ്രധാനം, സുതാര്യവും കൃത്യവുമായ ദേശീയ ഡാറ്റകൾ ശേഖരിക്കുകയാണ്. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എങ്ങനെയാണ് പുരോഗതിയുണ്ടാക്കുക? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് വാതോരാതെ പറയുന്നവർ മുൻഗണനാക്രമത്തിൽ ഇക്കാര്യം കൂടി അടിയന്തരമായി ഉൾപ്പെടുത്തണം.
Editorial
അങ്ങേയറ്റത്തെ ലാഭക്കൊതി മാത്രമുള്ള മരുന്നുകമ്പനികളുടെ ക്രൂരതയ്ക്കു കടിഞ്ഞാണിടാൻ കോടതികൾതന്നെ വേണ്ടിവരുന്നു എന്നത് ജനാധിപത്യത്തിന്റെ ദയനീയമുഖമാണു വെളിപ്പെടുത്തുന്നത്. സാധാരണക്കാരന് താങ്ങാനാകാത്തവിധം രാജ്യത്ത് അവശ്യമരുന്നുകളുടെ വില വർധിക്കുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇന്നലെ കേരള ഹൈക്കോടതിയും നടത്തിയ ഇടപെടലുകൾ ആശ്വാസമായി. എങ്കിലും, രാജ്യത്തെ ആരോഗ്യമേഖലയുടെ വലിയ പ്രതിസന്ധിയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
ലാഭം മാത്രം ലക്ഷ്യമിട്ടു മരുന്നുകമ്പനികൾ വരുത്തുന്ന നിരക്കുവർധന സാർവത്രിക ആരോഗ്യപരിരക്ഷ എന്ന സങ്കൽപത്തെത്തന്നെ തകിടംമറിക്കുന്നുവെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. വിപണിയിലുള്ള ഏകദേശം 82 ശതമാനം മരുന്നുകൾക്കും നിലവിൽ സർക്കാർ തലത്തിൽ വിലനിയന്ത്രണമില്ലെന്നു ചൂണ്ടിക്കാട്ടിയതും സുപ്രീംകോടതി തന്നെ. ഇതിനു പിന്നാലെ, വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ അനിയന്ത്രിതമായ വിലവർധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാൻ ജുഡീഷ്യറിക്ക് ശക്തമായി നിരന്തരം ഇടപെടേണ്ടിവരുന്നു എന്നത് ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വത്തെയാണു കാണിക്കുന്നത്. ഒപ്പം, വൻകിട മരുന്നുകമ്പനികളുടെയും സർക്കാരിന്റെയും അവിശുദ്ധ കൂട്ടുകെട്ടും മറനീക്കുന്നു. പേറ്റന്റുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കമ്പനികൾ അമിതവില ഈടാക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിന് അതിൽ ഇടപെടാമെന്നും, പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഉപയോഗിച്ച് ഈ മരുന്നുകൾ ഉത്പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കാമെന്നുമാണ് കേരള ഹൈക്കോടതിയുടെ ചരിത്രവിധി. ജസ്റ്റീസ് ഹരിശങ്കർ വി. മേനോനാണ് വിധി പ്രസ്താവിച്ചത്.
അമിതവിലയുള്ള പേറ്റന്റ് മരുന്നുകൾ വാണിജ്യപരമായല്ലാതെ കേന്ദ്രസർക്കാരിന് നേരിട്ടു നിർമിച്ച് പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യാം. നിലവിൽ വിപണിയിലുള്ള മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണോ എന്നു പരിശോധിക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി രോഗബാധിതരുടെ എണ്ണം, മരുന്ന് ഉപയോഗിക്കുന്നവർ, വിലക്കൂടുതൽ മൂലം മരുന്നു വാങ്ങാൻ കഴിയാത്തവർ തുടങ്ങിയ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വേണം തീരുമാനമെടുക്കാൻ.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആരോഗ്യസംരക്ഷണമെന്നും, ജീവൻരക്ഷാ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും കോടതി ഓർമിപ്പിച്ചു.സ്തനാർബുദത്തിനുള്ള ‘റിബോസിക്ലിബ്’’(Ribociclib) എന്ന മരുന്നിന് പ്രതിമാസം 75,000 രൂപയോളം ചെലവു വരുന്നതു ചൂണ്ടിക്കാട്ടി ഒരു അർബുദരോഗി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരി പിന്നീട് മരിച്ചെങ്കിലും, പൊതുതാത്പര്യം മുൻനിർത്തി അമിക്കസ്ക്യൂറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഈ കേസ് സ്വമേധയാ തുടർന്നുകൊണ്ടു പോകുകയായിരുന്നു.
കേരള ഹൈക്കോടതിയിൽ ഈ ഹർജി 57 തവണ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടും അന്തിമതീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനെ സുപ്രീംകോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഈ ഹർജിയിൽ എത്രയും വേഗം വാദം പൂർത്തിയാക്കി അന്തിമവിധി പ്രസ്താവിക്കാൻ കേരള ഹൈക്കോടതിക്ക് കർശന നിർദേശവും നൽകി. ഇതിന്റെ തുടർച്ചയായിട്ടാണ് കേരള ഹൈക്കോടതി വിശദമായ വാദം കേട്ട് ഇന്നലെ വിധിപറഞ്ഞത്.
മറ്റൊരു കേസ് പരിഗണിക്കവെ, 2700 രൂപ വിലയുള്ള കാൻസർ മരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നതു കണ്ട് കോടതി അമ്പരന്നു. ഇതെന്തൊരു പകൽക്കൊള്ളയെന്ന് കോടതിക്കു ചോദിക്കേണ്ടി വന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് സർക്കാരുകളുടെ മാപ്പില്ലാത്ത അലംഭാവമാണ്. ജീവൻരക്ഷാ മരുന്നുകളുടെ ഉത്പാദനച്ചെലവും വിപണിവിലയും തമ്മിലുള്ള ഭീമമായ അന്തരം, അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവിലെ വർധന, പാരന്റ് കമ്പനികളുടെ പേറ്റന്റ് കുത്തക, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റിയുടെ (എൻപിപിഎ) അനാസ്ഥ എന്നിവയാണ് മരുന്നുകളുടെ വിലക്കയറ്റത്തിന് പ്രധാന കാരണം.
കൃത്യമായ വിലനിയന്ത്രണ പരിധിയിൽ വരാത്ത അനുബന്ധ മരുന്നുകൾക്ക് കമ്പനികൾ തോന്നുംപടി വില ഈടാക്കുകയാണ്. മരുന്നുനിർമാണത്തിന് ആവശ്യമായ പ്ലാറ്റിനം അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവിലും ആഗോളവിപണിയിലെ ഉത്പാദനച്ചെലവിലും വൻ വർധനയുണ്ടായെന്ന കാരണം പറഞ്ഞാണ് അത്യാവശ്യ അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ 50 ശതമാനംവരെ വർധന വരുത്താൻ കേന്ദ്രസർക്കാർ ജൂണിൽ അനുമതി നൽകിയത്.
മരുന്നുകമ്പനികളുടെ കാര്യം വരുമ്പോൾ കാണിക്കുന്ന ശുഷ്കാന്തി സാധാരണ ജനങ്ങളുടെ കാര്യത്തിൽ കാണാനില്ല. മരുന്നുകൾ വിലക്കുറവിൽ ലഭിക്കാൻ കാരുണ്യ, ജൻ ഔഷധി കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങൾ. ഇവിടെ ഗുണമേന്മയുള്ള, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട സർക്കാർ ഉറങ്ങുകയാണ്.
കൂടുതൽ മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും, ന്യായവില ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി നിയമനിർമാണം നടത്തുകയും വേണം. മരുന്നുകമ്പനികളുടെ അമിതലാഭത്തേക്കാൾ പ്രധാനം ജനങ്ങളുടെ ജീവനാണെന്നു തിരിച്ചറിഞ്ഞ് ഭരണകൂടങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Editorial
വന്യജീവി ആക്രമണത്തോളംതന്നെ ഭീകരമാണ് ചില ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ ഉത്തരവുകളുണ്ടാക്കുന്ന കെടുതികൾ. ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ, അവയുടെ സഞ്ചാരപാതകൾ കൊട്ടിയടച്ചതുകൊണ്ടാണെന്ന ജില്ലാ കളക്ടറുടെ വിചിത്രമായ കണ്ടെത്തലാണ് ഇതിൽ ഏറ്റവും പുതിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിനു തടസമാകുന്ന വേലികളും കെട്ടിടനിർമാണങ്ങളും പൊളിക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടത്. ഇതനുസരിച്ചുള്ള നടപടികളും അടിയന്തരപ്രാധാന്യത്തോടെ ആരംഭിച്ചുകഴിഞ്ഞു.
ഇടുക്കി പന്തടിക്കളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിനു പിന്നാലെയാണ് ഉത്തരവും നടപടികളും. പന്തടിക്കളം ഉന്നതിക്കു സമീപം വൈദ്യുതവേലികൾ മുറിച്ചുനീക്കുകയും ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലായി നിരവധി സോളാർ വേലികൾ നീക്കംചെയ്യുകയും ചെയ്തു. കൈയേറിയ സർക്കാർ ഭൂമിയിലെ അനധികൃത വൈദ്യുതവേലികളും അനധികൃത സോളാർ വേലികളുമാണ് നീക്കംചെയ്തതെന്നാണ് അധികൃതർ പറയുന്നത്. യാതൊരു പഠനത്തിന്റെയും സർവേയുടെയും പിൻബലമില്ലാത്ത, ജില്ലാ കളക്ടറുടെ അസംബന്ധജടിലമായ കണ്ടെത്തലിനു പിന്നാലെ വന്ന ഉത്തരവിനെതിരേ ഇടുക്കി ജില്ലയിൽ ജനരോഷം ആഞ്ഞടിക്കുകയാണ്.
ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷൻ എന്ന നിലയിലാണ് കളക്ടറുടെ ഉത്തരവ്. മനുഷ്യരുടെ ദുരന്തമാണോ മൃഗങ്ങളുടെ വിളയാട്ടമാണോ പ്രഥമ പരിഗണനയിലുള്ളത് എന്നതാണ് ചോദ്യം. സംസ്ഥാന ഭരണകൂടം വേലി കെട്ടിയില്ലെങ്കിൽ നാളെ സംസ്ഥാനത്തെവിടേക്കും ഈ ഉദ്യോഗസ്ഥ മുഷ്ക് വ്യാപിച്ചേക്കാം. വന്യജീവികളുടെ സഞ്ചാരപാത നിർണയിക്കുന്നത് വനംവകുപ്പാണെന്നിരിക്കെ എന്തു സംഭവിക്കുമെന്ന് മുൻ അനുഭവങ്ങളിൽനിന്ന് നമുക്കറിയാം. ദന്തഗോപുരവാസികളായ വനംവകുപ്പുദ്യോഗസ്ഥരുടെ ധാർഷ്ട്യം നിറഞ്ഞ തുല്യംചാർത്തലുകൾകൊണ്ട് അല്ലെങ്കിൽതന്നെ പൊറുതിമുട്ടിയിരിക്കുകയാണ് മലയോരവാസികൾ.
മനുഷ്യ-വന്യജീവി സംഘർഷം എന്ന ഓമനപ്പേരിട്ട്, മനുഷ്യർ നിരന്തരം വന്യമൃഗങ്ങളെ ആക്രമിക്കുകയാണെന്ന പ്രതീതിയുണ്ടാക്കി വന്യമൃഗ ആക്രമണങ്ങളെ സ്വാഭാവിക ചെറുത്തുനിൽപു മാത്രമാണെന്ന രീതിയിൽ ചിത്രീകരിക്കാനുള്ള കുത്സിതശ്രമമാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാകാറുള്ളത്. കാട്ടിൽ കഴിയേണ്ട വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയാണെന്ന വസ്തുത ബോധപൂർവം തമസ്കരിക്കപ്പെടുന്നു.
വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും കിട്ടാതെവരുമ്പോഴാണ് വന്യജീവികൾ നാട്ടിലിറങ്ങുന്നത്. കാട്ടിലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവും മാംസഭോജികളായ മൃഗങ്ങളെ നാട്ടിലെത്തിക്കുന്നു. ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള ശാസ്ത്രീയ പഠനങ്ങളൊന്നും പരിഗണിക്കാതെയാണ് വനംവകുപ്പും റവന്യു വകുപ്പും ചേർന്ന് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നത്. വനം ചീഫ് കൺസർവേറ്ററുടെ നിർദേശമനുസരിച്ചാണ് ഉത്തരവെന്നാണ് പറയുന്നത്. വന്യജീവികളെ വനത്തിനുള്ളിൽ നിർത്തി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വനംവകുപ്പിനാണ്. എന്നാൽ, വന്യമൃഗങ്ങൾക്കുവേണ്ടി മനുഷ്യർ തങ്ങളുണ്ടാക്കിയതെല്ലാം ഒഴിഞ്ഞുകൊടുക്കണമെന്ന ക്രൂരമായ സാഹചര്യമാണ് പുതിയ നിർദേശംകൊണ്ടുണ്ടായിരിക്കുന്നത്.
കർഷകർ അവർക്കവകാശപ്പെട്ട ഭൂമിയിലാണ് കെട്ടിടങ്ങളും മതിലുകളുമൊക്കെ നിർമിച്ചിരിക്കുന്നത്. നിയമവിധേയമായ രീതിയിൽ കൃഷി ചെയ്തു ജീവിക്കുന്നവർക്കെതിരേയാണ് ഫലത്തിൽ ഈ ഉത്തരവ്. മൃഗങ്ങളെ തടയാൻ വനാതിർത്തിയിൽ കെട്ടുന്ന വേലികൾപോലും മതിയാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉള്ള വേലികൾകൂടി പൊളിച്ചുകളഞ്ഞാൽ തങ്ങളുടെ ജീവനും ജീവിതോപാധികൾക്കും എന്തു സുരക്ഷയെന്ന ചോദ്യത്തിനാണ് ഉദ്യോഗസ്ഥരും ഭരണകൂടവും മറുപടി നൽകേണ്ടത്.
ആനത്താരകൾ തടഞ്ഞുള്ള അനധികൃത വൈദ്യുതവേലികളാണ് പൊളിച്ചുമാറ്റുന്നതെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് വനം മന്ത്രി ഷിബു ബേബി ജോൺ ഇന്നലെ പറഞ്ഞത്. ആനത്താരയിൽ സ്ഥിതിചെയ്യുന്ന വൻകിട റിസോർട്ടുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ആവശ്യമെങ്കിൽ നീക്കം ചെയ്യേണ്ട ആനകളെ നീക്കംചെയ്യുമെന്നും അദ്ദേഹം പറയുന്നു.
വൈദ്യുതിവേലിയെപ്പോലും വകവയ്ക്കാത്ത വന്യമൃഗങ്ങൾ മന്ത്രി വാക്കുകൾകൊണ്ട് കെട്ടുന്ന വേലിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം വാഗ്ദാനവേലികൾ വർഷങ്ങളായി മന്ത്രിമാരും ഉദ്യോഗസ്ഥരും കെട്ടിപ്പൊക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ, പാവപ്പെട്ട മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നതിനു മാത്രം ഒരു കുറവുമില്ല. വളരെ ശക്തവും വ്യക്തവുമായ നടപടികൾകൊണ്ടു മാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകൂ. അതിനുള്ള പ്രായോഗിക നടപടികൾക്കാണ് മന്ത്രി നേതൃത്വം നൽകേണ്ടത്. വനംവകുപ്പുദ്യോഗസ്ഥരുടെ ധാർഷ്ട്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് എത്രത്തോളം നിയന്ത്രിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും നടപടികളുടെ ഫലപ്രാപ്തി.
ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവ് എത്രയും പെട്ടെന്നു പിൻവലിക്കുകയും ശാസ്ത്രീയ മാർഗങ്ങളിലൂടെ ശരിയായ കാരണം കണ്ടെത്തി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുകയുമാണ് അടിയന്തരാവശ്യം. അതിൽ കുറഞ്ഞൊന്നുകൊണ്ടും മലയോരത്തെ അധ്വാനിക്കുന്ന കർഷകർ തൃപ്തിപ്പെടുകയില്ല. കാരണം, അവരെ സംബന്ധിച്ചിടത്തോളം ഇത് മനുഷ്യരും മൃഗങ്ങളുമായുള്ള വെറുമൊരു ടെന്നീസ് മത്സരമല്ല, അവരുടെ ജീവനും ജീവിതവുമാണ്.
Editorial
ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായതു മുതൽ, ആർക്കൊക്കെ വോട്ട് ചെയ്യാം, ആർക്കൊക്കെ വോട്ട് ചെയ്യാനാകില്ല എന്ന് സർക്കാരാണ് തീരുമാനിക്കുന്നതെന്ന് കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ പറഞ്ഞതിൽ എല്ലാമുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനവും ഭാവിയുമെല്ലാം. തങ്ങൾക്കനുകൂലമായ വോട്ടർമാരെ തെരഞ്ഞെടുത്ത് ജനാധിപത്യത്തിന്റ വ്യാജലേബലിൽ സ്വയം ഭരണത്തിൽ അവരോധിക്കുന്ന ഫാസിസ്റ്റ് തന്ത്രം നമ്മുടെ രാജ്യത്തും പിടിമുറുക്കുന്നുവെന്ന സത്യം പകൽപോലെ വ്യക്തം.
നിക്കരാഗ്വയിൽ ഡാനിയൽ ഒർട്ടേഗ തെരഞ്ഞെടുപ്പ് ശല്യമാണെന്നും പ്രതിപക്ഷം ബാധ്യതയാണെന്നും പ്രഖ്യാപിച്ചപ്പോൾ നമ്മൾ ചിരിച്ചു, അവരെ പുച്ഛിച്ചു. അപ്പോഴും തലയ്ക്കു മുകളിൽ ആടിക്കൊണ്ടിരുന്ന ഡെമോക്ലീസിന്റെ വാൾ നമ്മൾ കണ്ടില്ല. ‘കോൺഗ്രസ് മുക്ത് ഭാരതി’ൽനിന്ന് ‘ചുനാവ് മുക്ത ഭാരതി’ലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു. സുകുമാർ സെൻ, ടി.എൻ. ശേഷൻ, എസ്.വൈ. ഖുറേഷി... എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാർ എന്ന പേരും ചേർത്തുവയ്ക്കേണ്ടിവരുന്നു എന്നതിൽ ഇന്ത്യക്കാരെന്ന നിലയിൽ നമുക്കോരോരുത്തർക്കും ലജ്ജിച്ചു തലതാഴ്ത്താം.
ഒരു ദേശീയ പത്രം പുറത്തുകൊണ്ടുവന്നിരിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ അടിത്തറയിളക്കുന്നതാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് അംഗങ്ങളും ചേർന്ന കമ്മിഷനിൽ നിയമവ്യവസ്ഥയെ കാറ്റിൽപറത്തുന്ന കാര്യങ്ങൾ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റേതായി പുറത്തുവന്ന പല തീരുമാനങ്ങളിലും രണ്ടു തെരഞ്ഞടുപ്പ് കമ്മിഷണർമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന കാര്യമാണ് പത്രം വെളിപ്പെടുത്തിയത്. അതായത് നടപ്പായത് ഗ്യാനേഷ് കുമാറിന്റെ സ്വേച്ഛാധിപത്യം. പിറകിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിഴലും തെളിഞ്ഞുവരുന്നു.
കമ്മിഷനിൽ വിയോജിപ്പുണ്ടായാൽ ഭൂരിപക്ഷ പ്രകാരം തീരുമാനമെടുക്കണമെന്നാണ് നിയമം. 2025 ഒക്ടോബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലത്തുമാത്രം, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എടുത്ത പതിനാല് തീരുമാനങ്ങളിൽ സഹകമ്മിഷണർമാരായ സുഖ്ബിർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വിയോജിപ്പുകൾക്ക് തരിമ്പും വില കൽപിക്കാതെ തീരുമാനമെടുത്തെങ്കിൽ അതിനർഥം തെരഞ്ഞെടുപ്പ് കമ്മിഷൻ വെറും നോക്കുകുത്തിയായി എന്നല്ലാതെ മറ്റെന്താണ്?
പുതിയ വോട്ടർമാർക്കുള്ള ഫോം ആറിൽ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും അതിന് കേന്ദ്രസർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും വിവേക് ജോഷി ചൂണ്ടിക്കാണിച്ചിരുന്നു. അതുപോലെ, വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) കഴിഞ്ഞ എസ്ഐആറിൽ അപേക്ഷകന്റെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേരുണ്ടോ എന്ന് ചോദ്യം ഉന്നയിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയത് ‘അനധികൃതവും നിയമവിരുദ്ധവുമാണ്’ എന്ന് ഇലക്ഷൻ കമ്മിഷണർ സന്ധുവും രേഖപ്പെടുത്തിയിട്ടുണ്ട്.
വോട്ടർപട്ടിക ഡാറ്റാബേസിന്റെ കേന്ദ്രീകരണത്തെയും ഫീൽഡ് ഓഫിസർമാർക്ക് ERONet പോർട്ടലിലേക്ക് പൂർണമായ പ്രവേശനം നൽകാത്തതിനെയും രണ്ട് കമ്മിഷണർമാരും എതിർത്തിരുന്നു. വോട്ടർമാരുടെ യോഗ്യത നിശ്ചയിക്കാനുള്ള നിയമപരമായ അധികാരമുള്ള ബൂത്ത് ലെവൽ ഓഫിസർമാരെ മറികടന്ന് കേന്ദ്ര ഡാറ്റാബേസിൽ മാറ്റംവരുത്തി വോട്ടർമാരെ ചേർക്കുകയും ഒഴിവാക്കുകയും ചെയ്തുവെന്നതാണ് ഈ തീരുമാനങ്ങളുടെ ഗുരുതരമായ ഭവിഷ്യത്ത്.
ബംഗാളിൽ 27 ലക്ഷത്തോളം പേരാണ് വോട്ടർപട്ടികയിൽനിന്ന് പുറത്തായത്. എന്നാൽ ട്രൈബ്യൂണലുകളിൽ വന്ന അപ്പീലിൽ ഒഴിവാക്കപ്പെട്ടവരിൽ പത്തിൽ ഒമ്പതു പേരെയും യോഗ്യരാണെന്നു കണ്ടെത്തി തിരിച്ചെടുത്തു. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വോട്ടർമാരെ സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതും വോട്ടവകാശം തെളിയിക്കാനുള്ള ബാധ്യത പൗരന്റെ തലയിൽ കെട്ടിവയ്ക്കുന്നതും ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിനു ഭീഷണിയാണ്.
സിഇസി സ്ഥാനത്തേക്കുള്ള ഗ്യാനേഷ് കുമാറിന്റെ തെരഞ്ഞെടുപ്പുതന്നെ വിവാദത്തോടെയായിരുന്നു. സുപ്രീംകോടതിയുടെ അനൂപ് ബരൺവാൾ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടന്ന്, ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. “സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമാകണം; അത് അങ്ങനെയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം.” കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ ജസ്റ്റീസ് ദിപാങ്കർ ദത്ത നടത്തിയ ഈ നിരീക്ഷണം ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഹൃദയത്തോട് ചേർത്തുപിടിക്കണം.
ഈ സാഹചര്യത്തിൽ ‘വോട്ട് ചോരി’യുടെ മുഖ്യ കാരണക്കാരനായ മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജൻ സി പോരാളികളായ കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് . ഒരു ജൻ സി പ്രക്ഷോഭത്തിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞതാണ് കേന്ദ്രസർക്കാർ. രാജ്യം ഒരിക്കൽകൂടി പാറ്റകൾക്കു നേരേ ഉറ്റുനോക്കുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.
ജനാധിപത്യത്തോട് തെല്ലെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ കേന്ദ്രസർക്കാർ രാജ്യമെങ്ങും പടരാനിടയുള്ള പ്രക്ഷോഭം ഒഴിവാക്കാനുള്ള വിവേകം കാണിക്കണം. കമ്മിഷനിലുള്ള ജനവിശ്വാസം വീണ്ടെടുക്കാൻ മുഖ്യ കമ്മിഷണർ രാജിവയ്ക്കണം. കേന്ദ്രസർക്കാരിന്റെ കുഴലൂത്തുകാർക്കുള്ളതല്ല മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എന്ന സ്ഥാനം. കമ്മിഷനിലെ അഭിപ്രായവ്യത്യാസം ജനാധിപത്യത്തിന്റെ തെളിവാണെന്നും മറ്റുമുള്ള പ്രചാരവേലയുമായി ഫാസിസത്തിന്റെ ഗെയിംപ്ലാൻ തുടരാനാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഭാവമെങ്കിൽ ജന്തർമന്തറിലെ മുൻ അനുഭവം ഒന്നോർക്കുന്നത് നല്ലതാണ്. അധികാരക്കസേരകൾക്കുമേൽ യുവശക്തിയുടെ സുനാമി ആഞ്ഞടിക്കുന്ന കാലം വിദൂരമല്ല.
Editorial
പരിസ്ഥിതിലോലമെന്ന പേരിൽ കാപട്യത്തിന്റെ ചൂതുകളി അരുതെന്ന് നമ്മൾ പലവട്ടം പറഞ്ഞതാണ്. പച്ചമനുഷ്യരെ പ്രകൃതിസ്നേഹത്തിന്റെ വ്യാജഹാരമണിയിച്ച് കുടിയിറക്കരുതെന്ന് പലവട്ടം താക്കീത് ചെയ്തതാണ്. 12 വർഷവും ഏഴ് കരട് വിജ്ഞാപനങ്ങളും കടന്ന് പരിസ്ഥിതിലോല മേഖല (ഇഎസ്എ) അന്തിമവിജ്ഞാപനത്തിലേക്കുള്ള അവസാന മണിക്കൂറുകളിലെത്തിയിരിക്കുന്നു. പറയാനുള്ളതു പറയാൻ ഇനിയൊരവസരം കിട്ടിയെന്നുവരില്ല.
പൊതുജനങ്ങൾക്കും സംഘടനകൾക്കും പ്രതികരിക്കാനുള്ള അവസരം രണ്ടു ദിവസംകൂടി മാത്രം. പരമാവധി കരുത്തോടെ നമുക്കു പറയാം, ജനവാസത്തെ വനവാസമാക്കുന്ന മന്ഥരാ കൗശലങ്ങൾ ഇവിടെ വേണ്ടാ. കർഷകരെയും ദളിതരെയും ആദിവാസികളെയും നിരന്തരം വിഡ്ഢികളാക്കുന്ന കള്ളക്കളി ഇവിടെ വേണ്ടാ. നീതിപൂർവമായ അന്തിമവിജ്ഞാപനം പുകമറയിലാക്കുന്നത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയമാണെങ്കിൽ ആ അളിഞ്ഞ രാഷ്ട്രീയക്കളി ഇവിടെ വേണ്ടാ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുണ്ടെങ്കിൽ അത് തിരുത്താതെയുള്ള കണ്ണുപൊത്തിക്കളി വേണ്ടാ.
വലിയൊരു വിഭാഗം മനുഷ്യരുടെ ജീവിതമാണ് നിശ്ചലമായിരിക്കുന്നത്. അവർക്കും കൃഷി ചെയ്യേണ്ടേ? അവർക്കും വീടു വയ്ക്കേണ്ടേ? ആവശ്യം വന്നാൽ ഭൂമി വിൽക്കേണ്ടേ? എത്ര കാലമാണ് ഈ അനിശ്ചിതത്വം തുടരുക? കേന്ദ്രത്തിന് സംസ്ഥാന സർക്കാരിനെ കുറ്റം പറയാം; സംസ്ഥാനത്തിന് കേന്ദ്രത്തെയും. കാര്യങ്ങൾ കരയോടടുക്കുന്നെന്ന് തോന്നിക്കുമ്പോൾ കാണാം, പ്രകൃതിസ്നേഹികളുടെ കുപ്പായമണിഞ്ഞ് ചില സ്ഥാപിത താത്പര്യക്കാർ പൊതുതാത്പര്യ ഹർജിയും ദുരൂഹ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തുന്നത്. അതു മറയാക്കി വീണ്ടും കരടുകൾ. എല്ലാ ക്ഷമയ്ക്കും ഒരതിരുണ്ടെന്ന് മറക്കരുത്.
ജനവാസ മേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശം 8590.69 ചതുരശ്ര കിലോമീറ്ററായി പുതുക്കി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവിലയാണ് കേന്ദ്രം കൽപിച്ചത്. അതിർത്തികൾ തരംതിരിച്ചുള്ള ഫീൽഡ് സർവേകൾ നടത്താൻ സംസ്ഥാന സർക്കാർ കാണിച്ച അലംഭാവമാണ് കേന്ദ്രത്തിന്റെ പിടിവള്ളി. കഴിഞ്ഞ ഇടതു സർക്കാരുകൾക്ക് മുദ്രാവാക്യത്തിലും പ്രസ്താവനകളിലും പ്രത്യയശാസ്ത്രം പിഴച്ചില്ല. പക്ഷേ, ഗൃഹപാഠത്തിലും പ്രായോഗിക സമീപനങ്ങളിലും പിഴച്ചു. പ്രത്യയശാസ്ത്രത്തിനപ്പുറം സ്വന്തം ജനങ്ങളെ കണ്ട തമിഴ്നാടും ഗോവയുമൊക്കെ വേണ്ട സമയത്ത് വേണ്ടതു ചെയ്ത് അവരുടെ ജനവാസകേന്ദ്രങ്ങളെ സംരക്ഷിച്ചു.
ഇനി പറയുന്ന കാര്യങ്ങൾ ക്ഷീരബലപോലെ പലയാവർത്തിച്ചതുതന്നെ. എങ്കിലും എങ്ങനെ പറയാതിരിക്കും? അതിജീവനത്തിനായുള്ള അന്തിമപോരാട്ട വേദിയല്ലേ.
കേരളത്തിന്റെ തനതു ഭൂപ്രകൃതി പരിഗണിക്കാത്ത ഒരു പരിസ്ഥിതി മേഖലയും ലോലമാകില്ല, കലുഷിതമാകുകയേ ഉള്ളൂ. ഇവിടെ വനഭൂമിയും കൃഷിഭൂമിയും തോട്ടങ്ങളും ജനപദങ്ങളും ഇടകലർന്നാണ്. ഒരു റവന്യു വില്ലേജിന്റെ ഒരറ്റത്ത് വനമുണ്ടായാൽ വില്ലേജ് മുഴുവൻ ഇഎസ്എയിൽപ്പെടുത്തുന്നത് അന്യായമാണ്. എന്നുവച്ചാൽ ഇത്തരം പ്രദേശങ്ങൾ ഇഎസ്എയിൽ വരാൻ പാടില്ല എന്നതുതന്നെ.
കൂടാതെ, കൃത്യമായ ജിഐഎസ്, കഡസ്ട്രല്‍, ജിയോ കോ- ഓര്‍ഡിനേറ്റ് മാപ്പ് ജനങ്ങളറിയണം. ഏത് പ്രദേശം ഉൾപ്പെടുത്തി, ഏത് ഒഴിവാക്കി എന്നതിൽ സംശയം പാടില്ല.
കൃത്രിമ കണക്കുകളിലൂടെ നെഞ്ചുവിരിച്ച് വികസിക്കുന്ന വനപ്രദേശത്തെ ശാസ്ത്രീയ കണക്കുകളിലൂടെ ഒതുക്കണം. കരടു വിജ്ഞാപനം മലയാളഭാഷയിൽത്തന്നെ പറയണമെന്ന കോടതി ഉത്തരവും ജലരേഖയായി.
ഒരു വില്ലേജ് ഇഎസ്എ പട്ടികയിൽപ്പെട്ടാൽ അവിടത്തെ ജനങ്ങളും ജീവിതവുംകൂടിയാണ് പെടുന്നതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം. കാരണം, അങ്ങനെ ഉൾപ്പെട്ടാൽ, ഭൂമി കൈമാറ്റം, രജിസ്ട്രേഷന്, ബാങ്കിംഗ് ഇടപാടുകള്‍, കൃഷി, മറ്റ് നിയമാനുസൃത പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ തടസപ്പെടുകയാണ്. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനും ബാധ്യതയുണ്ട്.
ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിലൂടെ കരടുവിജ്ഞാപനങ്ങളിലേക്കു വ്യാപിച്ച തെറ്റ് ഇതുവരെ തിരുത്താതെ പോയത് ഏറെ ആശങ്കയുണ്ടാക്കുന്നു. ആദ്യ കരടുവിജ്ഞാപനം തൊട്ട് റിപ്പോർട്ടും റിപ്പോർട്ടിന്മേൽ റിപ്പോർട്ടുമൊക്കെ സംസ്ഥാന സർക്കാർ നൽകിയെങ്കിലും അടിസ്ഥാനപരമായ തെറ്റു മാത്രം തിരുത്തിയില്ല.
കഴിഞ്ഞ സർക്കാർ നൽകിയ റിപ്പോർട്ടിന്റെ ഏകദേശ പകർപ്പ് തന്നെയാണ് ഇപ്പോഴത്തെ സർക്കാരും നൽകുന്നതെന്നാണ് സർക്കാരിന്റെ നീക്കങ്ങളിൽനിന്ന് മനസിലാകുന്നത്. അങ്ങനെ വരുമ്പോൾ 1600ലധികം ചതുരശ്ര കിലോമീറ്റർ ജനവാസകേന്ദ്രങ്ങൾ വനഭൂമിയായി മാറും. ഈ സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണം.
ജനങ്ങളുടെ ജീവിതവും ജീവിതോപാധികളും സംരക്ഷിക്കുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും പരസ്പര പൂരകങ്ങളാണ്. പശ്ചിമഘട്ടം മനുഷ്യരാശിയുടെ അപൂർവ സമ്പത്താണ്. അത് സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ തർക്കമേയില്ല. പക്ഷേ, അത് മുഷ്കിന്റെയും പിടിവാശിയുടെയും നിക്ഷിപ്ത താത്പര്യങ്ങളുടെയും പേരിലാകരുത്.
അവസാനമായി ഒന്നേ പറയാനുള്ളൂ. നമുക്ക് പ്രതികരിച്ചുകൊണ്ടേയിരിക്കാം. ഉഴുതുമറിച്ച മണ്ണും അതിൽ വീണ വിയർപ്പുതുള്ളികളും അതിൽ നാമ്പിട്ട സസ്യജാലങ്ങളും സത്യമാണെങ്കിൽ നീതി പുലർന്നേ തീരൂ. എല്ലാ നെറികേടുകളും തുടച്ചുനീക്കുന്ന ഒരു അന്ത്യവിധിയുണ്ടാകുമെന്ന കാര്യം ആരും മറക്കരുത്.
Editorial
ദേശീയതലത്തിലുണ്ടാകുന്ന കൽക്കരി ക്ഷാമവും വിലവർധനയും കേരളത്തിന് ഇരട്ടി ആഘാതമാകും. സ്വന്തമായി കൽക്കരി ഖനികളോ വലിയ താപവൈദ്യുതനിലയങ്ങളോ കേരളത്തിലില്ല. ആഭ്യന്തര ആവശ്യത്തിനുള്ള വൈദ്യുതിയുടെ സിംഹഭാഗവും കേന്ദ്ര പൂളിൽനിന്നുള്ള വിഹിതത്തെയും പുറത്തുനിന്നുള്ള കരാറുകളെയും ആശ്രയിച്ചാണ് കണ്ടെത്തുന്നത്. രാജ്യത്തെ താപനിലയങ്ങളുടെ പ്രവർത്തനം തടസപ്പെടുമ്പോൾ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നത് കെഎസ്ഇബിക്ക് വൻ സാമ്പത്തിക ബാധ്യതയാകും. മൺസൂൺ മഴയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിലെ ഉത്പാദനം കുറയുമ്പോഴും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. എല്ലാ പ്രതിസന്ധിയും ആത്യന്തികമായി ഉപയോക്താവിലേക്കാണല്ലോ ഇടിച്ചിറങ്ങുക.
കേരളത്തിൽ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 99.92 ദശലക്ഷം യൂണിറ്റ് ഉപയോഗത്തിനുശേഷം ശനിയാഴ്ചയാണ് ഉപയോഗത്തില്‍ കുറവുണ്ടായത്. അതേസമയം, ഉപയോഗം കുറഞ്ഞിട്ടും പ്രതീക്ഷിച്ചതുപോലെ വൈദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച പീക് സമയത്ത് ഒന്നിലേറെ തവണ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിയും വന്നു. ഞായറാഴ്ചയും പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി കിട്ടിയില്ലെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിൽ സെപ്റ്റംബറിലെ ആവശ്യകതയേക്കാള്‍ 1,200 മെഗാവാട്ട് വരെ വര്‍ധനയാണ് സംസ്ഥാനത്തുള്ളത്.
ഇന്ത്യയുടെ ഊർജസുരക്ഷയിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖരം അപകടകരമാംവിധം താഴേക്ക് പോകുന്നുവെന്ന വിവരം പുറത്തുവരുന്നത്. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഷ്ടിച്ച് നാല് ദിവസത്തേക്കുവേണ്ട കൽക്കരിയേ താപവൈദ്യുത നിലയങ്ങളിലുള്ളൂ. വൈദ്യുതിയുടെ ആവശ്യം കൂടിയതും കൽക്കരി വിതരണത്തിലെ തടസങ്ങളുമാണ് പ്രതിസന്ധിക്കു കാരണം.
സെപ്റ്റംബര്‍ 19ലെ കണക്കുപ്രകാരം 190 നിലയങ്ങളിലായി 15.3 മെട്രിക് ടണ്‍ കല്‍ക്കരിയാണുള്ളത്. അന്നേ ദിവസത്തെ കല്‍ക്കരി ഉപയോഗം 2.70 ദശലക്ഷം ടണിനും താഴെയായിരുന്നു. ഈ ഉപയോഗനിരക്കില് നിലയങ്ങള്‍ 85 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍പോലും കല്‍ക്കരി ശേഖരം പല നിലയങ്ങളിലും 26ന് മുമ്പുതന്നെ തീരും. എഴുപതിലധികം നിലയങ്ങളിലെ ശേഖരം അപകടകരമാംവിധത്തില്‍ കുറഞ്ഞ അളവിലാണ്. റെയില്‍വേ വഴി കല്‍ക്കരി എത്തിക്കുന്ന 128 താപനിലയങ്ങളില്‍ 60 എണ്ണത്തിലും സംഭരണം ഗുരുതരമായ പ്രതിസന്ധിയിലാണ്.
നമ്മുടെ വിതരണശൃംഖലയിലെ ആസൂത്രണമില്ലായ്മയും സംഭരണത്തിലെ പാളിച്ചകൾക്ക് വലിയ കാരണമാണ്. കൽക്കരി ഖനികളിൽ ആവശ്യത്തിന് ശേഖരമുണ്ടായിട്ടും അവ യഥാസമയം നിലയങ്ങളിൽ എത്തിക്കാൻ സാധിക്കുന്നില്ല. റെയിൽവേ റേക്കുകളുടെ കുറവും മഴക്കാലത്ത് കിഴക്കൻ മേഖലയിലുണ്ടാകുന്ന ഗതാഗത തടസങ്ങളും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടി.
ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനത്തോളം ഇപ്പോഴും താപവൈദ്യുതനിലയങ്ങളെ ആശ്രയിച്ചാണ്. പുനരുപയോഗ ഊർജമേഖലയിൽ രാജ്യം മുന്നേറ്റമുണ്ടാക്കിയെങ്കിലും പീക് സമയങ്ങളിൽ തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ കൽക്കരിയെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതിനാൽ, താത്കാലികമായി റോഡ് മാർഗം കൽക്കരി കൊണ്ടുപോകാൻ അനുമതി നൽകിയതുകൊണ്ടോ, അടിയന്തര ഇറക്കുമതി നടത്തിയതുകൊണ്ടോ ഈ വിഷയം പൂർണമായി പരിഹരിക്കപ്പെടില്ല.
ചരക്കുതീവണ്ടികൾക്കായി കൂടുതൽ കോറിഡോറുകൾ നിർമിക്കുകയും റെയിൽ-കടൽ മാർഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. കൽക്കരി ഖനികളുടെ തൊട്ടടുത്തുതന്നെ നിലയങ്ങൾ നിർമിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീർഘദൂര ട്രാൻസ്മിഷൻ ലൈനുകൾ വഴി വിതരണം ചെയ്യുന്ന പിറ്റ്ഹെഡ് രീതിയെക്കുറിച്ചും വിദഗ്ധർ പറയുന്നുണ്ട്.
പുനരുപയോഗിക്കാവുന്ന ഊർജം വൻതോതിൽ സംഭരിക്കാൻ സാധിക്കുന്ന വലിയ ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ പദ്ധതികൾ എന്നിവയുടെ സാധ്യതകളും പരിശോധിക്കാവുന്നതാണ്. ഊർജവിതരണ ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള സമഗ്രമായ നയരൂപീകരണവും ശക്തമായ ഇച്ഛാശക്തിയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് ഇപ്പോൾ ഉണ്ടാകേണ്ടത്.
സൗരോർജത്തിലും ചെറുകിട ജലവൈദ്യുത പദ്ധതികളിലും കേരളം കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. വേനൽക്കാലത്തെയും മഴക്കാലത്തെയും വൈദ്യുതി ആവശ്യകത കൃത്യമായി മുൻകൂട്ടി കണ്ട് ദീർഘകാല വൈദ്യുതിവാങ്ങൽ കരാറുകളിൽ ഒപ്പുവയ്ക്കാനും പ്രാദേശിക ഉത്പാദനം കൂട്ടാനും സംസ്ഥാന സർക്കാർ മുൻകൈയടുക്കണം. ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗവും മറ്റൊരു പ്രധാന കാര്യമാണ്. കേന്ദ്രസർക്കാരിന്റെ കൽക്കരി-ലോജിസ്റ്റിക്സ് പരിഷ്കാരങ്ങൾക്കൊപ്പം സംസ്ഥാനത്തിന്റെ ഊർജ ആസൂത്രണവും സമഗ്രമായി മാറിയെങ്കിൽ മാത്രമേ വരാനിരിക്കുന്ന ഇരുട്ടടിയെ മറികടക്കാൻ കേരളത്തിനാകൂ.
Editorial
ലോകത്തെ കരുത്തുറ്റ സാമ്പത്തിക-സാങ്കേതിക ശക്തികളിലൊന്നായി വളർന്നുപന്തലിച്ച നവഭാരതത്തെ ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഇനിയെങ്കിലും തിരിച്ചറിയണം. 140 കോടി ജനങ്ങളുടെ പരമാധികാരത്തെയും ആത്മാഭിമാനത്തെയും 100 ശതമാനം തീരുവഭീഷണിമുനയിൽ നിർത്തി വരുതിയിലാക്കാമെന്നതു കേവല വ്യാമോഹം മാത്രമാണ്. റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ കടുത്ത നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാംഗ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ പാസാക്കിയതിലൂടെ അമേരിക്കയുടെ അഹങ്കാരവും നയതന്ത്രപരമായ ഇരട്ടത്താപ്പുമാണ് വീണ്ടും ലോകത്തിനു മുന്നിൽ അനാവൃതമായിരിക്കുന്നത്.
യുക്രെയ്നെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ വരുമാനം തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി വ്യക്തമാക്കുന്നു. ജനപ്രതിനിധിസഭയും സെനറ്റും പാസാക്കിയ ബിൽ ഉടൻതന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച് നിയമമാക്കുമെന്നാണു കരുതുന്നത്.
സ്വന്തം കാര്യത്തിലേക്കു വരുമ്പോൾ അമേരിക്ക കാണിക്കുന്ന കപടതയും സ്വാർഥതയും തികച്ചും ജുഗുപ്സാവഹമാണ്. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനുംമേൽ ലോകരാജ്യങ്ങൾക്കു വിലക്കേർപ്പെടുത്തുകയും ഉപരോധമേർപ്പെടുത്തുകയും ചെയ്യുന്ന അമേരിക്ക, തങ്ങളുടെ സ്വന്തം ആണവനിലയങ്ങൾക്ക് ആവശ്യമായ യുറേനിയം ഇറക്കുമതി ചെയ്യാൻ ഇതേ ഉപരോധ ബില്ലിൽ റഷ്യക്കു പ്രത്യേക ഇളവുകൾ അനുവദിച്ചിരിക്കുന്നു! തങ്ങളുടെ സിവിലിയൻ ആണവനിലയങ്ങളുടെ 26 ശതമാനത്തോളം യുറേനിയം ആവശ്യങ്ങൾക്കായി ഇന്നും റഷ്യയെ പൂർണമായി ആശ്രയിക്കുന്നവർ,
ഇന്ത്യ സ്വന്തം ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങുമ്പോൾ ഉപരോധഭീഷണി മുഴക്കുന്നത് എന്തു ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്? പശ്ചിമേഷ്യൻ സംഘർഷങ്ങളിലും റഷ്യ-യുക്രെയ്ൻ തർക്കങ്ങളിലും കാര്യമാത്രപ്രസക്തമായി ഇടപെട്ടു സമാധാനം കൊണ്ടുവരാൻ കഴിയാതെ കാര്യങ്ങൾ കൂടുതൽ വഷളാക്കിയ ട്രംപ് ഭരണകൂടം, സ്വന്തം വീഴ്ചകൾ മറയ്ക്കാനാണു സൗഹൃദരാജ്യങ്ങളെ നികുതിഭീഷണിയിലാക്കി നിശബ്ദരാക്കാൻ നോക്കുന്നത്.
എവിടെനിന്ന് ഇന്ധനം വാങ്ങണം, ആരുമായി വ്യാപാരം നടത്തണം എന്ന് സ്വതന്ത്ര ജനാധിപത്യരാജ്യങ്ങളോടു കല്പിക്കാൻ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ല. സ്വന്തം രാജ്യത്തുപോലും ട്രംപിന്റെ ഇത്തരം ഏകപക്ഷീയമായ വിദേശനയങ്ങൾക്കും സൈനികനീക്കങ്ങൾക്കുമുള്ള ജനപിന്തുണ കൂപ്പുകുത്തുകയാണ്. ഫോക്സ് ന്യൂസ് നടത്തിയ സർവേയിൽ 61 ശതമാനം വോട്ടർമാരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതും വിദേശനയത്തിനുള്ള ജനപിന്തുണ 37 ശതമാനമായി താഴ്ന്നതും, അമേരിക്കൻ ജനതയ്ക്കുപോലും ഈ നയതന്ത്ര പരാജയത്തോടും യുദ്ധവെറിയോടും താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നു. ഇറാനെതിരേയുള്ള സൈനികനീക്കം തെറ്റായിരുന്നുവെന്നും ആഭ്യന്തരസുരക്ഷയെ ബാധിക്കുമെന്നും അവിടത്തെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു.
അമേരിക്കയുടെ ഇത്തരം തീരുവഭീഷണികൾക്കു മുന്നിൽ പണയം വയ്ക്കാനുള്ളതല്ല ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും വ്യാപാര സ്വാതന്ത്ര്യവും. ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജവിപണിയെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം ഏകപക്ഷീയമായ കടന്നുകയറ്റങ്ങൾക്കെതിരേ വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ട ഉറച്ച നിലപാട് അഭിനന്ദനാർഹമാണ്. യുഎസ് തീരുവ ഭീഷണി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജവിപണിയെയും ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ഇന്ത്യ,
രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടികൾ നൽകാൻ ഇന്ത്യ ഒട്ടും മടിക്കരുത്. ലോക പൊലിസ് ചമഞ്ഞ് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്മേൽ കുതിരകയറുന്ന അമേരിക്കൻ തന്ത്രങ്ങൾ ഇനിയും വിലപ്പോകില്ലെന്ന് അവരെ കൃത്യമായി ബോധ്യപ്പെടുത്താൻ സമയമായി.
അമേരിക്ക പാസാക്കിയ പുതിയ ഉപരോധബിൽ യുക്രെയ്നിലെ സമാധാനനീക്കങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് റഷ്യ വ്യക്തമാക്കിക്കഴിഞ്ഞു. വർഷങ്ങളായി തുടരുന്ന ശത്രുതയിലും രക്തച്ചൊരിച്ചിലിലും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ വലഞ്ഞുനിൽക്കുമ്പോൾ, സമാധാനത്തിനു വഴിയിടാതെ വീണ്ടും പ്രകോപനങ്ങളും ഉപരോധങ്ങളും സൃഷ്ടിക്കുന്ന അമേരിക്കൻ നിലപാട് കേവലം ക്രൂരതയെന്നല്ലാതെ മറ്റൊന്നും പറയാനില്ല. തീ തുപ്പുന്ന ബോംബുകൾക്കും സാമ്പത്തിക തകർച്ചയ്ക്കുമിടയിൽ ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെ കണ്ണീരു കാണാതെ, ആഗോള മേധാവിത്വത്തിനും ആയുധ-വ്യാപാര താത്പര്യങ്ങൾക്കുംവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Editorial
മുടിയനായ പുത്രൻ എന്ന നാടകത്തിൽ ഒഎൻവി കുറുപ്പ് എഴുതി ജി. ദേവരാജൻ സംഗീതം നൽകി കെപിഎസി സുലോചന പാടിയ പ്രശസ്തമായ ഒരു ഗാനമുണ്ട്. “അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്...” എന്നു തുടങ്ങുന്ന ആ ഗാനം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. ഭൂമിയിലെ മനുഷ്യരെയും വിണ്ണകത്തെ അദ്ഭുതങ്ങളെയും മനോഹരമായ ഭാവനയിലൂടെ ബന്ധിപ്പിക്കുകയാണ് കവി. പക്ഷേ, ഇന്ന് “മാനത്തെ മാളികയിൽ ഇരിക്കുന്ന നാണംകുണുങ്ങിയുടെ കൈയിൽനിന്ന്” കുപ്പിവള ചോദിച്ചാൽ കിട്ടുക മാരകമായ ലേസർ കിരണങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളുടെ പെരുമഴയുമാകും! ആഹ്ലാദകാരിയായ ഭാവനയിൽനിന്നുവഴിമാറി മനുഷ്യർ ഭയാനകമായ വികലഭാവനയിൽ അഭിരമിക്കുകയാണിപ്പോൾ.
ബഹിരാകാശം ആരുടേതാണ് എന്ന ചോദ്യം വീണ്ടും മനുഷ്യരാശിക്കുമേൽ ഡെമോക്ലീസിന്റെ വാൾപോലെ തൂങ്ങിനിൽക്കുന്നു. പ്രപഞ്ചം മുഴുവൻ തങ്ങളുടെ കുടിപ്പകയും യുദ്ധക്കൊതിയും തീർക്കാനുള്ള പടനിലങ്ങളാണെന്നാണ് അൽപബുദ്ധികളായ രാഷ്ട്രത്തലവന്മാർ കരുതുന്നത്.
ഭൂമിയുടെ ഭ്രമണപഥത്തിൽ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാൻ തങ്ങൾ ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ ആയുധങ്ങൾ’ സജ്ജമാക്കിയിട്ടുണ്ടെന്ന അമേരിക്കൻ വ്യോമസേനാ സെക്രട്ടറി ട്രോയ് മെയിൻകിന്റെ വെളിപ്പെടുത്തലാണ് ബഹിരാകാശയുദ്ധത്തിന്റെ സാധ്യതകൾ വീണ്ടും ചർച്ചയാകാൻ കാരണം.ഭൂമിയിലെ യുദ്ധങ്ങൾ കരയും കടലും ആകാശവും സൈബറിടവും കടന്ന് അഞ്ചാമത്തെ യുദ്ധക്കളത്തിലെത്തിയിരിക്കുന്നു. ഇത് ഭൂമിയെന്ന ഗ്രഹത്തെത്തന്നെ ഇല്ലാതാക്കുമോ?
ചൈനയും റഷ്യയും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് പതിവുപോലെ അമേരിക്കയുടെ ഭാഷ്യം. രണ്ടാം ലോകയുദ്ധകാലത്തെ വി-2 റോക്കറ്റുകളിൽ തുടങ്ങി, ശീതയുദ്ധകാലത്തെ സോവ്യറ്റ്-അമേരിക്കൻ മത്സരത്തിലൂടെ വളർന്ന ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.
വാർത്താവിനിമയം, ഇന്റർനെറ്റ്, വിമാന-കപ്പൽ ഗതാഗതത്തെ നിയന്ത്രിക്കുന്ന ജിപിഎസ്, ഉപഗ്രഹ ബാങ്കിംഗ്, കാലാവസ്ഥാ പ്രവചനം എന്നിവ മുതൽ ദുരന്തനിവാരണം വരെയുള്ള സകല മേഖലകളും നിലനിൽക്കുന്നത് ഉപഗ്രഹ ശൃംഖലകളെ ആശ്രയിച്ചാണ്. ഭ്രമണപഥത്തിലെ ചെറിയ ഏറ്റുമുട്ടൽപോലും സമാധാനപരമായ ജീവിതവഴികളെ നിമിഷനേരംകൊണ്ട് തകിടംമറിക്കും. ഉപഗ്രഹവിരുദ്ധ മിസൈലുകളോ ലേസർ ആയുധങ്ങളോ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ സൃഷ്ടിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ വരുംതലമുറകൾക്ക് ഭ്രമണപഥംതന്നെ അപ്രാപ്യമാക്കുന്ന പ്രതിസന്ധിയിലെത്തിച്ചേക്കും.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1967ൽ ഒപ്പുവച്ച "ഔട്ടർ സ്പേസ് ട്രീറ്റി' ബഹിരാകാശത്ത് ആണവായുധങ്ങളും മറ്റ് കൂട്ട നശീകരണ ആയുധങ്ങളും വിന്യസിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. മുഴുവൻ മനുഷ്യരാശിയുടെയും നന്മയ്ക്കായി ഉപയോഗിക്കേണ്ട പൊതുസ്വത്താണ് ബഹിരാകാശമെന്ന സങ്കൽപമാണ് ഈ കരാറിന്റെ അടിത്തറ. എന്നാൽ, പുതുതായി വികസിപ്പിച്ച ലേസറുകൾ, മൈക്രോവേവ് ആയുധങ്ങൾ, ജാമറുകൾ, കില്ലർ ഉപഗ്രഹങ്ങൾ എന്നിവയെ തടയാൻ പഴഞ്ചൻ നിയമങ്ങൾക്കു സാധിക്കുന്നില്ല.
ആയുധങ്ങളുടെ ഭൗതികരൂപത്തെ നിരോധിക്കുന്നതിനു പകരം, ബഹിരാകാശത്ത് നാശനഷ്ടം വരുത്തുന്ന രാജ്യങ്ങളുടെ വിനാശകരമായ പെരുമാറ്റത്തെയും ആക്രമണങ്ങളെയും കുറ്റകരമാക്കുന്ന പുതിയ രാജ്യാന്തര നിയമങ്ങളാണ് ഇനി വേണ്ടത്.
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിരോധിക്കാൻ റഷ്യയും ചൈനയും ചേർന്ന് 2008ൽ ഒരു ഉടമ്പടി തയാറാക്കിയെങ്കിലും അമേരിക്ക ഇത് നിരസിക്കുകയായിരുന്നു. ബഹിരാകാശത്തെ ആയുധമത്സരം തടയുന്നതിനുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭയിൽ ഭൂരിപക്ഷം രാജ്യങ്ങളും പിന്തുണയ്ക്കുമ്പോൾ അമേരിക്ക മാത്രമാണ് എതിർക്കുന്നത്.
ബഹിരാകാശത്ത് ആയുധങ്ങളുണ്ടെന്നു പറയുമ്പോഴും ഏതു തരത്തിലുള്ള ആയുധങ്ങളാണെന്ന് മെയിൻക് വെളിപ്പെടുത്തുന്നില്ല. ആന്റി സാറ്റലൈറ്റ് മിസൈലുകൾ തൊട്ട് ബഹിരാകാശത്തുനിന്ന് ഭൂമിയിലെ ലക്ഷ്യങ്ങളിലേക്ക് ടങ്സ്റ്റൺ പോലുള്ള ഭാരിച്ച ലോഹങ്ങളുടെ ദണ്ഡുകൾ അതിവേഗത്തിൽ പതിപ്പിച്ച്, സ്ഫോടകവസ്തുക്കൾ ഇല്ലാതെതന്നെ കൂറ്റൻ സ്ഫോടനത്തിനു തുല്യമായ പ്രഹരമുണ്ടാക്കുന്ന ‘കൈനറ്റിക് ബോംബാർഡ്മെന്റ്’ വരെ എത്തിനിൽക്കുകയാണ് ബഹിരാകാശ യുദ്ധസന്നാഹങ്ങൾ.
‘മിഷൻ ശക്തി’പരീക്ഷണത്തിലൂടെ ഇന്ത്യയും ബഹിരാകാശ ആയുധശേഷിയുള്ള ലോകത്തിലെ നാലാമത്തെ ശക്തിയായി. അമേരിക്കയ്ക്കു പിന്നാലെ മറ്റു രാജ്യങ്ങളും സ്വന്തം ബഹിരാകാശ ആയുധങ്ങൾ പരസ്യമാക്കാൻ തുടങ്ങിയാൽ പ്രതിസന്ധി നിയന്ത്രണാതീതമാകും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണ സംവിധാനവും വിനാശകരമായ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്കെതിരേ ശക്തമായ സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള വിചാരണാധികാരവും രൂപപ്പെടേണ്ടതുണ്ട്.
അമ്പിളിമാമനും നക്ഷത്രവിളക്കുകളും തിളങ്ങുന്നത് കാണാൻ നമ്മുടെ കുഞ്ഞുങ്ങൾ ആഹ്ലാദത്തോടെ ആകാശത്തേക്കു നോക്കുമ്പോൾ അവരെ ലേസർ രശ്മികൾ കരിച്ചുകളയരുത്. മറ്റൊരു ഡെമോക്ലീസ് വാളിനു കീഴെയാകരുത് സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം.
Editorial
കർഷകർക്കെതിരേ എന്തുമാകാം. ആരും ചോദിക്കില്ലല്ലോ. അവർ നാടിന്റെ അന്നദാതാക്കളാണെന്നും നട്ടെല്ലാണെന്നുമൊക്കെയുള്ളത് പ്രസംഗവിഷയം മാത്രമാണെന്ന് ഏറ്റവുംനന്നായി തിരിച്ചറിയുന്നതും കർഷകരാണ്. അവർ കടക്കെണിയിലായാലും കിടപ്പാടംപോലും നഷ്ടപ്പെട്ടാലും സഹായത്തിനെത്താൻ സർക്കാർ സംവിധാനങ്ങളൊന്നും ഉണ്ടാവുകയുമില്ല. എന്നാലും അവർ കൃഷിചെയ്തുകൊണ്ടേയിരിക്കുമെന്നും നാടിനെ തീറ്റിപ്പോറ്റുമെന്നും സർക്കാരിന് ഉറപ്പാണ്. യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്ന രാസവളം, കുമിൾനാശിനി വിലവർധനയാണ് ഇതെഴുതാൻ കാരണം. ഉത്പാദനച്ചെലവുപോലും കിട്ടാതെ ഉത്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നവരാണല്ലോ കർഷകർ.
മാസങ്ങളുടെ വ്യത്യാസത്തിൽ വളങ്ങൾക്കുണ്ടായ വിലക്കയറ്റം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ചാക്കിന് 1425 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന്റെ വില 2350 രൂപയായി കുതിച്ചുയർന്നു. 1500 രൂപയുടെ പൊട്ടാഷിന് 2300 രൂപ നൽകണം. കുമിൾനാശിനിയായ തുരിശിന്റെ വില കിലോഗ്രാമിന് 210 രൂപയിൽനിന്ന് 540 രൂപയിലെത്തിനിൽക്കുന്നു. നിലവിൽ സബ്സിഡിയുള്ളതിനാൽ യൂറിയയ്ക്കു മാത്രമാണ് വിലവർധനവ് ബാധിക്കാത്തത്. എന്നാൽ, കേരളത്തിന് അനുവദിക്കേണ്ട രാസവളത്തിന്റെ അളവ് കേന്ദ്രസർക്കാർ നേർപകുതിയായി വെട്ടിക്കുറച്ചതോടെ വിലക്കയറ്റത്തിനൊപ്പം രൂക്ഷമായ വളം ക്ഷാമവും കർഷകരെ വലയ്ക്കുകയാണ്.
വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉത്പാദനത്തെ ബാധിക്കുമെന്നിരിക്കേ, നിലവിലെ സാഹചര്യം സംസ്ഥാനത്തെ കാർഷികമേഖലയിൽ വലിയ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. കാലവർഷക്കെടുതികളും വന്യജീവിശല്യവും കാരണം പ്രതിസന്ധിയുടെ നടുക്കടലിൽ നിൽക്കുന്ന കേരളത്തിലെ കർഷകർക്ക് ഈ വിലവർധനവ് താങ്ങാനാകുന്നതിലും അപ്പുറമാണ്. കൃഷിഭൂമിയുടെ വ്യാപ്തി കണക്കാക്കി സബ്സിഡി നിയന്ത്രിക്കുമെന്ന കേന്ദ്രനിലപാട് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.
സ്വന്തമായി യൂറിയ പ്ലാന്റ് എന്ന കേരളത്തിന്റെ ദീർഘകാല സ്വപ്നത്തിനു കേന്ദ്രാനുമതി വൈകുന്നതും സ്ഥിതിഗതികൾ വഷളാക്കുന്നു. പൊതുമേഖലയിൽ രാജ്യത്തെ വൻ രാസവളം നിർമാണശാലയായ ‘ഫാക്ടി’ന്റെ യൂറിയ പ്ലാന്റ് നിർമാണപദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഈ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽപോലും പ്ലാന്റ് പ്രവർത്തനസജ്ജമാകാൻ ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും വേണ്ടിവരും. സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ സജീവമായി ഇടപെടേണ്ടതുണ്ട്. നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് പശ്ചിമേഷ്യൻ സംഘർഷവും കപ്പൽപാതകളിലെ ഗതാഗതതടസുമാണ്.
ലോകത്ത് കടൽമാർഗമുള്ള രാസവളം വ്യാപാരത്തിന്റെ മൂന്നിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രകൃതിവാതക ലഭ്യത കുറഞ്ഞതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ രാസവളം നിർമാണശാലകളുടെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. സ്വന്തം രാജ്യത്തെ കാർഷിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനായി ചൈന ഉൾപ്പടെയുള്ള പ്രധാന രാജ്യങ്ങൾ രാസവളം കയറ്റുമതി നിയന്ത്രിച്ചതും അന്താരാഷ്ട്രതലത്തിൽ വളത്തിന്റെ ലഭ്യത വീണ്ടും കുറച്ചു. പശ്ചിമേഷ്യൻ സംഘർഷം മൂലം മേഖലയിൽനിന്നുള്ള പ്രകൃതിവാതക ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരായ ഖത്തർ എനർജി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. സൾഫർ ഉത്പാദനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ കപ്പൽപാതകളിലെ ഗതാഗതതടസവും ഇന്ധന-രാസവള ക്ഷാമവും കാലാവസ്ഥാ വ്യതിയാനവും ഒന്നുചേരുന്നതോടെ ലോകം വൻ ഭക്ഷ്യപ്രതിസന്ധിയിലേക്കു നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രെയ്ൻ സംഘർഷവും ഇനിയും നീണ്ടുപോയാൽ അതു ലോകക്രമത്തെയും മനുഷ്യജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്നതിൽ സംശയമില്ല. സ്വാർഥതാത്പര്യങ്ങളും ഏകാധിപത്യ മനഃസ്ഥിതിയും വെടിഞ്ഞു സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഇനിയെങ്കിലും ലോകനേതാക്കൾ ശ്രമിച്ചില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും.
എന്നാൽ അന്താരാഷ്ട്ര പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കഴിയില്ല. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കപ്പൽക്കൂലി വർധനവും യാഥാർഥ്യമാണെങ്കിലും അതിന്റെ പ്രഹരം മുഴുവൻ കർഷകന്റെ തലയിലേക്കു തള്ളിയിടുന്നത് ഭരണകൂടത്തിന്റെ നയവൈകല്യമാണ്. യൂറിയ ഒഴികെയുള്ള രാസവളങ്ങളുടെ വിലനിർണയാവകാശം കമ്പനികൾക്ക് വിട്ടുനൽകിയതും ബജറ്റുകളിൽ രാസവളം സബ്സിഡി തുടർച്ചയായി വെട്ടിക്കുറയ്ക്കുന്നതുമാണ് ഈ അനിയന്ത്രിതമായ വിപണി കൊള്ളയ്ക്കു പ്രധാന കാരണം. 2017 മുതൽ വളം സബ്സിഡി കർഷകർക്ക് നേരിട്ടുനൽകാതെ രാസവളം കമ്പനികൾക്കാണ് നൽകിവരുന്നത്.
പ്രസംഗങ്ങളിലും പരസ്യങ്ങളിലും മാത്രം കർഷകസ്നേഹം പ്രകടിപ്പിച്ചാൽ പോരാ. രാസവളങ്ങളുടെയും കീടനാശിനികളുടെയും വെട്ടിക്കുറച്ച സബ്സിഡികൾ അടിയന്തരമായി പുനഃസ്ഥാപിക്കാനും വിപണിയിൽ ഇടപെട്ടു കർശനമായ വിലനിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി തയാറാകണം. പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങാതെ, ആശ്വാസനടപടികൾ കർഷകന്റെ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഭരണാധികാരികൾ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.
Editorial
ലോക ജനസംഖ്യയുടെ 49.5 ശതമാനം വരുന്ന നാനൂറ് കോടിയോളം ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളിലെ നേതാക്കൾ ഒന്നിച്ചിരുന്നു ചർച്ചകൾ നടത്തിയ ബ്രിക്സ് ഉച്ചകോടിയുടെ വിജയം ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വ്യക്തിപരമായും നേട്ടമായി എന്നതിൽ തർക്കമില്ല. രണ്ടു യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികളും അതിർത്തി തർക്കങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളുടമക്കം ആഗോളരംഗത്ത് ഗുരുതരമായ പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടെയാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കു ന്യൂഡൽഹി വേദിയായത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് തുടങ്ങിയ നേതാക്കളെത്തിയതും നിരവധി ഉഭയകക്ഷി ചർച്ചകൾ നടന്നതും ഉച്ചകോടിയുടെ വിജയത്തിനു സാക്ഷ്യമായി.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയും ഭീകരവാദത്തെ ശക്തമായി അപലപിച്ചുമുള്ള സംയുക്ത പ്രമേയത്തിന് ഐകകണ്ഠ്യേന അംഗീകാരം കിട്ടയതാണ് ഉച്ചകോടിയുടെ മാറ്റു കൂട്ടിയത്. അന്താരാഷ്ട്ര തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസിലിൽ സമഗ്ര പരിഷ്കാരം അനിവാര്യമാണെന്നും ഉച്ചകോടി ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്ൻ യുദ്ധത്തിലെ കക്ഷിയായ റഷ്യയും പശ്ചിമേഷ്യൻ സംഘർഷത്തിലുൾപ്പെട്ട ഇറാനും യുഎഇയും നിലപാട് കടുപ്പിച്ചിരുന്നെങ്കിൽ ഇത്തരമൊരു പ്രമേയം അംഗീകരിക്കപ്പെടില്ലായിരുന്നു. ഇവിടെയാണ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയതന്ത്രവിജയത്തിന്റെ പ്രാധാന്യം സുവ്യക്തമാകുന്നത്. എന്നാൽ, 45 പേജുള്ള പ്രമേയത്തിൽ പറയുന്ന 140 പ്രധാന പോയിന്റുകളിൽ എന്തു തുടർനടപടികളുണ്ടാകുമെന്നുകൂടി കാണേണ്ടതുണ്ട്. പറയുന്നതും അംഗീകരിക്കുന്നതുമെല്ലാം സൗകര്യംപോലെ മറക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന രാഷ്ട്രത്തലവന്മാരെയാണ് ഇന്ന് ലോകത്തിൽ കൂടുതലായി കാണുന്നത്.
സംഘർഷത്തിലുൾപ്പെട്ട രാജ്യങ്ങളെ പേരെടുത്തു പരാമർശിക്കാത്തത് ബലഹീനതയാണെന്ന് വിമർശിക്കാമെങ്കിലും ലോകസമാധാനത്തിനുള്ള ചർച്ചകൾ മുമ്പോട്ടു കൊണ്ടുപോകുന്നതിന് ബ്രിക്സ് ഉച്ചകോടിയുടെ ന്യൂഡൽഹി പ്രഖ്യാപനം വഴിതെളിക്കുമെന്നതിൽ തർക്കമില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ പ്രതീക്ഷകൾ നൽകാൻ ഉച്ചകോടിക്കായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബുദാബിയുടെ കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദും തമ്മിൽ നടന്ന ചർച്ച പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനു സഹായകമാകും.ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ചർച്ചകളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, ചൈനയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്നും അതിർത്തിത്തർക്കത്തിൽ അനുകൂല സമീപനം നേടാനായില്ലെന്നുമാണ് പ്രതിപക്ഷ വിമർശനം. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഹകരണങ്ങളെയും അതിർത്തിയിലെ വെല്ലുവിളികളെയുംകുറിച്ച് പ്രധാനമന്ത്രി മൗനംപാലിച്ചെന്നാണ് കോൺഗ്രസ് വിമർശിച്ചത്. നരേന്ദ്ര മോദിയും ഷി ജിൻപിംഗും 50 മിനിറ്റോളം നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളും അതിർത്തിയിലെ സമാധാനാന്തരീക്ഷവും പ്രധാന അജൻഡയായെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യ-ചൈന ബന്ധം കൂടുതൽ മെച്ചപ്പെട്ട പാതയിലാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, ഇന്ത്യയുടെ ഭൂപ്രദേശത്ത് ചൈന വ്യാപകമായി കൈയേറ്റം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് ഉഭയകക്ഷി ചർച്ചയിൽ വ്യക്തമായ ഉത്തരമുണ്ടാകാത്തത് പോരായ്മതന്നെയാണ്.
ഗാസയിൽ വെടിനിർത്തൽ തുടരണമെന്നും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വതവും നീതിപൂർവകവുമായ പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെടുന്ന ഉച്ചകോടി സാമ്പത്തിക ഉപരോധങ്ങളെയും പരാമർമർശിച്ചു. ആഗോള അധികാരശ്രേണി മാറ്റണമെന്നും ലോകവളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർക്ക് ഭരണപങ്കാളിത്തത്തിന് അവകാശമുണ്ടെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് വികസിത രാജ്യങ്ങൾക്ക് ഹിതകരമാകില്ലെങ്കിലും യാഥാർഥ്യമാണ്. അടുത്തിടെ മിന്നൽപ്രളയമുണ്ടായപ്പോൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണിതെന്നും അതിന്റെ ഉത്തരവാദിത്വം വികസിത രാജ്യങ്ങൾക്കാണെന്നും നേപ്പാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി പരിഷ്കരണം വൈകരുതെന്ന് മോദി ഓർമിപ്പിക്കുകയുമുണ്ടായി. എന്നാൽ, ഐക്യരാഷ്ട്ര സംഘടനയുടെ നിലനിൽപുതന്നെ പരുങ്ങലിലായ കാലത്ത് ഇത്തരമൊരു പരിഷ്കരണം എന്തുഗുണം ചെയ്യുമെന്നതാണ് ചോദ്യം.
വികസനവും പ്രൗഢിയുമെല്ലാം ഉയർത്തിക്കാട്ടി ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് വേദിയൊരുക്കുകയും വൻ വിജയമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ന്യൂഡൽഹിയിൽ ലോകനേതാക്കൾ സഞ്ചരിക്കുന്ന പാതകൾക്കരികിലെ ചേരിപ്രദേശങ്ങളുടെ ദൈന്യത മറയ്ക്കാൻ നടത്തിയ ശ്രമങ്ങൾ ഭരണകൂടത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. സാമ്പത്തികവളർച്ചയുടെയും ആഗോളതലത്തിലെ ഉയർന്ന പങ്കാളിത്തത്തിന്റെയും ഗുണഫലങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ല എന്ന യാഥാർഥ്യത്തെയാണ് ഇവിടെ പാഴ്ത്തുണികൊണ്ടു മറയ്ക്കാൻ ശ്രമിക്കുന്നത്. 2020 ഫെബ്രുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവേളയിലും ഇതുപോലെ അഹമ്മദാബാദിലെ ചേരിപ്രദേശം മതിൽ കെട്ടി മറച്ചിരുന്നു. ആഗോളതലത്തിൽ നീതിയും അംഗീകാരവും വേണമെന്ന് ആവശ്യപ്പെടുന്ന രാജ്യംതന്നെയാണ് സ്വന്തം പൗരന്മാർക്ക് അസമത്വവും അനീതിയും ‘സമ്മാനിക്കുന്നതും’ അതിനെ മറയ്ക്കുള്ളിലാക്കാൻ വ്യഗ്രതപ്പെടുന്നതും. ഇത്തരം ഇരട്ടത്താപ്പുകൾക്ക് അറുതിവരുത്താനും ലോകത്തിനു മുന്നിൽ സുതാര്യതയോടെ തലയുയർത്തി നിൽക്കാനുമുള്ള ആർജവംകൂടി ബ്രിക്സ് ഉച്ചകോടിയുടെ അനന്തരഫലമാകട്ടെയെന്ന് ആശിക്കാം.
Editorial
ഇന്ന് സെപ്റ്റംബർ 11. അമേരിക്ക മറന്നിട്ടില്ല. ലോകം അനുഭവിച്ചുതീർന്നിട്ടുമില്ല. 25 വർഷം മുന്‍പാണ് ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം ഇസ്ലാമിക ഭീകരർ ചാവേറാക്രമണത്തിൽ തകർത്തത്. പിന്നെയവർ വിർജീനിയയിലെ പെന്റഗൺ ആസ്ഥാനത്തും (പ്രതിരോധ വകുപ്പ് ആസ്ഥാനം) വിമാനം ഇടിച്ചുകയറ്റി. കാപിറ്റോളോ വൈറ്റ് ഹൗസോ ലക്ഷ്യമാക്കി പറന്നതെന്നു കരുതുന്ന മറ്റൊരു വിമാനം പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നുവീഴുകയും ചെയ്തു.
നിരപരാധികളായ മൂവായിരത്തോളം മനുഷ്യർ കൊല്ലപ്പെട്ടു. പിന്നീടു കണ്ടത് ലോകം അതിന്റെ ക്രമങ്ങളെ അഴിച്ചുപണിയുന്നതാണ്. ഈ പ്രഭാതത്തിൽ അമേരിക്കയിലെന്നല്ല ലോകത്തെവിടെയുമെത്തുന്ന ഏതൊരു വിദേശസഞ്ചാരിയും വിമാനത്താവളത്തിൽതന്നെ ആ ലോകക്രമത്തിന്റെ രുചി അറിയുന്നുണ്ട്. കർക്കശ മതചട്ടങ്ങളിൽ തുടങ്ങി മൗലികവാദത്തിലൂടെ വളർന്ന് ഭീകരവാദത്തിൽ സ്വർഗം തേടുന്നവരുടെ എണ്ണമേറി. ചെറുത്തുനിൽപിന്റെ കൊടിയേന്തി ഇതരവർഗീയതകളും സജീവമായി. വാക്സിനുണ്ട്; മതേതരവിദ്യാഭ്യാസം. അതു ബലമായി കൊടുക്കാതെ ഈ മഹാമാരിയെ പിടിച്ചുകെട്ടാനാകില്ല.
2,977 പേരെ കൊലപ്പെടുത്തിക്കൊണ്ടാണ് ഒന്നേമുക്കാൽ മണിക്കൂറിനകം ഭീകരർ അവരുടെ അമേരിക്കൻ ദൗത്യം ഏതാണ്ട് വിജയകരമായി പൂർത്തിയാക്കിയത്. മതമൗലികവാദികളും ഉള്ളിലൊരു തീവ്രവാദിയെ പാലൂട്ടി വളർത്തിക്കൊണ്ടിരുന്നവരും പരന്പരാഗതമായി അമേരിക്കയെ ശത്രുവായി കാണുന്നവരുമൊക്കെ സന്തോഷിച്ചു.
പക്ഷേ, ആ ത്രില്ലറിന്റെ രണ്ടാം ഭാഗം അന്നുതന്നെ പ്രദർശനമാരംഭിച്ചു. അമേരിക്ക സംവിധാനം ചെയ്ത "വാർ ഓൺ ടെറർ’. സെപ്റ്റംബർ 14ന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ആഗോളതലത്തിൽ "ഭീകരതയ്ക്കെതിരേയുള്ള യുദ്ധം’ പ്രഖ്യാപിച്ചു. സൈനിക നടപടിക്കായി യുഎസ് കോൺഗ്രസ് അനുമതിയും നൽകി. സെപ്റ്റംബർ 20ന് അൽ-ക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ കൈമാറാനും അഫ്ഗാനിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകൾ പൂട്ടാനും താലിബാൻ ഭരണകൂടത്തിന് അമേരിക്കയുടെ അന്ത്യശാസനം. താലിബാൻ ഇത് നിരസിച്ചു.
ഒക്ടോബർ ഏഴിന് അമേരിക്ക അഫ്ഗാനിസ്ഥാൻ അധിനിവേശം നടത്തി. താലിബാനെയും അൽ-ക്വയ്ദയെയും ലക്ഷ്യമിട്ട് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം തുടങ്ങി. ഡിസംബറിൽ താലിബാനെ പുറത്താക്കി. അമേരിക്കയുടെ പ്രതികാരം ബുഷിന്റെ വൈകാരികതയിലേക്കു മാറി.
2003 മാർച്ചിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നും കൂട്ടനാശത്തിനുള്ള ആയുധങ്ങളുണ്ടെന്നും ആരോപിച്ച് ഇറാക്കിനെ ആക്രമിച്ചു. 2011 മേയ് രണ്ടിന് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഒസാമ ബിൻ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് അമേരിക്ക വധിച്ചു. പക്ഷേ, 2021 ഓഗസ്റ്റ് 31ന് 20 വർഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് കാര്യമായൊന്നും നേടാനാകാതെ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് പൂർണമായി പിന്മാറി. താലിബാൻ വീണ്ടും അധികാരത്തിലെത്തി.
1979ലെ സോവ്യറ്റ്-അഫ്ഗാൻ യുദ്ധത്തിൽ സോവ്യറ്റ് യൂണിയനെ പാഠം പഠിപ്പിക്കാൻ അമേരിക്ക വളർത്തിയതാണ് അൽ ക്വയ്ദയെ. മതം വളർത്തിയ തീവ്രവാദത്തെ രാഷ്ട്രീയ താത്പര്യങ്ങൾ കൂടുതൽ മാരകമാക്കി. 1979ലെ ഇറാൻ വിപ്ലവവും തീവ്രവാദികൾക്കു വിജയോന്മാദം നൽകി. പശ്ചിമേഷ്യയിലെ താരതമ്യേന ഏറ്റവും മതേതരനെന്നു പറയാമായിരുന്ന സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചതോടെ ആ രാജ്യവും മതതീവ്രവാദികളുടെ പിടിയിലായി. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുകയും മറ്റുള്ളവർ പലായനം ചെയ്യുകയും ചെയ്തു. സമീപരാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾക്കു രക്ഷയില്ലാതായി.
ഭീകരവാദത്തെ തോക്കുകൊണ്ട് പ്രഹരിക്കാനാകും. പക്ഷേ, മതമൗലികവാദം വളർത്തിയെടുത്തുകൊണ്ടേയിരിക്കുന്ന ഭീകരപ്രസ്ഥാനങ്ങൾ കൈയൂക്കുള്ളിടത്തു കൊലവെറി നടത്തിയും തിരിച്ചടിക്കപ്പെടുന്പോൾ ഇരവേഷം കെട്ടിയും മറ്റിടങ്ങളിൽ പത്തിയമർത്തിക്കിടന്നും വളരുകയാണ്. അതിനെ ചെറുക്കാനെന്ന മട്ടിൽ പശ്ചിമേഷ്യയിലും യുറോപ്പിലും ഉൾപ്പെടെ വലതുപക്ഷ തീവ്രവാദവും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇതു പരിഹരിക്കാനാകുമോ എന്ന ചോദ്യമല്ല, പരിഹരിച്ചേ തീരൂ എന്ന നിശ്ചയമാണ് മനുഷ്യവംശത്തിനാവശ്യം. ഏറ്റവും പ്രധാനം ഭീകരവാദം സ്വർഗത്തിലേക്കുള്ള വഴിയാണെന്ന മസ്തിഷ്ക പ്രക്ഷാളനം അവസാനിപ്പിക്കണം.
രണ്ട്, മതേതര വിദ്യാഭ്യാസത്തിലൂടെ ഭ്രാന്തിനുള്ള ചികിത്സ തുടങ്ങണം. മൂന്ന്, എല്ലാ മതഭ്രാന്തിനെയും ഒരുപോലെ എതിർക്കാത്ത കപടമതേതരവാദികളെ തുറന്നുകാണിക്കണം. ഏറ്റവും പ്രധാനമായ കാര്യം, നോം ചോംസ്കി വ്യക്തമാക്കിയതുപോലെ, നാം വർഗീയതയെയും തീവ്രവാദത്തെയും എതിർക്കാനാഗ്രഹിക്കുന്നെങ്കിൽ ആദ്യം അതിൽ പങ്കെടുക്കില്ലെന്നു തീരുമാനിക്കണം. ഇപ്പോൾ സംഭവിക്കുന്നത് തീവ്രവാദത്തെ പ്രസവിച്ചു വളർത്തിയെടുത്ത് അതിനെ കുറ്റം പറയുകയാണ്. ഒരു മതേതരരാജ്യത്തുപോലും മതേതരവിദ്യാഭ്യാസം സാധ്യമല്ലെങ്കിൽ നാം ആ വിശേഷണങ്ങൾ മാറ്റുന്നതാണു നല്ലത്.
Editorial
ഡൽഹിയിൽ തകർന്ന ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ ഇനിയും വിദ്യാർഥികളുണ്ടാകാം, മൃതദേഹങ്ങളുണ്ടാകാം. എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് എന്നെന്നേക്കുമായി ഇല്ലാതായത്. ചട്ടങ്ങൾ പാലിക്കാതെ നിർമിച്ചതുകൊണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും പൂട്ടിച്ച കെട്ടിടമാണ് അനുമതിയില്ലാതെ കഴിഞ്ഞ വർഷം വീണ്ടും തുറന്നത്.
ഉദ്യോഗസ്ഥരറിയാതെ ഒന്നും നടക്കില്ല. വിദ്യാർഥികളെ കൊന്നത് ആ കെട്ടിടമല്ല, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളാണ്. ദുരന്തങ്ങൾക്കു ക്ഷണക്കത്തയച്ചു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു കെട്ടിടങ്ങൾ ഇനിയുമുണ്ട് കേരളത്തിലുൾപ്പെടെ. ലോക്സഭ-നിയമസഭ-പഞ്ചായത്ത് മന്ദിരങ്ങളും മന്ത്രിമന്ദിരങ്ങളുമാണെങ്കിൽ അടിക്കടി അറ്റകുറ്റപ്പണിയും മോടികൂട്ടലും നടക്കും.
പുറത്ത് മനുഷ്യർ തീപ്പെട്ടിക്കൂടുകൾ പോലുള്ള അനധികൃത നിർമിതികളിൽ അട്ടിയിടപ്പെട്ടിരിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ വിചാരിച്ചാൽ 24 മണിക്കൂറിനകം കണ്ടെത്തി നടപടിയെടുക്കാവുന്നതേയുള്ളൂ. സർക്കാരിന്റെ ഒരു ഉത്തരവ് മതി. പക്ഷേ, ജനങ്ങളോടു പ്രതിബദ്ധതയും ഇച്ഛാശക്തിയും വേണം.
ഞായറാഴ്ച ഉച്ചയ്ക്കാണ് ആര്‍കെ പുരത്ത് ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസ് പരിസരത്ത് ആൺകുട്ടികൾക്കായുള്ള സ്വകാര്യ ഹോസ്റ്റൽ കെട്ടിടം നിലംപതിച്ചത്. ഏഴു മൃതദേഹങ്ങൾ പുറത്തെടുത്തു. 11 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് കെട്ടിടത്തിൽ 40 പേർ ഉണ്ടായിരുന്നെന്നാണ് നിഗമനം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഒരു നില പണിയാൻ മാത്രം അനുമതിയുള്ളിടത്തായിരുന്നു അഞ്ചുനിലക്കെട്ടിടം പണിതുയർത്തിയത്; സർക്കാരിന്റെ കൺമുന്നിൽ. അനധികൃതമായി നിർമാണം നടത്തിയതും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതും ചൂണ്ടിക്കാട്ടി ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതിനൊക്കെ കണ്ണടച്ചുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരേ കേസില്ല. ഇനിയും കെട്ടിടങ്ങൾ വീഴും. ഇടുങ്ങിയ വഴികളിലേക്ക് അഗ്നിരക്ഷാസേന വാഹനങ്ങൾക്കോ മണ്ണുമാന്തി യന്ത്രങ്ങൾക്കോ പോലും എത്താൻ ഏറെ പണിപ്പെടണം.
ബേസ്മെന്റിൽ വെള്ളം കെട്ടിനിന്ന് അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് അപകടകാരണം. കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളോ സുരക്ഷയോ ഉണ്ടായിരുന്നില്ലെന്നും ചുമരുകളിൽ വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും മുമ്പ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികൾ ആരോപിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പൂട്ടിച്ച കെട്ടിടമാണ് അനുമതിയില്ലാതെ കഴിഞ്ഞവർഷം വീണ്ടും തുറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒന്നാം പ്രതി കെട്ടിടം ഉടമയാണോ അതോ കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ശാസ്ത്രീയമായി അറിവുണ്ടായിട്ടും അതനുസരിച്ചു പ്രവർത്തിക്കാത്ത അഴിമതിക്കാരും അലസരുമായ ഉദ്യോഗസ്ഥരാണോ?
മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു നേരിട്ടെത്തി. നല്ലത്; പക്ഷേ ഈ ദുരന്തത്തിന് ഉത്തരവാദികളായ മുനിസിപ്പൽ അധികൃതർക്കെതിരേ സസ്പെൻഷനപ്പുറം നടപടിയെടുക്കുമോ എന്നതാണ് ചോദ്യം. കൈക്കൂലിക്കാരെ അഴിയെണ്ണിക്കുമോ? മരണക്കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പക്ഷേ, കെട്ടിടങ്ങൾ വീണും പുത്തൻ നിർമിതികൾ നിലംപൊത്തിയും ദേശീയപാതകൾ പിളർന്നും ആളുകൾ കൊല്ലപ്പെടുന്നത് ഈ രാജ്യത്ത് വാർത്തയല്ലാതായെന്ന് അദ്ദേഹം തിരിച്ചറിയണം. സർവകലാശാലകളിൽ കൃത്യമായ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്കു താമസിക്കേണ്ടിവന്നതെന്നും, ഓരോ വിദ്യാര്‍ഥിയുടെയും ജീവന് വിലപ്പെട്ടതാണെന്നും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.
എത്രയോ വർഷം ഡൽഹി വാണ കോൺഗ്രസ് ഇപ്പോഴാണോ ഇതൊക്കെ തിരിച്ചറിഞ്ഞത്? മുനിസിപ്പൽ കോർപറേഷന്റെ അഴിമതിയും അനധികൃത നിർമാണങ്ങളുമാണ് ഇടയ്ക്കിടെയുള്ള കെട്ടിട തകർച്ചകൾക്കു കാരണമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഇന്നലെവരെ ഡൽഹി ഭരിച്ചുകൊണ്ടിരുന്നവരാണ് പൊള്ളത്തരങ്ങൾ പറയുന്നത്!
ചേരി തിരിഞ്ഞുള്ള രാഷ്ട്രീയ തർക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഭരിക്കുന്പോൾ ന്യായം, പ്രതിപക്ഷത്താകുന്പോൾ വിചാരണ. ഈ നാടകം അറിയാവുന്ന ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുന്നു. ഒരു സംസ്ഥാനത്തും മാറ്റമില്ല. കാലഹരണപ്പെട്ട കെട്ടിടങ്ങൾ തകർന്നുവീണും, അപകടസാധ്യതയുണ്ടെന്ന് ഉറപ്പായിട്ടും നന്നാക്കാത്ത നിർമിതികളിൽ തട്ടിയും, വഴിയിലെ മരണക്കുഴികളിൽ വീണും കേരളത്തിലും എത്രയോ മനുഷ്യർ മരിച്ചു. ആരുമില്ല ഉത്തരവാദി.
ഒരു പഞ്ചായത്തംഗം വിചാരിച്ചാൽപോലും ഒഴിവാക്കാവുന്ന മരണക്കെണികൾ ഇനിയുമുണ്ട്. അതിലെ താമസക്കാരുടെ വിധി സർക്കാരിന്റെ കൈയിലാണ്. പക്ഷേ, അനുശോചനത്തിൽ ഒതുങ്ങിപ്പോയ രാഷ്ട്രീയം രാജ്യത്തെ പരാജയപ്പെടുത്തുന്നു.
Kerala
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. "മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്.
വി.ഡി. സതീശന്റെ പ്രതികരണം കുരുടന് ആനയെ തൊട്ടതുപോലെ എന്നാണ് മുഖപ്രസംഗത്തിലെ പ്രയോഗം. പെണ്ണുങ്ങള് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന വേദിയില്‍ വച്ചാണ്. അത് പറയാന്‍ കാന്തപുരത്തിനുള്ള അവകാശം കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്‍പതാം നൂറ്റാണ്ടിന്റേതാണെന്ന് പറയാന്‍ സതീശനുള്ളത് പോലെ തന്നെ ഉണ്ടെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.
മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശന് ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശന് മുഖ്യമന്ത്രി കസേരയില്‍ എത്തിയതെന്നാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്.
മുനമ്പം വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ചതും വി.ഡി. സതീശന് ആണ്. പിഎം ശ്രീ നടപ്പാക്കാനും സതീശന് താൽപര്യം കാണിച്ചു എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമി അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ആളാണ് സതീശന് എന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മുഖപ്രസംഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രകീര്‍ത്തിക്കുന്നു. സമരസപ്പെടലിന്റെ മഹാഗോപുരമാണ് ചെന്നിത്തല എന്നായിരുന്നു മുഖ്യമന്ത്രി തര്‍ക്കം ഓര്‍മിപ്പിച്ചുള്ള പരാമര്‍ശം.
Editorial
വിവാഹിതരാകുന്നവർക്ക് എയ്ഡ്സ് സർട്ടിഫിക്കറ്റ് അഥവാ എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ആർക്കാണ് കുഴപ്പം? മുഖ്യമായും, ലൈംഗികബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ് എന്ന മാറാവ്യാധി മറച്ചുവച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക്. ആർക്കാണ് രക്ഷ? ഇത്തരമൊരു രോഗാവസ്ഥ മറച്ചുവയ്ക്കുന്ന വ്യക്തിയെ വിവാഹം കഴിച്ചു നിത്യരോഗിയാകേണ്ടി വരുന്ന പങ്കാളിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും. വിദേശയാത്രകൾക്കും പലവിധ ജോലികൾക്കും ഇത്തരം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വേണം.
കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റില്ലാതെ ഒരു ട്രെയിനിൽ കയറാനോ വിനോദയാത്ര പോകാനോ പോലും വിലക്കേർപ്പെടുത്തിയ രാജ്യമാണിത്. പക്ഷേ, ഒരു ആയുഷ്കാല യാത്രയുടെ പങ്കാളിക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റ് കൊടുക്കണമെന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കും. സ്ത്രീകളെ വീട്ടിലൊതുക്കണമെന്നു പറയുന്നവരെ ന്യായീകരിക്കാൻ, എയ്ഡ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നു പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാൻ വരെ മടിയില്ലാത്ത സ്ഥിതിയായി.
അത്തരം വോട്ടുരാഷ്ട്രീയത്തെ തിരസ്കരിക്കുന്നതിനൊപ്പം, എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് ആക്കുകയും വേണം. പല രാജ്യങ്ങളിലും അതു നടപ്പായി. കേരളം കാപട്യം കൈവെടിയണം. മനുഷ്യന്റെ രോഗപ്രതിരോധശേഷിയെ തകർക്കുന്ന രോഗാവസ്ഥയാണ് എയ്ഡ്സ്. എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) ആണ് കാരണം. ഇത് ലൈംഗികബന്ധത്തിലൂടെ പ്രധാനമായും പകരുമെങ്കിലും മയക്കുമരുന്നിന് ഉൾപ്പടെ സിറിഞ്ചുകൾ കൈമാറുന്നവർക്കും പകരും.
എച്ച്ഐവി ബാധിതരുടെ രക്തം സ്വീകരിച്ച ഒട്ടേറെപ്പേർക്കും ഇതു ബാധിച്ചിട്ടുണ്ട്. ഭർത്താക്കന്മാരുടെ രോഗമറിയാത്ത ഭാര്യമാരും അവർ മുലയൂട്ടിയ കുഞ്ഞുങ്ങളുമൊക്കെ ജീവിതകാലം മുഴുവൻ നരകിക്കേണ്ടിവന്നിട്ടുമുണ്ട്. അതായത്, എയ്ഡ്സ് രോഗികളെല്ലാം മയക്കുമരുന്നുപയോഗിക്കുന്നവരോ ലൈംഗിക അരാജകത്വത്തിൽ ജീവിച്ചവരോ അല്ല. അവർ അവമതിക്കപ്പെടേണ്ടവരുമല്ല. പക്ഷേ, ആരോഗ്യവാനായ മറ്റൊരാൾ ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെടാൻ പാടില്ല.
അതുകൊണ്ടാണ്, സ്ത്രീ-പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും മാത്രം വിവാഹബന്ധത്തിലേർപ്പെടാൻ ഇടയാക്കുന്ന എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നു പറയുന്നത്. എച്ച്ഐവി ബാധിതരോട് എന്നപോലെ, തന്റേതല്ലാത്ത കാരണത്താൽ അതു ബാധിക്കാനിടയുള്ളവരോടും രാജ്യത്തിനും സമൂഹത്തിനും വ്യക്തികൾക്കും ഉത്തരവാദിത്വങ്ങളുണ്ട്.
കെഎസ്എസിഎസി (കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി)ന്റെ കണക്കനുസരിച്ച്, 2022ൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ ഒന്‍പതു ശതമാനമായിരുന്നു. 2024ൽ ഇതു 14.2 ശതമാനമായും 2025ൽ 15.4 ശതമാനമായും വർധിച്ചു. 2025-26 സാന്പത്തികവർഷത്തിൽ ഇത് 29 ശതമാനമായി. വിവാഹജീവിതത്തിൽ മാത്രമല്ല എയ്ഡ്സ് വ്യാപനം. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 52 പുതിയ എച്ച്ഐവി കേസുകളിൽ രണ്ടെണ്ണമായിരുന്നു സ്വവർഗരതിയിലൂടെ (എംഎസ്എം) പകർന്നത്.
അതേസമയം, ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലെ 10 കേസുകളിൽ ഏഴും എംഎസ്എം ആയിരുന്നു. മറ്റു ജില്ലകളിലും ഇതു വ്യാപിക്കുകയാണ്. 2030ൽ ലോകം എയ്ഡ്സ് മുക്തമാക്കണമെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. 2025ൽതന്നെ ഇതു സാധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ, 2023-25 വരെയുള്ള മൂന്നു വർഷത്തിനിടെ കേരളത്തിൽ മാത്രം 4,477 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു. ഇന്നലെ ലോക ലൈംഗികാരോഗ്യദിനമായിരുന്നു.
പ്രധാനമായും ലൈംഗികബന്ധത്തിലൂടെ പകരുന്നതും ഗുരുതരവും ചികിത്സ ഇല്ലാത്തതുമായ ഒരു രോഗം പടർത്താനുള്ള അവകാശം, സ്വകാര്യതയുടെ മറവിൽ ഉറപ്പാക്കിക്കൊണ്ട് എങ്ങനെയാണ് ഈ ദിനം സത്യസന്ധമായി ആചരിക്കാനാകുന്നത് എന്ന ലളിതമായ ചോദ്യമാണ് മുന്നിലുള്ളത്. കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം 23,000 കവിഞ്ഞെന്നും 15നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ ഇതു വ്യാപിക്കുകയാണെന്നും തിരിച്ചറിയണം.
2006ലും 2019ലും ഗോവ സർക്കാർ വിവാഹത്തിനു മുൻപ് ദമ്പതികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കുന്ന നിയമ ഭേദഗതി പരിഗണിച്ചിരുന്നു. എന്നാൽ, ദേശീയ എയ്ഡ്സ് നിയന്ത്രണ നയപ്രകാരം (National AIDS Control Policy) ഇത്തരം പരിശോധനകൾ വ്യക്തികളുടെ സ്വമേധയാ ഉള്ള സമ്മതത്തോടെയും രഹസ്യസ്വഭാവത്തോടെയും മാത്രമായിരിക്കണം എന്നതിനാൽ നടന്നില്ല. പക്ഷേ, ഈ സംരക്ഷിതന് മറ്റൊരാളുടെ ജീവിതത്തിലേക്കും കിടപ്പറയിലേക്കും നിയമാനുസൃതം കടന്നുകയറാം, രോഗം വിതയ്ക്കാം; എന്താല്ലേ?
എയ്ഡ്സിനു കാരണമായ എച്ച്ഐവി ബാധിതരുടെ സ്വകാര്യത തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അത് ഒളിപ്പിച്ചുവച്ച് വിവാഹിതരായി ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണ്. സ്വകാര്യത ഒരാളുടേതു മാത്രമാണ്; പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കിൽ അതിനോളം കാപട്യം മറ്റൊന്നില്ല.
എയ്ഡ്സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ചു വിവാഹബന്ധവും കിടപ്പറയുമൊരുക്കാൻ സ്വകാര്യതാവാദികളുടെ കുടുംബങ്ങൾ തയാറാകട്ടെ. മറ്റുള്ളവരുടെ കാര്യത്തിൽ എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണം.
Editorial
22,006 കോടി രൂപയുടെ വായ്പാ കുടിശികയിൽ ജാമ്യക്കാരനായ സീ/എസെൽ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമായ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്ന എൻസിഎൽടി (ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ)യുടെ ഉത്തരവാണ് പുതിയ വിവാദം. പെട്ടെന്നു കേൾക്കുന്പോൾ, അതിന്റെ ബാക്കി മോദി സർക്കാർ ഉപേക്ഷിച്ചു എന്നൊരു തോന്നലുണ്ടാകും. എൻസിഎൽടി ഇത്തരമൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ആ പണം നഷ്ടമാകില്ലായിരുന്നെന്നും തോന്നും. അതത്ര ശരിയല്ല.
ഒന്നാമത്, സുഭാഷ് ചന്ദ്ര വായ്പക്കാരനല്ല, ജാമ്യക്കാരനാണ്. രണ്ടാമത്, തിരിച്ചടവ് അസാധ്യമാകുംവിധം വായ്പ മുടങ്ങിയെങ്കിൽ അതിനുത്തരവാദി തിരിച്ചടവുശേഷി ഉറപ്പാക്കാതെ വായ്പ കൊടുത്ത ബാങ്കുകൾ തന്നെയാണ്. മൂന്നാമത്തെ കാര്യം, ചന്ദ്ര 6.5 കോടി രൂപ അടച്ചാലും കന്പനികളിൽനിന്നു ബാക്കി തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടരും. അതു കിട്ടുമോയെന്നതു വേറെ കാര്യം! അതായത്, എൻസിഎൽടി ചെയ്തത് ഒരു സാങ്കേതിക നടപടി മാത്രമാണ്. വായ്പക്കാരും ജാമ്യക്കാരും ചിരിക്കുന്പോൾ ബാങ്കുകൾ കരയുന്ന ഒരു ഇന്ത്യൻ തുടർക്കഥയാണിത്.
എൻസിഎൽടിയിൽ നടന്ന വ്യക്തിഗത പാപ്പരത്ത നടപടികളിലാണ് ഇപ്പോഴത്തെ തീരുമാനം. വിവിധ വായ്പക്കാർക്കായി വ്യക്തിഗത ജാമ്യങ്ങളിലാണ് താൻ ഒപ്പിട്ടിരിക്കുന്നതെന്നും നേരിട്ട് വായ്പയെടുത്തിട്ടില്ലെന്നുമാണ് സുഭാഷ് ചന്ദ്ര പറഞ്ഞത്. വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ, വായ്പക്കാർ ഈടുവച്ച സെക്യൂരിറ്റികൾ കൃത്യസമയത്ത് പണമാക്കി മാറ്റാത്തതാണ് വായ്പാ തുക തിരിച്ചുപിടിക്കുന്നതിന് തിരിച്ചടിയായതെന്ന് സുഭാഷ് ചന്ദ്രയുടെ ഓഫീസ് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ ലാഭത്തിനായി കാത്തിരുന്നതിന്റെ വീഴ്ചയ്ക്ക് ബാങ്കുകൾ മാത്രമാണ് ഉത്തരവാദികളെന്നാണ് അദ്ദേഹം പറയുന്ന ന്യായം. ശരിയാണ്, കുടുതൽ ലാഭം കാത്തിരുന്ന് മുതലുപോലും ഓഹരിവിപണിയിൽ നഷ്ടപ്പെടുത്തിയ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം മറ്റാരിലും ചുമത്തിയിട്ടില്ല. സ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ്. എല്ലാം ചേർത്തു വായിച്ചാൽ മനസിലാകുന്നത്, ബാങ്കുകൾക്ക് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടത്തിന്റെ പ്രധാന ഉത്തരവാദി അവർ മാത്രമാണ് എന്നുതന്നെ.
ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടായാൽ, ബാങ്കുകൾ വായ്പ നൽകാൻ തീരുമാനിച്ച സാഹചര്യം, ജാമ്യങ്ങളുടെ യഥാർഥ മൂല്യം, അവ വായ്പയ്ക്കു പകരം ഏറ്റെടുക്കാനുള്ള സാധ്യത, ജാമ്യം നിന്നവരുടെ ആസ്തികൾ... തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടാകണം. സുഭാഷ് ചന്ദ്രയുടെ ആസ്തിയുടെ കാര്യത്തിലും തർക്കം തുടരുകയാണ്. 2016ൽ പാർലമെന്റിൽ വച്ച കണക്കനുസരിച്ച്, 39.08 കോടി രൂപയാണ് ചന്ദ്രയുടെ ആസ്തി. 2024ൽ ഇത് 31.79 കോടിയായി. 25 കോടി വീടിന്റേതാണ്. ബാക്കി തുകയാണ് തിരിച്ചടയ്ക്കാൻ എൻസിഎൽടി ആവശ്യപ്പെട്ടത്.
മുന്‍പ് ശതകോടീശ്വരനായിരുന്ന സുഭാഷ് ചന്ദ്രയ്ക്ക് 40,000 കോടിയിലധികം രൂപയുടെ ആസ്തി സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ വിപണിയിലെ തകർച്ചയും മറ്റു കടബാധ്യതകളും കാരണം ഓഹരികൾ വിൽക്കേണ്ടി വന്നതോടെയാണ് ആസ്തി കുറഞ്ഞത്. പക്ഷേ, എന്തുകൊണ്ടാണ് രാജ്യത്ത് ഇതൊരു വൈകാരിക പ്രശ്നമായി വളർന്നത്? പ്രധാനമായും, കർഷകർ ഉൾപ്പടെ ആയിരക്കണക്കിനു പാവങ്ങൾ വായ്പാകുടിശിക തിരിച്ചടയ്ക്കാനാകാതെ ജപ്തി ചെയ്യപ്പെടുന്ന രാജ്യമാണിത്. അതുപോലെ, വിദ്യാഭ്യാസ വായ്പയ്ക്കുപോലും ജാമ്യക്കാരില്ലാത്തതിനാൽ വായ്പ ലഭിക്കാതെ നിരാശരായ ലക്ഷങ്ങളുടെ രാജ്യവും. ഇത്തരം സംഭവങ്ങൾ ആദ്യമായല്ല.
പെരുപ്പിച്ചു കാണിക്കുന്ന തിരിച്ചടവുശേഷി പരിശോധിക്കാതെയോ രാഷ്ട്രീയബാധ്യതയാലോ സാന്പത്തികനേട്ടങ്ങൾക്കുവേണ്ടിയോ വായ്പ കൊടുക്കുന്ന ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ട പ്രശ്നമാണിത്. പൊതുമേഖലാ ബാങ്കുകൾപോലും ശതകോടീശ്വരന്മാർക്കു തോന്നിയപടി നൽകിയ വായ്പകൾ എഴുതിത്തള്ളേണ്ടിവന്ന ഉദാഹരണങ്ങൾ മുന്‍പുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു രാഷ്ട്രീയബന്ധങ്ങളുണ്ടോ, ആരുടെയെങ്കിലും നിർദേശാനുസൃതമാണോ പ്രവർത്തിച്ചത് എന്നതൊന്നും അന്വേഷണവിധേയമാകാനിടയില്ല.
ഒന്നുറപ്പാണ്, പൊതുമേഖലാ ബാങ്കുകളിലുൾപ്പടെ വായ്പാമാനദണ്ഡങ്ങൾ പണക്കാർക്കും പാവങ്ങൾക്കും രണ്ടു രീതിയിലാണ്. നൂറോ ആയിരമോ കോടികൾ ഒന്നോ രണ്ടോ മുതലാളിമാർക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവർ, അതേ തുകകൊണ്ട് ആയിരമോ പതിനായിരമോ പാവങ്ങൾക്കു ചെറുവായ്പകൾ നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കില്ല. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസ വായ്പ ബാങ്കുകൾ നിഷേധിക്കാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത് ഒന്നര മാസം മുന്‍പാണ്. അതിന് ഒരർഥമേയുള്ളൂ.
തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവർക്കു വിദ്യാഭ്യാസത്തിനുപോലും വായ്പ കൊടുക്കേണ്ടതില്ല. പാവപ്പെട്ട വിദ്യാർഥികൾക്കെതിരേ കോടതിയിൽ ജയിച്ച ബാങ്കുകൾ ഏതാനും അതിസന്പന്നർക്കെതിരേ തോൽക്കുന്ന കാഴ്ചയാണ് രാജ്യം ഇപ്പോൾ കാണുന്നത്. രോഷം അവരോടല്ല, രാജ്യത്തിന്റെ വികസനം മുതലാളിമാരിലൂടെ മതിയെന്നും വിദ്യാർഥികളിലൂടെയോ കർഷകരിലൂടെയോ പാവങ്ങളിലൂടെയോ വേണ്ടെന്നും ഉറപ്പാക്കിയ ഭരണകൂടതാത്പര്യങ്ങളോടാണ്.
Editorial
സ്ത്രീകൾ സ്റ്റേജുകളിലും പൊതുസമൂഹത്തിലും മാത്രമല്ല, നിയമസഭകളിലും പാർലമെന്റിലും മതസംഘടനകളിലുമൊക്കെ സജീവമാകട്ടെ. അവർ പ്രസംഗിക്കട്ടെ, പാടട്ടെ, നൃത്തം ചെയ്യട്ടെ, ഭരിക്കട്ടെ. ഭാവിയെപ്പോലും പുരുഷാധിപത്യത്തിന്റെ ചങ്ങലയിൽ പൂട്ടിയിടാനുള്ള ഉത്തരവുകൾ ഏതോ പ്രാചീനഗുഹയിൽനിന്നെന്നപോലെ മുഴങ്ങുന്പോൾ സ്ത്രീകൾ അതു ധിക്കരിക്കണം. പുരുഷൻ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളുടെ വഴിമുടക്കുന്ന ആധിപത്യ മനോഭാവത്തിൽനിന്നു പിന്മാറുകയും വേണം.
പുരുഷൻ മുന്നിൽക്കയറിനിന്ന ലോകക്രമത്തിന്റെ ബാക്കിപത്രം ഇതുംകൂടിയാണ്; യുദ്ധം, കലാപങ്ങൾ, വർഗീയത, തീവ്രവാദം, ജാതിവെറി, സവർണബോധം, അഴിമതി, അഹങ്കാരം തുടങ്ങിയവ. സ്ത്രീ പൊതുസമൂഹത്തിലേക്കു കൂടുതൽ ഇറങ്ങിനിന്നാൽ, വേദികൾ നിയന്ത്രിച്ചാൽ, ആഘോഷങ്ങളെ ഏറ്റെടുത്താൽ... എന്തായാലും ലോകം ഇപ്പോഴുള്ളതിലും കൂടുതൽ യുദ്ധോന്മുഖമോ അസമത്വവും അനീതിയും നിറഞ്ഞതോ ആകാൻ പോകുന്നില്ല.
അബുദാബി ഇന്ത്യൻ സ്കൂളിൽ 100 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച്, ബംഗളൂരുവിൽ നിയമത്തിനു പഠിക്കുന്ന, ആലപ്പുഴക്കാരി കെസിയ ലിസ് മെജോയാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ. വിജയത്തെത്തുടർന്ന് കെസിയ സ്വന്തം നാട്ടിലെ പള്ളിയിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുപതു തികയാത്ത ആ പെൺകുട്ടിയുടെ പ്രസംഗം ഈ പള്ളിയിൽ മുഴങ്ങിയതിൽ ഏറ്റവും മികച്ചതിൽ ഒന്നായി. ചെറുപ്പത്തിലേ വേദികളിൽ കയറാനും പ്രസംഗിക്കാനും അവൾക്കു ലഭിച്ച അവസരങ്ങളാണ് പിന്നീട് വിജയങ്ങളിലേക്കു നയിച്ചത്. ആത്മവിശ്വാസമില്ലാത്ത പുരുഷന്മാരായിരുന്നു അവളുടെ വീട്ടിലും നാട്ടിലും ഉള്ളതെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
പക്ഷേ, എല്ലാ പള്ളികളിലും ഇതല്ല സംഭവിക്കുന്നത്. പെൺകുട്ടികൾക്കുള്ള വിലക്കുകൾ പുതുക്കിക്കൊണ്ടിരിക്കുന്ന പുരുഷന്മാർ ഏതു രാഷ്ട്രീയത്തിലോ മതത്തിലോ പെട്ടവരായാലും ആധുനികസമൂഹത്തിനു സ്വീകാര്യരാകരുത്. അവർക്കു മറ്റനേകം സത്സ്വഭാവങ്ങളുമുണ്ടാകാം. പക്ഷേ, സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രുക്കളാണ്. മനുസ്മൃതിയെ വർഗീയതയെന്നു പ്രസംഗിക്കുന്നവരും സ്വന്തം വീട്ടിലുള്ളവരോട് “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (സ്ത്രീ സ്വാതന്ത്ര്യത്തിന് അർഹയല്ല) എന്നു പുലന്പുന്നതിനോളം കാപട്യമെന്തുണ്ട്! കഴിഞ്ഞദിവസത്തെ ഒരു സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ പ്രതികരിക്കാൻ പി.കെ. ശ്രീമതിയും കെ.കെ. ശൈലജയുമല്ലാതെ എത്ര രാഷ്ട്രീയ വനിതകൾ ഉണ്ടായിരുന്നു?
സ്ത്രീയുടെ തുല്യതയെ തള്ളിപ്പറയുന്നവർ പുരുഷന്മാരെയും അവഹേളിക്കുകയാണ്. സ്ത്രീകൾ പൊതുസമൂഹത്തിനു മുന്നിലെത്തിയാൽ ഏതൊക്കെയോ പ്രലോഭനങ്ങളിൽ വീണുപോകുന്നത്ര ദുർബലരാണ് പുരുഷന്മാരെന്ന ധ്വനി ഇത്തരം വിലക്കുകളിലുണ്ട്. കൂടുതൽ അഭ്യസ്തവിദ്യരും കഴിവുള്ളവരുമായ സ്ത്രീകൾ മുൻനിരയിലേക്കു വന്നാൽ, സ്റ്റേജിലും വേദിയിലുമുള്ള തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭീതിയാണ് മറ്റൊന്ന്. പൊതുരംഗത്തു മികവ് തെളിയിക്കുന്നവർ നാട്ടിലും വീട്ടിലും തങ്ങളെ ധിക്കരിക്കുമെന്ന അരക്ഷിതാവസ്ഥയും നിസാരമല്ല. പുരുഷൻ കൂടുതൽ ആത്മവിശ്വാസമുള്ളവനും ജ്ഞാനിയുമാകുകയാണ് പരിഹാരം.
നിയമസഭയിലും ലോക്സഭയിലും പാർട്ടിയിലും സ്ത്രീസംവരണത്തെ അട്ടിമറിക്കുകയോ നടപ്പാക്കൽ വലിച്ചുനീട്ടുകയോ ചെയ്യുന്ന രാഷ്ട്രീയക്കാരും ഭയത്തിലാണ്; കാലങ്ങളായി അനുഭവിച്ചിരുന്ന അധികാരം ഇപ്പോഴൊരു അവയവംപോലെ അവർക്ക് അനുഭവപ്പെടുന്നുണ്ടാകാം. മതസംഘടനകളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്പോൾ മിക്കവാറും മുകളിലുണ്ടാകും ഒരു പുരുഷ രക്ഷാധികാരി. മിക്കവാറും പുരോഹിതർ! ഇതു സ്വതന്ത്രമായ ജോലിസ്ത്രീക്ക് നിഷേധിക്കും. ഏതു വേഷത്തിലെത്തിയാലും പുരുഷാധിപത്യം സ്ത്രീകളെ ഒന്നാമതെത്താതിരിക്കാൻ ശ്രദ്ധ പുലർത്തുന്നു.
പുരുഷവിരുദ്ധതയോ കുറ്റകൃത്യങ്ങളിൽ ഇളവനുവദിക്കുന്നതോ അല്ല സ്ത്രീസ്വാതന്ത്ര്യമെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. കുറ്റവാളി സ്ത്രീയോ പുരുഷനോ ആവട്ടെ, ഇരവാദം വേണ്ട. അതുപോലെ അവിഹിതമായ ഇടപെടലുണ്ടായെന്ന ഒരു തെളിവുമില്ലെങ്കിലും, കോടതി കുറ്റവിമുക്തരാക്കിയ പുരുഷന്മാരെ ജീവിതാവസാനം വരെ സംശയനിഴലിൽ നിർത്താനുള്ള രോഗാതുര മനോഭാവത്തിനു സ്ത്രീസ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ല.
നാം സംസാരിക്കുന്നത്, ഒരു സ്ത്രീ-പുരുഷ ഏറ്റുമുട്ടലിന്റെ അനിവാര്യതയെക്കുറിച്ചല്ല; പുരുഷൻ തന്റെ തിന്മയുടെ ചുമടുകളിലൊന്ന് ഇറക്കിവയ്ക്കുന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യം അനുവദിക്കാൻ പുരുഷൻ സ്വാതന്ത്ര്യത്തിന്റെ ഉടമയൊന്നുമല്ല. ആ ചിന്ത, പൂർവികരിൽനിന്നു കൈമാറിക്കിട്ടിയ പുരുഷാധിപത്യബോധത്തിന്റെ കേടാണെന്ന് ആൺകുട്ടികളെ മാത്രമല്ല, പെൺകുട്ടികളെയും പഠിപ്പിക്കണം. ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളെ ചവിട്ടിമെതിക്കുന്നവരല്ല. പക്ഷേ, കാര്യങ്ങൾ തീരുമാനിക്കുന്നത് ആ ഭൂരിപക്ഷമല്ലെന്നത് ജനാധിപത്യത്തെയും ക്ഷീണിപ്പിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് വനിതാദിനമല്ലാതിരുന്നിട്ടും നാം തുല്യതയെക്കുറിച്ചു സംസാരിക്കുന്നു? സ്ത്രീവിരുദ്ധതയും ജാതിവിവേചനവും വർഗീയതയും തീവ്രവാദവും താണ്ഡവമാടിയ കാലത്ത് നിങ്ങൾ എവിടെയായിരുന്നു എന്ന ഭാവിയുടെ ചോദ്യത്തെ, ഒരു മാധ്യമമെന്ന നിലയിൽ ദീപിക പ്രതീക്ഷിക്കുന്നതുകൊണ്ട്. വിദ്യാഭ്യാസവും തൊഴിലുംകൊണ്ട് സ്ത്രീ കരുത്തയായെന്നു കണ്ടപ്പോൾ രാഷ്ട്രീയ-മത നിയമങ്ങൾകൊണ്ട് അതിനെ തടയാനുള്ള ഒടുക്കത്തെ പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ ലോക ദുർമാതൃകയായ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഇരുട്ടിലാക്കിയത് മതരാഷ്ട്രമാണ്. പക്ഷേ, നമ്മുടേതു ജനാധിപത്യ രാജ്യമാണെന്ന് ഇപ്പോഴും മനസിലാകാത്തവരുണ്ട്. പുരുഷൻ തന്റേതു മാത്രമാക്കിയ സ്വാതന്ത്ര്യം ചരിത്രത്തിലെ കൊള്ളമുതലാണ്. തിരിച്ചു കൊടുക്കുവോളം നാഗരികതയുടെ കുറ്റപത്രത്തിൽ അവൻ ഒന്നാംപ്രതി.
Editorial
മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യംഅതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. ജയ് ഹിന്ദ്!
നേരോ, ഈ രാജ്യത്തെ ഉന്നതനായ ഒരു നേതാവ് ദളിതനായതിന്റെ പേരിൽ, അദ്ദേഹം പ്രസംഗിച്ച ഇടം ശുദ്ധികലശം നടത്തിയെന്നോ? ശരിയായിരിക്കില്ല. ആണെങ്കിൽ, 80 വർഷം പഴക്കമുള്ള ആ ചെക്ക് വീണ്ടും മടക്കിയിരിക്കുന്നു! എല്ലാവർക്കും സ്വാതന്ത്ര്യമെന്നു പറഞ്ഞ് 1947 ഓഗസ്റ്റ് 15ന് ഭരണഘടനാ നിർമാണസഭ ഒപ്പിട്ട ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള ചെക്ക്! സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും അക്കൗണ്ടുകൾ കാലിയാണ്.
അനേകായിരം സ്വാതന്ത്ര്യസമര പ്രസംഗങ്ങൾ, ഭരണഘടനയെ ആണയിട്ടുള്ള സത്യപ്രതിജ്ഞകൾ, ചിട്ടവട്ടങ്ങൾ പാലിച്ചുള്ള ദേശീയഗാന-ഗീതാലാപങ്ങൾ, ദേശീയപതാകാ വന്ദനങ്ങൾ, സാന്പത്തികശക്തി, ലോകമാതൃക... പ്രകടനങ്ങളും വായാടിത്തങ്ങളുമായി നമ്മളീ ചതുപ്പുനിലങ്ങളിൽ നിശ്ചലരായിരിക്കുന്നു. ഇന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒരു സ്വപ്നമുണ്ട്. അടിമത്ത മൊത്തവ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പൽകയറ്റിയ അനേകായിരം സ്വാതന്ത്ര്യസമരസേനാനികൾ കണ്ട സ്വപ്നം. അതു പങ്കുവയ്ക്കുംമുന്‍പ്, 80-ാം സ്വാതന്ത്ര്യദിനത്തിൽ എവിടെയാണ് നാം ശയിക്കുന്നതെന്നറിയാൻ ഉത്തരാഖണ്ഡിലേക്കു പോകണം.
ഉത്തരാഘണ്ഡിലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് എട്ടാം തീയതി രാജ്യസഭാ പ്രതിപക്ഷനേതാവും കോൺഗ്രസ് ദേശീയാധ്യക്ഷനുമായ മല്ലികാർജുൻ ഖാര്‍ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. പത്താം തീയതി ബിജെപിയുമായി ബന്ധമുള്ള സംഘടന ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തി. ഖാർഗെ തന്നെയാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
പക്ഷേ, ഇതിൽ പുതുമയില്ല. സാധാരണക്കാരായ ദളിതരും ആദിവാസികളും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ നിന്ദ്യമായ മറ്റൊരധ്യായം മാത്രം. ഖാർഗെ പറഞ്ഞു: “സംഭവത്തെ രാഷ്ട്രീയ തർക്കമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ അവഗണിക്കാനാകില്ല. എന്നെ സംരക്ഷിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പോരാടാനുള്ള കരുത്ത് എനിക്കുണ്ട്. എന്നാൽ നിങ്ങളെന്നെ തൊട്ടുകൂടാത്തവനായി കാണുകയും ശുദ്ധീകരണം നടത്തി അവഹേളിക്കുകയും ചെയ്യുന്നു.
ഇതു രാജ്യത്തെ വിഭജിക്കുന്നതാണ്. ബിജെപിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവർ മതത്തിന്റെ പേരിൽ ശുദ്ധീകരണം നടത്തുന്നത് രാജ്യത്തിനു ദോഷമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണം.”ഇതറിഞ്ഞ ഉപരാഷ്ട്രതി സി.പി. രാധാകൃഷ്ണന്റെ മറുപടി ഈ സ്വാതന്ത്ര്യദിനത്തിന്റെ ഏറ്റവും ഉദാത്തമായ സന്ദേശമായി. “അയിത്താചരണം പാപമല്ലെങ്കിൽ, പിന്നെ ലോകത്ത് പാപം എന്നൊന്നില്ല. ഖാർഗെയെ അപമാനിക്കുന്നത് എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ്.” പക്ഷേ, ദീപികയുടേത് ഉൾപ്പെടെ, ഈ വാർത്തയ്ക്കു ചുവട്ടിലുള്ള സമൂഹമാധ്യമങ്ങളിലെ കമന്റുകൾ, ഉപരാഷ്ട്രപതി ചൂണ്ടിക്കാണിച്ച പാപികളുടെ സങ്കേതം ഏതാണെന്നു സ്വയം വെളിപ്പെടുത്തുന്നു.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞത്, സംഭവം അത്യന്തം ഖേദകരമാണെന്നും ബിജെപിക്കു പങ്കില്ലെന്നുമാണ്. സംഘപരിവാർ സംഘടനകളിൽ ഏതെങ്കിലുമൊന്ന് ദളിതരെയോ ആദിവാസികളെയോ ന്യൂനപക്ഷങ്ങളെയോ ആക്രമിക്കുന്പോഴൊക്കെ ബിജെപിയും കേന്ദ്രസർക്കാരും ഈ തള്ളിപ്പറയൽ മുഖംമൂടി യഥേഷ്ടം അണിഞ്ഞിട്ടുണ്ട്. പക്ഷേ, തുടർനടപടിയില്ലാത്ത ആ മൗനം സമ്മതമാണെന്നു കരുതുന്ന വർഗീയസംഘങ്ങൾ ആയുധങ്ങൾ മൂർച്ചകൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ഈ സവർണരോഗികളെ തള്ളിപ്പറയുന്നതിനൊപ്പം കഠിനവകുപ്പുകൾ ചുമത്തി അഴിക്കുള്ളിലാക്കിയാൽ നേരിയൊരു മുന്നറിയിപ്പെങ്കിലുമായേനേ.
നമുക്കൊരു സ്വപ്നമുണ്ട്. ഹിമാലയം മുതൽ കന്യാകുമാരിവരെ രാഷ്ട്രീയാപചയങ്ങളിൽ കുടുങ്ങാതെ, മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ, പ്രത്യയശാസ്ത്രത്തിന്റെ തടവറകളില്ലാതെ, സവർണബോധമെന്ന പ്രാകൃതത്വമില്ലാതെ, കറുത്തവരെന്നോ വെളുത്തവരെന്നോ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ നമുക്കു ജീവിക്കാനാകുന്ന ഇന്ത്യ. ഈ മണ്ണിന്റെ മക്കളിൽ ഒരാൾ മറ്റൊരാളെ ഭ്രഷ്ട് കൽപ്പിക്കാത്ത, സഹജീവിയുടെ സാന്നിധ്യത്തിന്റെ പേരിൽ നിർജീവമായ കല്ലിനെയും മണ്ണിനെയും ശുദ്ധീകരിക്കാൻ ഇറങ്ങിപ്പുറപ്പെടാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്നു കരുതുന്ന, ശാസ്ത്രബോധമുള്ള ഒരു തലമുറയെക്കുറിച്ചുള്ള സ്വപ്നം.
ശത്രുക്കളെ തേടിനടക്കുന്ന ആൾക്കൂട്ടങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം. 1947ൽ നാം ബ്രിട്ടീഷുകാരിൽനിന്നു സ്വതന്ത്രരായി. പക്ഷേ, പത്തിമടക്കിക്കിടന്നിരുന്ന തിന്മകൾ ചങ്ങലകളുമായി മാളത്തിൽനിന്നു പുറത്തിറങ്ങി. അവർ കാട്ടുനീതിയുടെ സ്മൃതികളുമായി രാജ്യത്തെ പിന്നോട്ടു കെട്ടിവലിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്ഥാനം അളക്കുന്ന ചിന്താധാരകളെ പൊടിതട്ടിയെടുക്കുന്നു. നമ്മുടെ ദേശീയകവിയുടെ സ്വപ്നംപോലെ മനസ് ഭയരഹിതവും ശിരസ് ഉയർത്താവുന്നതുമായ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് ഇന്ത്യ ഉയരട്ടെ.
ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ വ്യത്യാസമില്ലാതെ അവനവന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും നിയമാനുസൃതമായ വേഷം ധരിക്കാനും വർഗീയവാദികളാൽ ചോദ്യം ചെയ്യപ്പെടാതെ തീവണ്ടിയിലോ ബസിലോ ഉൾപ്പെടെ യാത്രചെയ്യാനും സാധ്യമാകുന്ന ഒരു ദിവസം നമ്മുടെ സ്വപ്നമായിരിക്കുന്നു; സ്വാതന്ത്ര്യത്തിന്റെ എട്ടു പതിറ്റാണ്ടു പിന്നിട്ടപ്പോൾ. ഇങ്ങനെ പോയാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലും ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ സഹപൗരനെ ബന്ധിക്കാനുള്ള ചങ്ങലയുമായി സവർണദുർഗന്ധം വമിപ്പിക്കുന്നവർ രാജ്യത്തെ അപമാനിക്കും.
നാം നിരാശരല്ല. കഴിഞ്ഞ മാസം ഡൽഹിയിലെത്തി സർക്കാരിനെ വിറപ്പിച്ച കുട്ടികളെ നയിച്ചത് അഭിജിത് ദീപ്കെ എന്ന ദളിതനാണ്. അയാളെ പിന്തുണച്ച ജാതി-മത-രാഷ്ട്രീയഭേദമെന്യേയുള്ള കോടിക്കണക്കിനു ജനങ്ങൾ പ്രതീക്ഷയാണ്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യം അതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. അതേ, നാം ഇന്ത്യക്കാരായ പൗരന്മാർ കൈകോർത്ത് അസമത്വചിന്തയില്ലാതെ ദേശീയപതാക ഉയർത്തുകയും ഒരേ പാത്രത്തിൽനിന്നു ഭക്ഷണം കഴിക്കുകയും ഒരേ പാനപാത്രം പങ്കുവയ്ക്കുകയും ചെയ്യും. ആ സ്വാതന്ത്ര്യദിനമാണ് നമ്മുടെ സ്വപ്നം. ജയ് ഹിന്ദ്
Editorial
കേരളം ഗുണ്ടകൾക്കു പഞ്ഞമില്ലാത്ത നാടായി. പല വിശേഷണങ്ങളിൽ പലതരം ഗുണ്ടകൾ. വിവിധ സ്പെഷാലിറ്റികളിൽ വിരാജിക്കുന്നവരുണ്ട്. സവിശേഷ ഓപ്പറേഷനുകൾക്ക് കുപ്രസിദ്ധിയാർജിച്ചവരുണ്ട്. ചിലർ ഒരുപാട് ആരാധകരുമായി താരപരിവേഷത്തിൽ വിലസുന്നു. ചിലർക്കു കരുത്തരായ സ്പോൺസർമാരുണ്ട്. രാഷ്ട്രീയക്കാരും മറ്റുചില തത്പരകക്ഷികളും ഗുണ്ടകളെ പോറ്റിവളർത്തുന്നു. ഗുണ്ടാവേട്ടയ്ക്ക് സംസ്ഥാന സർക്കാർ ‘ഓപ്പറേഷൻ ഗ്രിപ്’ എന്ന പേരിൽ നീക്കം തുടങ്ങിയിട്ടുണ്ട്. വഴുതരുത്. തൂഫാൻ ആഞ്ഞടിച്ചതുപോലെ ഗ്രിപ്പും മുറുകട്ടെ.
കണക്കുകളൊക്കെ കൃത്യമാണ്. സംസ്ഥാനത്താകെ 1497 ഗുണ്ടകൾ. ഏറ്റവും കൂടുതൽ തൃശൂരിൽ. രണ്ടാംസ്ഥാനത്ത് കൊല്ലം. കാപ്പ കേസിൽ ജയിലിൽ കഴിയുന്നവർ 278. നാടുകടത്തപ്പെട്ടവർ 238 പേർ. പിടികിട്ടാപ്പുള്ളികളായി പറന്നുനടക്കുന്നവർ 16. കാപ്പ കേസ് പ്രതികളുടെ കണക്കിൽ തലസ്ഥാനംതന്നെ മുന്നിൽ.
ഇത്രയും കാര്യങ്ങൾ പോലീസിനറിയാമെന്നത് അഭിനന്ദനാർഹംതന്നെ. പക്ഷേ, വേണ്ടത് വേറൊരു കണക്കാണ്. സ്പോൺസർമാരുടെ കണക്ക്. അതായിരിക്കും ഒരുപക്ഷേ, പോലീസിനു കൂടുതൽ നന്നായി അറിയുക. എന്നാൽ, ഗുണ്ടകളുടെ കണക്കേ പുറത്തുവിടൂ. വേലിയിൽ കിടക്കുന്ന പാമ്പിനെയാരും നക്ഷത്രത്തിനു പകരം തോളിൽ തുന്നിപ്പിടിപ്പിക്കില്ലല്ലോ! ഗുണ്ടാപ്രമുഖരുടെ സ്പോൺസർമാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഇന്റലിജൻസിനു ലഭിച്ചെന്നാണ് വാർത്ത.
ഇവരെയൊക്കെ എങ്ങനെ പിടിക്കും എന്നോർത്ത് പോലീസ് തന്നെയാണോ ഞെട്ടിയത്. വിരട്ടാനും തല്ലാനും കൊല്ലാനും കോടികൾ മുടക്കാൻ ശേഷിയുള്ളവരാണ് ‘ഞെട്ടിക്കുന്ന’ ലിസ്റ്റിലുള്ളത്. രാഷ്ട്രീയമായും ബിസിനസ്പരമായും നല്ല ‘ഗ്രിപ്പു’ള്ളവർ. ഈ നീരാളിപ്പിടിത്തത്തിൽ വെറുതെ തലവച്ചുകൊടുത്ത് കൈയും കാലും കളയണോ എന്ന് പോലീസുദ്യോഗസ്ഥർ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കുടുംബത്തോടൊപ്പം സമാധാനമായി കഴിയാനാണല്ലോ അവർ പോലീസായത്.
ഇതേ വഴിയുള്ളൂ. സ്പോൺസർമാരെ പൂട്ടുക. രാഷ്ട്രീയാഭയം നൽകുന്നത് ഒഴിവാക്കുക. അപ്പോൾ ഗുണ്ടകളുടെ വിലസൽ നിൽക്കും. അതോടെ പോലീസുകാർ അവരുടെ ജോലി ചെയ്യും. ഗുണ്ടകൾ അകത്താകും. ‘മറുപക്ഷത്തു’ നിൽക്കുന്ന ചില പോലീസുദ്യോഗസ്ഥർ എക്കാലത്തുമുണ്ടാകും. അവരെയും വെറുതേ വിടരുത്. ഇന്ത്യയിൽ എന്നും ക്ഷാമമനുഭവപ്പെടുന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് അതിനു വേണ്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജോലി തുടങ്ങിയതാണ്. ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശുന്നത് നാം കാണുന്നുണ്ട്.
അർജുൻ ആയങ്കിയെയും ടി.ജി. മോഹൻദാസിനെയും അറസ്റ്റ് ചെയ്തതിലെ ജാഗ്രത നാം തിരിച്ചറിയുന്നുണ്ട്. ഗുണ്ടകളുടെ വെല്ലുവിളിയിൽ മുട്ടുവിറയ്ക്കാത്ത മന്ത്രിയെന്ന പുകഴ്ത്തൽ നാം കേൾക്കുന്നുണ്ട്.
പക്ഷേ, വേറെയും ചിലത് കേൾക്കുന്നു, കാണുന്നു. ഏതു പോലീസുദ്യോഗസ്ഥനും അറിയുന്ന, സാമാന്യബോധമുള്ള ആർക്കും മനസിലാകുന്ന ചില നടപടിക്രമങ്ങൾ സംഘപ്രചാരകനെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് മറന്നു. ജാമ്യം വിധിച്ചുകൊണ്ട് കോടതി പോലീസിനെ വിമർശിക്കുകയും ചെയ്തു. അറസ്റ്റ് വൈകിയാലും പഴുതടച്ച നടപടിയാകുമെന്നാണ് മന്ത്രി പറയാറ്. ഈ കേസിൽ പക്ഷേ, പണി പാളി. രാഷ്ട്രീയ എതിരാളികൾ കിട്ടിയ അവസരം നന്നായി മുതലാക്കുന്നു.
കാസർഗോട്ട് മയക്കുമരുന്നു കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണ് എന്നതാണ് അസ്വാസ്ഥ്യജനകമായ മറ്റൊരാരോപണം. ഇയാളോടൊപ്പം അറസ്റ്റിലായവരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നു വാർത്തയുണ്ട്. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാൻ ഒട്ടും വൈകരുത്. ഭരണകക്ഷിയുടെ ആളാണെങ്കിൽ പോലീസിൽനിന്നു സംരക്ഷണം കിട്ടും, മറ്റേതെങ്കിലും പ്രമുഖ കക്ഷിയുടെ ആളാണെങ്കിൽ അവർ നോക്കിക്കോളും എന്നൊക്കെ ക്രിമിനലുകൾക്ക് ആത്മവിശ്വാസമുണ്ടായാൽ വലിയ കാറ്റുകളെല്ലാം കടലിൽ മാത്രം വീശി അപ്രത്യക്ഷമാകും. നാടിനെ ക്രിമിനലുകളിൽനിന്നു മോചിപ്പിക്കുന്നതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപങ്കാണ്.
എപ്പോഴും പറയാറുള്ളതുപോലെ, രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ ആശ്രയിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്ന നടപടിയാണ്. ഇത് രാഷ്ട്രീയ ചർച്ചകൾക്കും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനും പകരം, ഗുണ്ടകളെ രാഷ്ട്രീയ ആയുധമാക്കാൻ ഇടയാക്കുന്നു. രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനമാണ് മറ്റന്നാൾ. കേരളത്തിൽ ഗുണ്ടകളെ ഒറ്റപ്പെടുത്തി നിഷ്കാസനം ചെയ്യുമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ പ്രതിജ്ഞ ചെയ്യട്ടെ. അങ്ങനെ ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാകട്ടെ. ക്രിമിനലിസത്തിൽനിന്ന് കേരളത്തെ സ്വതന്ത്രമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒപ്പമുണ്ടാകും, തീർച്ച.
Editorial
ന്യൂനപക്ഷവിരുദ്ധതയുടെ, പ്രത്യേകിച്ച് ക്രൈസ്തവ വേട്ടയുടെ പല്ലും നഖവും ഒളിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ സാഹചര്യസമ്മർദത്താൽ പാർലമെന്റിന്റെ മേശപ്പുറത്തുനിന്നെടുത്താലും ഇല്ലെങ്കിലും ബിജെപി കൈയിൽനിന്നു താഴെവയ്ക്കാനിടയില്ല. പുതുക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ, ഗോവധനിരോധനനിയമം, ബുൾഡോസർരാജ്, ആൾക്കൂട്ട ആക്രമണം, പരസ്യവിചാരണ, കള്ളക്കേസുകൾ, മണിപ്പുരിൽ ഉൾപ്പെടെ ക്രൈസ്തവരെ ലക്ഷ്യമിട്ട ആക്രമണങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ ഹിന്ദുത്വ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക ആക്രമണമാണിത്.
നിയമവിദഗ്ധരും പ്രതിപക്ഷവും ന്യൂനപക്ഷങ്ങളും ചൂണ്ടിക്കാണിച്ച നിഗൂഢ വകുപ്പുകളെക്കുറിച്ച് ബിജെപിക്കു മറുപടിയില്ല. ക്രൈസ്തവർ ഭയപ്പെടണോ അവരുടെ സ്വത്തുക്കൾ കൈയേറുമോ എന്നതൊന്നുമല്ല വിഷയം; അതിനുള്ള വകുപ്പുകൾ എഫ്സിആർഎയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. വിദേശസംഭാവന തെറ്റായി സ്വീകരിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതു തടയാൻ എഫ്സിആർഎ നിയമം നിലവിലുണ്ട്. 1976ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം 2010ൽ മൻമോഹൻ സിംഗ് സർക്കാർ പുതുക്കി.
ദുരുപയോഗിച്ചാൽ വിദേശ സംഭാവനകൾ ഉപയോഗിച്ചു സ്വന്തമാക്കിയ ആസ്തികൾ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന് ഏറ്റെടുക്കാൻ അതിൽ വകുപ്പുണ്ട്. പക്ഷേ, മുൻപുണ്ടായിരുന്ന ഗോവധനിരോധന നിയമവും മതപരിവർത്തനിരോധന നിയമവുമൊക്കെ അക്രമോത്സുകമാക്കിയതുപോലെ എഫ്സിആർഎയും ന്യൂനപക്ഷങ്ങളെ തകർക്കാൻ തക്കവിധം ബിജെപി പുതുക്കുകയാണ്.
ഇനി, വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ മാത്രമല്ല, നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്താൽപോലും ഇത്തരം ഫണ്ട് ഉപയോഗിച്ചു സന്പാദിച്ച ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാം. ഇതു വിൽക്കാനുമാകും. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്കു മാറ്റും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരവുമുണ്ട്. ഒരു ആസ്തി ഭാഗികമായി മാത്രമാണ് വിദേശ സംഭാവനയിൽനിന്ന് സൃഷ്ടിച്ചതെങ്കിൽ പോലും മുഴുവനും ഏറ്റെടുക്കാമെന്ന് സെക്ഷൻ 16എ(2) വ്യക്തമാക്കുന്നു. ലൈസൻസ് റദ്ദാക്കുന്നിടത്താണ് ‘പണി’ തുടങ്ങുന്നത്. അത് ‘പൊതുജനതാത്പര്യാർഥം’ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നത്.
മതപരിവർത്തനം നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഒരു വ്യക്തിയോ സംഘടനയോ വിചാരണ ചെയ്യപ്പെടുകയാണെങ്കിലും ലൈസൻസ് റദ്ദാക്കാം. ഏതെങ്കിലുമൊരു സംഘപരിവാർ സംഘടനയ്ക്ക് മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഒരു പരാതി കൊടുക്കാനാണോ വിഷമം! ലൈസൻസ് റദ്ദാക്കാനിരിക്കുന്ന ഉദ്യോഗസ്ഥൻ സർക്കാരിന്റെയും സംഘപരിവാറിന്റെയും താത്പര്യങ്ങളെ തള്ളിക്കളയുമോയെന്നത് ചിന്തിച്ചാൽ മതി.
ഒരു വ്യക്തി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വമേധയാ തിരികെ നൽകിയാലും രക്ഷയില്ല. ആ വ്യക്തിയുടെ പക്കൽ അവശേഷിക്കുന്ന മുഴുവൻ വിദേശ സംഭാവനയും അതിൽനിന്ന് സൃഷ്ടിക്കപ്പെട്ട ആസ്തികളും നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാകും. വിദേശസംഭാവന വേണ്ടെന്നു വച്ചാലും രക്ഷയില്ല. ക്ലോസ് 16എ(1)(ബി) പ്രകാരം, വിദേശ സംഭാവനയിൽനിന്നുണ്ടായ എല്ലാ ആസ്തികളും സംഭാവനബാക്കിയും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ആസ്തികളും അഥോറിറ്റിക്ക് കണ്ടുകെട്ടാം.
എന്താല്ലേ, ബിജെപിക്കാലത്തെ വിചിത്ര നിയമങ്ങൾ! മടിയിൽ കനമുള്ളവനല്ലേ പേടിക്കേണ്ടതുള്ളൂ? തട്ടിപ്പു നടത്തിയിട്ടില്ലെങ്കിൽ, വിദേശസംഭാവനകൾ സ്വന്തം കാര്യത്തിനും മതപരിവർത്തനത്തിനുമൊക്കെ ഉപയോഗിച്ചിട്ടില്ലെങ്കിൽ നിയമത്തെ എതിർക്കുന്നത് എന്തിന്? ഇതു ക്രൈസ്തവർക്കും മുസ്ലിംകൾക്കും മാത്രമല്ലല്ലോ, എല്ലാവർക്കും ബാധകമല്ലേ? അവർക്കൊന്നും പ്രശ്നമില്ലല്ലോ... സംഘമനസുള്ള ‘നിഷ്പക്ഷ നിരീക്ഷകരും’ സമൂഹമാധ്യമ ‘നിഷ്കളങ്കരു’മൊക്കെ ആവർത്തിക്കുകയാണ്.
ന്യൂനപക്ഷ വിരുദ്ധതകളെ വെള്ളപൂശാൻ ഇറക്കുന്ന സ്ഥിരം ചോദ്യങ്ങളാണിവ. എഫ്സിആർഎയുടെ കാര്യമെടുത്താൽ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതുപോലെ തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ ലൈസൻസ് റദ്ദാക്കാതിരിക്കാനും സ്വത്തു കണ്ടുകെട്ടാതിരിക്കാനുമൊക്കെ നിയമത്തിൽ പഴുതിട്ടിട്ടുണ്ട്. പൊതുതാത്പര്യം മുൻനിർത്തി അത്തരം ഒരു ഒഴിവാക്കൽ ആവശ്യമാണെന്ന് സർക്കാർ കരുതുന്നെങ്കിൽ, ഏതെങ്കിലും സംഘടനയെയോ സംഘടനകളുടെ വിഭാഗത്തെയോ വ്യക്തിയെയോ ഈ ബില്ലിന്റെ പരിധിയിൽനിന്ന് ‘വകുപ്പ് 16-എൽ’ ഉപയോഗിച്ച് ഒഴിവാക്കാം.
മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ ആക്രമിക്കുന്പോൾ ഘർവാപ്പസി എന്ന സംഘപരിവാർ മതപരിവർത്തനത്തെ ഒഴിവാക്കുന്നതും, അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ ഏജൻസികൾ ബിജെപിയെയും സഖ്യ കക്ഷികളെയും ബിജെപിയിലേക്കു വരുന്ന അഴിമതിക്കാരെയും ഒഴിവാക്കുന്നതുമൊക്കെ ഈ രാജ്യത്താണ്. തെരഞ്ഞെടുപ്പ് ശുദ്ധീകരിക്കാൻ വോട്ടർപട്ടിക പരിഷ്കരിക്കാനിറങ്ങിയിരിക്കുന്ന കമ്മീഷൻ കള്ളവോട്ട് ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തോടു കയർക്കുന്നതും ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ ഒഴിവാക്കുന്നതും ഈ രാജ്യത്തുതന്നെയാണ്.
സംഘപരിവാർ മിത്രങ്ങളാരും എഫ്സിആർഎയുടെ കണ്ടുകെട്ടലിലും പെടില്ല. എഫ്സിആർഎ ലക്ഷ്യമിടുന്നത് മതപരിവർത്തനക്കാരെ തന്നെയാണെന്ന് വളച്ചുകെട്ടൊന്നുമില്ലാതെ ലോക്സഭയിൽ പറഞ്ഞത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ്. അതു തെറ്റാണെന്നു കരുതാൻ 12 വർഷത്തിനിടെ നമുക്ക് ഉദാഹരണങ്ങളില്ല. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ജീവകാരുണ്യം, ദാരിദ്ര്യോച്ഛാടനം, സ്വാതന്ത്ര്യസമരം, നവോത്ഥാനം... എന്നിങ്ങനെ രാഷ്ട്രനിർമാണത്തിലെ സജീവപങ്കാളികളാണ് ക്രൈസ്തവർ.
പക്ഷേ, അതൊക്കെ ദുർവ്യാഖ്യാനം ചെയ്ത് ക്രൈസ്തവരെ സംശയനിഴലിലാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വിഭജനരാഷ്ട്രീയം ശക്തി പ്രാപിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. മിക്ക ബിജെപി സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ അരക്ഷിതരായിരിക്കേ എഫ്സിആർഎ മതേതര ഇന്ത്യ നേരിടുന്ന പുതിയ വെല്ലുവിളിയാണ്. ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് നിയമസഭ ഇതിനെതിരേ പ്രമേയം പാസാക്കി.
വിദൂര ഗോത്രമേഖലകളിൽ ഏറ്റവും വലിയ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ക്രിസ്ത്യൻ സ്ഥാപനങ്ങളാണെന്നും വെറും ഉറപ്പല്ല, നിയമപരമായ വ്യക്തതയാണ് വേണ്ടതെന്നും മേഘാലയ ബിജെപി എംഎൽഎ എ.എൽ. ഹെക്ക് ആവശ്യപ്പെട്ടു. നിയമവിദഗ്ധർ ഈ വിചിത്ര നിയമത്തിനെതിരേ രംഗത്തു വന്നു. പ്രമുഖ മാധ്യമങ്ങൾ പിഴവുകൾ ചൂണ്ടിക്കാണിച്ചു. ബിജെപിയും കുഴലൂത്തുകാരും മാത്രം സമ്മതിക്കില്ല.
വർഗീയതയും വിഭാഗീയതയും ന്യൂനപക്ഷവിരുദ്ധ സാന്പത്തികാക്രമണവും ആരോപിക്കപ്പെടുന്ന ഈ ബിൽ തയാറാക്കിയ കൈകൾകൊണ്ട് ദേശീയപതാക ഉയർത്തുന്നത് ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനുംവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനികളോടുള്ള നിന്ദയാകും.
Editorial
അർജുൻ ആയങ്കിയും ടി.ജി. മോഹൻദാസും ഒരേ തലക്കെട്ടിനു കീഴിൽ പ്രത്യക്ഷപ്പെടുന്നതിനെ കാവ്യനീതിയെന്നു വിളിക്കാമോ? ഒരാൾ വിവിധ കേസുകളിൽ ഉൾപ്പെട്ട, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒന്നാന്തരം ക്രിമിനൽ. മറ്റേയാൾ പൊതുപ്രവർത്തകനെന്ന ലേബലിൽ ഒന്നാന്തരം വിദ്വേഷം പ്രചരിപ്പിക്കുന്നയാൾ. രണ്ടു പേരും സ്വേച്ഛാധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ കാവ്യനീതി എന്ന പ്രയോഗത്തിന് പൊരുത്തമുണ്ട്.
കേരളം മുഴുവൻ സാമ്രാജ്യമാക്കിയ അധോലോക, ക്വട്ടേഷൻ നേതാവായ അർജുൻ ആയങ്കി സിപിഎം രാഷ്ട്രീയത്തിന്റെ പിന്തുണയോടെയാണ് നിയമവാഴ്ചയെ വെല്ലുവിളിക്കാൻ തക്ക കരുത്തു നേടിയത്. പാർട്ടിക്കുവേണ്ടി ഉപയോഗിച്ച മറ്റു പലരെയുമെന്നപോലെ ആയങ്കിയെയും സിപിഎം തള്ളിപ്പറഞ്ഞിട്ടുണ്ട്. അതവരുടെ നിലനില്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കട്ടെ.
സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇയാളെപ്പോലൊരു ഗുണ്ട പിടിയിലായത് ആശ്വാസമാണ്. 23 കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ വിലസിയതും അയാളെ ഒളിപ്പിക്കാനും സഹായിക്കാനും ഒരുപാടുപേർ ഉണ്ടായി എന്നതും അസ്വാസ്ഥ്യജനകംതന്നെ.
ഏതൊരു ഗുണ്ടയുടെയും അവസ്ഥ ഇതാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ ജനം കൈയടിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് സ്വസ്ഥവും സമാധാനവുമായി ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കേരളം ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ നിലയ്ക്കുനിർത്തുമെന്നും അദ്ദേഹം പറയുമ്പോൾ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും മുമ്പോട്ടു വരണം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ജയരാജനുമെല്ലാം ആയങ്കിയെ തള്ളിപ്പറഞ്ഞതിൽ ആർജവമുണ്ടെങ്കിൽ കേരളത്തിന് പ്രതീക്ഷയ്ക്കു വകയുണ്ട്. രാഷ്ട്രീയവും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എക്കാലത്തും അതേക്കുറിച്ചുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അനിയന്ത്രിതമായ ബന്ധം ഭരണവ്യവസ്ഥയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് അപകടകരമാണ്. കോടികൾ വാരിയെറിയുന്ന ബിസിനസായി രാഷ്ട്രീയവും തെരഞ്ഞെടുപ്പും മാറുമ്പോൾ സ്വാഭാവികമായി ഗുണ്ടകളും അനിവാര്യമാകുന്നു. താത്കാലിക നേട്ടങ്ങൾക്ക് അടിപ്പെട്ട് വോട്ട് ചെയ്യുന്ന നിഷ്ക്രിയമായ ജനക്കൂട്ടമാണ് രാഷ്ട്രീയ ക്രിമിനലിസം വളർത്തുന്നത്.
കേവലം ജനക്കൂട്ടം എന്നതിൽനിന്ന് ഉയർന്ന രാഷ്ട്രീയബോധമുള്ള ‘പൗരന്മാർ’ ആയി മാറുമ്പോൾ മാത്രമേ ഈ അവിശുദ്ധ കൂട്ടുകെട്ട് തകർക്കാൻ സാധിക്കൂ. രാഷ്ട്രീയാധികാരവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിചാരധാരയാണ് വിദ്വേഷപ്രചാരണം. അതിൽ അഗ്രഗണ്യനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായി ഇന്നലെ ജാമ്യത്തിലിറങ്ങിയ സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസ്.
ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവജനങ്ങളെയാണ് മോഹൻദാസ് സമൂഹമാധ്യമം വഴി അധിക്ഷേപിച്ചത്. താനായിരുന്നെങ്കിൽ സമരക്കാരെ വെടിവയ്ക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നൊക്കെയായിരുന്നു ജൽപനം. കേസെടുത്ത് പതിനൊന്നാം ദിവസമായിരുന്നു അറസ്റ്റ്. വൈകാരികമായ വിദ്വേഷത്തെയും മുൻവിധികളെയും ആളിക്കത്തിക്കുകയെന്നതാണ് മോഹൻദാസടക്കമുള്ള വിദ്വേഷപ്രസംഗകർ ചെയ്യുന്നത്.
ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല. ആധിപത്യത്തിനു ശ്രമിക്കുന്ന ഒരു നിഷേധ പ്രത്യയശാസ്ത്രത്തിന്റെ പല മാർഗങ്ങളിൽ ഒന്നാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ ഒരേ കാര്യം കേൾക്കുന്ന സാധാരണ മനുഷ്യർ ചിന്തിക്കാതെ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കുതന്ത്രങ്ങൾ കൃത്യമായി തിരിച്ചറിയുന്നവരാണ് പുതുതലമുറയെന്നതാണ് ആശ്വാസം.
പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന വ്യത്യസ്ത ചിന്തകളും സമരരീതികളുമാണ് അവരെ നയിക്കുന്നത്. ടി.ജി. മോഹൻദാസിന്റെ പരാമർശങ്ങളിലുള്ളത് കടുത്ത സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമാണ്. മനുഷ്യാവകാശങ്ങളെയും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയും തരിമ്പും വകവയ്ക്കാത്ത ധാർഷ്ട്യപ്രകടനം. അത്യന്തം അപകടകരമായ വികൃത മനോഭാവമാണ് ഇതിനു പിന്നിൽ.
വിദ്വേഷപ്രസംഗങ്ങൾ ഒരു വ്യക്തിക്കോ സമൂഹത്തിനോ എതിരേയുള്ള ആക്രമണം മാത്രമല്ല, ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാഹോദര്യത്തിനും മാനവികതയ്ക്കും നേരേയുള്ള വഞ്ചനയാണ് എന്നാണ് വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം.
വിദ്വേഷപ്രചാരകരിൽനിന്ന് സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ സംരക്ഷിക്കണമെങ്കിൽ, അസഹിഷ്ണുതയോട് സഹിഷ്ണുത കാണിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ടായിരിക്കണം എന്ന ഓസ്ട്രിയൻ-ബ്രിട്ടീഷ് ചിന്തകൻ കാൾ പോപ്പറുടെ വാക്കുകളും ഇതോടു ചേർത്തുവയ്ക്കാം.
അർജുൻ ആയങ്കിയുടെയും ടി.ജി. മോഹൻദാസിന്റെയും അറസ്റ്റും ആഭ്യന്തരമന്ത്രിയുടെ വാക്കുകളും ജനങ്ങളിപ്പോൾ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. പോലീസിലെയും രാഷ്ട്രീയക്കാരിലെയും ചിലർ പതിവു വേലത്തരങ്ങളുമായി വരാതിരിക്കില്ല. അത് തിരിച്ചറിഞ്ഞ് തടഞ്ഞില്ലെങ്കിൽ മന്ത്രിയുടെ വിശ്വാസ്യത മാത്രമല്ല നഷ്ടമാകുക; ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത കൂടിയാണ്.
Editorial
കടലിലേക്കു പോയവർ തിരികെ വരാതിരിക്കുമ്പോൾ കരയിൽ ബാക്കിയാകുന്നത് തിരകളെണ്ണിത്തീർക്കാൻ കഴിയാത്ത കണ്ണീർക്കടലാണ്. അവസാനമില്ലാത്ത അന്തമില്ലായ്മ. മണിക്കൂറുകളും ദിനങ്ങളും കടന്നുപോകുമ്പോഴും ഒരു നിഗമനത്തിനും വിട്ടുകൊടുക്കാൻ കഴിയാത്ത, ഉത്തരം കിട്ടാത്ത വലിയൊരു ഉത്കണ്ഠമാത്രം ബാക്കിയാകുന്നു. കടലിന്റെ മക്കളുടെ കണ്ണീർ പരമ്പര അവസാനിക്കുന്നേയില്ല. അഞ്ചുതെങ്ങിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഷിജിന്റെ ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിൽ പ്രാർഥനയുണ്ട്. പ്രതീക്ഷയുണ്ട്. ആശങ്കയുണ്ട്. പ്രതിഷേധമുണ്ട്. നിസഹായതയുമുണ്ട്. പത്താം ദിവസത്തിലേക്കു നീണ്ട ഉത്കണ്ഠ ഷിജിന്റെ കുടുംബത്തിന്റെയുള്ളിൽ കാലവർഷക്കാറ്റിനേക്കാളുമുയരത്തിൽ വീശിയടിക്കുകയാണ്.
പ്രതീക്ഷ അവരെ കടലിലേക്കു കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം അവരെ അനന്തമായ പ്രാർഥനയിലേക്കു നയിക്കുന്നു. നിസഹായത അവർക്കുള്ളിൽനിന്നു കരച്ചിലായി പുറത്തുവരുന്നു. പ്രതിഷേധം രോഷമായും കുത്തിയിരിപ്പു സമരമായും ഭരണാധികാരികളുടെ മനഃസാക്ഷിക്കുനേരേ വിരൽചൂണ്ടുന്നു. മുതലപ്പൊഴിയിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നായിരുന്നു വെള്ളിയാഴ്ച അവരുടെ പ്രതിഷേധം. ഇടവക വികാരിയും മറ്റുള്ളവരും ഇടപെട്ടപ്പോൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സി.പി. ജോൺ വന്ന് നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അവസാനിക്കാത്തത് ദുരന്തങ്ങളും സങ്കടപ്പേമാരിയും രോഷവും മാത്രം. മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയിൽനിന്നാണ് ഷിജിൻ അപകടത്തിൽപ്പെടുന്നത്. വലിയ രീതിയിലുള്ള തെരച്ചിൽ നടത്തും എന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. വള്ളം മറിഞ്ഞ സ്ഥലം അറിയുന്ന മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെയുംകൂടി തെരച്ചിലിന് ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തെ പൂർണമായും ബോധ്യപ്പെടുത്തി തെരച്ചിൽ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ഷിജിനെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിന്റെ വൈകിയെത്തിയ ജാഗ്രതയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രാർഥനയും പ്രതീക്ഷയും ഫലപ്രാപ്തിയിലെത്തുമെന്നു കരുതാം. അപ്പോഴും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു വഴി എന്ന ചോദ്യം മന്ത്രിമന്ദിരങ്ങൾക്കും നിയമനിർമാണ സഭയ്ക്കും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കും സമൂഹമനഃസാക്ഷിക്കുമിടയിൽ ചുറ്റിനടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത്. അടുത്ത കാലത്ത് ഏറ്റവുമധികം മരണവും നാശവുമുണ്ടായത് മുതലപ്പൊഴിയിലാണ്. തുറമുഖത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയില്ലെന്ന് നിയമസഭയിൽ സർക്കാരിനുനേരേ വിരൽ ചൂണ്ടിയവരാണ് ഇന്നത്തെ മന്ത്രിമാർ.
കടൽക്ഷോഭം വരുന്നു എന്ന സൂചന കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നു പറയുന്നതോടെ അധികൃതരുടെ ഉത്തരവാദിത്വം തീരുന്നതെന്തുകൊണ്ടാണ്? അല്ലെങ്കിൽ, മുതലപ്പൊഴിയിലെ അപകട മൺതിട്ടകൾ അവഗണിച്ച് അവർ കടലിൽ പോകുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? അവരുടെ അന്നം കടലിലാണ്. അവരുടെ ജീവിതം തിരമാലകളുടെ താളത്തിനൊത്താണ്. കടലിന്റെ ഭാവം വന്യമായി മാറിയാലും കടലമ്മയിലുള്ള വിശ്വാസമാണ് അവരെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും ചങ്കൂറ്റത്തെയും പിന്തുണയ്ക്കുകയാണ് ഭരിക്കുന്നവരുടെ ചുമതല. മീൻ പിടിക്കാൻ കഴിയാത്ത കാലത്ത് അവർ വിശന്നിരിക്കുകയല്ലെന്ന് ഉറപ്പാക്കണം. അവരുടെ കുട്ടികൾ സ്കൂളുകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഹാർബർ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കംചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും നേരത്തേതന്നെ മുതലപ്പൊഴിയിലെ പ്രശ്നങ്ങളാണ്. അതിനുപുറമെയാണ് തുറമുഖനിർമാണം മൂലമുണ്ടായ മറ്റ് ആപത്തുകൾ. പൂനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. പുലിമുട്ടുകളുടെ പുനഃക്രമീകരണമാണ് അവർ പ്രധാനമായും നിർദേശിച്ചത്. അതോടൊപ്പം ഹാർബർ കവാടത്തിന്റെ വീതി കൂട്ടാനും ശിപാർശ ചെയ്തു. സിഡബ്ല്യുപിആർഎസ് നൽകിയ മാസ്റ്റർ പ്ലാൻ പ്രകാരം 164 കോടിയോളം രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, ശാസ്ത്രീയമായ പഠനങ്ങളും റിപ്പോർട്ടുകളും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നിർമാണ പ്രവർത്തനങ്ങൾ പ്രയോഗികതലത്തിൽ വേഗത്തിലാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഡ്രഡ്ജിംഗ് പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതികളെ നിയോഗിക്കണം, അപകടത്തിൽപെട്ടു മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തോടൊപ്പം കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കണം, തകരുന്ന വള്ളങ്ങൾക്കും വലകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം എന്നതൊക്കെ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഏറ്റവും പ്രധാനം അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സംവിധാനങ്ങൾ ഉണരുകയെന്നതാണ്. അതിനായി മുതലപ്പൊഴിയിൽ 24 മണിക്കൂറും ആധുനിക ആംബുലൻസ്, വാട്ടർ ആംബുലൻസ്, ലൈഫ് ഗാർഡുകൾ, സ്കൂബ ഡൈവേഴ്സ് എന്നിവയുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു ചുഴലിക്കാറ്റോ ന്യൂനമർദമോ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനോ അപകടത്തിൽപ്പെടുമ്പോൾ അവരെ പെട്ടെന്നു കണ്ടെത്താനോ ഉള്ള "റിയൽ ടൈം' സംവിധാനങ്ങൾ ഇപ്പോഴും പൂർണതോതിൽ ലഭ്യമായിട്ടില്ല എന്നത് ലജ്ജാകരമാണ്.
Editorial
ജനാധിപത്യരാജ്യം ഭരിക്കുന്നവർക്ക് ജനങ്ങളുടെ ചോദ്യങ്ങളെ ഭയമാണോ? ജയിച്ചുകയറാനുള്ള മഹാബലീ ശിരസുകൾ മാത്രമാണോ ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാര്? മുറ്റത്തു വന്ന് സാഷ്ടാംഗം പ്രണമിച്ച് നാടകം കളിക്കാനുള്ള വേദി മാത്രമാണോ ഇന്ത്യൻ പാർലമെന്റ്?
എങ്ങും ചോദ്യങ്ങൾ മാത്രം. ഉത്തരമെവിടെ? പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുകയാണ്. നിരവധി വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ. സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും യുക്തിപൂർവം തീരുമാനമെടുക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ നെടുംതൂണുകളായ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സഭകളിൽ കാണാനില്ല. പാർലമെന്റ് മന്ദിരത്തിൽ കനത്ത സുരക്ഷയിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ കാണുന്നുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ ശ്രീകോവിലിനു മുന്നിൽ തൊഴുതുനിൽക്കുന്ന ചിത്രങ്ങളും കാണുന്നുണ്ട്. പക്ഷേ, ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുന്നിൽ വരാൻ മാത്രം ഇവരുടെ മുട്ടിടിക്കുന്നതെന്താണ്?
ജനാധിപത്യത്തോടുള്ള ഈ തികഞ്ഞ അനാദരവാണ് ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കുന്നത്. ‘പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കണം, സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹത്തെ അറിയിക്കണം’ എന്നൊക്കെ രാജ്യസഭാ അധ്യക്ഷന്‍ പാർലമെന്ററികാര്യ മന്ത്രിയോടു പറയേണ്ടിവന്നു. വർഷകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ആഭ്യന്തരമന്ത്രി സഭയിലെത്തിയിട്ടില്ല. എവിടെ അമിത് ഷാ എന്ന ചോദ്യത്തിൽ സഭാ നടപടികളാകെ മുങ്ങിയിട്ടും കേളൻ കുലുങ്ങിയിട്ടില്ല.
അതേസമയം, ബിജെപിക്ക് പ്രത്യേക താത്പര്യമുള്ള എഫ്സിആർഎ ബിൽ പാസാക്കാൻ താൻ സഭയിലെത്തുമെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ സംഘടനകളും മറ്റു ന്യൂനപക്ഷ, സന്നദ്ധ സംഘടനകളുമെല്ലാം എതിർക്കുന്ന ബില്ല് എങ്ങനെയും പാസാക്കിയെടുക്കാനുള്ള ‘ശുഷ്കാന്തി’ കാണാതെ പോകരുത്.
അഭൂതപൂർവമായ യുവജന സമരത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. പരിഹസിച്ചും കൈയൂക്കു കാട്ടിയും ഒതുക്കാൻ പരമാവധി ശ്രമിച്ചിട്ടും ജ്വലിച്ചുനിന്ന ജെൻ സിക്കു മുന്നിൽ ഒടുവിൽ സർക്കാർ മുട്ടുകുത്തി. പക്ഷേ, സമരത്തിനിടെ വിദ്യാർഥികളെ അടിച്ചൊതുക്കാനും പെല്ലറ്റ് പ്രയോഗിക്കാനുമൊക്കെ ഉത്തരവിട്ടതാരാണ്? യുവാക്കളെ തല്ലിച്ചതച്ചതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും? ചോദ്യങ്ങൾ വായുവിൽ കത്തിനിൽക്കുന്നു. മറുപടി പറയേണ്ടവർ നാണംകെട്ട മൗനത്തിനു പിറകിൽ ഒളിച്ചിരിക്കുകയാണ്.
അമിത് ഷാ സഭയിൽ വന്നു പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയായി പ്രതിപക്ഷം പ്രതിഷേധത്തിലാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളിൽ അമിത് ഷാ സഭയിലെത്തി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷ പ്രതിഷേധം മറയാക്കി ഭരണപക്ഷം സുപ്രധാന ബില്ലുകൾ ചർച്ചയില്ലാതെ രണ്ടു മിനിറ്റുകൊണ്ട് പാസാക്കിയെടുക്കുന്ന മറ്റൊരു ജനാധിപത്യ ധ്വംസനമാണ് സഭയിൽ കണ്ടത്. ധനവിനിയോഗ ബിൽ കഴിഞ്ഞ ദിവസം വെറും രണ്ടു മിനിറ്റുകൊണ്ടാണ് ലോക്സഭ കടന്നത്. സമ്മേളനം തുടങ്ങി എട്ടു ദിവസത്തിനുള്ളിൽ ലോക്സഭയിൽ ആറും രാജ്യസഭയിൽ അഞ്ചും ബില്ലുകളാണ് പാസാക്കിയത്. ഇതിൽ രണ്ടു ബില്ലിൽ മാത്രമാണ് ഇരുസഭകളിലും കാര്യമായ ചർച്ചയുണ്ടായത്. ബാക്കിയെല്ലാം പ്രതിപക്ഷ ഭേദഗതികൾ തള്ളി മിനിറ്റുകൾകൊണ്ട് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മിക്ക ബില്ലിന്റെയും ചർച്ചാവേളയിൽ ലോക്സഭാ സ്പീക്കറോ രാജ്യസഭാധ്യക്ഷനോ ചെയറിൽ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.
അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. പക്ഷേ, സമ്മേളനം ആരംഭിച്ചതു മുതൽ മോദിയെത്തന്നെയും സഭയിൽ കാണുന്നില്ല. മോദിയുടെയും അമിത് ഷായുടെയും അഭാവം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. യുവാക്കളെ ആകർഷിക്കുന്നതിനായി ഇതിനിടെ നരേന്ദ്ര മോദി അഞ്ച് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്തു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ നിർബന്ധിതനായതിനെക്കുറിച്ചോ പ്രതിഷേധക്കാർക്കു നേരേ നടന്ന അക്രമങ്ങളെക്കുറിച്ചോ അതിലൊന്നും ഒരു പരാമർശം പോലും അദ്ദേഹം നടത്തിയിട്ടില്ല.
കാര്യങ്ങൾ ഗൗരവത്തോടെ വിചിന്തനം ചെയ്ത് തീരുമാനങ്ങളിലെത്തുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാന വേദിയാണ് പാർലമെന്റ്. ഈ സങ്കല്പം പാടേ തകർക്കുന്ന കാര്യങ്ങളാണ് ഭരണാധികാരികളിൽനിന്ന് കുറച്ചു വർഷങ്ങളായി ഉണ്ടാകുന്നത്. 1952 മുതൽ 1957 വരെ നിലനിന്ന ഒന്നാം ലോക്സഭയിൽ ഒരു വർഷം ശരാശരി 135 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. എന്നാൽ, രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഇത് കേവലം 55 ദിവസങ്ങളായി ചുരുങ്ങി. പാർലമെന്റിന്റെ സത്തയെ അപമാനിക്കുന്ന പല കാര്യങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെ അരങ്ങേറി.
ചർച്ചകളാണ് ജനാധിപത്യത്തിന്റ കാതൽ. അതിനു തയാറാകാതെ ജനാധിപത്യസ്ഥാപനങ്ങളെ വരിഞ്ഞുകെട്ടിയിട്ട് രാജ്യത്തിന്റെ പ്രതീക്ഷയായ യുവത്വത്തിന്റെ പെരുവിരലുകൾ ദക്ഷിണയായി ചോദിക്കുന്നവരുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനയാണ് ജന്തർ മന്തറിൽ കണ്ടത്. യുവാക്കളെ തല്ലിയതിന്റെ ഉത്തരവാദിത്വമേറ്റ് ക്ഷമ പറയണമെന്ന് പറയുമ്പോൾ തല്ലുവാങ്ങിയതിന് നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്നാണ് മറുപടി. ഇതിനെ വിശേഷിപ്പിക്കാൻ പരിഹാസ്യം എന്ന വാക്കു പോരാ. ജനാധിപത്യത്തിനും പാർലമെന്റിനും മുകളിലാണ് തന്റെ സ്ഥാനമെന്ന അധികാരഹുങ്കിനെ ചരിത്രം എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വല്ലപ്പോഴുമൊന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ജനശക്തിക്കു മുന്നിൽ ഒരു കൊട്ടാരവും സിംഹാസനവും കിരീടവും ചെങ്കോലും ശാശ്വതമല്ലെന്ന അറിവ് ജനാധിപത്യബോധത്തിന്റേതാണ്, ഫാസിസത്തിന്റേതല്ല.
Editorial
12 വർഷം, ഏഴു വിജ്ഞാപനങ്ങൾ, എണ്ണമറ്റ നിവേദനങ്ങൾ... ഭരണകൂടം പരിസ്ഥിതിലോല മേഖല (ഇഎസ്എ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യർ സ്വന്തം മണ്ണിലെ വനവാസത്തിൽ തുടരുകയാണ്. അവരുടെ വീടും പറന്പും വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും മറ്റു സ്ഥാപനങ്ങളുമൊക്കെ കേന്ദ്രം ജൂലൈ 27നു പുറപ്പെടുവിച്ച ഏഴാം വിജ്ഞാപനത്തിലും ഇഎസ്എയിൽതന്നെ നിലനിർത്തിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് 2010ൽ മാധവ് ഗാഡ്ഗിലും 2013ൽ കസ്തൂരി രംഗനും സമർപ്പിച്ച റിപ്പോർട്ടുകളെ തുടർന്നാണ് 2014ൽ ആദ്യ കരടുവിജ്ഞാപനം പുറത്തിറക്കിയത്.
റിപ്പോർട്ടുകളിലെ വൈരുധ്യങ്ങളും ജനവിരുദ്ധതകളും അത് അനുഭവിക്കേണ്ടിവന്നവരുടെ പ്രതിഷേധങ്ങളും മൂലം അന്തിമറിപ്പോർട്ട് പുറത്തിറങ്ങിയില്ല. പകരം നിശ്ചിത ഇടവേളകളിൽ വിജ്ഞാപനങ്ങൾ! പരിസ്ഥിതിലോലെമെന്നു മുദ്രകുത്തി കൃഷിഭൂമിയിലെ അവകാശങ്ങൾ നിഷേധിച്ച് ലക്ഷക്കണക്കിനു മനുഷ്യരെ 12 വർഷം വനവാസത്തിലാക്കിയ അഭിനവ കൗരവ-ശകുനിമാർ പുതിയൊരു വിജ്ഞാപനത്തിലൂടെ അജ്ഞാതവാസവും കൽപിച്ചിരിക്കുന്നു. മനഃസാക്ഷിയുണ്ടോ?
കർഷകരെയും ദളിതരെയും ആദിവാസികളെയും കരുക്കളാക്കിയുള്ള ഈ ചൂതുകളി ഡൽഹിയും തിരുവനന്തപുരവും അവസാനിപ്പിക്കാൻ വൈകിയിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഏഴാം വിജ്ഞാപനത്തിലും കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ പരിധിയിൽ വരുന്നത്. പഴയ വിസ്തൃതിയിൽ മാറ്റമില്ലെങ്കിലും, പഞ്ചായത്ത്/വില്ലേജ് വിഭജനത്തെ തുടർന്ന് ഇഎസ്എ ഗ്രാമങ്ങളുടെ എണ്ണം 123ൽ നിന്ന് 131 ആയി ഉയർന്നു. നിർദിഷ്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) വിസ്തൃതിയിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.
പക്ഷേ, മഹാരാഷ്ട്രയ്ക്ക് 3,07,713 ചതുരശ്ര കിലോമീറ്ററും കർണാടകത്തിന് 1,91,791 ചതുരശ്ര കിലോമീറ്ററും ഭൂവിസ്തൃതിയുള്ളപ്പോൾ കേരളത്തിന്റേത് വെറും 38,863 ചതുരശ്ര കിലോമീറ്ററാണെന്നുകൂടി ശ്രദ്ധിക്കണം. അതിൽനിന്നാണ് 131 റവന്യു വില്ലേജുകളിലായി ലക്ഷക്കണക്കിന് ഏക്കര്‍ ജനവാസമേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയായി ചാപ്പ കുത്തിയിരിക്കുന്നത്. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ അതായത് 1,30,058 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തമിഴ്നാടിന്റെ പരിസ്ഥിതിലോല പ്രദേശം വെറും 6,914 ചതുരശ്ര കിലോമീറ്ററേയുള്ളൂ. 1,96,024 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗുജറാത്തിൽ വെറും 449 ചതുരശ്ര കിലോമീറ്ററേ ലോലമുള്ളൂ.
നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂലൈ 27ന് അവസാനിച്ചതോടെയാണ് പുതിയ വിജ്ഞാപനമിറക്കിയത്. കേരളത്തിൽ 12 വർഷമായി തുടരുന്ന അനിശ്ചിതത്വത്തിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. റവന്യു വില്ലേജുകളും അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതിൽ വര്‍ഷങ്ങളായുള്ള അലംഭാവവും വീഴ്ചയുമാണ് ഈ പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയതെന്ന് കെസിബിസി കഴിഞ്ഞദിവസം ചൂണ്ടിക്കാണിച്ചിരുന്നു. സമാനമായ ആശങ്കകള്‍ നിലനിന്നിരുന്ന തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും സ്വന്തം സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങളെ പരിധിയില്‍നിന്നു സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്തു.
നിർഭാഗ്യവശാൽ കേരളം പരാജയപ്പെട്ടു. ജനവാസ മേഖലകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശം 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്ന ആവശ്യമാണ് കേന്ദ്രം നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ആവശ്യങ്ങളും അപേക്ഷകളും സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ ഗൃഹപാഠങ്ങളും ചെയ്യേണ്ടതുണ്ട്. അതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പുതിയ സർക്കാർ തിരുത്തണം.
60 ദിവസത്തിനകം, ഔദ്യോഗിക ഗസറ്റിലുള്ള വിജ്ഞാപനത്തിൽ കേരളത്തിന് അഭിപ്രായമറിയിക്കാം. സർക്കാർ എന്താണു ചെയ്യാൻ പോകുന്നതെന്ന് അറിയാൻ 12 വർഷം നാട്ടിലെ കാട്ടിൽ കഴിഞ്ഞ ജനത്തിന് അവകാശമുണ്ട്. നിർമാണപ്രവർത്തനങ്ങൾക്കും ഇഷ്ടമുള്ള കൃഷി ചെയ്യുന്നതിനും മരം മുറിക്കുന്നതിനുമൊക്കെ നിയന്ത്രണമുള്ള ഭൂമിയുടെ ക്രയവിക്രയം പോലും അസാധ്യമായിരിക്കുകയാണ്. സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയും ദാരിദ്ര്യത്താലും മലകളിലേക്കു കുടിയേറിയവർ, ക്ഷാമകാലത്ത് കേരളത്തെ തീറ്റിപ്പോറ്റിയവർ, വന്യജീവികൾക്കും മഹാമാരികൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയായിട്ടും കർഷകരായി തുടരുന്നവർ, സുഗന്ധവ്യഞ്ജനം ഉത്പാദിപ്പിച്ച് വിദേശനാണ്യം നേടിത്തരുന്നവർ...
നൂറ്റാണ്ടു പഴക്കമുള്ള അവഗണനയുടെയും ആക്ഷേപത്തിന്റെയും ചരിത്രവുമുണ്ട് പശ്ചിമഘട്ടത്തിന്. അവരുടെ ചോരയും നീരും ഊറ്റിക്കുടിച്ചവർക്ക് ഇപ്പോഴാണ് പ്രകൃതിയെ സ്നേഹിക്കാൻ തോന്നിയത്. പശ്ചിമഘട്ടത്തിലെ വനസമാനമായ കൃഷിയിടങ്ങളിലേക്കു നോക്കിയാലറിയാം ആരാണ് കേരളത്തെ പച്ചപ്പണിയിച്ചതെന്ന്. പരിസ്ഥിതിലോലമെന്ന കുരുക്കിട്ടുകൊടുത്താൽ ആ കരുത്തർ തലവച്ചുകൊടുത്തുകൊള്ളുമെന്ന് ആരെങ്കിലും കരുതിയാൽ തെറ്റിപ്പോയി.
കാടുവെട്ടിത്തെളിച്ചിടത്ത് പാർലമെന്റും നിയമസഭകളും കോടതികളും പരിസ്ഥിതി മന്ത്രാലയവും സംഘടനാ കാര്യാലയങ്ങളും ബഹുനില പാർട്ടി ഓഫീസുകളും രമ്യഹർമ്യങ്ങളും നിർമിച്ചവരേ, നിങ്ങൾ മനുഷ്യരുടെ ദുരിതങ്ങളിലേക്കു നോക്കൂ. നിങ്ങളുടെ സുഖവാസത്തിന് പശ്ചിമഘട്ടത്തിൽ അണക്കെട്ടുകളും പവർഹൗസുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിലനിർത്താമെങ്കിൽ ഈ മനുഷ്യരും അവിടെയുണ്ടാകും. പരിസ്ഥിതിലോലം കാപട്യത്തിന്റെ ചൂതുകളിയാകരുത്.
Editorial
മറ്റാരും കാണുന്നില്ലെന്നും സിസിടിവി കാമറയില്ലെന്നും ഉറപ്പായാൽ ഏതു മാലിന്യവും എവിടെയും വലിച്ചെറിയാൻ മടിയില്ലാത്തവരായി മലയാളികളിലേറെയും മാറി. അങ്ങനെ നാം മുക്കിയതെല്ലാം പെരുമഴ ഇത്തവണയും പൊക്കിക്കൊണ്ടു വന്നിട്ടുണ്ട്. വിസർജ്യത്തോടുകളെല്ലാം രാജവീഥികളോടു ചേർന്നുകഴിഞ്ഞു. സർക്കാരിനും ജനങ്ങൾക്കും കൂട്ടുത്തരവാദിത്വമുള്ള തിന്മയാണിത്. തീവ്രമഴ മുന്നറിയിപ്പുകളിലേക്ക് മഴക്കാല ദുരിതങ്ങളുടെ ഉത്തരവാദിത്വം ചുരുക്കുന്നതുപോലെ, "ഇവിടെ മാലിന്യം നിക്ഷേപിക്കരുതെ'ന്ന ബോർഡ് സ്ഥാപനത്തിലും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിതകർമസേനയിലും അപര്യാപ്തമായ സംസ്കരണസംവിധാനങ്ങളിലും മാലിന്യനിർമാർജനമൊതുക്കിയ നാടാണ് കേരളം. എവിടെ മാലിന്യം തള്ളുമെന്ന് ധാരണയില്ലാത്ത ജനം എല്ലായിടത്തും മാലിന്യമെറിഞ്ഞു. അങ്ങനെ നമ്മുടെ നിരത്തുകളും ജലസ്രോതസുകളും വിഷമയമായി. വർഷാവർഷം മഴ നടത്തുന്ന ഈ "ശുചീകരണപ്രക്രിയ'കൂടി ഇല്ലാതിരുന്നെങ്കിൽ കേരള മാതൃകയുടെ ചെന്പു തെളിഞ്ഞേനേ.
ഓരോ മഴക്കാലവും പല ദുരിതങ്ങളുമായാണ് എത്തുന്നത്. അതിൽ പ്രധാനം ജീവഭയമാണ്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമൊക്കെയായി ഇതിനകം 25 പേരാണ് ഇത്തവണ മരിച്ചത്. നിരവധി മനുഷ്യർ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി. സർക്കാർ സംവിധാനങ്ങൾ സജീവമായിട്ടുണ്ട്. പക്ഷേ, ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാനുള്ള സ്ഥിരപദ്ധതികളില്ല. അതുപോലെ, വർധിച്ചുവരുന്ന മാലിന്യത്തിന്റെ സംസ്കരണം ഇപ്പോഴത്തെ സംവിധാനങ്ങൾ ഉപയോഗിച്ച് അസാധ്യമാണ്. എവിടെ മാലിന്യം തള്ളണമെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചാൽ ജനങ്ങളിലേറെയും അവിടെ കൊണ്ടുപോയി ഇടും.
പക്ഷേ, യഥാസമയം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനങ്ങൾ ഒരൊറ്റ പഞ്ചായത്തിൽ പോലുമില്ല. മാസത്തിലൊരിക്കൽ തദ്ദേശ വകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കന്പനി ഹരിതകർമസേന വഴി പ്ലാസ്റ്റിക് ശേഖരിക്കുന്നത് വലിയ ആശ്വാസമാണ്. ചിലയിടങ്ങളിൽ ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കുന്നുണ്ട്. പക്ഷേ, മാലിന്യമലയുടെ ഒരറ്റത്തുപോലും ഇതൊന്നും എത്തുന്നില്ലെന്ന് ഓർമിപ്പിക്കുന്നതാണ് വെള്ളപ്പൊക്കത്തിനു മുകളിലെ മാലിന്യപ്പൊക്കങ്ങൾ. കഴിഞ്ഞ വർഷങ്ങളിലും നമ്മളിതു കണ്ടതാണ്. അടുത്ത വർഷവും കാണും; സർക്കാർ ഇടപെടുന്നില്ലെങ്കിൽ.
ആളുകളുടെ മനോഭാവവും മാറണം. ഹരിതകർമസേനയ്ക്ക് അന്‍പതോ നൂറോ രൂപ കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ഒന്നും രണ്ടും വീട്ടുകാരല്ല. അതുപോലെ പ്ലാസ്റ്റിക് കവറുകളിൽനിന്നു ജൈവമാലിന്യം നീക്കി കഴുകിക്കൊടുക്കാൻ മടിക്കുന്നവരുണ്ട്. ശുചിത്വവും മാലിന്യശേഖരണവും സംസ്കരണവുമൊന്നും പരിശീലിപ്പിച്ചിട്ടില്ലാത്ത മാതാപിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയുമൊക്കെ തോൽവിയാണിത്. കുട്ടികളെ വീട്ടിൽതന്നെ മാലിന്യം കൈകാര്യം ചെയ്യാൻ പഠിപ്പിക്കണം. വിദ്യാലയങ്ങൾക്കും മതപഠനകേന്ദ്രങ്ങൾക്കുമൊക്കെ ഉത്തരവാദിത്വമുണ്ട്. എഴുത്തുകാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിൻ ഡിസ്രേലി പറയുന്നത്, “ശുചിത്വവും ചിട്ടയും സഹജവാസനയല്ല; വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടതാണ്. മിക്ക മഹത്തായ കാര്യങ്ങളെയും പോലെ, അവയോടുള്ള അഭിരുചി നിങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണം’’ എന്നാണ്. നിർഭാഗ്യവശാൽ അതൊന്നും നമ്മളോ നമ്മളെ ഭരിക്കുന്നവരോ പഠിച്ചില്ല.
പരിഹരിച്ചേ തീരൂ. നിലവിൽ കേരളത്തിലെ മാലിന്യത്തിന്റെ തോതനുസരിച്ചുള്ള ശേഖരണ-സംസ്കരണ സംവിധാനമില്ലെന്ന് ഭരിക്കുന്നവർ സമ്മതിക്കണം. അതനുസരിച്ചുള്ള സംസ്കരണ പദ്ധതികൾ തയാറാക്കണം. ജൂണിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ച നിർദേശമനുസരിച്ച്, വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോഴത്തെ മൂന്ന് എന്നതിനു പകരം നാലായി തരംതിരിച്ച് മാലിന്യം ശേഖരിക്കണം. അതിന് എവിടെയാണ് മൂന്നു പാത്രങ്ങളുള്ളത്? കേന്ദ്രത്തിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും സുപ്രീംകോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിർദേശം. പക്ഷേ, മൂന്നോ നാലോ പാത്രങ്ങളിലായി മാലിന്യം സൂക്ഷിക്കാനും അവ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കാനും സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ? ഉണ്ടെങ്കിൽ അതു നടപ്പാക്കണം. എന്നിട്ടും മാലിന്യപ്പൊതിയുമായി ആളില്ലാമൂല തപ്പി നടക്കുന്നവരെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ ആവർത്തിക്കാൻ തോന്നാത്തത്ര പിഴ ഈടാക്കണം.
മിക്ക വിദേശരാജ്യങ്ങളിലും വീട്ടിലോ പരിസരത്തോ വയ്ക്കുന്ന നാലു പാത്രങ്ങളിൽനിന്ന് സർക്കാർ സംവിധാനങ്ങൾ മാലിന്യം യഥാസമയം ശേഖരിക്കുന്നതിനാൽ പ്രശ്നങ്ങളില്ല. കേരളത്തിൽ എന്നാണ് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുന്നത്? മുന്നറിയിപ്പുകൾ, ബോർഡുകൾ, ഉത്തരവുകൾ... ഇത്തരം പ്രഹസനങ്ങളുടെ പരാജയമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഭരണാധികാരികളേ, നിങ്ങൾക്കു കടുകുമണിയോളം പ്രതിബദ്ധതയുണ്ടെങ്കിൽ ഈ മാലിന്യമലകളോട് മാറിപ്പോകാൻ പറയൂ.
Editorial
“ജനങ്ങൾ സർക്കാരിനെയല്ല, സർക്കാർ ജനങ്ങളെയാണ് ഭയപ്പെടേണ്ടത്” -അലൻ മൂർ
ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ ഒന്നിനും അക്കൗണ്ടബിലിറ്റി നഷ്ടപ്പെടരുതേയെന്ന് ഓർമിപ്പിക്കുന്ന നാല് മുഖപ്രസംഗങ്ങളുടെ അവസാന ഭാഗമാണിത്. മുഖപ്രസംഗ പരന്പര പത്രചരിത്രത്തിൽ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥയിലും മറ്റനേകം പ്രതിസന്ധി ഘട്ടങ്ങളിലുമെന്നപോലെ ഭരണഘടനയ്ക്കും രാജ്യത്തിനുമൊപ്പം നിൽക്കാനുള്ള മാധ്യമ അക്കൗണ്ടബിലിറ്റിയാണിത്. ലെജിസ്ലേച്ചർ (നിയമനിർമാണ സഭകൾ), എക്സിക്യൂട്ടീവ് (ഭരണനിർവഹണ വിഭാഗം-പ്രധാനമായി മന്ത്രിസഭയും ഉദ്യോഗസ്ഥരും), ജുഡീഷറി (നീതിനിർവഹണ സംവിധാനം), മാധ്യമങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ദുർബലമായാൽ എല്ലാവരും ഉത്തരവാദികളാണ്. ഡൽഹിയിൽനിന്നു മടങ്ങിയ കൗമാര-യൗവനങ്ങൾ അക്കൗണ്ടബിലിറ്റി ചോദിച്ചിട്ടുമുണ്ട്. മൗനമല്ല മറുപടി. അസഹിഷ്ണുതയല്ല പരിഹാരം.
ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം ബാധിച്ച രണ്ടാം തൂണിലെ ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് ഇന്നു പറയാം. ജീവനക്കാർ എക്കാലത്തും സർക്കാരുകളോടു ചേർന്നാണ് പ്രവർത്തിക്കുന്നത്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും. എന്നാൽ, ബിജെപി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനുള്ള ഉപകരണമായി ആവശ്യമുള്ളത്ര സർക്കാർ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും മാറ്റിയെടുത്തു. നീറ്റ് പരീക്ഷ താറുമാറാക്കിയവരും ജനാധിപത്യം താറുമാറാക്കിയവരുമൊക്കെ അതിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണ ഏജൻസികളും പോലീസ് സംവിധാനവുമൊക്കെ മുന്പെങ്ങുമില്ലാത്തവിധം നേരിടുന്ന പക്ഷപാത ആരോപണങ്ങൾ പ്രത്യയശാസ്ത്രവത്കരണത്തിന്റെ ഫലമാണ്.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ 2014 മുതൽ 2022 വരെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ്) 121 നേതാക്കൾക്കെതിരേ അന്വേഷണം നടത്തി. 95 ശതമാനവും പ്രതിപക്ഷത്തുള്ളവരായിരുന്നു. യുപിഎ ഭരിച്ച 2004-14 കാലത്ത് ഇഡി കേസെടുത്തത് 26 നേതാക്കൾക്കെതിരേ ആയിരുന്നു. അതിൽ 54 ശതമാനമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളവർ. മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ പറഞ്ഞത് 2025 മാർച്ചിലാണ്. ഇഡി സ്വയം നിയമമാകരുതെന്ന് ഛത്തീസ്ഗഡ് മദ്യ കുംഭകോണക്കേസിൽ 2023 ഓഗസ്റ്റിലും, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്ന് 2025 മേയിലും, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന് 2025 ജൂലൈയിലും സുപ്രീംകോടതിക്കു ചോദിക്കേണ്ടിവന്നു. ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇങ്ങനെ പോകാനാകില്ലെന്നും കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നുമാണ് 2025 ജൂലൈയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരോട് അന്നത്തെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് പറഞ്ഞത്. പക്ഷേ, ഇഡിക്ക് ഒരു മാറ്റവുമില്ല; സർക്കാരിനോടു മാത്രമേ അക്കൗണ്ടബിലിറ്റിയുള്ളൂ!
തെരഞ്ഞെടുപ്പു കമ്മീഷന് എല്ലാ സ്വാതന്ത്ര്യവും നിയമ പരിരക്ഷയും നൽകിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതിനാൽ ആവർത്തിക്കുന്നില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പോലീസിന്റെ കാര്യം പറഞ്ഞാൽ തീരില്ല. അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാറിന്റെ വർഗീയ കൂട്ടങ്ങൾക്കെതിരേ ന്യൂനപക്ഷങ്ങൾ പരാതിയുമായി ചെന്നാൽ ബിജെപി ഭരിക്കുന്നിടത്ത് പോലീസ് കേസെടുക്കാൻപോലും തയാറാകില്ല. സിജെപി സമരത്തിനെതിരേ ഡൽഹിയിലും മറ്റു ബിജെപി സംസ്ഥാനങ്ങളിലും പോലീസ് സ്വീകരിച്ച സമീപനവും രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവുന്ന രാജ്യത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിതർ മാത്രം പാർശ്വവത്കരിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെയും കോടതികളുടെയും സമ്മതത്തോടെയാണ്. അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ കഴിഞ്ഞ ജനുവരിയിലെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നു. 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ട് പറയുന്നത്, കൂട്ടക്കൊലകൾക്കു സാധ്യതയുള്ള 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ്. ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ രാജ്യം ഈ സ്ഥിതിയിലെത്തില്ല.
ജനാധിപത്യസംരക്ഷണം പ്രതിപക്ഷത്തെ ഏൽപ്പിച്ചുറങ്ങിയ രാജ്യത്തെയാണ് വിദ്യാർഥികൾ വിളിച്ചുണർത്തിയത്. അവരുടേത് അരാഷ്ട്രീയമല്ല. പാർട്ടിക്കൂറോ കെട്ടുപാടുകളോ ഇല്ലാത്ത രാഷ്ട്രീയമാണ്. പത്രം വായിക്കാത്ത, ലോകകാര്യങ്ങൾ അറിയാത്തവരാണ് സമരക്കാരെന്ന വ്യാഖ്യാനം തെറ്റാണ്. സിജെപിയുടെ നേതാക്കളുടെയത്ര വസ്തുനിഷ്ഠപ്രസംഗം നടത്താൻ പരന്പരാഗത പാർട്ടികളിലെ എത്ര നേതാക്കൾക്കു കഴിയുമെന്നു ചിന്തിക്കണം. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നവർ മാത്രമായിരുന്നു നേതാക്കൾ. പാർട്ടികളുടെയോ മതങ്ങളുടെയോ പിൻബലത്തിലല്ല അവർ പട്ടണപ്രവേശം നടത്തിയത്. എന്നിട്ടും എല്ലാവരെയും സ്വാഗതം ചെയ്തു. അവരുടെ നിന്ദനമേറ്റ വർഗീയവാദികൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഇനിയും എഴുന്നേറ്റു പോയിട്ടില്ല. സമരക്കാർ എല്ലാം തികഞ്ഞവരല്ല, അങ്ങനെ ആയിരിക്കേണ്ട കാര്യവുമില്ല. അവർ ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്. മറ്റുള്ളവരുടെ മതത്തിലും രാഷ്ട്രീയത്തിലും ഭക്ഷണത്തിലും നിയമാനുസൃത വേഷത്തിലുമൊന്നും കൈ കടത്താൻ അവർക്കു താത്പര്യമില്ല. അവരുടെ രോഷം അക്കൗണ്ടബിലിറ്റി നഷ്ടപ്പെട്ട ജനാധിപത്യത്തിന്റെ തൂണുകളോടായിരുന്നു.
ജനാധിപത്യബോധത്തിന്റെയും പ്രതിരോധത്തിന്റെയും ഭീഷണികളെ തള്ളിക്കളയുന്നതിന്റെയും പുതിയ സാധ്യതകൾ രാജ്യത്തെ പഠിപ്പിച്ചാണ് ജെൻ സികൾ തലസ്ഥാനം വിട്ടത്. അത് ഏറ്റെടുക്കാൻ അഴിമതിയിലും വർഗീയതയിലും തീവ്രവാദത്തിലും മുങ്ങിയ പാർട്ടികൾക്കു കഴിയുമോയെന്ന ചോദ്യമുണ്ട്. നിയമന ഏജൻസികളെ തട്ടിയെടുത്ത് പാർട്ടിക്കാരെയും ബന്ധുക്കളെയും കുത്തിനിറച്ച വാർത്തകളാണ് കേരളത്തിൽനിന്നുപോലും പുറത്തുവരുന്നത്. ആര് ആരെ നന്നാക്കും? ഒന്നുറപ്പ്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രമാണ് ജനാധിപത്യത്തിന്റെ തൂണുകളെ സംരക്ഷിക്കുന്നതും ആക്രമിക്കുന്നതും. നാലു തൂണുകളോടും അക്കൗണ്ടബിലിറ്റി ചോദിച്ച വിദ്യാർഥിസമരം പുതിയൊരു പ്രതീക്ഷയായിട്ടുണ്ട്. ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും. പക്ഷേ, മാർട്ടിൻ ലൂഥർ കിംഗ് അഭിപ്രായപ്പെട്ടതുപോലെ, “യുദ്ധക്കൊതിയന്മാരെപ്പോലെ, സമാധാനകാംക്ഷികളും സംഘടിക്കാൻ പഠിക്കണം.”
ഇന്ത്യ പിള്ളേരെ കണ്ടു പഠിക്കട്ടെ.
Editorial
ജനാധിപത്യത്തിന്റെ നാലു തൂണുകളുടെയും ബലം പൊതുജനസമക്ഷം ചർച്ചയ്ക്കു വച്ചിട്ടാണ് ഡൽഹി സമരക്കാരായ വിദ്യാർഥികൾ തത്കാലം പിരിഞ്ഞത്. സർക്കാർ- പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, കോടതികൾ എന്നിവ സർക്കാർ എന്ന ഒറ്റ തൂണിലേക്കു ചാഞ്ഞിട്ടുണ്ടോ എന്നതാണു വിഷയം. അതിന്റെ അടിസ്ഥാനം, നീതികേന്ദ്രീകൃതമാണോ സർക്കാർ കേന്ദ്രീകൃതമാണോ കോടതികൾ എന്ന ജനാധിപത്യ പരിശോധനയാണ്. അതു കേൾക്കാൻ നാലു തൂണുകൾക്കും സമയം ഉണ്ടാകേണ്ടതാണ്. ഇല്ലെങ്കിൽ ജനാധിപത്യമെന്നതു കെട്ടുകാഴ്ചയാകും.
കോടതികളെ വിമർശിക്കാൻ ജനങ്ങൾക്കു ഭയമാണ്. പക്ഷേ, ഡൽഹി സമരക്കാർ ‘നന്ദി’ എന്ന ഒറ്റ വാക്കിൽ ആ വിമർശനം ചരിത്രപരമായും മാന്യമായും നിർവഹിച്ചു. തങ്ങളെ പാറ്റകളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിളിച്ചില്ലായിരുന്നെങ്കിൽ താൻ ഇന്ത്യയിലേക്കു മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ഇല്ലായിരുന്നുവെന്നാണ് സിജെപി സമരനേതാവ് അഭിജിത് ദീപ്കെ പറഞ്ഞത്. ധീരതയുടെ കിളിവാതിലാണ് വിദ്യാർഥികൾ തുറന്നത്. പക്ഷേ, അവരുടെ സമരവിജയാഘോഷങ്ങളാണ് ചിലരുടെ പ്രശ്നം; ജനാധിപത്യത്തിന്റെ ഒടുവിലത്തെ തൂണും നിലംപൊത്തുന്നതല്ല. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ, തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ തീരുമാനങ്ങളിലുമുള്ള നാമമാത്ര ഇടപെടലുകൾ, അന്വേഷണ ഏജൻസികളുടെ പക്ഷപാതപരമായ പ്രതിപക്ഷവേട്ടയെ തടയാനാകാത്തത്, ആരാധനാലയങ്ങളുടെ തത്സ്ഥിതി 1947 ഓഗസ്റ്റ് 15ലേതായി നിലനിർത്തണമെന്ന 1991ലെ വിധി നിലനിൽക്കേ പുതിയ തർക്കങ്ങൾ പരിശോധിക്കാമെന്ന ഉത്തരവുകളിറക്കുന്നത്, വിദ്വേഷപ്രസംഗങ്ങളിലും ആൾക്കൂട്ട ആക്രമണങ്ങളിലും തുടരുന്ന യാന്ത്രിക ഇടപെടലുകൾ, വിരമിക്കുന്ന ജഡ്ജിമാർ ഭരണകക്ഷി വാഗ്ദാനം ചെയ്യുന്ന സ്ഥാനമാനങ്ങളിൽ ചേക്കേറുന്നത്... തുടങ്ങിയ കാര്യങ്ങൾ കോടതികളുടെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും സംശയത്തിലാക്കുന്നതാണ്. രാജ്യത്തെ മുൾമുനയിലാക്കിയ ഡൽഹി സമരത്തിൽ പോലീസ് വിദ്യാർഥികളോടു നടത്തിയ അതിക്രമങ്ങളുടെ വീഡിയോ കാണാൻ താത്പര്യമില്ലെന്നും സമയം കളയാനില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞതും രാജ്യം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്.
ഇക്കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഒരു ചടങ്ങിൽ ജസ്റ്റീസ് ഉജ്വൽ ഭൂയാൻ നടത്തിയ പരാമർശങ്ങളിൽ ഭരണഘടനാ ഭേദഗതിയില്ലാതെ മതരാഷ്ട്രനിർമിതി എങ്ങനെ സാധ്യമാക്കാമെന്നതിന്റെ സൂചനയുണ്ട്. ഗംഗാനദിയില്വച്ച് ചിക്കന്‍ കഴിക്കുന്നത് ഒരു കുറ്റമല്ലാതിരുന്നിട്ടും അതിന്റെ പേരിൽ ആളുകൾ മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്നത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പക്ഷേ, ഗംഗാനദിയിൽവച്ച് കോഴിക്കറി കൂട്ടുന്നതിലോ അതു നദിയിൽ വീഴുന്നതിലോ എന്താണു തെറ്റെന്ന് ജഡ്ജിക്കു ചോദിക്കാം. പൗരന് എളുപ്പമല്ല. പ്രത്യേകിച്ച്, കോഴിയിറച്ചി കഴിച്ചത് മുസ്ലിംകളാകുന്പോൾ. മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘപരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കോടതികൾ അറിയാഞ്ഞിട്ടല്ലല്ലോ. ജസ്റ്റീസ് ഭൂയാൻ ഇതും പറഞ്ഞു: “ബുൾഡോസർ ഉപയോഗിച്ച് വീടുകളും സ്ഥാപനങ്ങളും പൊളിക്കുന്നതു തടഞ്ഞ ജസ്റ്റീസ് ഗവായിയുടെ ഉത്തരവിനെ ഞാൻ പ്രശംസിച്ചിരുന്നു. പക്ഷേ, ആ വിധി രണ്ടു വർഷം വൈകിയാണു വന്നത്. നിയമം ലംഘിച്ചുള്ള പൊളിക്കലുകൾ ഇപ്പോഴും തുടരുന്നുമുണ്ട്. ഇത് ഭരണഘടനയെ ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നതിനു തുല്യമാണ്.’’ അവശേഷിക്കുന്ന നീതിമാന്മാരിൽ പ്രതീക്ഷയർപ്പിച്ച് ഇന്നും ആവലാതിക്കാർ ഇന്ത്യൻ കോടതികളുടെ പുറത്ത് ഊഴം കാത്തു നിൽക്കുകയാണ്. ഇതായിരുന്നില്ല ഇന്ത്യ.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തിനു പകരം, സർക്കാരിന്റെ ഇടപെടൽ സാധ്യമാക്കുന്ന ‘ജുഡീഷൽ നിയമന കമ്മീഷൻ’ മോദി സർക്കാർ കൊണ്ടുവന്നെങ്കിലും 2015ൽ സുപ്രീംകോടതി തടഞ്ഞു. കോടതികളുടെ സ്വതന്ത്ര ഘടനയെ അട്ടിമറിക്കുമെന്ന വിലയിരുത്തലായിരുന്നു കാരണം. പക്ഷേ, ശിപാർശ ചെയ്യുന്ന പേരുകൾ തള്ളിക്കളയുന്നതും അംഗീകരിക്കുന്നതിലെ കാലതാമസവും സർക്കാരിന്റെ അതൃപ്തിയുമൊക്കെ കൊളീജിയത്തെ സമ്മർദത്തിലാക്കുന്നതാണ്. ഫലമോ; സർക്കാർ ഉദ്ദേശിക്കുന്നവർ ജഡ്ജിമാരാകും. 2023 ഫെബ്രുവരി 19ന് ‘ജുഡീഷൽ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ’ എന്ന വിഷയത്തിൽ നടത്തിയ ഒരു ഓൺലൈൻ ചർച്ചയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ പറഞ്ഞത്, ഏഴെട്ടു വർഷങ്ങൾക്കിടെ രാജ്യത്തെ ഹൈക്കോടതികളിലുടനീളം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നുമാണ്. ജുഡീഷറിയിൽ ഭരണഘടന അല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും നമുക്ക് ആവശ്യമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇത്തരമൊരവസ്ഥയെ ചെറുക്കാൻ പ്രതിപക്ഷത്തിനും നിഷ്പക്ഷ ന്യായാധിപർക്കുമൊക്കെ പരിമിതിയുണ്ട്. ജസ്റ്റീസ് ഉജ്വൽ ഭൂയാൻ കഴിഞ്ഞദിവസം പറഞ്ഞത്, “എല്ലാവരും ജഡ്ജിമാരോടു ചെന്ന്, സർ ഇതു നല്ല വിധിയാണ് സർ, അദ്ഭുതകരമായ വിധി, താങ്കൾ പറഞ്ഞത് ബുദ്ധിപരമാണ് സർ, നിങ്ങളൊരു നിയമവിദഗ്ധൻ തന്നെ... എന്നു പറഞ്ഞുകൊണ്ടിരുന്നാൽ ഈ സംവിധാനം എങ്ങനെ നന്നാകും?’’ എന്നാണ്. പക്ഷേ, അതിലും നിരാശാജനകമായ കാര്യം, പല ജഡ്ജിമാരുടെയും കൂറ് സർക്കാരിനോടാണെന്നു വരുന്നതല്ലേ? ഇതു ഹൈക്കോടതികളിലെയും കീഴ്ക്കോടതികളിലെയും മാത്രം സ്ഥിതിയല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര പ്രത്യേക കേസുകൾ നിശ്ചിത ജഡ്ജിമാരുടെ ബെഞ്ചുകൾക്കു മാത്രം നൽകുന്നതിനെതിരേ, 2018 ജനുവരി 12നു പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോഖുർ, കുര്യൻ ജോസഫ് എന്നിവർ പറഞ്ഞത്, രാജ്യത്തെ ജുഡീഷറിയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു എന്നായിരുന്നു. എട്ടു വർഷം പിന്നിട്ടു. കാര്യങ്ങൾ വീണ്ടും വഷളാകുകയാണ്. ഗംഗയിൽ വീഴുന്ന ഒരു ചിക്കൻ കഷണം വർഗീയക്കൂട്ടങ്ങൾ കൊല്ലുന്ന ഒരു മനുഷ്യന്റെ ദേഹത്തേക്കാൾ വൈകാരിക വിഷയമായി.
സർക്കാരിന്റേതല്ല, ജനാധിപത്യത്തിന്റെ സൃഷ്ടിയാണ് സ്വതന്ത്ര കോടതികൾ. അതിന്റെ വരാന്തയിൽ നീതിക്കുവേണ്ടി ഭരണഘടനയും പിടിപ്പിച്ച് ആ ജനാധിപത്യത്തെ നിർത്തരുത്.
Editorial
നാം ഉറങ്ങിയപ്പോൾ ജനാധിപത്യത്തിന്റെ അടിത്തറയിൽനിന്ന് ഇളക്കിയെടുക്കപ്പെട്ട മൂലക്കല്ലായിരുന്നു ‘അക്കൗണ്ടബിലിറ്റി’. അതായത്, ഭരണകർത്താക്കൾ തങ്ങളുടെ തീരുമാനങ്ങൾക്കും ചെയ്തികൾക്കും ജനങ്ങളോട് കണക്കു പറയാൻ ബാധ്യസ്ഥരാണെന്ന വസ്തുത. അതു നിർബന്ധമില്ലാത്ത ധാർമികതയല്ല, നിർബന്ധമുള്ള ഉത്തരവാദിത്വമാണ്. ഏറെക്കുറെ അപ്രത്യക്ഷമായിരുന്ന ആ കല്ല്, അഥവാ ജനാധിപത്യമൂല്യം കേന്ദ്രസർക്കാരിനെതിരേ നടത്തിയ ഐതിഹാസിക സമരത്തിൽ വിദ്യാർഥികൾ ഉയർത്തിക്കൊണ്ടുവന്നു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നീറ്റ് പരീക്ഷയിലുൾപ്പെടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പല സംസ്ഥാന സർക്കാരുകളും നഷ്ടപ്പെടുത്തിയ ഈ ‘അക്കൗണ്ടബിലിറ്റി’ ബിജെപി സർക്കാർ വ്യക്തമായ അജൻഡയോടെ ഇല്ലാതാക്കുകയാണെന്നു സംശയിക്കാൻ കാരണങ്ങളുണ്ട്. ജന്തർ മന്തറിൽ ഉയർന്ന ഭരണഘടനാടിസ്ഥാനമുള്ള ചോദ്യങ്ങൾ രാജ്യം ഏറ്റെടുക്കേണ്ടതുണ്ട്.
അക്കൗണ്ടബിലിറ്റിയെ വ്യവസ്ഥാപിതമായി തകർക്കുന്ന ഒരു ഉദാഹരണം പറഞ്ഞാൽ കാര്യം ലളിതമായി മനസിലാകും. 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം, The Chief Election Commissioner And Other Election Commissioners (Appointment, Conditions of Service and Term of Office Act, 2023) 16-ാം വകുപ്പനുസരിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുത്താലും അതിനെതിരേ സിവിലോ ക്രിമിനലോ ആയ ഒരു കേസും അവർക്കെതിരേ ജോലിക്കാലത്തോ പിന്നീടോ എടുക്കാനാകില്ല. ഒപ്പം, തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാകണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിക്കുകയും ചെയ്തു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അതായത്, ഭരിക്കുന്നവരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ! എന്തു ചെയ്താലും നിയമ പരിരക്ഷയും! അക്കൗണ്ടബിലിറ്റി അവിടെ തീർന്നു.
പിന്നീടുണ്ടായത് ചരിത്രമാണ്. വോട്ട് മോഷണം, കള്ളവോട്ട്, വോട്ടിംഗ് മെഷീനിലെ തിരിമറി, വോട്ടെണ്ണൽ ദിനത്തിലെ ദുരൂഹതകൾ... ഒരാരോപണത്തിനും മറുപടിയില്ല. പ്രതിപക്ഷവും മാധ്യമങ്ങളും ന്യായാധിപന്മാരുമൊക്കെ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ലെന്നും, രാഹുൽ മാപ്പു പറയണമെന്നുള്ള ഗ്യാനേഷ് കുമാറിന്റെ ശാഠ്യം വോട്ടർ പട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കിയെന്നും പറഞ്ഞത് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ്. 2025 സെപ്റ്റംബറിൽ ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലായിരുന്നു പരാമർശം. പക്ഷേ, അക്കൗണ്ടബിലിറ്റി ഇല്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷനോ സർക്കാരോ അനങ്ങിയില്ല.
അക്കൗണ്ടബിലിറ്റി തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പല വിഷയങ്ങളിലും കേന്ദ്രം നമ്മെ ബോധ്യപ്പെടുത്തി. മുഖ്യമായും പ്രതിപക്ഷത്തിനെതിരേ മാത്രം റെയ്ഡും അന്വേഷണവും നടത്തുന്ന അന്വേഷണ ഏജൻസികൾക്കെതിരേ ഹൈക്കോടതികളും സുപ്രീംകോടതികളും പലതവണ രൂക്ഷമായ വിമർശനങ്ങൾ നടത്തി. ഒരു ഫലവുമില്ല. ശത്രുക്കളായി ബിജെപി സർക്കാരുകൾ കരുതുന്നവരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജും തുടരുകയാണ്. ഇത്തരം നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് 2024 നവംബറിലാണ്. പക്ഷേ, ജനത്തോടോ കോടതിയോടോ പോലും അക്കൗണ്ടബിലിറ്റി ഉള്ളതായി സർക്കാരുകൾ ഭാവിക്കുന്നില്ല. പശുക്കടത്ത്, പശുവിറച്ചി ഭക്ഷിക്കൽ തുടങ്ങിയവ ആരോപിച്ച് എത്രയോ നിരപരാധികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ കൊന്നു. മതപരിവർത്തനം ആരോപിച്ച് എത്രയോ മനുഷ്യരെ മർദിക്കുകയും ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തു. എല്ലാറ്റിലുമുണ്ടായി കോടതിയുടെ വിമർശനങ്ങൾ. പക്ഷേ, ഒന്നിനുമുണ്ടായില്ല പരിഹാരം. എന്തിന്, വിദ്യാഭ്യാസമന്ത്രിയുടെ രാജിപോലും അക്കൗണ്ടബിലിറ്റിയുടെ ഭാഗമല്ലെന്നു പറയാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചത് അദ്ദേഹം കുറ്റം ചെയ്തതുകൊണ്ടല്ല, വിദ്യാർഥികളെയും യുവാക്കളെയും സർക്കാർ വിലമതിക്കുന്നതുകൊണ്ടാണത്രേ.
സിജെപിയുടെ സമരത്തെ തങ്ങളുടെയും വിജയമാക്കാൻ ശ്രമിക്കുന്ന പാർട്ടികളും ആത്മപരിശോധന നടത്തണം. കേരളത്തിലെ കാര്യം മാത്രമെടുത്താൽ, അക്രമികളായ തെരുവുനായകളെ കൊല്ലാമെന്നും പൊതുസ്ഥലങ്ങളിൽനിന്ന് മാറ്റണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടു രണ്ടു മാസം. വീടുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലുംവരെ നായ്ക്കൾ നരവേട്ട നടത്തുകയാണ്. വന്യജീവി ആക്രമണം മറ്റൊരു ദുരന്തം. എവിടെയാണ് അക്കൗണ്ടബിലിറ്റി? സാന്പത്തികത്തകർച്ച തുടരുന്പോഴും കഴിഞ്ഞ സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾക്കു ശന്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. നാലു ലക്ഷത്തോളം ശന്പളവും മറ്റ് ആനുകൂല്യങ്ങളും പെൻഷനും വാങ്ങുന്ന പിഎസ്സി അംഗങ്ങളുടെ കാര്യത്തിലും മൗനം. ചില നിർജീവ കോർപറേഷനുകൾ ഖജനാവ് ചോർത്തുന്നെന്ന ആരോപണങ്ങൾ പരിശോധിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ വിചക്ഷണർ ഇരിക്കേണ്ട സർവകലാശാലാ സിന്‍ഡിക്കറ്റും സെനറ്റുമൊക്കെ മൂന്നാംകിട പാർട്ടിക്കാരുടെ വിനോദകേന്ദ്രങ്ങളായി. അക്കൗണ്ടബിലിറ്റി എവിടെ? പിഎസ്സി-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയും പിൻവാതിലിലൂടെയും നിയമനങ്ങൾ നടത്തിയവർ ഡൽഹി സമരത്തിൽ മുഖം മിനുക്കാനെത്തി. അക്രമങ്ങളും ആൾക്കൂട്ട വിചാരണകളും നടത്തി കേരളത്തിലെ കാന്പസിൽ ചോര പടർത്തിയവർ വിദ്യാഭ്യാസ മേഖലയിൽ നന്മ വിളയുന്ന ഒരൊറ്റ സമരവും സമീപകാലത്തു നടത്തിയിട്ടില്ലെങ്കിലും ഡൽഹി സമരത്തിൽ പങ്കെടുത്തു. പക്ഷേ, അതു നിങ്ങൾ കേരളത്തിൽ ചവിട്ടിമെതിച്ച അക്കൗണ്ടിബിലിറ്റിയെ പുനഃസ്ഥാപിക്കില്ല.
വിദ്യാർഥിസമരവിജയം രാജ്യത്തെ ആവേശഭരിതമാക്കിയിട്ടുണ്ട്. പക്ഷേ, ഒരു വിജയത്തിൽനിന്നു സമഗ്രവും ആശയാടിസ്ഥാനമുള്ളതുമായ രാഷ്ട്രീയത്തിലേക്കുള്ള ദൂരം ഡൽഹി ദിനങ്ങൾകൊണ്ട് അളക്കാനാകില്ല. മത-ജാതി-രാഷ്ട്രീയ ഭേദമില്ലാതെ ഇന്നലെ നിങ്ങളുയർത്തിയ അക്കൗണ്ടബിലിറ്റി നാളെ നിങ്ങളെയും തേടിവരും. എല്ലാറ്റിലുമുപരി നിങ്ങൾ അധികാരത്തോടാണ് അക്കൗണ്ടബിലിറ്റി ആവശ്യപ്പെട്ടത്. അവർ അതു തരുമോ അതോ അധികാരപ്രയോഗത്തിൽ തന്ത്രപരമായ മാറ്റങ്ങളുണ്ടാക്കി അക്കൗണ്ടബിലിറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങളെ മറികടക്കുമോ എന്നറിയില്ല. സാമ്രാജ്യത്വത്തിന്, അഥവാ ജനത്തോടും രാജ്യത്തോടും അക്കൗണ്ടബിലിറ്റി ഇല്ലാത്ത അധികാരത്തിന് ഏതൊരു സ്വാതന്ത്ര്യസമരത്തെയും ശിപായിലഹളയാക്കി മാറ്റാനുള്ള വിരുതുണ്ടെന്നു മറക്കരുത്; ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും. ഡൽഹിയിലെ നവോത്ഥാന മിന്നൽപ്പിണരുകൾ ഇന്ത്യൻ ജനാധിപത്യ ശുദ്ധീകരണത്തിന്റെ പെരുന്പറയാകട്ടെ!
Editorial
ഗതികെട്ട ബിജെപി സർക്കാർ മുള്ളാണി ലാത്തികളും പെല്ലറ്റ് ഗണ്ണുകളും അടിയറവച്ച് ഇന്ത്യൻ യുവത്വത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. 2026 ജൂലൈ 25, ശനി ഉച്ചകഴിഞ്ഞ് 2.20. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുവർണനിമിഷം. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.
ധർമേന്ദ്ര പ്രധാനെ മോദി സർക്കാർ എളിയിൽനിന്നിറക്കി. എങ്ങനെ? ഏകാധിപത്യ പ്രവണതകളുടെ ഒരു വ്യാഴവട്ടക്കാലത്തെ നേരിടാൻ ജനാധിപത്യം അറ്റകൈയായി അതിന്റെ ചോരത്തിളപ്പിനെ ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവിലിറക്കി. പ്രതിപക്ഷം സംശയനിരീക്ഷണങ്ങൾക്കൊടുവിൽ യുവാക്കൾക്കു പിന്നിൽ അണിനിരന്നു. ജനാധിപത്യ-മതേതരവിരുദ്ധ ഭരണത്തിൽ അസംതൃപ്തരായവരും പിന്തുണച്ചു. സർക്കാർ തോറ്റു, ജനാധിപത്യം ജയിച്ചു.
ഇന്ത്യൻ യുവാക്കളുടെ രണ്ടരമാസ വിപ്ലവം ബിജെപി സർക്കാരിനു മാത്രമല്ല, അധികാരോന്മത്തരായ രാഷ്ട്രീയക്കാർക്കെല്ലാം മുന്നറിയിപ്പാണ്. മേയ് 16നാണ് സിജെപി സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയത്. അവർ സ്വയം പാറ്റകളെന്നു വിളിച്ചതല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസിൽനിന്നുണ്ടായ അത്തരമൊരു പരാമർശത്തെ, തൊഴിൽരഹിതരും വർഗീയവിരുദ്ധരും വിദ്യാഭ്യാസമേഖലയുടെ തകർച്ചയിലും വർഗീയവത്കരണത്തിലും എതിർപ്പുണ്ടായിരുന്ന കൗമാരക്കാരും യുവാക്കളും ബുദ്ധിപരമായി ഏറ്റെടുക്കുകയായിരുന്നു. ആദ്യം ഭരണ-പ്രതിപക്ഷങ്ങൾക്കു പുച്ഛമായിരുന്നു. പക്ഷേ, അവർ കേന്ദ്രസർക്കാരിനെ നേരിടാൻ സമൂഹമാധ്യമത്തിൽനിന്നിറങ്ങി തലസ്ഥാനത്തെത്തി.
നിരാഹാര സത്യഗ്രഹം, പ്രസംഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ... പ്രകടനങ്ങളിലൊന്നിലേക്ക് പോലീസിനെയും പോലീസ് വേഷം കെട്ടിയ സംഘപരിവാറുകാരെയും അഴിച്ചുവിട്ടു. അവർ മുള്ളാണി തറച്ച ലാത്തികൊണ്ട് കൗമാരക്കാരുടെ തല തല്ലിപ്പൊളിച്ചു, പെല്ലറ്റ് ഗണ്ണുകൾ നിർദയം ഉപയോഗിച്ചു, പെൺകുട്ടികളെ അപമാനിച്ചു, രാജാവിനെക്കാൾ വലിയ രാജഭക്തസംഘങ്ങൾ വിദ്യാർഥികളെ തെരുവിൽ നേരിട്ടു. ഇക്കഴിഞ്ഞ 21ന്, മടിച്ചും സംശയിച്ചും നിന്ന കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്തി. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ പോലീസ് വലിച്ചിഴച്ചു. യുവാക്കൾ ഭീഷണിക്കു വഴങ്ങിയില്ല.
സമരം ശക്തമായി. പ്രധാനമന്ത്രി അപകടം മണത്തു. പരന്പരാഗത പ്രതിപക്ഷമല്ല മറുവശത്ത്. അവർക്ക് ഇഡിയെയും ഇസി (ഇലക്ഷൻ കമ്മീഷൻ)യെയും പേടിയില്ല. 23നു രാത്രി 11.52ന് പ്രധാനമന്ത്രി സമരക്കാരെ അഭിസംബോധന ചെയ്തു, ജെൻസി ശൈലിയിൽ ഫ്രണ്ട് വീഡിയോയിൽ ചിത്രീകരിച്ച സെൽഫി വീഡിയോയിൽ ഫ്രണ്ട്സ് എന്നു വിളിച്ച് സംസാരിച്ചു.
ചോദ്യപേപ്പർ ചോർച്ച ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അതു വേദനയുണ്ടാക്കിയെന്നും സങ്കടപ്പെട്ടു. രണ്ടര മാസമായി സർക്കാർ ഒട്ടേറെ നടപടികളെടുത്തെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. പക്ഷേ, സിജെപിയും പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടി. സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾ സമൂഹമാധ്യമത്തിൽ പഴയതുപോലെ ഏശിയില്ല.
സർക്കാരിന്റെ കൊട്ടാരം വിദൂഷകരായിരുന്ന ഗോദി മീഡിയയെ യുവാക്കൾ സമരഭൂമിയിൽനിന്ന് ആട്ടിപ്പായിച്ചു. സർക്കാർ ചർച്ചയ്ക്കു തയാറായി. രാജിയൊഴിച്ച് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. യുവാക്കൾ സമ്മതിച്ചില്ല. 24 മണിക്കൂറിനകം മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് തീർത്തു പറഞ്ഞു.
ആ വെല്ലുവിളി സർക്കാരിനു തള്ളിക്കളയാനായില്ല. സംഘപരിവാർ ബുൾഡോസറുകൾ തച്ചുടച്ച ജനാധിപത്യ, മതേതരാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മനുഷ്യപാറ്റകൾ തക്കം പാർത്തിരിക്കുന്നുണ്ടെന്നും അവരുടെ പിന്തുണ സമരത്തിനുണ്ടാകുമെന്നും തോന്നിക്കാണണം. തൊഴിൽരഹിതർ, വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയവർ, പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, ദളിതർ... പാറ്റകളാകാൻ കാത്തിരിക്കുന്നവർ ഏറെ. പരീക്ഷണം സാധ്യമല്ല. 24 മണിക്കൂർ തികയുംമുന്പ് മന്ത്രി രാജിവച്ചു.
12 വർഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഇത്തരമൊരു കയ്പ് രുചിച്ചിട്ടില്ല. ഇതൊരു മരുന്നാണെന്ന് അവർ തിരിച്ചറിയുമോയെന്ന് അറിയില്ല. പക്ഷേ, രാജ്യം ജനാധിപത്യ ഉണർവിലാണ്. അതിനു യുവരക്തം ലഭിച്ചിരിക്കുന്നു. ഭയപ്പെടുത്തലിന്റെ സംഘക്കോട്ട പാറ്റകൾ കരണ്ടു. അവരിൽ അരാജകവാദികളുണ്ടായിരിക്കാം. പക്ഷേ, അവർ ആദ്യമായി ഈ സർക്കാരിനെ വരച്ചവരയിൽ നിർത്തി. കഴിഞ്ഞ 12 വർഷം ചരിത്രത്തിലെ ഏറ്റവും ജീർണ പ്രതിപക്ഷമായിരുന്ന പാർട്ടികളെപ്പോലും രാഷ്ട്രീയം പഠിപ്പിച്ചു.
രാജ്യദ്രോഹികൾ, അരാജകവാദികൾ, വിദേശ ചാരന്മാർ.... കപട ദേശീയവാദികളുടെ ഫാസിസ്റ്റ് അടവുകൾ പഴയതുപോലെ ചെലവാകില്ല. ഇഡിയെ ഭയമില്ലാത്ത യുവാക്കൾ രാജാവ് നഗ്നനാണെന്നു തെളിയിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന്റെ വഴിയിലേക്കു മടങ്ങിയില്ലെങ്കിൽ ബിജെപി സർക്കാരിന് അപ്രതീക്ഷിത ചികിത്സകൾക്കു വിധേയമാകേണ്ടിവരും. അലസരായിരുന്നാൽ പ്രതിപക്ഷത്തിന്റെ അവസാന ബസും കടന്നുപോകും.
Editorial
പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾ വായ്പയെടുത്തു പഠിക്കേണ്ടെന്ന് കേന്ദ്രനിയമം പറയുന്നില്ല കേട്ടോ. പക്ഷേ, അവർക്കു വായ്പ കൊടുക്കാൻ പറ്റില്ലെന്ന ബാങ്കുകളുടെ നിലപാടിൽ തെറ്റില്ലെന്ന്, നിയമം വ്യാഖ്യാനിച്ചു കോടതി പറഞ്ഞിരിക്കുന്നു. ഫലം പാവപ്പെട്ട വിദ്യാർഥികൾ, ഉള്ള കാശിനു പഠിച്ചാൽ മതി.
മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസവായ്പ ബാങ്കുകൾക്കു നിഷേധിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തി നല്കുന്ന അപേക്ഷകള്‍ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേൾക്കാൻ കൊള്ളാം.
പാപ്പരായ മാതാപിതാക്കളുടെ വായ്പയ്ക്കു സഹ അപേക്ഷകരാകാൻ ആരു വരുമെന്നാണ്? നിലവിലുള്ള കേന്ദ്ര നിയമമാണ് കോടതി വ്യാഖ്യാനിച്ചത്. ആ നിയമം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് ഇടപെടാം. ഇന്നലെ കുരുത്ത സിജെപിയുടെ മഹാസമരത്തെ പിന്തുണച്ചതല്ലാതെ സമീപകാലത്ത് കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത വിദ്യാർഥി സംഘടനകൾക്കും ഒന്നനങ്ങാം.
മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതു ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹർജികള്‍ തള്ളിയാണ് കോടതിവിധി. 2005ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.
വായ്പാ തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ബാങ്കുകള്‍ക്കു ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര്‍ എഡ്യുക്കേഷണല്‍ ലോണ്‍ സ്കീം തയാറാക്കിയിരിക്കുന്നത്. ഇതില്‍ വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്‍ദേശിക്കുന്നില്ല. അതുകൊണ്ട് വായ്പ നൽകാൻ ബാങ്കുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാം. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ.
വായ്പാനയം ഹർജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നടപടിയില്‍ ഇടപെടാനാകില്ല. അതേസമയം, വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തിയാൽ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ തീരുമാനം, നിലവിലുള്ള നിയമം പാവപ്പെട്ട വിദ്യാർഥികൾക്ക് അനുകൂലമല്ലെന്ന സൂചനയാണ് നൽകുന്നത്. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോറില്ലെങ്കിൽ അതുള്ള മറ്റുള്ളവരെ സഹ അപേക്ഷകരാക്കാമെന്നതും ഏതാണ്ട് അപ്രായോഗികമായ കാര്യമാണ്. പാവപ്പെട്ടവരുടെ വായ്പയ്ക്ക് ബന്ധുക്കൾ പോലും ജാമ്യം നിൽക്കാൻ മടിക്കുന്നിടത്ത് ഈ വിദ്യാർഥികളുടെ സഹ അപേക്ഷകരായി ആരുണ്ടാകും? പാവപ്പെട്ട മാതാപിതാക്കൾ വർത്തമാനകാല യാഥാർഥ്യമാണ്.
അവരുടെ മക്കൾക്കു വായ്പ നിഷേധിക്കുന്നതുമൂലം ഭാവിയും പ്രതീക്ഷയില്ലാത്തതാകും. കേന്ദ്രം തിരുത്തുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ ഇടപെടണം. ഇതൊന്നും വിദ്യാർഥി സംഘടനകൾ അറിയുന്നില്ലേ? അക്രമങ്ങൾ, മാർക്ക്-വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ, റാഗിംഗ് തുടങ്ങിയവയുടെ ചെളിനിലങ്ങളിൽനിന്ന് അവർ പുറത്തുവരണം.
മാതാപിതാക്കൾക്കു സാന്പത്തികയോഗ്യതയില്ലാത്തതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസവായ്പയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പാവങ്ങൾക്കെതിരേയുള്ള പെല്ലറ്റ് ഗണ്ണാണ്. വായ്പ ഒഴിവാക്കിയിട്ട്, തിരിച്ചടവിനു ഗാരന്റി ഉറപ്പാക്കിയിട്ടെന്തു കാര്യം? പാവങ്ങളെ പാവങ്ങളായി നിലനിർത്തുന്ന മാനദണ്ഡങ്ങളെ കേന്ദ്ര വിദ്യാഭ്യാസ വായ്പാനയത്തിൽനിന്നു പുറത്താക്കാൻ സർക്കാർ വൈകരുത്. വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട.
Editorial
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും വ്യവസ്ഥാപിത പ്രതിപക്ഷവും രാജ്യതലസ്ഥാനത്തു നടത്തുന്ന സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ച് ശക്തമാകുകയോ കൈവിട്ടു പോകുകയോ ആണ്. കാരണം, പാർലമെന്റിലോ പുറത്തോ ചർച്ചകളൊന്നും നടന്നില്ലെങ്കിലും മന്ത്രിയെ സംരക്ഷിക്കാനെന്നോണം സംസ്ഥാന ബിജെപി ഘടകങ്ങളും രാജ്യത്തു പലയിടത്തും തെരുവിലിറങ്ങി.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കു ബിജെപി നടത്തിയ സമരം സംഘർഷത്തിലായി. മഹാരാഷ്ട്രയിലും ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സമരക്കാർക്കെതിരേ സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷപ്രചാരണങ്ങൾ സജീവമായി. പ്രശ്നം പരിഹരിക്കുന്നതിനു സഹായകമായ നിലപാടുകൾ കാണുന്നില്ല.
ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവി പന്താടിയ വകുപ്പിന്റെ മന്ത്രിയെ നിലനിർത്താനാണോ സർക്കാരിന്റെയും ബിജെപിയുടെയും ബലംപിടിത്തം? അല്ലെങ്കിൽ, അയോധ്യയിൽ നട്ടിരുന്ന രാജ്യത്തിന്റെ കണ്ണും കാതും ഡൽഹിയിലെത്തിയെന്ന യാഥാർഥ്യവും മുന്നിലുണ്ട്. സംഭാവനക്കൊള്ളയിൽ കുടുങ്ങിയ ബിജെപി രക്ഷാകവാടം കണ്ടെത്തി.
ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിമാർ രാജിവയ്ക്കുന്നതോ അതിനായി പ്രതിപക്ഷം ആവശ്യപ്പെടുന്നതോ രാജ്യത്ത് ആദ്യമല്ല. അതൊക്കെ അരാജകത്വമാണെന്ന കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും നിലപാടിനു ജനാധിപത്യത്തിൽ സാധൂകരണമില്ല. അത്തരം സമരങ്ങൾ വൻമരങ്ങളെ വീഴ്ത്തുകയും വാഴിക്കുകയും ചെയ്തിട്ടുമുണ്ട്. പലതും തെറ്റായിപ്പോയിട്ടുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളിൽ ആ പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ട്. നീറ്റ് യുജി-സിബിഎസ്ഇ പരീക്ഷകളിൽ ആവർത്തിക്കുന്ന കെടുകാര്യസ്ഥതയത്രയും നേരിട്ടു നടത്തിയത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ആണെന്നല്ല അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിന്റെ അർഥം. ധർമേന്ദ്രയോട് ധാർമികത കാണിക്കണമെന്ന് ആവശ്യപ്പെടുന്നു എന്നേയുള്ളൂ. സർക്കാരും പാർട്ടിയും കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട മന്ത്രിക്ക് ഒരുക്കുന്ന സംരക്ഷണം ഗുണകരമാകുമോയെന്നു കണ്ടറിയണം.
ട്രെയിൻ അപകടങ്ങളുടെ പേരിൽ 1956ൽ നെഹ്റു മന്ത്രിസഭയിൽനിന്നു രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് വകുപ്പിന്റെ പിഴവുകൾക്കു മന്ത്രി ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പാരന്പര്യം തുടങ്ങിവച്ചത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജി സ്വീകരിച്ചില്ലെങ്കിലും തൊട്ടടുത്ത മാസം വീണ്ടും അപകടമുണ്ടായതോടെ ശാസ്ത്രി രാജിയിൽ ഉറച്ചുനിന്നു. ആ സംഭവം പക്ഷേ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും സർക്കാരിന്റെ അന്തസിനും മാറ്റു കൂട്ടിയതേയുള്ളൂ.
1964ൽ ശാസ്ത്രി പ്രധാനമന്ത്രിയാകുകയും ചെയ്തു. നെഹ്റുവിന്റെ വാക്കുകൾ രാജ്യത്ത് മുഴങ്ങുന്നു: “ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിയായി ശാസ്ത്രിയെ ഞാന്‍ കാണുന്നില്ല; അതേസമയം, ഭരണഘടനാപരമായ ഔചിത്യത്തിന്റെ വീക്ഷണകോണില്‍നിന്നു ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനം മാതൃകാപരമാണ്.” തുടർന്നുള്ള വാക്കുകളാണ് ജനാധിപത്യത്തിന്റെ ധാർമികതയെ ഉയർത്തിപ്പിടിക്കുന്നത്: “എന്ത് സംഭവിച്ചാലും, അതൊന്നും നമ്മെ ബാധിക്കില്ലെന്ന ചിന്തയിൽ തുടരാന്‍ കഴിയുമെന്ന് ആരും കരുതരുത്.”
ആ സംസ്കാരം പിന്നീടു ജനാധിപത്യത്തിന്റെ ഭാഗമായി. 1958ൽ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി, 1962ൽ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോൻ, 1987ൽ പ്രതിരോധമന്ത്രി വി.പി. സിംഗ്, 1999ൽ റെയിൽവേ മന്ത്രി നിതീഷ് കുമാർ എന്നിവർ രാജിവച്ചിരുന്നു.
2000 ഡിസംബറിൽ റെയിൽവേ മന്ത്രി മമത ബാനർജി ട്രെയിൻ അപകടങ്ങളുടെ പേരിൽ രാജിക്കത്തു സമർപ്പിച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന വാജ്പേയി സ്വീകരിച്ചില്ല. മമത തുടരുകയും ചെയ്തു. അതുപോലെ വിവിധ സംസ്ഥാനങ്ങളിൽ എത്രയോ മന്ത്രിമാരാണ് തങ്ങളുടേതല്ലാത്തതെങ്കിലും വകുപ്പുകളിലെ പിഴവുകളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചിട്ടുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രം അധികാരത്തിന്റേതു മാത്രമല്ല, അധികാരമൊഴിയലിന്റേതുകൂടിയാണ്. അതിന്റെ അടിസ്ഥാനം ധാർമികതയാണ്. ധർമേന്ദ്ര മറന്ന ധർമം യുവാക്കൾ ഓർമിപ്പിക്കുന്നത് അവർ അരാജകവാദികളായതുകൊണ്ടല്ല. ബിജെപി, പാറ്റകളെന്നു സ്വയം വിശേഷിപ്പിക്കുന്ന സിജെപിക്കു നന്ദി പറയുകയാവാം.
കാരണം, ഈ സമരം രാജ്യത്തിന്റെ കണ്ണും കാതും അയോധ്യയിൽനിന്നു ഡൽഹിയിലെത്തിച്ചിട്ടുണ്ട്. അതൊരു ഗൂഢാലോചനയല്ലായിരിക്കാം. പക്ഷേ, അയോധ്യ സംഭാവനക്കൊള്ളയിൽ ആരോപണവിധേയരായ ബിജെപിക്കു ഡൽഹി താത്കാലിക രക്ഷാകവാടമായിരിക്കാം. പക്ഷേ, അയോധ്യ ഉയർന്നുതന്നെ നിൽക്കും.
Editorial
ജീവിതംപോലെയാണ് കളിയും. നമ്മൾ എതിർവലയിൽ നിറയെ ഗോൾ സ്വപ്നം കാണും. ഉണരുമ്പോൾ സ്വന്തം വലയിൽ കൈനിറയെ തന്ന് അത് ക്രൂരമായി പുഞ്ചിരിക്കും. ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ ഫുട്ബോൾ മാന്ത്രികനായ ലയണൽ മെസിയും മൈതാനത്ത് കവിതയെഴുതുന്ന അർജന്റീനയും അവരുടെ കോടിക്കണക്കിന് ആരാധകരും മോഹിച്ചതല്ല ന്യൂജഴ്സിയിലെ സ്റ്റേഡിയത്തിൽ സംഭവിച്ചത്. സ്പാനിഷ് അർമാഡയുടെ സമ്പൂർണ ആധിപത്യം. ഒരു ജനതയുടെ അർമാദത്തിന് തിരികൊളുത്തി ഫെറാൻ ടോറസിന്റെ ഗോൾ. വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!
അനിശ്ചിതത്വമാണ് കളിയുടെ സൗന്ദര്യം. പലപ്പോഴും അത് അങ്ങേയറ്റം ക്രൂരമാകുമെന്നു മാത്രം. മെസിയെപ്പോലൊരു മഹാപ്രതിഭ രണ്ടാമതൊരു ലോകകപ്പ് ആഗ്രഹിച്ചത് തെറ്റല്ല. അർജന്റീനയും ആരാധകരും മോഹിച്ചതും തെറ്റല്ല. പക്ഷേ, മോഹങ്ങൾക്കപ്പുറമുള്ള ചില കടുത്ത യാഥാർഥ്യങ്ങളാണ് മൈതാനത്ത് ചരിത്രമെഴുതുന്നത്. ഒപ്പം, ലോകത്തെ ഒരുമിപ്പിക്കുന്ന ഫുട്ബോൾ എന്ന സ്വപ്നസന്നിഭമായ കലയെ നിലനിർത്തുന്നതും.
ബോൾ പൊസഷൻ 65 ശതമാനം. 20 ഷോട്ടുകളിൽ പന്ത്രണ്ടും ലക്ഷ്യത്തിലേക്ക്. പാസുകളിൽ 89 ശതമാനം കൃത്യത. ഒന്നിനെതിരേ ഒമ്പതു കോർണർ കിക്കുകൾ. സ്പെയിനിന്റെ അടക്കിവാഴലിന്റെ നേർചിത്രം. ടൂർണമെന്റിലുടനീളം കളിച്ച എട്ടു മത്സരങ്ങളിൽനിന്ന് ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധക്കോട്ട. അതേസമയം, ഒരു ചുവപ്പുകാർഡും അഞ്ച് മഞ്ഞക്കാർഡുകളും അർജന്റീനയുടെ സമ്മർദത്തിനു തെളിവായി.
മെസി മൈതാനത്ത് അദൃശ്യനായിരുന്നില്ല. ചെറിയൊരവസരം മുതലാക്കി വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ള ആ പ്രതിഭയെ മാത്രം പിന്തുടരുകയെന്ന അബദ്ധം സ്പെയിൻ പ്രതിരോധം കാണിച്ചില്ല. മെസിയെ മാത്രം പൂട്ടാൻ ആരെയും നിയോഗിച്ചതുമില്ല. പകരം, സാധാരണയായി അദ്ദേഹം കളി തീരുമാനിക്കുന്ന സാഹചര്യങ്ങളെത്തന്നെ അവർ ഇല്ലാതാക്കുകയായിരുന്നു. കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയും അദ്ദേഹത്തിന്റെ കളിക്കാരും അർജുനനെപ്പോലെ കിളിയുടെ കണ്ണ് മാത്രമേ കണ്ടുള്ളൂ.
രണ്ടു തവണ ഫൈനലിൽ. രണ്ടു തവണയും ചാമ്പ്യന്മാര്. അതാണ് സ്പെയിനിന്റെ ലോകകപ്പ് നേട്ടം. ലോകകപ്പ് നേടിയ ആ രണ്ടു ടീമുകളും പന്തിനെ വിശ്വസിക്കുകയും പന്തടക്കത്തെ കളിയുടെ നിയന്ത്രണത്തിനുള്ള മാർഗമായി കാണുകയും ചെയ്തു. എന്നാൽ, സാദൃശ്യം അത്രമാത്രം. ചാവി, ആന്ദ്രെ ഇനിയെസ്റ്റ, സാവി അലോൺസോ എന്നീ അസൂയാവഹമായ ത്രയം ഉൾപ്പെട്ട 2010ലെ ടീം ചെറിയ പാസുകളുടെ ടിക്കി-ടാക്കയിൽ അഭിരമിക്കുകയായിരുന്നു. ഇത്തവണയാകട്ടെ ടിക്കി-ടാക്കയുടെ വേഗമേറിയ ന്യൂജൻ പതിപ്പായിരുന്നു ചാമ്പ്യൻഷിപ്പിലുടനീളം സ്പെയിനിനെ അപ്രതിരോധ്യരാക്കിയത്.
അപ്രതീക്ഷിത വിജയങ്ങൾ, നാടകീയമായ തിരിച്ചുവരവുകൾ, മനോഹരമായ ഗോളുകൾ, കളിച്ചെപ്പിലെ വൻതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ എന്നിവകൊണ്ട് ആവേശകരമായിരുന്നു ഈ ലോകകപ്പ്. വിവാദങ്ങളും കുറവായിരുന്നില്ല. ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ ഹൈഡ്രേഷൻ ബ്രേക്കുകൾ പോലുള്ള പുതിയ പരിഷ്കാരങ്ങൾക്കെതിരേയുള്ള വിമർശനങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചില ഇടപെടലുകളും വരെ ചൂടേറിയ ചർച്ചയായി.
വിഎആർ എന്നറിയപ്പെടുന്ന വീഡിയോ റിവ്യൂ സംവിധാനവും തർക്കവിഷയമായി. ജർമനി, ക്രോയേഷ്യ, ഈജിപ്ത് തുടങ്ങിയ ടീമുകളുടെ ചില നിർണായക ഗോളുകൾ നിഷേധിക്കപ്പെട്ടു. യുഎസ് ഭരണകൂടത്തിന്റെ യാത്രാനിയന്ത്രണങ്ങൾ രാഷ്ട്രീയ പകപോക്കലെന്നും വംശീയമെന്നും മുദ്രകുത്താനിടയായി. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് റദ്ദാക്കാനുള്ള ട്രംപിന്റെ ഇടപെടൽ അങ്ങേയറ്റം പരിഹാസ്യമായി.
48 ടീമുകളുടെ ജംപോ ഫോർമാറ്റും തുടക്കത്തിൽ വിമർശനത്തിനു കാരണമായെങ്കിലും കേപ് വെർദെ, കോംഗോ, കുറസാവോ തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കി പുതിയ ആരാധകരെ നേടിയെടുത്തു. റൗണ്ട് ഓഫ് 32ൽ കയറിയ കേപ് വെർദെ സ്പെയിനിനെയും അർജന്റീനയെയും ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവരുടെ നാൽപ്പതുകാരനായ ഗോളി വൊസീഞ്ഞയും താരമായി.
ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലണ്ട്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം തുടങ്ങിയ ലോകത്തിലെ മുൻനിര കളിക്കാർ ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ചു പൊരുതി. 10 ഗോളുകളും ആകെ 22 ലോകകപ്പ് ഗോളുകളും എന്ന റിക്കാർഡുമായി എംബപ്പെ മുന്നിൽ നിന്നു. സ്പെയിനിന്റെ റോഡ്രി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി. തന്റെ അവസാന ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല. സ്പെയിനിന്റെ പത്തൊമ്പതുകാരൻ ലാമിൻ യമാൽ പടപ്പുറപ്പാട് തുടങ്ങിയതേയുള്ളൂ. ഇനിയുമെത്രയോ ലോകകപ്പുകൾ പയ്യനെ കാത്തിരിക്കുന്നു.
ഫുട്ബോൾ എന്നത് വെറുമൊരു കളി മാത്രമല്ല. അത് ദൃഢനിശ്ചയത്തിന്റെയും ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും സിംഫണിയാണ്. വിജയത്തിലേക്കെത്തുന്ന ഓരോ മുന്നേറ്റത്തിനും പ്രതിരോധത്തിനും പിന്നിൽ അചഞ്ചലമായ പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടാകും. സ്കോട്ടിഷ് ഇതിഹാസ പരിശീലകൻ ബിൽ ഷാങ്ക്ലി ഒരിക്കൽ പറഞ്ഞിട്ടുണ്ട്: “ചിലർ കരുതുന്നത് ഫുട്ബോൾ ജീവന്മരണ പോരാട്ടമാണെന്നാണ്. അതിനോടെനിക്കു വിയോജിപ്പുണ്ട്. ഫുട്ബോൾ അതിനേക്കാളും എത്രയോ മുകളിലാണ്!’’ ഇത് ഡോണൾഡ് ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമൊക്കെ തിരിച്ചറിയേണ്ട പരമസത്യമാണ്.
ഫുട്ബോളിന് പുതിയൊരു ലോകചാമ്പ്യനെ കിട്ടി. അതിനിടയിൽ താരോദയങ്ങളുണ്ടായി. അസ്തമയങ്ങളുണ്ടായി. പലരുടെയും കണ്ണീരു വീണു. വിദ്വേഷവാക്കുകൾ അന്തരീക്ഷത്തിൽ അലയടിച്ചു. കളിയെ കൊഞ്ഞനംകുത്തുന്ന ശുദ്ധമായ കച്ചവടം നടന്നു. വംശീയതയുടെ വിഷപ്പാമ്പുകൾ പുളഞ്ഞു. എന്നിട്ടും ഫുട്ബോളെന്ന മാന്ത്രികകലയുടെ കൊടിപ്പടം താഴ്ത്താൻ ഒരു വിജിഗീഷുവിനും കഴിഞ്ഞില്ല.
വിവ ഫുട്ബോൾ!
Editorial
ഇതു ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരപഭ്രംശം... തിയറ്ററുകളെ വിറപ്പിച്ച കൊടുമൺ പോറ്റിയുടെ കൊലച്ചിരിക്കുമുന്നിൽ രജതകമലം വീണു. നടൻ കാർത്തിക് ആര്യനൊപ്പം 2024ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം വട്ടം മമ്മൂട്ടിക്ക്. അപ്പോൾ ന്യൂയോർക്കിലെ ന്യു ജഴ്സി സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന്റെ അന്തിമയുദ്ധത്തിനൊരുങ്ങുകയായിരുന്നു. അത് ആവേശത്തിനു തീകൊളുത്തിയ കായികമാമാങ്കമെങ്കിൽ ഇതു ഭ്രമിപ്പിക്കുന്ന കല. ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം..! ഛായാഗ്രഹകൻ ഷഹനാദ് ജലാൽ, ഗായിക വൈക്കം വിജയലക്ഷ്മി, മഹാരാജ എന്ന തമിഴ് ചിത്രത്തിലൂടെ സഹനടിയായ മലയാളി സജന നമിദാസ്, മികച്ച മലയാള ചിത്രം "ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറക്കാർ... പ്രതിഭകളേ, ഈ ലോകകപ്പാരവത്തിലും നിങ്ങളുയർത്തിയ കപ്പിൽ തിളങ്ങുന്നു കേരളം. നന്ദി!
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര മത്സരങ്ങളിൽ മുന്നിൽനിന്നത് മലയാള സിനിമകളായിരുന്നെന്നാണ് ജൂറി അധ്യക്ഷനും സംവിധായകനുമായ ജയരാജ് അറിയിച്ചത്. സൂചനകൾവച്ച്, പുരസ്കാരം ലഭിച്ചില്ലെങ്കിലും രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച ചിത്രമായിരുന്നു. എല്ലാ ജൂറി അംഗങ്ങൾക്കും കൂടുതൽ ഇഷ്ടപ്പെട്ട സിനിമ അതായിരുന്നെന്ന ജൂറി അധ്യക്ഷന്റെ വാക്കുകൾ മലയാളത്തിനുള്ള അംഗീകാരമാണ്. ബംഗാളി സിനിമയിൽ പാടിയ ശ്രേയ ഘോഷാലുമായിട്ടായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ മത്സരം.
"അങ്ങു വാനക്കോണില് മിന്നിനിന്നൊരന്പിളീ...' ആ ശബ്ദവും ശൈലിയും ഒടുവിൽ വിധികർത്താക്കളെ കീഴടക്കി. "അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്ന ചിത്രത്തിലെ പാട്ടിലൂടെ വിജയലക്ഷ്മി മികച്ച ഗായിക. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ. സംസ്ഥാനത്തെ മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ദേശീയതലത്തിലും ശ്രദ്ധ നേടി. 2010ൽ പുറത്തിറങ്ങിയ ചിത്രസൂത്രം എന്ന സിനിമയിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ഷഹനാദ് ജലാൽ അതേ ചിത്രത്തിൽതന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിലൂടെ ദേശീയപുരസ്കാരവും.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ, കാഷ്മീരിന്റെ കഥ പറയുന്ന "ആർട്ടിക്കിൾ 370', രൺദീപ് ഹൂഡയെ മികച്ച നവാഗതസംവിധായകനാക്കിയ "സ്വാതന്ത്ര്യ വീരസവർക്കർ' എന്നിവയൊക്കെ രാഷ്ട്രീയം പറയുന്നവയാണ്. പക്ഷേ, കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും കഥ പറയുന്ന "ഭ്രമയുഗം' കക്ഷിതാത്പര്യങ്ങളില്ലാത്തതും സാർവത്രിക വീക്ഷണമുള്ളതുമായ ഭരണകൂടതാത്പര്യങ്ങളെ പുറത്തെടുക്കുന്നുണ്ട്. പോറ്റിയുടെ പൈശാചികമായ ചിരി ഉള്ളിലൊളിപ്പിച്ച ചാത്തനിലൊതുങ്ങില്ല. അത് വിട്ടൊഴിയാത്ത അധികാരഭ്രമത്തിന്റേതാണ്. അതിനെ എതിർത്തുകൊണ്ടിരുന്നവരും അധികാരമോതിരം അഥവാ ചെങ്കോൽ ലഭിക്കുന്പോൾ ആ ചിരി ഏറ്റെടുക്കുന്നത് ഭ്രമയുഗത്തിൽ കാണാം.
ഏതു പ്രേതകഥയും മനുഷ്യനെ വെളിപ്പെടുത്താനുള്ളതാണ്. ഭ്രമയുഗം ഉജ്വലമായി അതു നിർവഹിച്ചു. ആ അധികാരം രാഷ്ട്രീയത്തിൽ മാത്രമല്ല, കാട്ടിലും നാട്ടിലും വീട്ടിലുമുണ്ടെന്നത് ഭ്രമയുഗത്തിന്റെ അധികദൃശ്യമാണ്. അതു പോറ്റിയല്ല, ചാത്തനല്ല... മമ്മൂട്ടി അഭിനയിക്കുന്നതാണെന്ന് എത്ര ഓർമിപ്പിച്ചാലും അടുത്ത നിമിഷം നാമതു മറന്നുപോകും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ "ഭ്രമയുഗം' ലോസ് ആഞ്ചലസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചപ്പോൾ അവതാരക മമ്മൂട്ടിയെ വിശേഷിപ്പിച്ചത് മോളിവുഡ് ലെജൻഡ് എന്നാണ്. വലിയ കൈയടി ലഭിച്ചു. പക്ഷേ, അദ്ദേഹം മലയാളസിനിമയിലെയല്ല, ലോകസിനിമയിലെ ഇതിഹാസങ്ങൾക്കൊത്ത പ്രകടനമാണു നടത്തിയത്. "കാട് കടലിനെ സന്ധിക്കുന്നിടം' എന്ന വിഭാഗത്തിലായിരുന്നു, മനുഷ്യൻ ദുഷ്ടാരൂപിയെ സന്ധിക്കുന്ന "ഭ്രമയുഗം' ഓസ്കർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത്. 27 വർഷം മുന്‍പാണ് മമ്മൂട്ടിക്കു പത്മശ്രീ ലഭിച്ചത്. നാലു ദേശീയ പുരസ്കാരങ്ങൾ, സംസ്ഥാനത്ത് ഏഴു തവണ മികച്ച നടൻ, മറ്റനേകം പുരസ്കാരങ്ങൾ, നാനൂറിലേറെ സിനിമകൾ... ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം.
Editorial
നമ്മുടെ മത്സ്യബന്ധന മേഖലയിൽ ഭരണകൂട നിർമിതമായ പുതിയൊരു ന്യൂനമർദം രൂപംകൊള്ളുന്നുണ്ട്. കേരള തീരങ്ങളോടു ചേർന്നുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ വൻകിട കപ്പലുകൾക്ക് അനുമതി നൽകുകയാണ്. ഇത് ചെറുകിട യാനങ്ങളെ മുക്കുമെന്ന ഭീതി വളർന്നുകഴിഞ്ഞു.
അവരുടെ ഭയത്തിന്, സാന്പത്തിക ആശങ്കകൾക്ക്, തൊഴിൽനഷ്ടങ്ങൾക്ക്, ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പുകൾക്ക് സർക്കാർ മറുപടി കൊടുക്കണം. അതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. പാവങ്ങൾക്കിനി കടലേ ബാക്കിയുള്ളൂ; അതും കൊടുക്കാൻ പറയരുത്. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണ് വലിയ ട്രോളിംഗ് കപ്പലുകൾക്ക് വീണ്ടും അനുമതി നൽകുന്നത്.
ഇത്, മത്സ്യക്ഷാമവും വരുമാനനഷ്ടവുംകൊണ്ട് പൊറുതിമുട്ടുന്ന ചെറുകിട യാനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുകിട യാനങ്ങൾക്ക് 200 നോട്ടിക്കൽ മൈലിനു പുറത്ത് മീൻ പിടിക്കണമെങ്കിൽ 25,000 രൂപ ഫീസുണ്ട്. പക്ഷേ, വൻകിട ട്രോൾ ബോട്ടുകൾക്ക് ഇതില്ല. ഉള്ള വരുമാനവും തീരും.
ഡീസലിന്റെയും വലയുടെയും കയറിന്റെയുമൊക്കെ വിലയും കൂലിയും വർധിച്ചതോടെ പല ഉടമകളും ബോട്ടുകൾ വിറ്റൊഴിയുകയാണ്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കടലിൽ സുസ്ഥിര മത്സ്യബന്ധനത്തിന് കേവലം 93,257 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ, 3,14,677 യാനങ്ങൾ മീൻ പിടിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും വീണ്ടും അനുമതി നൽകുന്നത്.
അതായത്, ഏതാനും കുത്തകകളുടെ ലാഭത്തിനുവേണ്ടി ഇടത്തരം ബോട്ടുകാരും ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളും വില കൊടുക്കേണ്ടിവരും. സ്വകാര്യ-കോർപറേറ്റ് മുതൽമുടക്കുകളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണക്കാരുടെ വരുമാനം കോരിയെടുക്കുന്ന വല കെട്ടിയാകരുത്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി ചൂഷണത്തിന്റെ പര്യായമായി മാറുന്നെന്ന പരാതി സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.
കേരളത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണം വൻകിട കപ്പലുകളുടെ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണെന്ന ആശങ്ക ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രകടിപ്പിച്ചിട്ടുണ്ട്. 1995ല്‍ ആഴക്കടൽ മത്സ്യബന്ധന നയം പരിശോധിക്കാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്കുള്ള അനുമതി റദ്ദാക്കണമെന്നാണ് നിര്‍ദേശിച്ചത്.
എന്നാൽ, രണ്ടാം യുപിഎ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി, തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ മികവ് കൈവരിക്കുവോളം വിദേശ യാനങ്ങൾ തുടരട്ടെ എന്ന് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി കേന്ദ്രസർക്കാരുകൾ ആഴക്കടൽ വൻകിടക്കാർക്കു തീറെഴുതാൻ ശ്രമിച്ചിട്ടുണ്ട്. 2004 മുതൽ 2022 വരെ പല നയപരിഷ്കാരങ്ങളുമുണ്ടായി.
പക്ഷേ, ആഴക്കടലിൽ ഉദ്ദേശിച്ചത്ര മീൻ ഉണ്ടായിരുന്നില്ലെന്നതാണ് അനുഭവം. അതോടെ, കപ്പലുകൾ തീരക്കടലിലേക്ക് കടന്നുകയറി. ചെറുകിട ബോട്ടുകാരുമായി തർക്കങ്ങളും തുടർന്ന് പ്രക്ഷോഭങ്ങളും ഉണ്ടായതോടെ കപ്പലുകളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ സർക്കാർ നിർബന്ധിതമായി. പക്ഷേ, സ്ഥിതി മാറി. ഇപ്പോഴത്തെ സർക്കാർ ജനാധിപത്യ സമ്മർദങ്ങൾക്കു വഴങ്ങുമോയെന്ന് അറിയില്ല.
ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകേണ്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും പറയാനുള്ള സങ്കടങ്ങൾ കേൾക്കണം. അവ അടിസ്ഥാനരഹിതമാണെങ്കിൽ അവരെ ബോധ്യപ്പെടുത്തണം. അതല്ലെങ്കിൽ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം.
യാഥാർഥ്യങ്ങൾ അത്ര ആശാവഹമല്ല. ഉദാഹരണത്തിന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ട ഒരു മുതലാളിയും കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും തമ്മിൽ വിഴിഞ്ഞത്തോ മറ്റെവിടെയെങ്കിലുമോവച്ച് ഒരു തർക്കമുണ്ടായാൽ എന്തു സംഭവിക്കും? വോട്ടുള്ളതുകൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രസംഗിക്കും, കാശുള്ളതുകൊണ്ട് മുതലാളിക്കുവേണ്ടി പ്രവർത്തിക്കും.
അനുഭവം അതാണ്. വികസനം വേണം, വേണം, വേണം; പക്ഷേ, ഏതു പദ്ധതിയായാലും കച്ചവടമായാലും കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന പാവങ്ങളെ പുതിയ പുറന്പോക്കുകളിലേക്ക് നിത്യവും നീക്കിക്കൊണ്ടിരിക്കരുത്. തീരങ്ങളും ഹാർബറുകളും നഷ്ടപ്പെട്ടവരോട് ഭരണക്കൊടിയേന്തിയ കപ്പലിലെത്തിയവർ കടലും മീനും ചോദിക്കുന്നു. സംസ്ഥാന സർക്കാർ ഇരട്ടത്താപ്പില്ലാതെ ഇടപെട്ടാൽ നമ്മുടെ മീൻപിടിത്തക്കാർക്ക് ഇനിയും വലയെറിയാനാകും.
Editorial
ചരിത്രനേട്ടങ്ങൾ തുള്ളിച്ചാടാൻ മാത്രമുള്ളതല്ല. അവ നമ്മുടെ ഭാവിപേടകങ്ങളുമാകണം. ഒറ്റപ്പാലത്തു വേരുകളുള്ള നാസയുടെ ബഹിരാകാശസഞ്ചാരി ഡോ. അനിൽ മേനോൻ ബഹിരാകാശത്തും ബഹിരാകാശ നിലയത്തിലുമെത്തുന്ന ആദ്യ മലയാളിയായിരിക്കുന്നു. എത്ര അഭിമാനകരമായ മുഹൂർത്തമാണിത്. പക്ഷേ, അതൊരു സാങ്കേതികത്വമാണെന്ന തിരിച്ചറിവ് നമ്മുടെ കുതിപ്പിനുള്ള ഇന്ധനമാകണം. അതായത്, അമേരിക്ക നൽകിയതുപോലെ മികച്ച വിദ്യാഭ്യാസവും പരിശീലനവും അവസരങ്ങളും നൽകിയാൽ മലയാളിക്കും ഇതൊക്കെ സാധ്യമാണെന്നതാണ് ചരിത്രപാഠം. സർക്കാരിന് അതിന്റെ നയങ്ങളും മുൻഗണനകളും മാറ്റാനുള്ള അവസരംകൂടിയാണിത്. പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാർഥികൾ നാടുവിട്ടുകൊണ്ടിരിക്കെ.
ഇന്നലെ പുലർച്ചെ 1.25നാണ് അനിൽ മേനോൻ ബഹിരാകാശനിലയത്തിലെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിൽ റഷ്യൻ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നു പുറപ്പെട്ട് അഞ്ചു മണിക്കൂറിനകം! ഏകദേശം മൂന്നു മണിക്കൂർകൊണ്ട് സോയൂസ് ബഹിരാകാശ നിലയവുമായി ബന്ധപ്പിച്ചിരുന്നു. ഇപ്പോൾ നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും റഷ്യയുടെയും ഉൾപ്പെടെ 10 പേർ നിലയത്തിലുണ്ട്.
എട്ടു മാസത്തിനുശേഷം 2027 ഏപ്രിലിൽ സോയൂസിൽതന്നെ അനിൽ ഭൂമിയിലേക്കു മടങ്ങും. ദീര്‍ഘകാല ബഹിരാകാശ യാത്രകളും വാസവും മനുഷ്യരില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകൾ തുടങ്ങിയവയിൽ ഡോ. അനിൽ പരീക്ഷണങ്ങൾ നടത്തും.
ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും (കെ.പി.എസ്. മേനോൻ) യുക്രെയ്ൻ വംശജ ലിസ സാമോലെങ്കോയുടെയും മകനായി അമേരിക്കയിലെ മിനിയാപൊലിസിലാണ് അനിൽ ജനിച്ചത്. നാൽപ്പത്തിയൊന്‍പതുകാരനായ അദ്ദേഹം ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. മുന്‍പ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഭാര്യ അന്ന നാസയുടെ ഇരുപത്തിനാലാം അസ്ട്രനോട്ട് ഗ്രൂപ്പിലുണ്ട്. ജയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ. ഈ വേരുകൾ മാത്രമാണ് നമ്മുടെ അഭിമാനഹേതു. പക്ഷേ, ഈ ആവേശത്തിൽ ബഹിരാകാശത്തേക്കു നോക്കുന്ന വിദ്യാർഥികൾക്കു കൊടുക്കാൻ നമ്മുടെ സംസ്ഥാനത്ത് എന്തുണ്ട് എന്ന ചോദ്യത്തിൽനിന്നു തുടങ്ങണം ഭാവിയിലേക്കുള്ള യാത്ര. പള്ളിക്കൂടങ്ങൾ മുതൽ സർവകലാശാലകൾ വരെ അഴിച്ചുപണിയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളുണ്ടോ? പ്രായോഗിക പരിശീലനങ്ങളേക്കാൾ സിദ്ധാന്തങ്ങളുടെ മനഃപാഠ വ്യായാമങ്ങളാണോ നമ്മെ തളർത്തുന്നത്? എല്ലാ നവീകരണങ്ങളെയും പിന്നോട്ടടിക്കുന്ന രാഷ്ട്രീയ കെട്ടുപാടുകളിൽനിന്ന് സർവകലാശാലകളെയും വിദ്യാഭ്യാസ മേഖലയെ ആകെത്തന്നെയും മോചിപ്പിക്കാൻ എത്രകാലം വേണ്ടിവരും? നാടുവിട്ടുപോകാതിരിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളത്? അനിൽ മേനോന്റെ ഒറ്റപ്പാലത്തെ വേരുകളിൽ കെട്ടിക്കിടക്കുകയല്ല, ഉയരങ്ങളിലേക്കു കുതിക്കാൻ ഈ മണ്ണിൽ വേരിറക്കുകയാണു വേണ്ടത്. എങ്കിൽ ഇവിടെ പഠിച്ചു പരിശീലിച്ചവരും ഒരിക്കൽ ബഹിരാകാശത്തെത്തും. ലോകകപ്പിൽ കളിക്കും. ഒളിന്പിക്സിൽ സജീവസാന്നിധ്യമാകും.
തീർന്നില്ല; ഒരു ബഹിരാകാശയാത്ര അതിന്റെ ഗവേഷണങ്ങൾക്കൊപ്പം, പ്രപഞ്ചത്തിന്റെ ആരംഭം മുതലുള്ള യാഥാർഥ്യങ്ങളെയും കാണിച്ചുതരുന്നുണ്ട്. അനിൽ മേനോൻ ഇപ്പോഴുള്ള ബഹിരാകാശപേടകംപോലെ, ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഭൂമിയെന്ന മറ്റൊരു പേടകത്തിലെ യാത്രക്കാരോ ഗവേഷകരോ ആണ് നാമൊക്കെ. അദ്യബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൽ ഭൂമിയെ നോക്കി പറഞ്ഞു: “ഞാൻ ഭൂമിയെ കാണുന്നു, അതിമനോഹരം”. പക്ഷേ, അതു ബഹിരാകാശത്തുനിന്നു നോക്കുന്പോൾ. ഭൂമിയിലിറങ്ങിയാലോ രാഷ്ട്രങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ, കുടുംബങ്ങൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ യുദ്ധം. അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽ പോയിവരുന്ന താത്കാലിക ഗവേഷകരെപ്പോലെ ഒരുമയോടെ നേട്ടങ്ങൾ കൊയ്യേണ്ടവരെ ചിലർ മതത്തിന്റെയും വംശത്തിന്റെയും സന്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ യുദ്ധത്തിനിറക്കുന്നു.
“വിശാലമായ പ്രപഞ്ചമെന്ന അരങ്ങിൽ ഭൂമി വളരെ ചെറിയൊരു വേദിയാണ്... ഒരു ബിന്ദുവിന്റെ അംശമാത്രമായ ഒരിടത്തിന്റെ ക്ഷണികമായ അധിപരാകാൻവേണ്ടി, പെരുമയും വിജയവും തേടി ആ സേനാനായകന്മാരും ചക്രവർത്തിമാരും ഒഴുക്കിയ രക്തനദികളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ”- അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ. മനുഷ്യവംശത്തിന്റെ കഴുത്തിൽ തൂങ്ങി ഇപ്പോഴും ചിലർ ഇവിടെ ഒഴുക്കിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകളെക്കുറിച്ചുകൂടി ചിന്തിക്കൂ; ഭൂമിയെന്ന ബഹിരാകാശയാനത്തിലെ യാത്രക്കാരേ. ഒറ്റപ്പാലത്തൊതുങ്ങരുത് ഡോ. അനിൽ മേനോന്റെ വിജയഗാഥയുടെ വിദൂര- ദീർഘ വീക്ഷണങ്ങൾ.
Editorial
ആസാമിൽ 27 വ്യക്തികളെ വിദേശികളായി പ്രഖ്യാപിച്ചത് ശരിവച്ച ഗോഹട്ടി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോൾ ആശ്വസിച്ചവർ 27 ലക്ഷത്തിനും മുകളിലാണ്. കാരണം, ഈ രാജ്യത്ത് ജനിച്ചുവളർന്നവരും വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടവരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ പൗരത്വം തെളിയിക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. പൗരത്വവും വിദേശിപദവിയും സംബന്ധിച്ച വിഷയങ്ങൾ “നിയമപരവും ന്യായയുക്തവുമായ” പ്രക്രിയയിലൂടെ തീരുമാനിക്കണമെന്ന സുപ്രീംകോടതി വിധി മേൽപ്പറഞ്ഞ ഹർജിക്കാർക്കു പൗരത്വം ഉറപ്പാക്കുമോയെന്ന് അറിയില്ല. പക്ഷേ, പൗരത്വത്തെ ഹിന്ദുത്വയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച വിചാരധാരയെയും അതിനെ ഓർമിപ്പിക്കുന്ന നിയമ പരിഷ്കരണങ്ങളെയും തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തെയുമൊക്കെ ഭയപ്പെടുന്നവർക്കു തെല്ലൊരു പ്രതീക്ഷ നൽകുന്നു.
ഹർജിക്കാരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവ് ഗോഹട്ടി ഹൈക്കോടതി 2024ൽ ശരിവച്ചതു ചോദ്യം ചെയ്താണ് ഹർജിക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, കേസ് നിഷ്പക്ഷമായ വാദം കേൾക്കലിനായി ഫോറിനേഴ്സ് ട്രൈബ്യൂണലിനു തിരിച്ചയച്ചു. പൗരത്വത്തിനും വിദേശികളെന്ന നിർണയത്തിനും ഭരണഘടനാ തലത്തിലും നിയമ തലത്തിലും ഉന്നത പ്രാധാന്യമുണ്ടെന്ന് ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നിയമവിരുദ്ധമായി ഇന്ത്യൻ പൗരത്വം അവകാശപ്പെടുന്നത് തടയാനുള്ള സംസ്ഥാന സർക്കാരുകളുടെ താത്പര്യത്തെ കോടതി നിഷേധിച്ചില്ല. എന്നാൽ, അനധികൃത കുടിയേറ്റം തടയാനുള്ള സർക്കാർ ലക്ഷ്യങ്ങൾ ന്യായമായ നടപടിക്രമങ്ങൾ ബലികഴിച്ചുകൊണ്ടായിരിക്കരുതെന്ന് കോടതി പറഞ്ഞു. അതേസമയം, 1947 ഫോറിനേഴ്സ് നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്നും ട്രൈബ്യൂണലുകൾക്കു മുമ്പാകെ പൗരത്വ അവകാശവാദങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് ഈ ഉത്തരവ് എന്തെങ്കിലും നേട്ടമോ ആശ്വാസമോ നൽകുന്നതായി വ്യാഖ്യാനിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
പക്ഷേ, പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്ന നിയമവ്യവസ്ഥ കേന്ദ്രസർക്കാരും ബിജെപി സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പു കമ്മീഷനുമൊക്കെ ചേർന്ന് എങ്ങനെ സങ്കീർണമാക്കിയെന്നതും അഭിസംബോധന ചെയ്യപ്പെടേണ്ട വിഷയമാണ്. അതായത്, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ആധാർ... ഏതു രേഖ കൊണ്ടുചെന്നാലും അതു പോരെന്നു പറഞ്ഞ് ആളുകളെ ഓടിച്ചുവിടാൻ ഉദ്യോഗസ്ഥർക്കു ധൈര്യമായി. എന്നാൽ, പൗരത്വം തെളിയിക്കാനുള്ള രേഖ ഏതാണെന്നു ചോദിച്ചാൽ ആഭ്യന്തരമന്ത്രാലയത്തിനുപോലും മറുപടിയില്ല. കുടുംബത്തിന്റെ പേരുകൾ ഉൾപ്പെട്ട 1951ലെ എൻആർസി രേഖ ഉൾപ്പെടെ 15 രേഖകൾ സമർപ്പിച്ചിട്ടും ആസാം സ്വദേശിയെ വിദേശിയെന്നു പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധി ഗോഹട്ടി ഹൈക്കോടതി ശരിവച്ചതും ദിവസങ്ങൾക്കു മുന്‍പാണ്.
പൗരത്വം തെളിയിക്കാൻ ജനങ്ങളിൽനിന്നു രേഖകൾ നിർബന്ധപൂർവം ആവശ്യപ്പെടുന്നത് പൗരാവകാശങ്ങളെ ഹനിക്കുന്ന "പുറന്തള്ളൽ രാഷ്ട്രീയ'മാണെന്നാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ കഴിഞ്ഞദിവസം ഒരഭിമുഖത്തിൽ പറഞ്ഞത്. “നിങ്ങൾ ഇന്ത്യയിലാണെങ്കിൽ, ഇന്ത്യൻ പൗരനാണെന്നതാണ് നിയമപരമായ മുൻവിധി. പൗരത്വം തെളിയിക്കാൻ പൗരൻ ബാധ്യസ്ഥനല്ല; മറിച്ച് ഒരാൾ പൗരനല്ലെന്നു തെളിയിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.” ഈ വാദം സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിനു വിപരീതമാണ്. അതായത്, ഇന്ത്യയിൽ ഇപ്പോൾ കെട്ടുപിണഞ്ഞുകിടക്കുന്ന പൗരത്വവിഷയത്തിൽ സുപ്രീംകോടതിയുടെ കൂടുതൽ ഇടപടൽ ആവശ്യമായേക്കും.
ലഭ്യമായ സർട്ടിഫിക്കറ്റുകളൊന്നും പൗരത്വത്തിന്റെ തെളിവല്ലെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്നത് പുതിയൊരു സർട്ടിഫിക്കറ്റിന്റെ നിർമാണമാണോയെന്നും അറിയില്ല. വലിയൊരു വിഭാഗം ആളുകളെ പൗരത്വത്തിൽനിന്നു പുറംതള്ളുകയോ അത്തരമൊരു ഭീഷണി ഉയർത്തുകയോ ആണോ ലക്ഷ്യമെന്നു സംശയിക്കുന്നവരുമുണ്ട്. വിലക്കയറ്റവും അയോധ്യയെപ്പോലും വിഴുങ്ങിയ അഴിമതിയുമൊക്കെ ചൂണ്ടിക്കാണിക്കുന്ന ജനങ്ങളോട് ആദ്യം പോയി പൗരത്വം തെളിയിക്കാൻ പറയുന്ന സ്ഥിതിയാണ്. എങ്ങനെ തെളിയിക്കുമെന്ന് ആർക്കുമറിയില്ല. ഭരണകൂടത്തിന്റെ ക്രൂരമായ നിസംഗതയ്ക്കൊത്ത ഇടപെടൽ കോടതികളിൽനിന്നുപോലും ഉണ്ടാകുന്നില്ല. യഥാർഥ ഉദ്ദേശ്യം സർക്കാരിനേ അറിയൂ. പക്ഷേ, ഈ രഹസ്യാത്മകത ജനാധിപത്യത്തിന്റെ ഭാഗമല്ല.
Editorial
മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞതു ശരിയാണെങ്കിൽ, വയനാട് തുരങ്കപാത നിർമാണസ്ഥലത്ത് മുന്നറിയിപ്പുകൾ അവഗണിച്ചു കൂട്ടിയിട്ട മണ്ണിടിഞ്ഞത് അപകടമോ ദുരന്തമോ അല്ല, നരബലിയാണ്. ദുരന്തനിവാരണവകുപ്പ് ചെയർമാൻ, ജില്ലാ കളക്ടർ, പൊതുമരാമത്തുവകുപ്പ് മന്ത്രി തുടങ്ങിയവർ പറഞ്ഞിട്ടും കരാറുകാർ മണ്ണ് നീക്കിയില്ലത്രേ.
ആ കുറ്റകരമായ ധിക്കാരത്തിന്റെ ഫലമാണ് പണിസ്ഥലത്തുനിന്നു മോർച്ചറികളിലേക്കു മാറ്റപ്പെട്ട മനുഷ്യർ. അതേസമയം, മുന്നറിയിപ്പിൽ ഒതുങ്ങുന്നതാണോ സർക്കാരിന്റെ ഉത്തരവാദിത്വം എന്നതും ചോദ്യമാണ്. കരാറുകാർ മാത്രമല്ല, മുന്നറിയിപ്പു കൊടുത്തവരും പോയിക്കിടന്നുറങ്ങി.
രണ്ടു വർഷം മുന്‍പ് ജൂലൈയിൽ നാനൂറിലധികം പേരുടെ ജീവനെടുത്ത ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ആഘാതവും തീരാനഷ്ടങ്ങളും ഇന്നും കേരളത്തിന്റെ നെഞ്ചിലുണ്ട്. വയനാടിന്റെ കണ്ണീരുണങ്ങിയിട്ടില്ല. ഇതു മനുഷ്യനിർമിതമാണ്; ഉത്തരവാദികളില്ലാത്തത്!
വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണം നടക്കുന്ന കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മൂന്നു മരണം സ്ഥിരീകരിച്ചു. ഒന്‍പതു പേർക്കു പരിക്കുണ്ട്. തൊഴിലാളികളിൽ ഏറെപ്പേരും മധ്യപ്രദേശിൽനിന്നുള്ളവരായിരുന്നു. തുരങ്കത്തിനു സമീപത്തുള്ള കോൺക്രീറ്റ് മതിലും വെയ്റ്റിംഗ് ഷെഡുമൊക്കെ തകർന്നു.
നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണവകുപ്പ് ചെയർമാനും ജില്ലാ കളക്ടറും ജൂൺ 20നുതന്നെ ഉത്തരവ് ഇറക്കിയിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനു കാരണമാകുമെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ ഉള്‍പ്പെട്ട യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍, മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖും പറഞ്ഞു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേ ശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. ഇതെല്ലാം സൂചിപ്പിക്കുന്നത് കരാർ കന്പനി അമിത ആത്മവിശ്വാസത്തിലും അനാസ്ഥയിലുമായിരുന്നു എന്നാണ്.
പക്ഷേ, കൂട്ടിയിട്ട മണ്ണല്ല, മലമുകളിൽനിന്നുള്ള മണ്ണാണ് ഇടിഞ്ഞുവീണതെന്ന് അവർ ന്യായീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലാണോ കൂട്ടിയിട്ട മണ്ണ് മഴയത്തു തള്ളിപ്പോന്നതാണോ എന്നതൊക്കെ അന്വേഷണത്തിൽ തെളിയട്ടെ. പക്ഷേ, ഇന്നലത്തെ ദുരന്തത്തിന് ആ മരണമലയുടെ ഒരറ്റമേ വേണ്ടിവന്നിട്ടുള്ളൂ. ബാക്കി അവിടെയുണ്ടെന്നെങ്കിലും മറക്കരുത്.
കഴിഞ്ഞ സെപ്റ്റംബർ 31നാണ് കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നായ, വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാതയുടെ നിർമാണോദ്ഘാടനം നടത്തിയത്. മാർച്ച് ആറിനു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തുരങ്കമുഖത്തെ ആദ്യ സ്ഫോടനം നടത്തി. അതിന്റെ 75 മീറ്ററിലേറെ തുരന്നിട്ടുണ്ട്.
രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം തുടങ്ങിയിട്ടേയുള്ളു. മൂന്നു ഷിഫ്റ്റുകളിലായി നിർമാണം പുരോഗമിക്കുന്നതിനിടെയാണ് പരിസരത്തു കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കണമെന്നും പണി നിർത്തണമെന്നുമുള്ള മുന്നറിയിപ്പുണ്ടായത്.
പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നടത്തിപ്പിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ബില്‍ഡ്കോണ്‍, കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങൾക്കാണ് കരാർ.
രാജ്യത്തെ ഹൈവേകളും പാലങ്ങളും ഉൾപ്പെടെ വൻകിട കന്പനികൾ നടത്തുന്ന നിർമിതികൾ തകരുന്നതും പാതകൾ ഒലിച്ചുപോകുന്നതും മനുഷ്യർക്കു ജീവഹാനിയുണ്ടാകുന്നതുമൊക്കെ പതിവായിരിക്കുകയാണ്. ആരും ശിക്ഷിക്കപ്പെടുന്നതായി കാണുന്നുമില്ല.
അപകടമുണ്ടായ മിക്കയിടങ്ങളിലും സാധാരണക്കാരായ നാട്ടുകാർപോലും കരാറുകാർക്കും എൻജിനിയർമാർക്കും മുന്നറിയിപ്പു നൽകിയിരുന്നു. അവഗണിച്ച ചരിത്രമേയുള്ളു. മേപ്പാടിയിലും അതാണുണ്ടായത്. അന്വേഷണങ്ങൾ വഴിപാടാകുന്നതാണ് കണ്ടിട്ടുള്ളത്.
ഒരുവശത്ത് പ്രകൃതിദുരന്തങ്ങളും, മറുവശത്ത് ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയും അതിന്റെ തണലിൽ കൊഴുക്കുന്ന കരാർകന്പനികളുടെ കൃത്യവിലോപങ്ങളും ഒരുക്കുന്ന മനുഷ്യനിർമിത ദുരന്തങ്ങളും കാലവർഷത്തിനൊപ്പം ആവർത്തിക്കുകയാണ്."ഉത്തരവാദികളില്ലാത്ത’ ദുരന്തങ്ങളിൽ തകരുന്നത് പാവപ്പെട്ട കൂലിപ്പണിക്കാരും സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതങ്ങളും. മേപ്പാടിയിൽ മാറ്റമുണ്ടായിരുന്നെങ്കിൽ!
Editorial
‘അപൂർവ’ ഒരു വ്യാജ പോക്സോ കേസിലെ പതിമൂന്നുകാരിയുടെ വ്യാജപ്പേരാണ്. കഴിഞ്ഞദിവസം അവളുടെ സഹോദരി ടീച്ചറോട് പറഞ്ഞു, അപൂർവയെ സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്ന്. ടീച്ചർ സ്വാഭാവികമായി ചൈൽഡ് ഹെൽപ്ലൈനിൽ വിവരമറിയിച്ചു.
പിന്നെ കേസായി, പ്രതികളെ പിടിക്കലായി, ചോദ്യം ചെയ്യലായി, വാർത്തയായി... ഒടുവിൽ പരാതി വ്യാജമാണെന്നു പോലീസ് കണ്ടെത്തി. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ. കേസ് അവസാനിപ്പിച്ചേക്കാമെന്നു വച്ചപ്പോൾ, പെൺകുട്ടിയുടെ മൊഴി വിശ്വസിച്ചു കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം, മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛനെ കോടതി വെറുതേ വിട്ട സംഭവവുമുണ്ടായി.
മകളെക്കൊണ്ട് ഇതു ചെയ്യിച്ചത് അമ്മയാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. വ്യാജ പോക്സോ കേസുകൾ കേരളത്തിൽ ഉൾപ്പെടെ പെരുകുകയാണ്. നിരപരാധികളുടെ കണ്ണീർ ഏറ്റവും കൂടുതൽ വീഴ്ത്തുന്ന നിയമമായി പോക്സോ മാറാതിരിക്കാൻ പോലീസും മാധ്യമങ്ങളും ജാഗ്രത പാലിക്കണം.
കേരളത്തിലെ നിരവധി വ്യാജ പോക്സോ കേസുകളിൽ ഏറ്റവും പുതിയതു മാത്രമാണ് അപൂർവയുടേത്. ഈ പീഡന കഥ ഏതാനും ദിവസം ചൂടു വാർത്തയായിരുന്നു. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി. കസ്റ്റഡിയിലെടുത്ത പോലീസ് തന്നെ ബൂട്ടിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ചുയർത്തുകയും കാൽവെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തെന്നാണ് വിട്ടയയ്ക്കപ്പെട്ട യുവാക്കളിലൊരാൾ ആരോപിച്ചത്.
പെൺകുട്ടി പറഞ്ഞ പീഡനം നടന്നിട്ടില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോർട്ട്. പക്ഷേ, അതുവരെ കാത്തുനിൽക്കാതെ പോലീസ് കുറ്റാരോപിതരെ കൈകാര്യം ചെയ്തു എന്നു വേണം കരുതാൻ. പോക്സോ കേസുകളിൽ നടപടി വൈകിയാൽ തങ്ങളും പ്രതിസ്ഥാനത്തായേക്കാമെന്ന സമ്മർദം പോലീസിനുമുണ്ട്. പക്ഷേ, നിരപരാധികളെ ചവിട്ടിമെതിക്കാൻ അതു ന്യായമല്ല.
പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കി വിശദമായ അന്വേഷണത്തിനു പോലീസ് ഒരുങ്ങുന്നുണ്ട്; നല്ലത്. പോക്സോ കേസിലെ ഇരകൾ കുട്ടികളാണ്. അവരുടെ വാക്കുകൾക്കൊപ്പം വൈദ്യപരിശോധനാഫലവും ഗൗരവത്തിലെടുക്കുകയും വകതിരിവുള്ള ഉദ്യോഗസ്ഥർ ശാസ്ത്രീയ കുറ്റാന്വേഷണരീതികൾ അവലംബിക്കുകയും വേണം.
പോക്സോ കേസ് (ലൈംഗികാതിക്രമ ബാലസംരക്ഷണ നിയമം 2012) ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ബാല്യ-കൗമാരങ്ങളുടെ കാവൽക്കോട്ടയാണ്. 2019ലെ ഭേദഗതിപ്രകാരം, 16 വയസിൽ താഴെയുള്ളവരുടെ കേസിൽ വധശിക്ഷ വരെ ലഭിച്ചേക്കും. പക്ഷേ, ഈ നിയമത്തിന്റെ പഴുതുകളിൽ പറ്റിപ്പിടിച്ചു വളരാൻ ശ്രമിക്കുന്ന അന്തകവിത്തുകളുമുണ്ട്. കുട്ടികളെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിക്കുന്ന കുറ്റവാളികളുടെ എണ്ണം കോടതികളെയും അന്പരപ്പിച്ചിരിക്കുകയാണ്.
ചില കേസുകളിൽ അപക്വമതികളായ കുട്ടികൾതന്നെ ശത്രുസംഹാരത്തിന് ഇറങ്ങുന്നു. അപൂർവയുടേത് അത്തരമൊരു കേസായിരുന്നു. 2024 ഒക്ടോബറിലാണ്, രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന പിതാവിനെ കരുനാഗപ്പള്ളി പോക്സോ കോടതി വെറുതേ വിട്ടത്. 2025 മാർച്ചിൽ ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്നു പരാതി കൊടുത്തത് അച്ഛനാണ്.
മുലകുടി മാറാത്ത കുഞ്ഞിനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി അമ്മയ്ക്കു ജാമ്യം കൊടുത്തത്. 2022 ഓഗസ്റ്റിലാണ് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായ 75കാരൻ തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു വിദ്യാർഥിനി പരാതി കൊടുത്തത്. ഒന്‍പതു മാസം ജയിലിൽ കിടന്നു. പക്ഷേ, വിസ്താരത്തിനിടെ കുട്ടി കരഞ്ഞുകൊണ്ട് സത്യം തുറന്നുപറഞ്ഞു.
കാമുകനെ രക്ഷിക്കാനാണ് തെറ്റായ മൊഴി നൽകിയത്. 2025 മാർച്ചിലാണ് പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ഒരാൾ ട്രെയിനിലും സ്ഥാപനത്തിലും വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർഥിനി ആരോപിച്ചത്. വിവാഹിതനായ കാമുകൻ കുടുക്കിയതാണ്. പീഡനക്കേസിൽ പെട്ടതോടെ അയാളുടെ തൊഴിലും സമൂഹജീവിതവുമെല്ലാം താറുമാറായി. എട്ടു വർഷത്തിനുശേഷം ധ്യാനത്തിനിടെ പെൺകുട്ടി ഭർത്താവുമൊത്തു വന്നു അയാളോടും ഭാര്യയോടും മാപ്പു പറഞ്ഞു.
ഭർത്താവുമായുള്ള തർക്കം ജയിക്കാൻ കുട്ടികളെ ഉപയോഗിച്ച് വ്യാജ ലൈംഗികാരോപണം ഉന്നയിക്കുന്ന പ്രവണത വർധിക്കുകയാണെന്നും ഇതു വിവാഹമോചനക്കേസുകളിലെ ഏറ്റവും നികൃഷ്ടവശമാണെന്നും സുപ്രീംകോടതി പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. പോക്സോ നിയമത്തിന്റെ നികൃഷ്ടമായ ദുരുപയോഗം പകർച്ചവ്യാധിയാകരുത്.
ലളിതമാണ് കാര്യങ്ങൾ; കള്ളക്കേസുകൾ പോക്സോ കേസുകളിലും ഉണ്ടാകുമെന്നും പോക്സോയുടെ ഇരപക്ഷ കഠിനവകുപ്പുകൾ കുറ്റാരോപിതരെ അങ്ങേയറ്റം നിസഹായരാക്കുന്നതിനാൽ ആഘാതമേറെയുണ്ടാകുമെന്നും നികൃഷ്ടർ നിയമം ദുരുപയോഗിക്കുമെന്നും കുറ്റവിമുക്തരായാലും ഉത്തരവാദിത്വരഹിത പൊതുബോധം നിരപരാധികളെ മരണം വരെ വേട്ടയാടുമെന്നുമുള്ള മുൻവിധി പോലീസിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ ഉണ്ടാകണം.
ഈ കരുതലിന്റെ ഗുണഫലം യഥാർഥ കുറ്റവാളികൾക്കും ലഭിച്ചേക്കാം. പക്ഷേ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതല്ലോ.
Editorial
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ആരോപണമുന്നയിക്കുന്നവരിൽ മുന്നിലാണ് സിപിഎം. പക്ഷേ, മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടാണ് സിപിഎം പ്രതിപക്ഷത്തേക്ക് മാറിയിരുന്നതെന്ന വാർത്ത രാഷ്ട്രീയത്തിന്റെതന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. അധികാരത്തിലെത്തിയാൽ എല്ലാവരും അഴിമതിക്കാരായി മാറുമെന്ന അടച്ചാക്ഷേപത്തിന് ഇതു വഴിവച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും സമാന അഴിമതികളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തില്ലെങ്കിൽ, അധികാരം എല്ലാവരെയും ദുഷിപ്പിച്ചേക്കാമെന്ന സാധ്യതയെ ദുഷിപ്പിക്കുമെന്ന പൊതുബോധമാക്കി മാറ്റും. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശന്പളമുള്ള ആസൂത്രണ ബോർഡ് ചീഫുമാരെ പോലും നിയമിച്ചത് പിൻവാതിലിലൂടെയാണെന്നത് നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പിൻവാതിലിലൂടെ കടന്നവരെയും കടത്തിവിട്ടവരെയും നന്നായി ‘കൈകാര്യം’ ചെയ്യാൻ ഒരു നിമിഷം വൈകരുത്.
എട്ടുവർഷത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് നടത്തിയ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തി രമേശ് ചെന്നിത്തല 2025 ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. പിന്നാലെ, പിന്‍വാതില്‍ നിയമനങ്ങളിൽ പിണറായി സർക്കാർ റിക്കാർഡിട്ടെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കിനു പേരെ ഇത്തരത്തിൽ നിയമിച്ചെന്നും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനും ആരോപിച്ചിരുന്നു.
നാലു വർഷത്തിനിടെ സർക്കാർ നടത്തിയ താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ, അതു ക്രോഡീകരിച്ചിട്ടില്ലെന്നു പറഞ്ഞു തലയൂരുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ പിൻവാതിൽ ഇല്ലെന്നു നാം ധരിച്ചിരുന്ന പിഎസ്സി നിയമനങ്ങളിലും അട്ടിമറി നടന്നെന്ന ആരോപണം.
ആസൂത്രണ ബോര്‍ഡ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പേഴ്സ്പെക്ടീവ് പ്ലാനിംഗ്, പ്ലാനിംഗ് കോ-ഓര്‍ഡിനേഷന്‍ എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് ക്രമക്കേട് നടന്നത്. സംശയം തോന്നിയ ഉദ്യോഗാർഥികളിലൊരാൾ ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തതോടെയാണ് കള്ളി വെളിച്ചത്തായത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടുപോലുമില്ലത്രേ. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പരിശോധിച്ചില്ല. നിയമനം കൊടുത്തത് ഇടതു സംഘടനാ നേതാക്കൾക്കാണെന്ന വാർത്തയും പുറത്തായി. അധമരാഷ്ട്രീയത്തിന്റെ പിന്തുണയില്ലാതെ പിഎസ്സി ഇതിനു ധൈര്യപ്പെടില്ല.
ഈ ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള കണ്‍ട്രോളറെ തന്നെയാണ് പിഎസ്സി ചെയര്മാന് ഏൽപിച്ചത്. എസ്പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്സി യോഗ തീരുമാനം. എന്നാല്‍, പിഎസ്സി ചെയര്മാന് എം.ആര്. ബൈജു ഇത് അട്ടിമറിച്ചെന്നാണ് ആരോപണം. എന്തോ ഒളിപ്പിക്കാൻ പെടാപ്പാടു പെടുന്നതുപോലെ. കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി ശരാശരി 22,000 ഒഴിവുകള്‍ എല്ലാ വര്‍ഷവും പാർട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കായി വീതംവച്ചു കൊടുക്കുന്നുവെന്ന ആരോപണം, വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന തൊടുന്യായം പറഞ്ഞാണ് കഴിഞ്ഞ സർക്കാർ മുക്കിയത്.
പ്രതിപക്ഷത്തായിരിക്കേ തങ്ങളുന്നയിച്ച ആ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ യുഡിഎഫ് സർക്കാർ വിചാരിച്ചാൽ നടക്കും. റേഷൻ വാങ്ങാനുള്ള കാശു ചോദിച്ച ആശമാരെ മഴയത്തിരുത്തി ആക്ഷേപിച്ചവർ, പിഎസ്സി അംഗങ്ങളുടെ ശന്പളം ലക്ഷങ്ങൾ വർധിപ്പിച്ചതു നാം കണ്ടതാണ്. ആ പിഎസ്സിയാണ് ഉത്തരക്കടലാസ് നോക്കാതെ ജോലിക്കാരെ തെരഞ്ഞെടുത്തത്. വെറുതെ വിടരുത്. പിൻവാതിലുള്ള പിഎസ്സി കേരളത്തിനു വേണ്ട.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിച്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും പിഎസ്സിയെയും പാർട്ടിവത്കരിച്ച് സിപിഎം കൊടിയ അഴിമതികൾ നടത്തിയെന്ന ആരോപണത്തിനു മറുപടി ആയിട്ടില്ല. ആരോപണങ്ങൾ ശരിയാണെങ്കിൽ ഒരു ഭരണഘടനാ സ്ഥാപനംകൂടി പാർട്ടിവത്കരിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെയും പിഎസ്സിയെയും താരതമ്യപ്പെടുത്തുന്നില്ല. പക്ഷേ, ബിജെപിക്കെതിരേയുള്ള ഇത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള പ്രതിപക്ഷത്തിന്റെ യോഗ്യതയെ എൽഡിഎഫ് പരിഹാസ്യമാക്കിയെന്നും പറയാം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓരോ പാർട്ടിക്കാർ തീറെഴുതിയെടുക്കുന്നതിനു തുല്യമാണ് ഉദ്യോഗസ്ഥരെയെല്ലാം ആജ്ഞാനുവർത്തികളാക്കുന്നത്. ജനാധിപത്യവിരുദ്ധമായ പാർട്ടി സർക്കാരുകളുടെ നിർമാണം ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ചെറുക്കപ്പെടേണ്ടതാണ്. പക്ഷേ, ചെറുത്തുനിൽപ്പുകാരെന്നു നാം കരുതിയവരിൽ പലരും അയോഗ്യരായി പുറത്തുപോകുന്ന കാഴ്ചയാണുള്ളത്.
Editorial
വിഴിഞ്ഞം തുറമുഖത്തിനു ചുറ്റുമുയർന്ന വിവാദത്തിരകൾ ഒടുവിൽ ആരുടെ താത്പര്യമാണ് സംരക്ഷിക്കുകയെന്നതാണ് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനം. കോർപറേറ്റ്-സർക്കാർ വടംവലി എന്ന നിലയിൽ കണ്ടുരസിക്കാനുള്ള മത്സരമല്ല ഇത്. കടലും തീരവും തീരദേശത്തെ ജനങ്ങളും ചേർന്നൊരു ആവാസവ്യവസ്ഥയുണ്ട്. തുറമുഖം ഉയരുന്നതിനിടയിൽ ബലിയായ മനുഷ്യജീവിതങ്ങളും ജൈവതുലനവുമുണ്ട്. അതു മറന്നുകൊണ്ടാകരുത് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ.
തുറമുഖത്തിന്റെ ഓഹരികൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (എംഎസ്സി) കൈമാറാൻ ശ്രമിച്ചതാണ് പുതിയ വിവാദത്തിനു കാരണം. കരാർ പ്രകാരം ഓഹരികൾ കൈമാറണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. ഇതു മറികടക്കാൻ ശ്രമിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. സർക്കാർ അറിയാതെയാണ് ഓഹരിക്കൈമാറ്റം നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ അതൃപ്തി അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് നിർദേശവും നല്കി. രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
ഈ നീക്കം ദുരൂഹമാണെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. ഈ ഡീലിനെക്കുറിച്ച് സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ജൂൺ 29ന് ഓഹരിവില്പനക്കരാർ ഒപ്പിട്ടു. അനുമതിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിച്ച കാര്യവും പുറത്തുവന്നു. സർക്കാരുമായി എന്തെങ്കിലുമൊരു ഡീൽ ഇല്ലാതെ എങ്ങനെയാണ് അദാനി കമ്പനിക്ക് ഇത്ര ധൈര്യത്തോടെ കാര്യങ്ങൾ നീക്കാനായതെന്നും പിണറായി ചോദിക്കുന്നുണ്ട്.
വാണിജ്യപ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വില്ക്കാമെന്നു സർക്കാരുമായി കരാറുണ്ടെന്നാണ് അദാനി കമ്പനിയുടെ പക്ഷം. ഈ ഓഹരിവില്പനയോടെ തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ വികസനം വേഗത്തിലാകും, ബാങ്ക് വായ്പയെടുക്കുന്നതിനു പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിനു പണം കണ്ടെത്തുകയാണ് എന്നും അദാനിപക്ഷം അവകാശപ്പെടുന്നു. ഇത്രയുമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ രത്നച്ചുരുക്കം.
സങ്കുചിത രാഷ്ട്രീയവും കോർപറേറ്റ് സ്വാധീനവും മാറ്റിവച്ച് കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനിൽപ്പും മുൻനിർത്തിയാകട്ടേ പരിശോധനകളും വിചിന്തനങ്ങളുമെല്ലാം. ഏറ്റവും പ്രധാനം സർക്കാരും പ്രതിപക്ഷവും നടത്തുന്ന വാക്പോരിന്റെ തിരസ്കരണിയിൽ കേരളത്തിന്റെ താത്പര്യം ഒളിച്ചുകടത്തരുത് എന്നതാണ്. വ്യക്തമായി പറഞ്ഞാൽ ഇരുകൂട്ടരും ഒത്തുകളിച്ച് അദാനിക്കും സംഘത്തിനും നേട്ടമുണ്ടാക്കിക്കൊടുക്കരുത് എന്നുതന്നെ. വളഞ്ഞ വഴിയിലൂടെ വിദേശകമ്പനി നീരാളിയാകുന്നത് അനുവദിക്കരുത്. തുറമുഖത്തിന്റെ കുത്തകവത്കരണം കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ ലാഭത്തിനുവേണ്ടിയായിരുന്നില്ല. നിലനിൽപ്പിനുവേണ്ടിയായിരുന്നു. അവരുടെ ത്യാഗത്തിന്റെ ഫലം കൂടിയാണ് ഈ തുറമുഖം. ഡ്രഡ്ജിംഗും തുറമുഖനിർമാണവും അവരുടെ ഉപജീവനത്തെ ബാധിച്ചു. മാസങ്ങളോളമാണ് അവർ സെക്രട്ടേറിയറ്റിനു മുന്നിലും തുറമുഖ കവാടത്തിലും സമരം ചെയ്തത്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണം മൂലം മുതലപ്പൊഴി അഴിമുഖത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ രക്തസാക്ഷിത്വവും ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്. എൺപതോളം കുടുംബങ്ങളുടെ കണ്ണീരിന്റെ ചൂട് ഏത് അധികാരസ്ഥാനത്തെയും പൊള്ളിച്ചെന്നിരിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ആരും എതിരല്ല. സ്വാഭാവിക ആഴമുള്ള തുറമുഖം എന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്. സമാധാന മേഖലയിലുള്ള തുറമുഖം എന്ന വസ്തുതയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെയും അദാനി കമ്പനിയുടെയും പ്രധാന ഇടപാടുകാരായ എംഎസ്സി കമ്പനിക്ക് രാജ്യാന്തരതലത്തിലുള്ള പല ചീത്തപ്പേരും തീരുമാനങ്ങളെടുക്കുന്നവർക്ക് ഓർമയുണ്ടാകണം. 900 ചരക്കുകപ്പലുകളുള്ള ലോകത്തെ ഏറ്റവും വലിയ കാർഗോ ഷിപ്പിംഗ് കമ്പനിയാണത്.
ഇറ്റാലിയൻ കുടുംബം നേതൃത്വം വഹിക്കുന്ന, ജനീവ ആസ്ഥാനമായ കമ്പനിക്ക് അനുബന്ധസ്ഥാപനങ്ങളുടെ ശൃംഖല തന്നെയുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്നിലധികം രാജ്യങ്ങളുടെ നിയമസംവിധാനങ്ങൾ എംഎസ്സിയുടെ കപ്പലുകളെ നിരീക്ഷിക്കുന്നതായി ബ്ലൂംബെർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ പ്രവർത്തനങ്ങൾ ഗൂഢമാണെന്നും സുതാര്യമല്ലെന്നും ഇതേ റിപ്പോർട്ടിലുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളൊന്നും പുറത്തുവിടാറില്ലെന്നും പറയുന്നു.
എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയതും അനുബന്ധ വിവാദങ്ങളും നമ്മുടെ മുന്നിൽ നടന്നതാണ്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ 2025 മേയ് 24നാണ് കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെടുന്നത്. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ വീണു. അതുണ്ടാക്കിയ പരിസ്ഥിതിദുരന്തം ഇപ്പോഴും നിലനില്ക്കുന്നു. കാലങ്ങളോളം നിലനില്‍ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതു സംബന്ധിച്ച പഠനങ്ങൾക്ക് എന്തു സംഭവിച്ചു? ആരുടെയൊക്കെയോ സഹായത്തോടെ എംഎസ്സി കമ്പനി ഇതെല്ലാം തരണം ചെയ്തതും ആപത് സൂചനയായിത്തന്നെ കാണണം.
വിദേശനിക്ഷേപം വരുന്നതും തുറമുഖം വികസിക്കുന്നതുമൊക്കെ നല്ലതുതന്നെ. ഇവിടത്തെ ഭൂമിയും വിഭവങ്ങളും ഇവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടേതാണ് എന്ന ബോധ്യത്തോടെ വേണം പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും. കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനില്‍പ്പും രാജ്യസുരക്ഷയുമാണ് മുഖ്യം. അദാനിയുടെയും വിദേശകൂട്ടാളികളുടെയും ലാഭക്കൊതിയോ ഒളിച്ചുകളിയിലൂടെ ജനത്തെ വിഡ്ഢികളാക്കി രാഷ്ട്രീയക്കാരുണ്ടാക്കുന്ന നേട്ടമോ അല്ല.
Editorial
ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയതു നല്ല സൂചനയാണ്. മുൻ സർക്കാരിന്റെ ആശ്രിതവാത്സല്യത്താൽ ജയിൽസുഖവാസത്തിലായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ തിരിച്ചറിയട്ടെ, തങ്ങൾ തടവുപുള്ളികളാണെന്ന്. കുറ്റവാളികളുടെ രാഷ്ട്രീയബന്ധം അറത്തുമാറ്റാതെ കേരളം രക്ഷപ്പെടില്ല. ലഹരിമാഫിയയെ തൂഫാൻ "തൂക്കി'യപ്പോഴാണ് ഇക്കാലമത്രയും അവർ പിടിയിലാകാതിരുന്നതിന്റെ പരസ്യമായ രഹസ്യം സ്ഥിരീകരിക്കപ്പെട്ടത്; രാഷ്ട്രീയബലം! തൂഫാൻ വാരിയറാകാൻ കോൺഗ്രസ് നേതാവിനൊപ്പം യോഗം ചേർന്നവരിലേറെയും ഗുണ്ടകളായിരുന്നെന്ന വിവരവും പുറത്തായി. ലഹരിമാഫിയ, ഗുണ്ടാസംഘങ്ങൾ, കൊലയാളികൾ, വർഗീയ ആൾക്കൂട്ടങ്ങൾ, തീവ്രവാദികൾ... ഒന്നും രാഷ്ട്രീയ രക്ഷകർത്താക്കളില്ലാതെ നാടുവാഴില്ല. ഒതുക്കാവുന്നതേയുള്ളൂ; മേൽപ്പറഞ്ഞവരോടു സർക്കാരിനു ബന്ധമോ കടപ്പാടോ ഇല്ലെങ്കിൽ. നിറമേതായാലും കീറണം, ഗുണ്ടകളുടെ കൊടിരക്ഷ.
ജയിൽ വകുപ്പ് തടവുപുള്ളികൾക്കു നൽകുന്ന കാർഡ് ഉപയോഗിച്ചു മൂന്നു പേരെ ഫോണിൽ വിളിക്കാം; അധികൃതരുടെ നിരീക്ഷണത്തിൽ. ഇതു ദുരുപയോഗിച്ചാണ്, മറ്റൊരു തടവുകാരന്റെ കാർഡിലൂടെ കൊടിസുനി വിളിച്ചത്. മലപ്പുറം തവനൂർ ജയിലിൽനിന്നു പാർട്ടി സംവിധാനങ്ങൾ ഏറെ സജീവമായ കണ്ണൂരിലെ ജയിലിലേക്കു സ്ഥലം മാറാൻ സുനി ശ്രമിച്ചുവരികയായിരുന്നു. പക്ഷേ, കൈയിലെ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു തടസമായി. ജയിൽമാറ്റശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോൺവിളിയെന്നു സൂചനയുണ്ട്. ഇതോടെ സുനിയെ ഏകാന്ത മുറിയിലേക്കു മാറ്റി. സിപിഎം വിട്ട് ആർഎംപി സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരൻ 2012ലാണ് കൊല്ലപ്പെട്ടത്. പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന സിപിഎം വാദം പിന്നീട് പൊളിഞ്ഞു.
സിപിഎം നേതാക്കൾക്കുൾപ്പെടെ ജീവപര്യന്തവും ഇരട്ട ജീവപര്യന്തവുമൊക്കെ ശിക്ഷ ലഭിച്ചു. പക്ഷേ, ബന്ധമില്ലെന്നു പറഞ്ഞ പാർട്ടിയുടെ ഭരണത്തിൽ യഥേഷ്ടം പരോളും, ഫോൺ വിളിക്കുന്നതിനുൾപ്പെടെ മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങളുമെല്ലാം പ്രതികൾക്കു ജയിലിൽ ലഭിച്ചു. സർക്കാർ മാറിയതുകൊണ്ടാവാം ഇപ്പോഴത്തെ ഫോൺവിളി പിടിച്ചത്. പക്ഷേ, ഏതു ഭരണത്തിലും സജീവമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ അന്തർധാരകൾ സുനിയെ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.
പാർട്ടിഗുണ്ടകളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സിപിഎമ്മിന്റെ സമീപനത്തെ വെറുക്കുന്നവരെ അലോസരപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ലഹരിവിരുദ്ധ വേട്ടയായ തൂഫാന്റെ മറവിലുണ്ടായത്. കോൺഗ്രസ് എംപി കെ. സുധാകരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ലഹരിവിരുദ്ധ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകൾ പങ്കെടുത്ത വിവരമാണ് നടുക്കമുളവാക്കുന്നത്. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീര്‍, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതി ബിലാല്‍... ലഹരിമാഫിയയ്ക്കെതിരേ ക്വട്ടേഷൻ മാഫിയയോ? ഈ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു പിന്നീട് മട്ടാഞ്ചേരിയിലെ ബാറിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചതിനു പിടിയിലാകുകയും ചെയ്തു.
കോൺഗ്രസും ആഭ്യന്തരമന്ത്രിയും ഈ യോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഖദറിൽ തെളിഞ്ഞ കറയ്ക്ക് പ്രസ്താവനാസോപ്പ് മതിയെന്ന് കോൺഗ്രസ് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ ജനുവരിയിലാണ് ആലപ്പുഴയിലെ ഒരു സിപിഎം നേതാവിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ, പീഡനക്കേസിലെയും മയക്കുമരുന്നു കേസിലെയും സിപിഎമ്മുകാരനെ കൊന്ന കേസിലെയും പ്രതികൾ ഉൾപ്പെടെ നിരവധി ഗുണ്ടകൾ അതിഥികളായെത്തിയത്.
ആവർത്തിക്കട്ടെ, ലഹരിമാഫിയ, വാടകഗുണ്ടകൾ, കൂലിക്കൊലയാളികൾ, വർഗീയ-തീവ്രവാദ സംഘങ്ങൾ... തുടങ്ങിയവയിൽനിന്ന് രാഷ്ട്രീയക്കാർ കപ്പം പിരിക്കരുതെന്നോ അടവുനയ ബന്ധങ്ങളുണ്ടാക്കരുതെന്നോ മാത്രമല്ല, "അറിഞ്ഞുകൊണ്ട്' ഒരു സെൽഫിക്കുപോലും നിന്നുകൊടുക്കുകയുമരുത്. രാഷ്ട്രീയം അവിഹിതബന്ധങ്ങൾ തുടരുവോളം നന്മ പിറക്കില്ല. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമായാൽ മതി. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ സർക്കാർ വക വ്യാജ ഏറ്റുമുട്ടലുകളല്ല, ഗുണ്ടകളും കൊലയാളികളും അവരുടെ തലതൊട്ടപ്പന്മാരും രാഷ്ട്രീയ പരോളില്ലാത്ത ജയിൽപ്പുള്ളികളായിരിക്കുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ആഭ്യന്തരവകുപ്പിനു പിടിപ്പതു പണിയുണ്ട്. പക്ഷേ, പണിയെടുത്താൽ ചരിത്രമെഴുതാം.
Editorial
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
Editorial
വെനസ്വേലയിൽ തകരാൻ എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ, അതൊരു ഭൂകന്പത്തിലൂടെ പൂർത്തിയായിരിക്കുന്നു. നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. അറുനൂറോളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂവായിരത്തോളം പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും അരലക്ഷത്തോളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, മരണസംഖ്യ 10,000 മുതൽ 1,00,000 വരെയാകാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരണസംഖ്യ 1,00,000 വരെയാകാൻ 30 ശതമാനം സാധ്യതയുണ്ടെന്ന ആശങ്കയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രകടിപ്പിച്ചിരിക്കുന്നത്.
ബഹുനിലക്കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം വൈകുന്ന ഓരോ നിമിഷവും മരണസംഖ്യ വർധിപ്പിക്കും. തകർന്ന കെട്ടിടങ്ങളും പാലങ്ങളും റോഡുകളും മറഞ്ഞിരിക്കുന്ന മരണങ്ങളെ ഓർമിപ്പിക്കുന്നു. കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി പിടയുന്നവർ നിരവധിയുണ്ടാകാം. പരിക്കേറ്റവരുടെ വേദനയും ചികിത്സാ പരിമിതകളും മറ്റൊരു വെല്ലുവിളിയാണ്. അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇന്ത്യയുമൊക്കെ ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം വെനസ്വേലയിൽ കേന്ദ്രീകരിക്കട്ടെ. തങ്ങൾ തനിച്ചല്ലെന്നു ദുരന്തമുഖത്തെ മനുഷ്യർ അറിയട്ടെ.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണ് തലസ്ഥാനമായ കാരക്കസില്‍നിന്ന് ഏകദേശം 290 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ആദ്യം 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പിന്നീട് 38 സെക്കന്‍ഡിനുശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ ചലനവുമുണ്ടായി. അതിതീവ്രതയുള്ള രണ്ടു ഭൂചലനങ്ങളും ഇരുപതോളം തുടർചലനങ്ങളും ഉണ്ടായതോടെ തലസ്ഥാനനഗരമായ കാരക്കസിൽ ഉൾപ്പെടെ കൂറ്റൻ കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. ഇനിയൊരിക്കലും ഉപയോഗിക്കാനാവാത്തവിധം ചിലതു വീഴാറായി നിൽക്കുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ അവിടത്തെ മനുഷ്യരുടെ നിസഹായാവസ്ഥയും അനാഥത്വവും വെളിപ്പെടുത്തുന്നതാണ്. ആളുകൾ ശൂന്യമായ കൈകളോടെ പരക്കം പായുകയായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരന്തര സന്പർക്കത്തിലാണ്. ശാന്തത പാലിക്കാനും രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന ദുരിതാശ്വാസ-രക്ഷാ ഏജന്‍സികളെ പ്രതിസന്ധികൾ അറിയിക്കാനും ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ ജനങ്ങളോടു നിര്‍ദേശിച്ചു. എല്ലാം കേവലം നടപടിക്രമങ്ങളാണ്. ഭക്ഷണവും വെള്ളവും പാർപ്പിടവുമില്ലാതെ തെരുവുകളിലൂടെ അലയുന്ന മനുഷ്യരെ സംബന്ധിച്ച് സംയമനത്തിനും ജീവിതക്രമങ്ങൾക്കുമൊക്കെ എന്തർഥമാണുള്ളത്? സഹജീവികളുടെ സഹായഹസ്തങ്ങൾക്കു മാത്രമേ അവരുടെ ജീവിതത്തിന് എന്തെങ്കിലുമൊരു അർഥം സമ്മാനിക്കാനാകൂ.
പ്രസിഡന്റ് ഹൂഗോ ഷാവേസിനുശേഷം 2013ൽ അധികാരത്തിലെത്തിയ നിക്കോളാസ് മഡുറോയുടെ കാലത്ത് വെനസ്വേല സാന്പത്തികമായി തകർന്നു. പക്ഷേ, തെരഞ്ഞെടുപ്പ് ക്രമക്കേടിലൂടെയും അഴിമതിയിലൂടെയും അദ്ദേഹം അധികാരം നിലനിർത്തി. യുഎസിന്റെ കടുത്ത സാന്പത്തിക ഉപരോധങ്ങൾ സ്ഥിതി വഷളാക്കി. ലോകത്ത് എറ്റവും എണ്ണനിക്ഷേപമുള്ള രാജ്യം വയറുനിറച്ച് ഭക്ഷണം കഴിക്കാൻപോലുമാകാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ജനുവരി മൂന്നിന് അമേരിക്ക സൈനികനീക്കത്തിലൂടെ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി. അവർ അമേരിക്കയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാന്പത്തികമായി മുച്ചൂടും തകർന്ന രാജ്യത്തിന്റെ ബാക്കിയുള്ളതും തകർന്നതിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇടക്കാല പ്രസിഡന്റായ ഡെൽസി റോഡ്രിഗസിന് എന്തു ചെയ്യാനാകുമെന്നത് കാത്തിരുന്നു കാണണം.
വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഇന്ത്യ ഇന്നലെ 35 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദുരന്തവാർത്ത വന്നയുടെനെ ഉറപ്പുനൽകിയിരുന്നു. തങ്ങളുടെ ആറ് എയര്‍ബസ് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ വെനസ്വേലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടാന്‍ സജ്ജമാണെന്ന് ജര്‍മനിയും അറിയിച്ചിരുന്നു. രക്ഷാപ്രവർത്തകരെയും മെഡിക്കൽ സഹായങ്ങളും അമേരിക്ക എത്തിച്ചുതുടങ്ങി. എൽസാൽവഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ രക്ഷാസേനകൾക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചുതുടങ്ങി. വെനസ്വേലയിലെ കാഴ്ചകൾ അത്യന്തം ഹൃദയഭേദകമാണെങ്കിലും ലോകമെങ്ങുംനിന്ന് അവിടേക്ക് ഒഴുകുന്ന സഹായങ്ങൾ ഹൃദയാവർജകമാണ്.
എല്ലാറ്റിലുമുപരി, വെനസ്വേല മനുഷ്യന്റെ നൈമിഷികമായ ജീവിതത്തെയും, യുദ്ധങ്ങളിലൂടെ അതിനെ ദുരന്തമാക്കുന്നതിന്റെ നിരർഥകതയെയും ഓർമിപ്പിക്കുന്നു. വീണുടഞ്ഞ ഒരു കെട്ടിടവും മതമോ രാഷ്ട്രീയമോ ചോദിക്കുന്നില്ല. അവശിഷ്ടങ്ങൾക്കടിയിൽ ഒരേ മാംസം, ഒരേ രക്തം...!
Editorial
അൻപത് കൊല്ലം മുന്‍പ്, കുളിക്കാനും അലക്കാനും മുതിർന്നവരും കുട്ടികളുമൊക്കെ അടുത്തുള്ള പുഴകളിലേക്കും തോടുകളിലേക്കും നടക്കുന്ന കാഴ്ച പതിവായിരുന്നു. നീന്തലും പന്തുകളിയും മുങ്ങാംകുഴിയിടൽ മത്സരങ്ങളും നീന്തൽ പഠനവുമൊക്കെ നടന്നിരുന്ന ജലമൈതാനങ്ങൾ! ചിലർ മീൻ പിടിക്കാൻ കൈയിലൊരു ചൂണ്ടയോ വലയോപോലും കരുതും. 25 വർഷം മുന്‍പ്, ഈ കാഴ്ചകൾ മങ്ങിത്തുടങ്ങി. ഇപ്പോൾ അത്തരം കാഴ്കൾ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായി. പലതിലും ആളുകൾ മുഖം പോയിട്ട്, കാലൊന്നു കഴുകാൻ പോലും ഇറങ്ങില്ല. എല്ലാം പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞ് രോഗാണുവാഹികളായി.
ഇന്നലെയും ഇന്നുമായി ദീപിക പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ നമ്മുടെ ജലാശയങ്ങളുടെ ദാരുണമായ അവസ്ഥ വെളിവാക്കിയിട്ടുണ്ട്. ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ ജലാശയങ്ങളുടെ ഗർഭാശയ അർബുദങ്ങളായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ ശാസ്ത്രീയമായ ഒരു സമയബന്ധിത പദ്ധതി തയാറാക്കിയില്ലെങ്കിൽ ഒന്നുമുണ്ടാകില്ല ബാക്കി. നാഗരികതകളുടെ ഈറ്റില്ലമായ ജലഖനികളെ തകർക്കരുത്.
നാം ഒന്നിച്ചു പണിത മാലിന്യബോംബുകളാൽ ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളിൽ ഇന്ത്യയിലെ ഗംഗയും യമുനയുമുണ്ട്. രണ്ടും നമ്മുടെ പുണ്യനദികളാണ്. ഗംഗയുടെ ശുദ്ധീകരണത്തിനായി ഇതിനോടകം കോടിക്കണക്കിനു രൂപ കേന്ദ്രം ചെലവഴിച്ചു. പ്രത്യേക സൈനികവിഭാഗത്തെ രൂപീകരിച്ചു. കാര്യമായ ഫലമുണ്ടായില്ല. കുംഭമേളയ്ക്കിടെ നദി വീണ്ടും മലിനമായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരേണ്ടെന്നും ബ്രിട്ടീഷുകാരാണ് ഗംഗ മലിനമാക്കിയതെന്നുമായിരുന്നു യുപി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണകർത്താക്കൾ ഇതേ വിവരക്കേട് പറയുന്നില്ലെങ്കിലും പ്രവൃത്തി ഒന്നുതന്നെയാണ്. എല്ലാ ജലാശയങ്ങളും മലിനമായി.
കേരളത്തിലെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമായി. സംസ്ഥാനത്തെ 44 നദികളും കായലുകളും തോടുകളും കുളങ്ങളും കിണറുകളും, ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ വഹിക്കുന്നു. പാടത്തെയും പറന്പിലെയും രാസവളാവശിഷ്ടങ്ങളും ഒഴുകിയിറങ്ങുന്നത് ജലാശയങ്ങളിലാണ്. മാലിന്യ സംസ്കരണത്തിന്റെ പരാജയമാണ് ജലാശയങ്ങളുടെ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം. കുടിവെള്ള സ്രോതസുകളിൽ കക്കൂസ് മാലിന്യംപോലും തള്ളുന്നവരുണ്ട്. നമ്മൾ വെള്ളത്തിലൊളിപ്പിച്ച മാലിന്യബോംബുകൾ പൊട്ടിത്തെറിക്കുംമുന്പ് നിർവീര്യമാക്കേണ്ടതുണ്ട്.
‘ഇവിടെ മാലിന്യം തള്ളരുത്’ എന്നു ബോർഡ് വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളൊന്നും എവിടെ തള്ളണണമെന്നു പറയുന്നില്ല. ഹരിതകർമ സേനാംഗങ്ങൾ മാസത്തിലൊരിക്കൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ ഒതുങ്ങി മാലിന്യസംഭരണം. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്ന് ഉപദേശിച്ചാൽ പോരാ, അതു നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സർക്കാർ ശേഖരിക്കാത്ത ജൈവമാലിന്യങ്ങളിലേറെയും നമ്മുടെ ജലാശയങ്ങളിൽ തള്ളപ്പെടുന്നുണ്ട്. ആദ്യം ചെയ്യേണ്ടത്, പുതുതായി മാലിന്യം വെള്ളത്തിലെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ്.
അപ്രായോഗികമായ വിലക്കുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ‘ഇവിടെ മാലിന്യം ശേഖരിക്കപ്പെടും’ എന്ന ബോർഡുകളും ഇനി ഉണ്ടാകണം. ഷിഗെല്ല, അമീബിക് മസ്തിഷ്കജ്വരം തുടങ്ങി, നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗങ്ങളിലേറെയും മലിനജലത്തിൽനിന്നാണ്. വരും വർഷങ്ങളിൽ ഇതു കൂടുതൽ വെല്ലുവിളി ഉയർത്തും. രോഗം ചികിത്സിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഉറവിടങ്ങളെ ഇല്ലാതാക്കൽ. ജലാശയങ്ങളെ ശുദ്ധീകരിച്ചേ തീരൂ. മഴക്കാലത്തിനു രണ്ടാഴ്ച മുന്‍പ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ശാശ്വത പരിഹാരത്തിനുള്ള പദ്ധതികളുണ്ടാകണം.
നമ്മുടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ ചെലവഴിക്കുന്ന തുക നഷ്ടമാണെന്നു കരുതരുത്. ജലസേചനം, ഗാർഹികോപയോഗം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വലിയ നവീകരണത്തിന് അതിടയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ, ജനങ്ങളുടെ സഹകരണം എന്നിവ ഉറപ്പാക്കണം. മാധ്യമങ്ങൾ ബോധവത്കരണത്തിനിറങ്ങണം. വീട്ടിലെ മാലിന്യമത്രയും പൊതിഞ്ഞുകെട്ടി അയൽക്കാരന്റെ പറന്പിലോ ആളില്ലാ പാതയോരത്തോ ജലാശയങ്ങളിലേക്കോ വലിച്ചെറിഞ്ഞിട്ട് കാറിലും സ്കൂട്ടറിലും പായുന്ന 10 പേരെക്കൊണ്ട് അതു തിരിച്ചെടുപ്പിക്കുകയും പിഴയിടുകയും ചെയ്താൽ സാമൂഹിക വിരുദ്ധർക്കു പാഠമാകും.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നദിയാണ് മേഘാലയയിലെ ഉംഗോട്ട്. അതിലൂടെ വള്ളങ്ങൾ പോകുന്നതു കണ്ടാൽ വായുവിലൂടെ ഒഴുകുന്നതായി തോന്നും. അത്ര കണ്ണാടിസമാനമാണ് ജലം. ഉറവിടങ്ങളിൽ മനുഷ്യരില്ലാത്തതും അതൊഴുകുന്ന ഗ്രാമങ്ങളിലെ മനുഷ്യർ അതിലൊരു തരി അഴുക്കുപോലും വീഴാൻ സമ്മതിക്കാത്തതുമാണ് ആ ശുദ്ധിയുടെ രഹസ്യം. ലോകമെങ്ങുംനിന്ന് അവിടേക്ക് സന്ദർശകരെത്തുന്നു. മേഘാലയയുടെ സാന്പത്തികാഭിവൃദ്ധിയുടെ കാരണങ്ങളിലൊന്നായി അതു മാറി.
ഭാരതപ്പുഴ, പന്പ, പെരിയാർ, കുട്ടനാടൻ ജലാശയങ്ങൾ... നമുക്കുമുണ്ട് ജലസ്രോതസുകൾ, തെളിച്ചെടുത്താൽ സ്വർണഖനികൾ. കേരളത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗം ടൂറിസമായിരിക്കുമെന്നു തിരിച്ചറിഞ്ഞാൽ അതിന്റെ മുന്നൊരുക്കമായിരിക്കും ജലസ്രോതസുകളെ വീണ്ടെടുക്കൽ. ഭൂമിക്കൊരു ഉണർത്തുപാട്ടിനു സമയമായി. ചരമഗീതമെഴുതിയ നാംതന്നെ ഒരുന്പെട്ടിറങ്ങുക.
Editorial
പുതുയുഗ കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിലൂടെ ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവച്ചത്. അധിക നികുതിനിർദേശങ്ങളില്ല. വിവാദങ്ങളൊഴിവാക്കാനുള്ള കരുതൽ.
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം പോലുള്ള അധികബാധ്യതകൾ ഏറ്റെടുക്കാതെ കരയിലും കടലിലും ആകാശത്തിലുമായി ഒട്ടേറെ സ്വപ്നതുല്യമായ വികസനപദ്ധതികൾ. കേരളത്തെ 25 വർഷം മുന്നോട്ടു നയിക്കുമെന്ന പ്രഖ്യാപനം. അത്രയും നല്ലത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയുടെ ധവളപത്രം നേരത്തേ കണ്ടതാണ്. ഇനി വേണ്ടത് ഇച്ഛാശക്തിയാണ്.
വിഭവസമാഹരണത്തിനും പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള ദൃഢനിശ്ചയം. വികസനത്തിനും വിദ്യാഭ്യാസത്തിനുമാണ് ബജറ്റിൽ മുൻഗണന. സർക്കാർ ജീവനക്കാർക്ക് വിസ്മയമില്ലെങ്കിലും ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും (ക്ഷാമബത്ത), ഡിആറും (ക്ഷാമാശ്വാസം) മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന പ്രഖ്യാപനമുണ്ട്. എന്നാൽ കുടിശികയുടെ കാര്യം മിണ്ടിയിട്ടില്ല.
ഇതോടെ അടുത്ത ഒന്‍പതു മാസത്തിനകം ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡിഎയും ഡിആറും ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, ഭൂമിയുടെ ന്യായവില പുതുക്കൽ, സ്വകാര്യനിക്ഷേപങ്ങൾ സ്വീകരിക്കൽ, മിഷൻ സമുദ്ര, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല, കിഫ്ബി പരിഷ്കരണം, മലബാറിൽ പുതിയ സ്റ്റേഡിയം, കൊച്ചിയിൽ ഫിലിം സിറ്റി, കോഴിക്കോട്ട് കൾച്ചറൽ പാർക്ക്... ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ അനേകമാണ്.
ബജറ്റിൽ പ്രഖ്യാപിച്ച സ്വപ്നപദ്ധതികളെല്ലാം യാഥാർഥ്യമാകണമെങ്കിൽ ഭാവനയും കഠിനാധ്വാനവും കുറച്ചധികം വേണ്ടിവരും. സ്വകാര്യ മൂലധനം വരാതെ രക്ഷയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വകാര്യവത്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റിന്റെ ആകെത്തുകയെന്നാണ് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ആക്ഷേപം.
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നതുതന്നെയാണ് നയമെന്നു മുഖ്യമന്ത്രി തിരിച്ചടിക്കുന്നു. മറ്റ് അയൽസംസ്ഥാനങ്ങളൊക്കെ ചെയ്യുന്നതും അതാണ്. അങ്ങനെയാണ് അവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ടാകുന്നതെന്നു കാണാതിരുന്നുകൂടാ. മുഖ്യമന്ത്രി വലിയ പ്രതീക്ഷയോടെ അവതരിപ്പിച്ച മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് നീക്കിവച്ചത്.
അവിടെയും സ്വകാര്യനിക്ഷേപം വന്നില്ലെങ്കിൽ പദ്ധതി വെള്ളത്തിൽ വരച്ച വരയാകും. മാരിടൈം സമ്പദ്വ്യവസ്ഥയിലേക്കു മാറ്റുമെന്ന ആശയം ഏതു നിലയിലും സ്വാഗതാർഹംതന്നെ. തീരദേശത്തുള്ളവർക്കു തൊഴിലവസരങ്ങളിൽ സംവരണം നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് മിഷൻ സമുദ്ര പ്രഖ്യാപിച്ചതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.
മണ്ണെണ്ണ സബ്സിഡിയിലുള്ള വർധന അപര്യാപ്തമാണെന്നും പരാതിയുണ്ട്. ബ്ലൂ ഇക്കോണമി നയത്തെ എതിർക്കുന്നവരുടെ ശബ്ദവും കേൾക്കാതിരുന്നുകൂടാ. ഇക്കാര്യങ്ങളിലെല്ലാം നിയമസഭയിലെ ബജറ്റ് ചർച്ചയിൽ വ്യക്തത വരുമെന്നു കരുതാം.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ദീർഘകാല ആവശ്യം സർക്കാർ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കുന്നു. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വിനോദസഞ്ചാര മേഖലയ്ക്കും ലഭ്യമാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്നും പറയുന്നുണ്ട്. ഈ തീരുമാനങ്ങൾ ടൂറിസം മേഖലയിൽ കാലാനുസൃത മാറ്റം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
യുവാക്കളുടെ വിദ്യാഭ്യാസ കുടിയേറ്റം അവസാനിപ്പിക്കാൻ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ സ്വാഗതാർഹമെങ്കിലും സ്വകാര്യമേഖലയെ ആശ്രയിക്കാതെ മുന്നോട്ടു പോകാനാകില്ല. സ്വകാര്യബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കിയത് പ്രിയദർശിനി സൗജന്യയാത്രയോട് സ്വകാര്യബസുകാർക്കുള്ള എതിർപ്പ് കുറയ്ക്കാനാണെന്ന് വ്യക്തം.
വാഹനനികുതിയിൽ പ്രഖ്യാപിച്ച ചില മാറ്റങ്ങൾ വരുമാനമുയർത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവ് സ്വകാര്യ ബസ് മേഖലയെ തകർച്ചയിൽനിന്നു കരകയറ്റില്ലെന്നാണ് ബസുടമകൾ പറയുന്നത്. ഇതുകൊണ്ട് ഡീസൽ വിലവർധന, കെഎസ്ആർടിസി സൗജന്യയാത്രയിലൂടെയുണ്ടായ യാത്രക്കാരുടെ കുറവ് എന്നിവയിലൂടെയുള്ള പ്രതിദിനനഷ്ടം മറികടക്കാൻ കഴിയില്ലെന്നാണ് അവരുടെ വാദം. അവരെയും സർക്കാർ കേൾക്കേണ്ടതുണ്ട്.
റബർ താങ്ങുവില 50 രൂപ വർധിപ്പിച്ചത് മേഖലയ്ക്ക് ആശ്വാസമാകും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടില്ല. അതുപോലെ കുട്ടനാടിന് ബജറ്റിൽ ഒന്നുമില്ലെന്ന ആക്ഷേപവുമുണ്ട്.
വിമർശനങ്ങളെ ധാർഷ്ട്യത്തോടെ നേരിടുന്ന മുൻ സർക്കാരിന്റെ സമീപനം ഇനിയുണ്ടാകില്ലെന്ന പ്രതീക്ഷയാണ് കർഷകർക്കും മലയോരവാസികൾക്കുമുള്ളത്. ആ പ്രതീക്ഷയ്ക്കും പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കുണ്ടെന്ന കാര്യം ബജറ്റിനു ശേഷവും മറന്നുപോകരുത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിളിച്ചോതുന്ന കാര്യങ്ങളും ബജറ്റിലുണ്ട്. അധികച്ചെലവുള്ളതൊന്നും പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞിട്ടില്ല.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മൂളിയൊതുക്കി. വിദ്യാർഥിനികൾക്കു കൊടുക്കുമെന്നു പ്രകടനപത്രികയിൽ പറഞ്ഞ സ്കോളർഷിപ്പും തത്കാലം ഒഴിവാക്കി. അതുപോലെ മറ്റു പല കാര്യങ്ങളും വിഴുങ്ങേണ്ടിവന്നിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സതീശൻ വലിയ ആത്മവിശ്വാസത്തിലായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയാൻ അദ്ദേഹം മടിച്ചില്ല.
ഈ ആവേശവും ആത്മവിശ്വാസവും തുടർന്നങ്ങോട്ടും കാണിച്ചില്ലെങ്കിൽ അത്ര എളുപ്പമാകില്ല ധനകാര്യ മാനേജ്മെന്റ്. പ്രതിപക്ഷത്തിരിക്കുന്നതും ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാത്തയാളല്ലല്ലോ മുഖ്യമന്ത്രി.
Editorial
ഷിഗെല്ല അത്ര മാരകമല്ലെന്നാണ് വിദഗ്ധാഭിപ്രായം. പക്ഷേ, അനാസ്ഥയും കെടുകാര്യസ്ഥതയും മാരകമാണ്. അതുകൊണ്ട് അഞ്ചുപേർക്കു ജീവൻ നഷ്ടമായി. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് 2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപയും സംസ്ഥാനത്തുണ്ട്. പക്ഷേ, അങ്ങേയറ്റം മാരകമായ നിപ ഒരു പരിധിവരെ നിയന്ത്രിക്കാനായി. ശ്രദ്ധയോടെ ശുശ്രൂഷിച്ചാൽ ഒരു പരിധിവരെ അതിസാരംപോലെ നിയന്ത്രിക്കാവുന്ന ഷിഗെല്ല ബാക്ടീരിയകളെ നിസാരവത്കരിച്ചതിന്റെ വിലയാണ് അഞ്ചു മരണം.
ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞതനുസരിച്ച്, ഇതു സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. മുൻ സർക്കാരോ പുതുസർക്കാരോ തദ്ദേശഭരണ സമിതികളോ ആരുമാകട്ടെ, വില കൊടുത്തതു ജനങ്ങളാണ്. സർക്കാരിന്റെ കുറ്റസമ്മതമല്ല, യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഇനിയാവശ്യം. നമ്മുടെ ജീവൻ നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്നു ജനങ്ങളും തിരിച്ചറിയട്ടെ.
സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനുവരി മുതല്‍ ജൂണ്‍ വരെ 146. അഞ്ചു പേര് രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 38 പേര്‍ക്ക് നിപ പരിശോധിച്ചതിൽ 37 പേരും നെഗറ്റീവ് ആണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും തെരഞ്ഞെടുപ്പ് മൂഡിലായെന്നും അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായെന്നും തദ്ദേശ സ്ഥാപനങ്ങള്‍ അടക്കം എല്ലാവര്ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നുമാണ് മന്ത്രി സമ്മതിച്ചത്.
പക്ഷേ, അട്ടിമറിവിജയത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലേറെയും യുഡിഎഫ് ഭരിച്ചുതുടങ്ങിയിട്ട് ആറു മാസമായെന്നു മറക്കരുത്. ഇതിനൊക്കെ ആറു മാസം പോരെന്നാണെങ്കിൽ അടുത്തവർഷം സംഭവിക്കാനിരിക്കുന്നത് ഇതിലും വലിയ ദുരന്തമായിരിക്കും. മഴക്കാല പൂർവശൂചീകരണങ്ങൾ സർക്കാരിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്കു നടത്താമെങ്കിൽ ആ ഉത്തരവാദിത്വം നിർവഹിക്കാതിരുന്നവരാണ് യുഡിഎഫായാലും എൽഡിഎഫായാലും അഞ്ചു മരണങ്ങൾക്കു കാരണക്കാർ. ഉദ്യോഗസ്ഥരും മറുപടി പറയണം.
മലിനജലവും മലിനഭക്ഷണവുമാണ് ഷിഗെല്ലയുടെ തറവാട്. വയറുവേദന, ഛർദി, പനി എന്നിവ പ്രധാന ലക്ഷണങ്ങളാണ്. മലബന്ധവും മലത്തിൽ രക്തം വരുന്നതും പതിവാണ്. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതുകൊണ്ട് തുടക്കത്തിലേ ചികിത്സ തേടിയാൽ ജീവൻ നഷ്ടമാകുന്നതും രോഗം പടരുന്നതും ഒഴിവാക്കാം. ഷിഗെല്ല പൂർണമായും നിയന്ത്രണവിധേയമാകുവോളമെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുമെന്നും പാചകം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്താൽ ഈ ബാക്ടീരിയയെ പിടിച്ചുകെട്ടാം. അത്ര എളുപ്പമല്ലെങ്കിലും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുകയും കൈ ശുചിയായി സൂക്ഷിക്കുകയും ചെയ്താൽ കൂടുതൽ സുരക്ഷിതമായി. സർക്കാർ എന്തുകൊണ്ട് മഴക്കാലപൂർവ ശുചീകരണം നടത്തിയില്ലെന്നു ചോദിക്കേണ്ടതാണ്. പക്ഷേ, ഷിഗെല്ലയ്ക്ക് സർക്കാരിനെ അറിയില്ലാത്തതുകൊണ്ട് സ്വയരക്ഷയാണു പ്രധാനം.
ഷിഗെല്ലയ്ക്കു ചികിത്സയുണ്ട്. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. അങ്ങേയറ്റം, ആന്റിബയോട്ടിക്കുകൊണ്ട് ചെറുക്കാവുന്ന രോഗമാണ്. പക്ഷേ, മരുന്ന് രോഗിയെ അന്വേഷിച്ച് വീട്ടിലെത്തില്ലെന്നു തിരിച്ചറിഞ്ഞാൽ മതി. മറ്റുള്ളവർ എടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുമുന്‍പ് നടന്നുപോയാൽ തിരിച്ചും നടന്നുവരാം. അത്രയേ ഉള്ളൂ.
Editorial
മെക്സിക്കോ സിറ്റിയിലെ ആസ്ടെക് സ്റ്റേഡിയത്തിൽ നിൽക്കുമ്പോൾ ചില മന്ത്രോച്ചാരണങ്ങൾ ചെവിയിൽ അലയൊലിയാകും. ചുറ്റിനടക്കുന്ന കാറ്റ് നിഗൂഢമായ ചില ആഭിചാരങ്ങളുടെ രഹസ്യസന്ദേശവാഹകനാകും. ഒരു ലക്ഷം മനുഷ്യർ “ഡീഗോ, ഡീഗോ” എന്നാർത്തുവിളിച്ച നിമിഷത്തിന്റെ രോമാഞ്ചം ഒരു കിനാവുപോലെ വീണ്ടും നിങ്ങളെ പൊതിയും. പെലെയുടെ മാന്തികച്ചുവടുകളുടെ ദ്രുതതാളം നിങ്ങളുടെ ശരീരോഷ്മാവിനെ തിളനിലയോളമെത്തിക്കും.
ഇറ്റലിയുടെയും ജർമനിയുടെയും കലാകാരന്മാർ 1970ൽ പദചലനങ്ങളും ഭാവനയുടെ പരകോടിയും ചേർത്ത് കോർത്തിണക്കിയ സിംഫണിയിലേക്ക് ആ പുൽത്തകിടി സ്പർശിക്കുന്ന നിമിഷം നിങ്ങൾ ലയിച്ചുചേരും. അതെ, സോക്കർ ദേവന്മാർ പിറന്നുവീണ മണ്ണാണിത്. ചരിത്രം സുവർണലിപികളിൽ രേഖപ്പെടുത്തിയ നിമിഷങ്ങളുടെ വിശുദ്ധ ദേവാലയം. അതേ ആസ്ടെകിൽ ഇന്ന് അർധരാത്രി പിന്നിടുമ്പോൾ സ്വപ്നംകൊണ്ട് പൊതിഞ്ഞ ഒരു തുകൽപ്പന്ത് യാത്ര തുടങ്ങും. ലോകമെങ്ങുമുള്ള ഉന്മാദികളുടെ ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്കുള്ള ജൈത്രയാത്ര!
വീണ്ടുമിതാ പ്രപഞ്ച നിയമങ്ങൾ തെറ്റുന്നു. ഭൂമിയുടെ അച്ചുതണ്ട് നിശ്ചലമാകുന്നു. പകരമൊരു തുകൽപ്പന്തിന്റെ ചലനവേഗം ആ സ്ഥാനം ഏറ്റെടുക്കുന്നു. നാലുവർഷത്തിലൊരിക്കൽ മനുഷ്യരെ ഒരുമിപ്പിക്കുന്ന കാല്പനിക വസന്തം വിരിയുകയായി. ഫിഫ ലോകകപ്പ് ഫുട്ബോളിന് കിക്കോഫ്. ആദ്യകളിയിൽ ദക്ഷിണകൊറിയൻ കടുവകളെ വിറപ്പിക്കാൻ മെക്സിക്കൻ കാട്ടുപൂച്ചകൾ തയാർ!
ലോകം യുദ്ധങ്ങളുടെയും മറ്റനേകം സംഘർഷങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോകുമ്പോഴാണ് കായികസംസ്കാരം ഫുട്ബോളിന്റെ കനകനിലാവായി നമ്മെ പൊതിയുന്നത്. യുദ്ധത്തിന്റ മുറിവുകളിൽനിന്നുള്ള ചോര കളിയിലേക്കു കിനിഞ്ഞിറങ്ങുന്നത് നമ്മളറിയണം. യുദ്ധക്കൊതിയടങ്ങാൻ ആവേശലഹരി പതയട്ടെ! 48 ടീമുകൾ. 12 ഗ്രൂപ്പുകൾ. മെക്സിക്കോയിലെ വിഖ്യാത ആസ്ടെക് സ്റ്റേഡിയത്തിൽ തുടങ്ങി ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അവസാനിക്കുന്നതിനിടയിൽ 104 മത്സരങ്ങൾ. മൂന്നു രാജ്യങ്ങൾ. 16 സ്റ്റേഡിയങ്ങൾ.
കരിയറിന്റെ സായന്തനപ്രഭയെ വിജയോന്മാദത്തിന്റെ ധ്രുവനക്ഷത്രമാക്കാൻ വെമ്പി ലയണൽ മെസി, നഷ്ടസ്വർഗം തേടി പ്രായത്തെ വെറും അക്കങ്ങളാക്കി ചിതറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രഞ്ച് വിപ്ലവത്തിനൊരുങ്ങുന്ന കിലിയൻ എംബപ്പെ, നോർവീജിയൻ ഗോൾ മെഷീനായ എർലിംഗ് ഹാലണ്ട്, ആറാം തമ്പുരാനാകാൻ പടച്ചട്ടയണിഞ്ഞു വരുന്ന കാനറിപ്പടയുടെ തലപ്പത്തെ നെയ്മറും വിനീഷ്യസ് ജൂണിയറും, ഇംഗ്ലീഷ് മധ്യനിരയിലെ വൻമതിലായ ജൂഡ് ബെല്ലിങ്ഗം, സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാൽ... ഈ ലോകകപ്പിന്റെ വിസ്മയത്തുമ്പത്ത് ഊയലാടാൻ ബൂട്ടു കെട്ടിയവർ. അതിനൊപ്പം ഇവരുടെ നിഴലിൽനിന്നു കുതിച്ചെത്താൻ കാത്തിരിക്കുന്ന കറുത്ത കുതിരകളുടെ കുളമ്പടിയൊച്ചയ്ക്കു കാതോർക്കുകയാണ് ആരാധകലക്ഷങ്ങൾ.
വന്പൻ വിജയങ്ങൾ, അപ്രതീക്ഷിത ഗോളുകൾ, അവിചാരിത നഷ്ടങ്ങൾ, നിരാശയുടെ പടുകുഴി, കുറ്റബോധത്തിന്റെ നീർച്ചുഴി... ജീവിതംപോലെ, പ്രണയംപോലെ ഫുട്ബോളും മനുഷ്യരെ പീഡിപ്പിക്കുന്നു. ഹൃദയം തകർന്നു തരിപ്പണമാകുമെന്നറിഞ്ഞിട്ടും ആളുകൾ കളിയിലേക്ക് ഈയാംപാറ്റകളെപ്പോലെ ചിതറിവീഴുകയാണ്. ഇന്ത്യ ലോകകപ്പിന്റെ ഏഴയലത്തില്ലെങ്കിലും ഈ ഭ്രാന്താണ് കേരളത്തിലെ നഗരകാന്താരങ്ങളെയും ഗ്രാമഗ്രാമാന്തരങ്ങളെയും ബ്രസീലിന്റെ മഞ്ഞയും അർജന്റീനയുടെ നീലാകാശവും പുതപ്പിക്കുന്നത്.
ഒരു ഫുട്ബോൾ മൈതാനത്തിന്റെ നടുവിൽ ചെന്നുനിന്ന് കാതോർക്കുക. ശൂന്യമായ ഒരു സ്റ്റേഡിയത്തേക്കാൾ ശൂന്യത മറ്റൊന്നിനുമില്ല. കാണികളില്ലാത്ത ഗാലറികളേക്കാൾ വാചാലമായി മറ്റൊന്നുമില്ല. കളിക്കാരനാകട്ടെ, മൈതാനത്ത് മറ്റൊരു മനുഷ്യനായി മാറുകയാണ്. കാൽപാദത്തിന്റെ ഒരൊറ്റ ചലനംകൊണ്ട് ആയിരം ജീവിതങ്ങളുടെ സങ്കടങ്ങൾ മായ്ച്ചുകളയാൻ അവനു കഴിയും.
ആ മാന്ത്രികത നിലനിൽക്കുന്നിടത്തോളം കാലം, അവൻ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ ചുമലിലേറ്റി വെള്ളത്തിനു മീതെ നടക്കുകയും വായുവിലൂടെ പറക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ കാണിച്ച അദ്ഭുതങ്ങൾ ഒറ്റ പിഴവിൽ റദ്ദ് ചെയ്യപ്പെടുന്നത്ര ശാപം പിടിച്ചതാണ് അവന്റെ കളിജീവിതം.
ഫുട്ബോളിന്റെ അതിവൈകാരികത പങ്കുവയ്ക്കുമ്പോഴും മറുവശം കാണാതിരുന്നുകൂടാ. കളി ഒരു വ്യവസായമായി മാറിയതോടെ കളിക്കാൻവേണ്ടി മാത്രം കളിക്കുന്നതിലൂടെ വിരിഞ്ഞിരുന്ന ശുദ്ധസൗന്ദര്യത്തെ നാടുകടത്തിക്കളഞ്ഞു. ഓഹരിവിപണിയിലെ ഷെയറുകളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഉത്പന്നങ്ങളായ കളിക്കാർ. ജഴ്സിയിൽ പതിപ്പിച്ച വൻകിട കമ്പനികളുടെ ലോഗോയ്ക്കുവേണ്ടിയാണവർ കളിക്കുന്നത്.
സൂറിച്ചിലെ ഫിഫ ആസ്ഥാനവിദ്വാന്മാർ മൈതാനത്തു കളിയല്ല കാണുന്നത്. നടുവിലൊരു പന്തും വച്ചുകൊണ്ടുള്ള തൊണ്ണൂറ് മിനിറ്റ് നീളുന്ന ഒരു പരസ്യം മാത്രമാണവർക്ക് മത്സരങ്ങൾ. ആധുനിക കളിയിൽ, തോൽക്കുകയെന്നാൽ ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുക എന്നാണ്. അതുകൊണ്ടുതന്നെ ഭാവനയും സാഹസികതയും സർഗാത്മകതയും നിരോധിക്കപ്പെട്ടിരിക്കുന്നു.
പൂർണമായി മെരുക്കാൻ കഴിയില്ല എന്നതാണ് ഫുട്ബോളിന്റെ ഭംഗി. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ, ഒരു കളിക്കാരൻ പ്രതീക്ഷിക്കാത്ത എന്തെങ്കിലും ചെയ്യും. കളിയിലെ തന്ത്രങ്ങളെ ഭേദിച്ച് ശുദ്ധമായ സന്തോഷത്തിന്റെ ഒരു മിന്നലാട്ടമുണ്ടാകും. ആ ഒരു നിമിഷം, ജീവിതം ഫുട്ബോൾപോലെതന്നെ ആവേശത്തോടെ ജീവിക്കേണ്ട ഒന്നാണെന്ന് നമ്മെ ഓർമിപ്പിക്കും.
പണവും ബിസിനസും കളി കൈയടക്കുമ്പോഴും ലോകത്തിലെ ഏതോ ഒരു തെരുവിൽ ഒരു കുട്ടി നഗ്നപാദനായി പന്തു തട്ടുന്നുണ്ടെങ്കിൽ ഫുട്ബോളിന്റെ ആത്മാവ് ഇപ്പോഴും ഭൂമി വിട്ടുപോയിട്ടില്ലെന്ന് നമുക്ക് ആശ്വസിക്കാം.
സമയമായി. വ്യാകുലചിന്തകളും കണക്കുകൂട്ടലുകളും കിക്കോഫ് വരെ മാത്രം. ആദ്യ വിസിലിനൊപ്പം ആവേശം മാനംമുട്ടെ ഉയരട്ടെ!
Editorial
സമൂഹമാധ്യമങ്ങൾക്കും അവയെ അനുകരിക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കും സ്വയംനിയന്ത്രണം നഷ്ടമായതിന്റെ പ്രകടനമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിലുണ്ടായത്.
“നിങ്ങൾക്കെന്താണു വേണ്ടതെന്ന'', സലിംകുമാറിന്റെ മകൻ ചന്തുവിന്റെ ചോദ്യം മാന്യമായി പെരുമാറിയ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അഭിമുഖീകരിക്കുകയാണ്. എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ, ആദ്യസംപ്രഷണം, പണം... അതൊന്നും നിഷിദ്ധമല്ല. പക്ഷേ, സിനിമ തിയേറ്ററും മരണവീടും തമ്മിലുള്ള വ്യത്യാസമറിയാത്തവർ ഏകാംഗമാധ്യമങ്ങളായാലും മുഖ്യധാരയായാലും പണി നിർത്തുകയാണു വേണ്ടത്. വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തുവന്നിട്ടുണ്ട്. എന്താണു നിങ്ങൾക്കു വേണ്ടതെന്ന ചോദ്യം ആരൊക്കെയോ ചോദിക്കാതെ മാറ്റിവച്ചതാണ്.
ഇതിനിടെ മറ്റു ചില പെരുമാറ്റ വൈകൃതങ്ങളും നമുക്കു കാണേണ്ടിവന്നു. ഒന്ന് മരണവീട്ടിൽ മുഖ്യമന്ത്രിക്കു ഷാൾ ഇടാൻ ശ്രമിച്ച ഒരു ആരാധകന്റേതായിരുന്നു. സലിംകുമാറുമായി അതീവസൗഹൃദത്തിലായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഒരാൾ ഷാൾ പുതപ്പിക്കാൻ മുന്നോട്ടു വന്നത്. അടുത്ത നിമിഷംതന്നെ മുഖ്യമന്ത്രി അതു തട്ടിമാറ്റിക്കൊണ്ട് മുന്നോട്ടു നീങ്ങി. ഷാളിടാൻ വന്നയാളുടെ അനൗചിത്യത്തെ തട്ടിമാറ്റിയ, മുഖ്യമന്ത്രിയുടെ ഔചിത്യം പ്രശംസാർഹമെന്നു മാത്രമല്ല, പലർക്കും പാഠമായിട്ടുമുണ്ട്.
മറ്റൊന്ന് സിനിമാനടിയെന്ന് അവകാശപ്പെടാറുള്ള, വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള അവസരങ്ങളൊന്നും കൈവിടാത്ത യുവതിയുടേതെന്ന മട്ടിൽ പ്രചരിക്കുന്ന വീഡിയോയാണ്. അതു ശരിയാണെങ്കിൽ, അതിലവർ കാണിക്കുന്ന അനവസരത്തിലെ അമിതചിരിയും ചേഷ്ടകളും അരോചകമായി. ഇതിനിടെ, ചില മാധ്യമങ്ങൾ കുടുംബാംഗങ്ങളോടുപോലും അഭിപ്രായങ്ങൾ ചോദിച്ചെന്ന ആരോപണവുമുണ്ട്. അടിസ്ഥാന മര്യാദകൾ അറിയാത്ത ഇത്തരക്കാർ ദുഃഖസാന്ദ്രമായ സംസ്കാര ചടങ്ങുകളിൽനിന്നെങ്കിലും വിട്ടുനിൽക്കുകയാണു വേണ്ടത്.
ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളെ അഭിമുഖീകരിക്കുന്നതിനിടെയാണ് സലിംകുമാറിന്റെ മകൻ ചന്തുവിന് നിയന്ത്രണം വിട്ട് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കേണ്ടി വന്നത്. വീട്ടിലെ സംസ്കാരചടങ്ങുകൾ പകർത്താൻ ഓൺലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വീഡിയോ പകർത്തുന്ന വ്യക്തികളുമൊക്കെ തിരക്കു കൂട്ടുകയായിരുന്നു. പോലീസുകാർ ശ്രമിച്ചിട്ടുപോലും കാമറയും മൊബൈലുകളുമായി അവർ മാറാതെനിന്നു.
അച്ഛന്റെ മരണാനന്തര ചടങ്ങുകൾപോലും തടസപ്പെടുന്നവിധം കുടുംബാംഗങ്ങളുടെ മുഖത്തേക്ക് കാമറകൾ നീണ്ടതോടെ ചന്തുവിന്റെ സങ്കടവും രോഷവും അണപൊട്ടി. ഒടുവിൽ “എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?” എന്നു ചോദിക്കേണ്ടിവന്നു. ഇതു മാധ്യമപ്രവർത്തനമല്ല. നടൻ ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകളിലും ഇത്തരമാളുകൾ പ്രശ്നമുണ്ടാക്കിയിരുന്നു. വാഹനാപകടങ്ങൾ ഉണ്ടാകുന്പോഴും ദുരന്തമുഖത്തുമൊക്കെ മൊബൈൽ ഫോണുമായി തടസമുണ്ടാക്കുന്നവരുണ്ട്. അതിനു വാർത്താ പ്രധാന്യമില്ലെന്നോ റിപ്പോർട്ട് ചെയ്യേണ്ടെന്നോ അല്ല. പക്ഷേ, മാധ്യമപ്രവർത്തനം മനുഷ്യത്വം ആവശ്യമില്ലാത്ത ജോലിയാണെന്നു തെറ്റിദ്ധരിക്കരുത്.
മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറിയെന്നും ഇതു മറ്റുള്ളവരുടെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്നും നിയമനടപടികൾക്കു കാരണമാകുമെന്നുമാണ് പോലീസ് പ്രസ്താവിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് ഓർമിപ്പിച്ചിട്ടുണ്ട്.
ഇവിടെ പരാമർശിച്ച സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ മര്യാദകേടുമായി താരതമ്യപ്പെടുത്താനാകില്ലെങ്കിലും സൗത്ത് ആഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ് കെവിൻ കാർട്ടറുടെ "കഴുകനും ബാലികയും' എന്ന വിഖ്യാത ഫോട്ടോ മാധ്യമലോകത്തെ ഉൾപ്പെടെ ഇളക്കിമറിച്ചതിനെക്കുറിച്ച് പരാമർശിക്കേണ്ടിയിരിക്കുന്നു. പട്ടിണികൊണ്ട് മരണാവസ്ഥയിലായ ഒരു സുഡാനി കുട്ടി മരണാസന്നയായി നിലത്തേക്കു കുന്പിട്ടിരിക്കുന്നതും പിന്നിലൊരു കഴുകൻ കാത്തുനിൽക്കുന്നതുമാണ് ഫോട്ടോ. 1993 മാർച്ചിലെടുത്ത ഫോട്ടോ "ന്യൂയോർക്ക് ടൈംസ്' പ്രസിദ്ധീകരിക്കുകയും പുലിറ്റ്സർ പുരസ്കാരം ലഭിക്കുകയും ചെയ്തു. ആ ഫോട്ടോ മറ്റേതൊരു റിപ്പോർട്ടിനെക്കാളും സുഡാനിലെ ദാരിദ്ര്യത്തിന്റെ യഥാർഥ സ്ഥിതിയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തി. പക്ഷേ, കാമറ താഴെ വച്ചു കെവിൻ ചെയ്യേണ്ടിയിരുന്നത് ആ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു എന്ന വിമർശനം പൊട്ടിപ്പുറപ്പെട്ടു. അദ്ദേഹമതു ചെയ്യാതിരുന്നതിനും കാരണമുണ്ടായിരുന്നു.
ദാരിദ്ര്യമേഖലയിലെ ആളുകളെ സ്പർശിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജീവകാരുണ്യ ഏജൻസികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. മാത്രമല്ല, കുറച്ചകലെ യുഎൻ വിമാനത്തിൽനിന്നു സഹായം സ്വീകരിക്കാൻ പോയിരുന്ന മാതാപിതാക്കൾ തിരിച്ചെത്തുകയും ചെയ്തു. യഥാർഥത്തിൽ അത് ഒരു ആൺകുട്ടിയായിരുന്നെന്നും അവൻ 14 വർഷങ്ങൾക്കുശേഷം പനി ബാധിച്ചു മരിക്കുകയായിരുന്നെന്നും പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. പക്ഷേ, തന്റെ മാധ്യമപ്രവർത്തന മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെട്ടതിൽ ആത്മപീഡയനുഭവിച്ച കെവിൻ കാർട്ടർ പുലിറ്റ്സർ പ്രഖ്യാപിച്ച് മൂന്നാം മാസം ജീവനൊടുക്കി. ആ കുഞ്ഞിന്റെ ദാരിദ്ര്യത്തിനോ മരണത്തിനോ കെവിൻ ഒരുവിധത്തിലും കാരണക്കാരനായിരുന്നില്ലെന്നതു മറ്റൊരു യാഥാർഥ്യം. എന്നിട്ടും...
മൂല്യബോധമുണ്ടായിരുന്ന കെവിൻ കാർട്ടറിൽനിന്ന് പറവൂരിലെ സലിംകുമാറിന്റെ വീട്ടിലെ ചില വീഡിയോക്കാരിലേക്ക് ഏറെ ദൂരമുണ്ട്. ദുഃഖ-ദുരന്തമുഖങ്ങളിൽ നാം മാധ്യമപ്രവർത്തകരാണോ സഹജീവിയുടെ മരണം കാത്തിരിക്കുന്ന കഴുകന്മാരാണോ എന്ന് ആത്മപരിശോധന നടത്തിയേ തീരൂ. സ്വതന്ത്രമാധ്യമപ്രവർത്തനത്തെ വെറുക്കുന്ന രാഷ്ട്രീയക്കാർക്കും സർക്കാരുകൾക്കും ഇതൊക്കെ സന്തോഷം പകരുമെന്നതിലും സംശയമില്ല. ഇവർക്കൊന്നും ഒരു ലുക്കില്ലെന്നേയുള്ളു, മാധ്യമപ്രവർത്തകരാണു കേട്ടോ എന്ന് ഒരു ആത്മാവ് മന്ത്രിക്കുന്നതുപോലെ.
Editorial
ചാർലി ചാപ്ലിന്റെ നർമങ്ങളിൽ ചിലയിടത്ത് മുള്ളുകളുണ്ടായിരുന്നു; ചിരിക്കുന്നതിനിടെ പ്രേക്ഷകന്റെ കണ്ണുനിറയാനും അധികാരികളോടുള്ള രോഷത്താൽ ഇടയ്ക്കു ചിരി നിർത്താനും അതിടയാക്കി. സലിം കുമാർ പക്ഷേ, ചിരിപ്പിച്ചു കൊല്ലുകയായിരുന്നു. കരയിക്കാനും രോഷാകുലരാക്കാനും കറുത്ത ഫലിതങ്ങൾ പറയാനും അദ്ദേഹം മറ്റൊരു രംഗമോ മറ്റൊരു സിനിമയോ തെരഞ്ഞെടുത്തു. ആദാമിന്റെ മകൻ അബുവും കറുത്ത ജൂതനുമൊക്കെ സലിംകുമാറിന്റെ മറുവശമായിരുന്നു.
അത്തറു കച്ചവടക്കാരനായ അബുവിനെയും കറുത്ത ജൂതനായ ആരോൺ ഇല്യാഹുവിനെയും ചുമന്നുകൊണ്ട് എത്രയോ കാഴ്ചക്കാരാണ് കണ്ണു തുടച്ച് തിയറ്ററിനു പുറത്തേക്കിറങ്ങിറങ്ങിയിട്ടുള്ളത്. ട്രോളുകളുടെയും ആക്ഷേപഹാസ്യത്തിന്റെയും പൂർണതയ്ക്ക് ഉപയോഗിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ തമാശകൾ സിനിമയ്ക്കു പുറത്തേക്കു വളർന്ന് കേരളത്തെ വലയം ചെയ്തിട്ടുമുണ്ട്. ഒടുവിലിതാ ‘ചിരിപ്പിച്ചു കൊന്നവന്റെ’ മൃതദേഹത്തിനു മുന്നിൽ ‘ചിരിച്ചു മരിച്ച’ കേരളം ആദരവോടെ നിൽപ്പായി. പ്രിയ സലിംകുമാർ, ആദരാഞ്ജലികൾ!
ശനിയാഴ്ച രാത്രിയിൽ മരിക്കുന്പോൾ നടൻ സലിംകുമാറിന് 56 വയസായിരുന്നു. എറണാകുളം വടക്കൻ പറവൂരിലെ വീടിന്റെ പേരുപോലും ചിരിയുടെ വിലാസമായി; ലാഫിംഗ് വില്ല. പേരു കേട്ടാൽ മതം തിരിച്ചറിയാതിരിക്കാനാണ് അച്ഛൻ ഗംഗാധരൻ ഇളയ മകന് സലിം എന്നു പേരിട്ടത്. അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി കുമാർ എന്നുകൂടി ചേർത്തെങ്കിലും സലിമാണോ കുമാറാണോ എന്നതിനു പകരം നടനാണോ എന്നു മാത്രമാണ് കേരളം അന്വേഷിച്ചത്. മിമിക്രിയിലായിരുന്നു തുടക്കം. എംജി സർവകലാ കലോത്സവത്തിൽ മൂന്നു തവണ തുടർച്ചയായി ഒന്നാം സ്ഥാനം നേടി. കൊച്ചിൻ കലാഭവനിലും സാഗറിലും മികവ് തെളിയിച്ചു.
‘ഇഷ്ടമാണ് നൂറു വട്ടം’ ആദ്യ സിനിമയായി. 2000ൽ ഇറങ്ങിയ ‘തെങ്കാശിപ്പട്ടണം’ സൂപ്പർഹിറ്റായി. പിന്നീട് സിഐഡി മൂസ, മായാവി, മീശമാധവൻ... തുടങ്ങി മൂന്നൂറോളം ചിത്രങ്ങൾ! മൂന്നു തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും അഭിനയിച്ചു. പക്ഷേ, പ്രേക്ഷകനെ ചിരിക്കാൻ പോയിട്ട് ഇരുന്നിടത്തുനിന്ന് അനങ്ങാതാക്കിക്കളഞ്ഞു, ‘ആദാമിന്റെ മകൻ അബു’, ‘കറുത്ത ജൂതൻ’ എന്നീ സിനിമകൾ. ആദാമിന്റെ മകനിലെ അഭിനയത്തിന് സലിം കുമാറിനു മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഹാസ്യനടനുള്ളതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ വീണ്ടും അദ്ദേഹത്തെ തേടിയെത്തി.
‘കറുത്ത ജൂതൻ’ ഉൾപ്പെടെ നാലു സിനിമകൾ സംവിധാനം ചെയ്തു. മൂന്നു പതിറ്റാണ്ട് മലയാളസിനിമയിൽ സജീവമായിരുന്ന സലിംകുമാറിന്റെ ചിരി തന്നെ മലയാളിയെ ചിരിപ്പിക്കാൻ പോന്ന തമാശയായിരുന്നു. അദ്ദേഹത്തിന്റെ സിനിമയും സമൂഹമാധ്യമങ്ങളിലേക്കു പകർത്തപ്പെട്ട രംഗങ്ങളും ഇനിയും മലയാളിയെ വിടില്ല.
സിനിമയിൽനിന്നു സമൂഹമാധ്യമങ്ങളിലേക്കും അവിടെനിന്നു മലയാളിയുടെ ജീവിതത്തിലേക്കും ഓടിക്കയറിയ നിരവധി സംഭാഷണങ്ങൾ സലിംകുമാറിനെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. “കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ”, “ഐ ആം ദ സോറി അളിയാ... ഐ ആം ദ സോറി”, “എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായി പോയതാണോ”, “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍”, “റേഷന്‍കട മറന്ന് മണ്ണെണ്ണ വാങ്ങണോ” ... തുടങ്ങിയ എത്രയോ ഡയലോഗുകളാണ് മലയാളി എടുത്തു പെരുമാറിക്കൊണ്ടിരിക്കുന്നത്.
ചിരിപ്പിച്ചതു മാത്രമല്ല, അവഗണിക്കപ്പെട്ട മനുഷ്യരുടെ ചിന്തകളെ നമ്മുടേതാക്കി മാറ്റിയതിലും സലിംകുമാർ മികവ് കാട്ടി. അദ്ദേഹംതന്നെ രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച് അഭിനയിച്ച ‘കറുത്ത ജൂതൻ’ പറയുന്നുണ്ട്: “കമ്യൂണിസ്റ്റാണെങ്കില്‍ അവന് കാള്‍ മാർക്സോ, ശാസ്ത്രജ്ഞനാണെങ്കില്‍ ഐൻസ്റ്റീനോ ആയിരിക്കുമെങ്കിലും കറുത്ത ജൂതന് ഇതൊന്നും ബാധകമായിരുന്നില്ല. ചരിത്രത്തിലും ജീവിതത്തിലും കറുത്തവനെന്നും കറുത്തവന് തന്നെയായിരുന്നു. ഉയിർപ്പുകളില്ലാത്ത കല്ലറകൾ തേടി അലയുന്നവനാണ് കറുത്ത ജൂതൻ.”
ജാഡയോ കാപട്യമോ സലിംകുമാറിനില്ലായിരുന്നു. തനൊരു കോൺഗ്രസുകാരനാണെന്നു തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സംഭാഷണങ്ങളും തമാശകൾക്കൊപ്പം ചിന്തകളും പ്രകാശിപ്പിച്ചു. “ആരോ എഴുതിയ തിരക്കഥ പോലെയാണ് ജീവിതം. എന്തൊക്കെ അവാർഡ് വാങ്ങിയാലും ശരി, ജീവിതം ഒരു ഐസിയുവിൽ തീരാവുന്നതേയുള്ളൂ...” ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലുക മാത്രമല്ല, ജീവിക്കേണ്ടതെങ്ങനെയെന്നു ചിന്തിപ്പിക്കുകയും ചെയ്യുന്നു. വിട!
Editorial
ഇതെന്തൊരു തോന്ന്യാസമാണ്? പത്തനംതിട്ട കവിയൂരിൽ വീട്ടുവളപ്പിലെ കായ്ക്കാറായ തെങ്ങുകൾ കെഎസ്ഇബി വാളിനറത്തുകളഞ്ഞത്, അതു വച്ചുപിടിപ്പിച്ചവരോട് ഒരു വാക്ക് പറയാതെയാണ്. മാസങ്ങൾക്കുള്ളിൽ നിരവധിപ്പേരുടെ ഫലവൃക്ഷങ്ങൾ നശിപ്പിച്ചുകഴിഞ്ഞു. വൈദ്യുതകന്പികളിൽ തട്ടുന്ന വൃക്ഷക്കന്പുകൾ വെട്ടുന്നതിൽ ആർക്കുമില്ല പരാതി. പക്ഷേ, അതിന്റെ മറവിൽ നിശ്ചിത പരിധിക്കപ്പുറത്തുള്ള ഫലവൃക്ഷങ്ങൾ പോലും വെട്ടിക്കൂട്ടിയാൽ പരാതിയുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും പലയിടത്തും ഇതു നടന്നു. കർഷകർക്കു നഷ്ടപരിഹാരം കൊടുത്തു. പക്ഷേ, നശിപ്പിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽ ഒരു കുറവുമുണ്ടായില്ല; നടപടിയുമില്ല. ഈ ഉദ്യോഗസ്ഥസംരക്ഷണമാണ് കേരളത്തിന്റെ ശാപം. മന്ത്രിയറിയണം, പത്തനംതിട്ട സംഭവം. കായ്ക്കാറായ തെങ്ങുകളുൾപ്പെടെ അരിഞ്ഞു രസിക്കുകയാണ് ‘കുറുവാസംഘം’. ‘ധവളപത്രത്തിലെ ബാധ്യത’യെ നാട്ടിൽ അഴിച്ചുവിടരുത്.
മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതായി ജനുവരി മുതൽ പത്തനംതിട്ടയിൽ വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ നിർത്തിച്ച വെട്ടിനിരത്തലിനു വീണ്ടുമിറങ്ങിയിരിക്കുകയാണ്. നോട്ടീസ് നൽകുകയോ സുരക്ഷാ ദൂരപരിധി പാലിക്കുകയോ ചെയ്യാതെയാണ് പുരയിടങ്ങളിലെ ആദായകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്. കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്റെ പറമ്പിലെ തെങ്ങുകൾ വെട്ടിയതാണ് പുതിയ ക്രൂരത. 2.6 മീറ്റർ വരെയുള്ളത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്നാണ് കെഎസ്ഇബി പറഞ്ഞത്. അളന്നു നോക്കിയപ്പോൾ 2.6 മീറ്ററിനപ്പുറമുള്ളതും വെട്ടിക്കളഞ്ഞെന്നു വീട്ടുകാർ പറഞ്ഞു. നിശ്ചിത ഉയരത്തിലപ്പുറം വളരാത്ത ഇനം കായ്ക്കാറായ തെങ്ങുകളും നശിപ്പിച്ചു.
ചിലയിടത്ത് റബർമരങ്ങളാണ് നശിപ്പിച്ചത്. അകലമൊക്കെ ജീവനക്കാരൻ സ്വയം തീരുമാനിച്ച് വെട്ടിയാൽ മതിയോ, നട്ടുവളർത്തിയവൻ അറിയേണ്ടേ? ക്രെയിനും ജെസിബിയും യന്ത്രവാളുമൊക്കെ ഉപയോഗിച്ചാണ് ജനുവരി മുതൽ ഈ ക്രൂരവിനോദം. വൈദ്യുതിലൈനിലേക്കു ചായുന്ന കന്പോ മരമോ വെട്ടാൻ സമ്മതിക്കാത്തവരില്ല കേരളത്തിൽ. ഉണ്ടെങ്കിൽ അത്തരം സാമൂഹികദ്രോഹികളെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസിറങ്ങട്ടെ. പക്ഷേ, സംസ്ഥാനത്തു ചിലയിടങ്ങളിൽ, ചില ഉദ്യോഗസ്ഥർ സംവിധാനം ചെയ്യുന്ന വെട്ടിനിരത്തൽ നാടകം അവസാനിപ്പിക്കണം.
ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഉത്തരവിന്റെ മറവിൽ, 10 മീറ്ററകലെയുള്ള മരങ്ങൾപോലും വെട്ടിക്കഴിഞ്ഞന്നാണ് നാട്ടുകാർ പറയുന്നത്. ഇത് തടിക്കച്ചവടക്കാരുമായുള്ള ഡീലാണെന്നും ആരോപണമുണ്ട്. ഈ തടി പിടിയാവിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. നിശ്ചിത ദുരത്തിനുള്ളിലാണെങ്കിൽ പോലും, കന്പും കോലും വെട്ടുന്നതുപോലെയാണോ വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയെടുത്ത ഫലവൃക്ഷങ്ങൾ ഉടമയോടു പറയാതെ അരിഞ്ഞുവീഴ്ത്തി താണ്ഡവമാടുന്നത്. കാസർഗോഡ് പുത്തിഗെ ചക്കണിഗെയില് സി. ബാലസുബ്രഹ്മണ്യ ഭട്ടിന്റെ 28 കമുകുകൾ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ മണ്ട വെട്ടിക്കളഞ്ഞത് 2025 ഫെബ്രുവരിയിലാണ്.
കമുക് വൈദ്യുതിലൈനിലേക്കു ചാഞ്ഞതല്ല, താങ്ങുകന്പി ദ്രവിച്ചുപൊട്ടിയതിനെത്തുടർന്ന് ലൈൻ കമുകിലേക്കു ചാഞ്ഞതാണെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ, നഷ്ടം കർഷകന്. 2023 ഓഗസ്റ്റിൽ ഓണത്തിനു മുന്‍പ് കോതമംഗലം വാരപ്പെട്ടിയിൽ തോമസ് എന്ന കർഷകന്റെ 400 കുലവാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞതിനെത്തുടർന്ന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്നു. തെമ്മാടിത്തരം കാണിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽനിന്ന് നയാപൈസ പിടിച്ചതായറിയില്ല. ഉദ്യോഗസ്ഥരെയും സംഘടനകളെയും പേടിയില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം. പത്തനംതിട്ടയിൽ നഷ്ടപരിഹാരം കൊടുത്തേ തീരൂ. കെഎസ്ഇബിയും ചേർന്ന് കാലിയാക്കിയ ഖജനാവിൽനിന്നല്ല, ഉത്തരവാദികളുടെയത്രയും ശന്പളത്തിൽനിന്ന്.
വൈദ്യുതി കൊടുക്കൽ-വാങ്ങൽ കരാറുകൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ യഥാസമയത്തു നടത്തുകയും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കുകയും ചെയ്യുന്നതിലും ഈ മിടുക്ക് കാണിച്ചിരുന്നെങ്കിൽ കെഎസ്ഇബി ധവളപത്രത്തിലെ ‘കരിന്പട്ടിക’യിൽ പെടില്ലായിരുന്നു. ഇനിയിപ്പോൾ വൈദ്യുതിവകുപ്പിനെ വെടക്കാക്കി സ്വകാര്യവത്കരിക്കാൻ കൂലിക്കെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണോ ഈ കർഷകദ്രോഹത്തിനു പിന്നിലെന്നും അന്വേഷിക്കേണ്ടതാണ്.
വന്യജീവി, വനംവകുപ്പ്, കെഎസ്ഇബി... കർഷകന്റെ ജീവിതം തുലയ്ക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. അടിയിളകിയ കേരളത്തിലെ കർഷകരെ കാണാൻ ഈ സർക്കാരിനും ശേഷിയില്ലെന്നു വരരുത്. കായ്ക്കാറായ ഒരു തെങ്ങിനുവേണ്ടി നടത്തേണ്ടിവരുന്ന അധ്വാനം തിരിച്ചറിയാവുന്ന കർഷകർ ആരുമില്ലേ മന്ത്രിസഭയിൽ? പത്തനംതിട്ടയിൽ വെട്ടിനിരത്ത് ഭ്രാന്തിളകിയ കെഎസ്ഇബി മാടന്പിമാരോട്, പാലൂട്ടിയ ജനത്തെ കടിക്കരുതെന്നും കാലം മാറിയെന്നും സർക്കാർ പറയണം. അളമുട്ടിയാൽ കർഷകരും തിരിഞ്ഞുനിൽക്കുമെന്നു മറക്കരുത്.
Editorial
ഒന്നര വയസുള്ള കുഞ്ഞായിരുന്നു. കൊലപാതകികൾ അമ്മയും രണ്ടാനച്ഛനും! ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ അവന്റെ പിടച്ചിൽ കണ്ട അമ്മ താനില്ലാത്തപ്പോൾ കൊന്നാൽ മതിയെന്നു പറഞ്ഞ് നാട്ടിൽനിന്നു മാറിനിന്നു സൗകര്യമൊരുക്കി. മനഃസാക്ഷിക്കുത്തെന്നു പറയരുത്, പിടയുന്ന കുഞ്ഞിന്റെ അന്ത്യനോട്ടം സുഖജീവിതത്തെ വേട്ടയാടിയാലോ! നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആ പുരുഷവേഷധാരി കൃത്യം നിർവഹിച്ചു. 51 മുറിവുകളുണ്ടായിരുന്ന, കുഞ്ഞിക്കൈകളിൽ പ്ലാസ്റ്ററുണ്ടായിരുന്ന, ചോറിന്റെ വറ്റുകൾ തൊണ്ടയിൽ കുരുങ്ങിയ, വിശപ്പാറാത്ത, ഭീതിയൊളിപ്പിച്ച കണ്ണുകളടഞ്ഞ ആ കുഞ്ഞുദേഹം മോർച്ചറി മഞ്ചലിൽ കിടത്തിയപ്പോൾ ഒരു ചുളുങ്ങിയ തലയണയോളമേ ഉണ്ടായിരുന്നുള്ളൂ. ഇല്ല, ഇതുപോലൊരു സംഭവം വേറെയുണ്ടാകില്ല.
തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലാണ് സംഭവം. ആദ്യവിവാഹത്തിലെ കുഞ്ഞ് അർഷിതിനെ അമ്മ അഖിലയുടെ സമ്മതത്തോടെയാണ് രണ്ടാം ഭർത്താവ് അഷ്കർ കൊന്നതെന്നാണ് പുറത്തുവന്ന വാർത്ത. മൂന്നു മാസമായി കൊല്ലണമെന്ന ഉദ്ദേശത്തോടെ കുഞ്ഞിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു. അവശനായ കുഞ്ഞിന്റെ പിടച്ചിൽ കണ്ട അഖില, താനില്ലാത്തപ്പോൾ കൊല്ലാൻ പറഞ്ഞേൽപ്പിച്ച് നൃത്തപരിപാടിക്കെന്നു പറഞ്ഞ് മാറിനിന്നുകൊടുത്തു. തങ്ങൾ നടത്തിയ പീഡനങ്ങൾ അഷ്കർതന്നെ പോലീസിനോടു പറഞ്ഞു. വിശന്നു കരഞ്ഞാൽ തീവച്ചു പൊള്ളിക്കും. കത്തുന്ന സിഗരറ്റിനു കുത്തും. വാശിപിടിച്ചാൽ തൊഴിക്കും. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിനാണ് കൈകൾ തല്ലിയൊടിച്ചത്. വായിൽ തുണി തിരുകിയശേഷമായിരുന്നു മർദനം.
വെള്ളിയാഴ്ചയാണ് കൊല്ലാൻ തീരുമാനിച്ചത്. അഖിലയെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊണ്ടയിൽ ആഹാരം കുടുങ്ങിയെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഉച്ചയ്ക്ക് അർഷിതിന് ആഹാരം കൊടുത്തശേഷം അതിറക്കുന്നതിനു മുന്‍പ് കഴുത്തിൽ അമർത്തിപ്പിടിച്ചു. പലതവണ ഇതാവർത്തിച്ചിട്ടും കുഞ്ഞ് മരിച്ചില്ല. അതോടെ തല പിടിച്ചു ഭിത്തിയിലിടിപ്പിച്ചു. കുഴഞ്ഞുവീണ കുഞ്ഞിന്റെ വായിലേക്ക് ഭക്ഷണം തിരുകി കഴിക്കാൻ ആവശ്യപ്പെട്ടു. അതോടെ കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദിക്കുന്ന ഒച്ച കേട്ട് അയൽക്കാരിൽ ചിലരെത്തി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നു പറഞ്ഞെങ്കിലും ഡോക്ടർമാർ അർഷിതിന്റെ മുറിവുകൾ കണ്ടെത്തി കൊലപാതകമാണെന്ന സൂചന പോലീസിനെ അറിയിക്കുകയായിരുന്നു.
കേരളം കണ്ണു തുടച്ച് തേങ്ങലടക്കാൻ പണിപ്പെടുന്പോൾ സർക്കാർ, മോർച്ചറിയിൽനിന്നു പുറത്തിറങ്ങി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കു പോകണം. ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതി കൊല്ലാൻ ശ്രമിച്ചതിനെത്തുടർന്നു തലയ്ക്കു പരിക്കേറ്റു രോഗിയായ ആദ്യഭാര്യയുടെ വീട്ടുകാർ ഉൾപ്പെടെ നൽകിയ പല പരാതികളും തള്ളിക്കളഞ്ഞ കാക്കിക്കാർ അവിടെയുണ്ടത്രേ. അഷ്കറിനൊപ്പം കഴിഞ്ഞ മറ്റൊരു പെൺകുട്ടി ജീവനൊടുക്കിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അർഷിതിന്റെ അച്ഛൻ, അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ, ജീവനൊടുക്കിയത് എന്തിനെന്നതും അന്വേഷിക്കണം.
പോലീസ് പ്രതിക്ക് ഒത്താശ ചെയ്തെന്നതു ശരിയാണെങ്കിൽ പ്രതികൾ രണ്ടിലൊതുങ്ങരുത്. വേലി വിളവു തിന്നരുത്. ആഭ്യന്തരവകുപ്പ് വളമിട്ടുകൊടുക്കരുത്. കാരണം, ഈ കുറ്റകൃത്യം സമാനതകളില്ലാത്തതാണ്. ലോകത്ത് ഏറ്റവും പീഡനമേറ്റു മരിച്ചവരിലൊരാളുടെ കുഞ്ഞുടലാണ് മോർച്ചറിയെയും പൊള്ളിച്ചുകളഞ്ഞത്. കൊലയാളിക്കെതിരേയുള്ള പരാതികൾ പോലീസ് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ആ നരാധമന് ഈയവസരം കിട്ടുമായിരുന്നില്ല. കുറ്റവാളികളുടെ പോലീസ് ബന്ധമല്ല, പോലീസിന്റെ കുറ്റവാളിബന്ധമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന കീർത്തിയിൽനിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുന്നത്.
കേട്ടവരെല്ലാം അർഷിത് സഹിച്ച വേദനകൾ ശരീരത്തിലും മനസിലും അനുഭവിക്കുകയാണ്. ഏതാണ്ടെല്ലാ മലയാളികളും കുഞ്ഞുങ്ങളെ പ്രാണനേക്കാൾ സ്നേഹിക്കുന്നവരാണ്. പക്ഷേ, എല്ലാവരുമല്ല. ചില വീടുകളിൽ അടക്കിപ്പിടിച്ച നിലവിളികളുണ്ട്. ചില മാതാപിതാക്കളുടെയും മക്കളുടെയുമുൾപ്പെടെ ദേഹത്ത് ഉണങ്ങാത്ത മുറിവുകളുണ്ട്. മദ്യ-മയക്കുമരുന്നടിമകൾ, സ്വഭാവവൈകല്യമുള്ളവർ, സ്നേഹമില്ലാത്തവർ... വീട്ടുകാരാഗൃഹങ്ങളുടെ വാതിലുകൾ ചവിട്ടിത്തുറക്കണം. നാമൊത്തിരി ‘പുരോഗതി’ നേടി. തൊട്ടടുത്ത വീട്ടിൽ നടക്കുന്നതുപോലും പലർക്കുമറിയില്ല. അറിഞ്ഞാലും സ്വന്തം വീടിനു പുറത്തുള്ള ‘പൊല്ലാപ്പുകൾ’ ഏറ്റെടുക്കാറില്ല. മതാധികാരികളിൽ പലരും ഇതൊന്നുമറിയാതെ ലോകം നന്നാക്കലിൽ വ്യാപൃതരായി. തദ്ദേശ ജനപ്രതിനിധികൾ ജാഗ്രതയുള്ളവരാകണം.
കർശനമായ അതിർത്തികളുള്ള പരമാധികാര രാജ്യങ്ങളായി ഓരോ വീടും മാറിയതിനാൽ ആഭ്യന്തരവകുപ്പിന്റെ മുൻഗണനകൾ മാറ്റിയെഴുതണം. ചില വീടുകളിൽ ക്രൂരതകൾ അരങ്ങേറുന്നുണ്ട്. ചത്തതിനൊത്തു ജീവിക്കുന്ന അർഷിതുമാരെ മോർച്ചറിയിലേക്കല്ല, ഈ സമൂഹത്തിന്റെ മാറിലേക്കാണ് മാറ്റിക്കിടത്തേണ്ടത്.
Editorial
മലയാളക്കര ഇന്ന് അതിന്റെ സത്യദൂതികയെ ഒരിക്കൽകൂടി പുണരുകയാണ്. ഇന്നുള്ളതിൽ ആദ്യ മലയാള പത്രത്തിന്റെ 140-ാം വാർഷികാഘോഷങ്ങൾ അക്ഷരനഗരിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. നവോത്ഥാനമെന്നത് നൂറ്റാണ്ടിലൊരിക്കലോ വല്ലപ്പോഴുമോ പൊട്ടിപ്പുറപ്പെടുന്നൊരു വിപ്ലവം മാത്രമല്ല; കൂടുതൽ മികച്ചതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആനന്ദകരവുമായൊരു നാഗരികതയ്ക്കുവേണ്ടിയുള്ള പുരോഗമനപരവും ലക്ഷ്യബോധമുള്ളതുമായ നിരന്തരയത്നംകൂടിയാണ്. പരിമിതികളിലും ആ നിരന്തര നവോത്ഥാന പ്രക്രിയയിൽ അനുദിനം വ്യാപൃതയാണ് ദീപിക. നമുക്കൊന്നായ് മുന്നേറാം.
സർക്കാരുകളെ വിമർശിക്കുന്ന പത്രപ്രവർത്തനം ഒരുകാലത്തും ഒട്ടുമേ അനായാസമല്ല. പക്ഷേ, 1887ൽ ദീപിക പ്രസിദ്ധീകരണം തുടങ്ങുന്പോൾ അതിനു വിമർശിക്കേണ്ടിയിരുന്ന ഭരണകൂടം ബ്രിട്ടീഷ് സാമ്രാജ്യത്വമെന്ന അധിനിവേശ ദുരയുടേതായിരുന്നു. ‘ദീപിക’യ്ക്കു രണ്ടു വർഷം മുന്‍പ്, 1885ൽ പിറന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുന്നതു ഭരണകൂടവിരുദ്ധവും നമ്മുടെ രാജ്യസ്നേഹം അവരുടെ രാജ്യദ്രോഹവുമായിരുന്ന കാലം. ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സ്വാതന്ത്ര്യസമരം തുടക്കത്തിൽ അത്ര ശക്തമായിരുന്നില്ല. നാട്ടുരാജ്യങ്ങളിൽ സ്വാതന്ത്ര്യസമരത്തിനു കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നുമില്ല. എന്നിട്ടും ഭാരത മഹാജനസഭ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസിന്റെ വാർഷിക റിപ്പോർട്ടുകൾപോലും ദീപിക പ്രസിദ്ധീകരിച്ചു. ഹരിജൻ, യംഗ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളിലെ ഗാന്ധിജിയുടെ ലേഖനങ്ങൾ ദീപിക അപ്പപ്പോൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.
തുടക്കം മുതൽ ദേശീയപ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ മുഖപ്രസംഗങ്ങളെഴുതി. അതേസമയം, കോൺഗ്രസിലെ അന്തഃഛിദ്രത്തിനെതിരേയുമെഴുതി. കോൺഗ്രസ് തീവ്ര-മിതവാദ പോരിൽ പിളരുന്നത് സ്വാതന്ത്ര്യസമരത്തെ തളർത്തുമെന്നറിഞ്ഞ ദീപിക, 1907 ഡിസംബർ 31ലെ മുഖപ്രസംഗത്തിലെഴുതി: “കോൺഗ്രസിൽ സംഭവിച്ചിരിക്കുന്ന പിളർപ്പ് വിദേശശക്തികളെ സഹായിക്കാനേ ഉപകരിക്കൂ... നേതാക്കൾ ഛിദ്രവാസന ഉപേക്ഷിക്കണം. തങ്ങളുടെ സ്വാതന്ത്ര്യത്തെ ന്യായമായ വഴിക്കുറപ്പിക്കാൻ പുറപ്പെട്ട ഭാരതീയ നേതാക്കന്മാർ സഭാ മണ്ഡപത്തിൽനിന്നു പ്രാണരക്ഷാർഥം ഓടിപ്പോകേണ്ടിവന്നത് ഓർക്കാൻപോലും പാടില്ലാത്ത കഷ്ടാവസ്ഥയാകുന്നു.” സാമ്രാജ്യത്വത്തെ എതിർക്കുന്നതിനൊപ്പം അതിനെ ചെറുക്കേണ്ട ദേശീയപ്രസ്ഥാന നായകരുടെ തമ്മിലടിയെ വിമർശിക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന കാര്യത്തിൽ ദീപികയ്ക്കു സംശയമില്ലായിരുന്നു. ഇന്നും ഭരണകൂടങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്നത് അവയ്ക്കു ഭ്രഷ്ട് കൽപ്പിക്കുന്ന സ്മാർത്തവിചാരത്താലല്ല, യഥാർഥ പത്രപ്രവർത്തനത്തിന്റെ മൂല്യവിചാരത്താലാണ്.
നവോത്ഥാനവും സ്വാതന്ത്ര്യസമര ചേതനയും ബ്രിട്ടീഷുകാർക്കെതിരേ മാത്രമല്ല, എല്ലാ തിന്മകൾക്കുമെതിരേയുള്ളതാണ്. ഭരണകൂട രാഷ്ട്രീയാപചയങ്ങളെയും രാഷ്ട്രീയ പിഴവുകളെയും എല്ലാ മതങ്ങളെയും ഏറിയോ കുറഞ്ഞോ ദുഷിപ്പിക്കുന്ന തീവ്രചിന്തയെയും തള്ളിപ്പറയാനായില്ലെങ്കിൽ, ഈ പത്രത്തിന്റെ സ്ഥാപക പത്രാധിപർ നിധീരിക്കൽ മാണിക്കത്തനാരുടെയും, അദ്ദേഹത്തിന്റെ പത്രപ്രവർത്തനത്തിലൂന്നിയ നവോത്ഥാന പരിശ്രമങ്ങൾക്ക് ധാർമിക പിന്തുണകൊണ്ടും, പത്രമടിക്കുന്നതു ക്ലേശകരമായിരുന്ന കാലത്ത് സ്വയം നിർമിച്ചൊരു മരപ്രസ് കൊണ്ടും സാക്ഷാത്കാരം നൽകിയ നവോത്ഥാനനായകനായ ചാവറ കുര്യാക്കോസ് എലിയാസച്ചന്റെയും ലക്ഷ്യങ്ങളെ തമസ്കരിക്കുന്നതിനു തുല്യമാണ്. ബ്രിട്ടീഷുകാർ, നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരുമായ സ്വാതന്ത്ര്യകാംക്ഷികൾക്കെതിരേ ചുമത്തിയ രാജ്യദ്രോഹം പല വേഷങ്ങളിൽ തുടരുന്നുണ്ട്. പത്രങ്ങളിലെ അക്ഷരവെളിച്ചത്തെ സ്വീകരിക്കാൻ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെപ്പോലെ എല്ലാവർക്കും കഴിഞ്ഞിട്ടില്ല. അടിയന്തരാവസ്ഥകളെയും പ്രഖ്യാപിക്കാത്ത ഫാസിസത്തെയുമൊക്കെ കണ്ടില്ലെന്നു നടിച്ച് നമുക്കെങ്ങനെയാണ് ഒരു പത്രമെന്നു സ്വയം വിശേഷിപ്പിക്കാനാകുന്നത്?
ലോകത്തെ ഏറ്റവും വലിയ അഹിംസാത്മക വിമോചനസമരത്തിന്റെ തഴന്പ് ആത്മാവിലുള്ളവരാണ് 140 സംവത്സരങ്ങളിലെ പത്രപ്രവർത്തന പാരന്പര്യത്തിന്റെ നാഴികക്കല്ലിൽ ഒന്നു തൊടാൻ ഇന്നീ സമ്മേളനത്തിനെത്തിയിരിക്കുന്നത്. മാമ്മൻ മാപ്പിള ഹാളിലെത്തിയവർ മാത്രമല്ല; സമൂഹമാധ്യമങ്ങളിൽ ഈ ദിനത്തിനു സാക്ഷികളാകുന്നവരും വരിക്കാരും വായനക്കാരും അഭ്യുദയകാംക്ഷികളുമായ മഹദ് വ്യക്തികളേ, നമസ്കാരം! നിങ്ങൾ ഒരു പത്രത്തിന്റെയല്ല, ഒരു സംസ്കാരത്തിന്റെ വരിക്കാരാണ്. ഇരുട്ട് വളയുന്പോൾ മിന്നാമിനുങ്ങുകളേ, നിങ്ങളല്ലാതാരുണ്ട് ഈ വിളക്ക് കെടാതെ സൂക്ഷിക്കാൻ!
ഇന്ത്യ നമ്മുടെ രാജ്യമാണ്. നാം സഹോദരീസഹോദരന്മാരാണ്. മനുഷ്യവംശത്തിന്റെ ഭൗമപ്രതലങ്ങളിൽ നാമൊരു ഖണ്ഡം മാത്രം. വിയോജിപ്പുകളെന്ന സൗന്ദര്യത്തെ വിളക്കിച്ചേർക്കാനുള്ള കഠിനമായ ഉത്തരവാദിത്വം പത്രങ്ങൾക്കുമുണ്ട്. മത-സാംസ്കാരിക-സാഹിത്യ നായകരുടെ ജാഗ്രതയാലാണ് ദീപിക പിച്ചവച്ചു വളർന്നതെന്നു നിങ്ങൾക്കറിയാമല്ലോ. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മുട്ടത്തു വർക്കി, പി. ഭാസ്കരൻ, വേളൂർ കൃഷ്ണൻകുട്ടി, ജോസഫ് പൈലി, കുമ്മനം ഗോവിന്ദപ്പിള്ള, തെങ്ങുംമൂട്ടിൽ വർഗീസ് മാപ്പിള, ജോസഫ് മറ്റം, ടി.വി. വർക്കി, സി. അന്തപ്പായി, ഐ.സി. ചാക്കോ, വി.സി. ജോർജ്, ഫാ. കൊളംബിയർ തുടങ്ങിയ എത്ര മഹാരഥന്മാരാണ് ഈ പത്രത്തെ വളർത്തിയത്. നമോവാകം! പത്രപ്രവർത്തനത്തെ സാഹോദര്യാതിജീവനമായി, രാഷ്ട്രധർമമായി കൊണ്ടാടുന്ന എത്ര മനുഷ്യരാണ് ഇന്നീ വിളക്കേന്തുന്നത്! കർഷകരും ദളിതരും പാവങ്ങളും ക്ലേശിക്കുന്നുണ്ട്. നമുക്കീ അക്ഷരം നിരത്തേണ്ടതുണ്ട്.
മാധ്യമപ്രവർത്തനത്തിന്റെ ആധികാരിക വർത്തമാനമായി, ചരിത്രത്തിന്റെ ആദ്യരേഖയായ പത്രമായി നിലനിൽക്കാൻ ദീപികയെ അനുവദിച്ച വായനക്കാരേ, പ്രിയപ്പെട്ട മലയാളികളേ, ജനാധിപത്യ മതേതര ഭരണഘടനയുടെ സംരക്ഷകരായി, പ്രഖ്യാപിത-അപ്രഖ്യാപിത അടിയന്തരാവസ്ഥകളുടെ ശത്രുവായി, വിശ്വസാഹോദര്യത്തിന്റെ മിത്രമായി, മതം നോക്കാത്ത വർഗീയവിരുദ്ധതയുടെ വക്താവായി, രാഷ്ട്രീയത്തിനതീതമായ രാഷ്ട്രബോധത്തിന്റെ ദീപികയായി, മുഖം നോക്കാതെ മൂല്യം നോക്കുന്ന മുഖപ്രസംഗങ്ങളുടെ അക്ഷരായുധമായി, 19-ാം നൂറ്റാണ്ടിലെ പത്രധർമം 21-ാം നൂറ്റാണ്ടിലും നിർഭയം തുടരാൻ അനുവദിക്കുക. നന്ദി!
Editorial
ഗവർണർക്കു മുൻകൈയുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച പൂർണ വന്ദേമാതരത്തെ ആദരിച്ചും സർക്കാരിനു മുൻകൈയുള്ള നയപ്രഖ്യാപന സമ്മേളനത്തിൽ പരന്പരാഗത ശൈലി നടപ്പാക്കിയും പുതിയ സർക്കാരിന്റെ ഭരണതന്ത്രം. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം കേന്ദ്രത്തെ ഒപ്പം നിർത്തി കേരളത്തിന്റെ വികസനവും പുരോഗതിയും കൈവരിക്കാനുള്ള നയവിരുതായി.
ഗവർണർ രാജേന്ദ്ര അർലേക്കറുടെ പ്രസംഗത്തിൽ സംസ്ഥാനത്തിന്റെ തത്സ്ഥിതിയും ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞ് പുതുയുഗ കേരളത്തെ ലക്ഷ്യമിടുന്നെന്നു പ്രഖ്യാപിച്ചിരിക്കുന്നു. പറഞ്ഞതൊക്കെയും യാഥാർഥ്യമാകട്ടെ. വികസനത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ പകൽക്കിനാവാകാതിരിക്കണമെങ്കിൽ പണം വേണം.
സർക്കാർ അതു തിരിച്ചറിയുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനു പണം കണ്ടെത്താനും നടപ്പിലാക്കാനും രൂപീകരിച്ച സർക്കാരിന്റെ സ്വതന്ത്ര ധനകാര്യ സ്ഥാപനമായ കിഫ്ബിയുടെ കാര്യത്തില്‍ വിശദമായ പഠനം നടത്തി തീരുമാനമെടുക്കുമെന്നും സാമ്പത്തികസ്ഥിതി വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നുമുള്ള യുഡിഎഫ് തീരുമാനം ഇന്നലെയും ആവർത്തിച്ചത് സാന്പത്തികസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയുടെ സൂചനയാണ്.
തങ്ങൾ ഭരണത്തിൽനിന്നിറങ്ങിയപ്പോൾ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും നിലവിലുണ്ട്. പക്ഷേ, ഖജനാവിലെ ബാക്കി മാത്രമല്ല, കടത്തിന്റെ ബാക്കിയും കണക്കിലെടുത്താലേ ഖജനാവ് ഒരു കടങ്കഥയാണോയെന്ന് തിരിച്ചറിയാനാകൂ. അതറിയാൻ ജനങ്ങൾക്കും ആഗ്രഹമുണ്ട്.
അതേസമയം, ധവളപത്രം വികസനതടസങ്ങൾക്കുള്ള ന്യായവാദമാകരുത്. പരിഹാരമാർഗങ്ങളും പുതിയ വരുമാന നിർദേശങ്ങളും ധവളപത്രത്തിന്റെ ഭാഗമാകട്ടെ. പഴയ സർക്കാരിന്റേതല്ല, പുതിയ നയമാണ് തങ്ങൾ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിൽ ആർക്കുമില്ല ദുഃശാഠ്യങ്ങൾ. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി.
ഭരണസംവിധാനത്തിനു സുതാര്യതയും വേഗവും ഉറപ്പാക്കൽ, അഴിമതിരാഹിത്യം, ഉദ്യോഗതലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും, മതനിരപേക്ഷതയ്ക്കു പ്രാധാന്യം, ചെലവു കുറഞ്ഞ ചികിത്സ, എക്സൈസ് നയത്തിൽ മാറ്റം, ലഹരിമരുന്ന് ശൃംഖല തകർക്കൽ, വന്യജീവി ആക്രമണ പരിഹാരം, നെല്ല്-റബ്ബർ-നാളികേര കർഷകർക്ക് പരിഗണന, ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ, വഖഫ് ബോർഡ് നവീകരിക്കൽ തുടങ്ങിയ അടിസ്ഥാന മാറ്റങ്ങൾ ശ്രദ്ധേയമായി.
ഇവയുടെ നടത്തിപ്പ്, പ്രഖ്യാപനംപോലെ അത്ര അനായാസമാകില്ല. പക്ഷേ, വ്യത്യസ്ത നയങ്ങളിലൂടെയും കർമപരിപാടികളിലൂടെയും അതു സാധ്യമാക്കുന്നിടത്താണ് വിജയം. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുന്നതും സ്കൂൾ വിദ്യാർഥിനികൾക്കു മൂന്നുദിവസം വരെ ആർത്തവ അവധി നൽകുന്നതും സർക്കാർ-സ്വകാര്യ മേഖലകളിൽ ആറു മാസം പ്രസവ അവധി നിർബന്ധമാക്കുന്നതും സ്ത്രീകൾക്കും കുട്ടികൾക്കും ആഹ്ലാദകരമായി.
സൗജന്യ ബസ് യാത്രയ്ക്കു പുറമേ നടത്തിയ ഈ പ്രഖ്യാപനങ്ങളൊക്കെ പുരോഗമനപരമാണ്. ഇത്തരം തീരുമാനങ്ങൾ ക്രമേണ പാർട്ടിയിലെയും സർക്കാരിലെയും സ്ഥാനമാനങ്ങളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള മാനസികാവസ്ഥയ്ക്കും രാഷ്ട്രീയ ഇച്ഛാശക്തിക്കും പ്രേരണയാകട്ടെ.
ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വാക്കുകൊണ്ടുപോലും വിമര്‍ശിക്കാത്ത നയമാണു സംസ്ഥാന സര്‍ക്കാരിനെന്നു നയപ്രഖ്യാപനം വ്യക്തമാക്കുന്നെന്നു സിപിഎം പ്രസ്താവിച്ചു. കേന്ദ്രവുമായുള്ള ബന്ധം ഊഷ്മളമാക്കി സംസ്ഥാനത്തിന്റെ കാര്യം കാണാനുള്ള ശ്രമത്തിനു പകരം, ഇത്തരം പരന്പരാഗത രാഷ്ട്രീയ പോർവിളികൊണ്ട് എൽഡിഎഫ് സർക്കാരിന് എന്തെങ്കിലും ഗുണമുണ്ടായതായി അവർക്കുപോലുമറിയില്ല.
കേന്ദ്ര അവഗണനയുണ്ടായാൽ വസ്തുനിഷ്ഠമായും സന്ദർഭത്തിനനുസരിച്ചും പ്രതികരിക്കുന്നതും നയപ്രഖ്യാപനത്തിൽ വെല്ലുവിളി നടത്തുന്നതും രണ്ടാണ്. അതുപോലെ, ബിജെപി നയപ്രഖ്യാപനത്തേക്കാൾ പ്രാധാന്യം വന്ദേമാതരത്തിനു കൊടുത്തെന്നു തോന്നുന്നു. ദേശീയഗീതം പൂർണമായി ആലപിക്കാത്തതിനെ മതതാത്പര്യങ്ങളുടെയും സമ്മർദത്തിന്റെയും അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ നടത്തിയ ശ്രമവും കല്ലുകടിയായി.
നയപ്രഖ്യാപനം കൈയും കാലുമുള്ള ജീവിയോ സൂപ്പർ കംപ്യൂട്ടറോ അല്ല. സർക്കാരിന്റെ ഇച്ഛാശക്തിയും കഠിനാധ്വാനവും ഒപ്പം, പ്രതിപക്ഷത്തിന്റെ സഹകരണവും അതിന്റെ വിജയത്തിനാവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തിന്റെ വഴി മുടക്കുന്നിടത്തുനിന്നു രാഷ്ട്രീയത്തെ എടുത്തുമാറ്റണം.
പരിഹാസ്യമായ വിക്രിയകളിലൂടെയും മതവേഷംകെട്ടലുകളിലൂടെയുമല്ല, ക്രിയാത്മക പ്രതികരണങ്ങളിലൂടെയും വികസന സഹകരണത്തിലൂടെയുമാണ് ഇനിയുള്ള കാലത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയനേട്ടമുണ്ടാക്കേണ്ടതെന്നു നമ്മുടെ മിക്ക നേതാക്കൾക്കും ഇനിയും മനസിലായിട്ടില്ല. രാഷ്ട്രീയ പാർട്ടികളും പുതിയ നയപ്രഖ്യാപനങ്ങളിലൂടെ സ്വയം പുതുക്കേണ്ടതാണ്.
Editorial
“പെട്രോളിനും ഡീസലിനും വില വർധിക്കുകയാണല്ലോ?
“ഇതെന്നെ ബാധിക്കില്ല. കാരണം എനിക്കു ലക്ഷങ്ങൾ പെൻഷനുണ്ട്.’’
“സാധാരണക്കാരെ ബാധിക്കില്ലേ?’’
“അവരു കാറിൽ പോകണ്ട, എന്നെപ്പോലെ യോഗ്യതയുള്ളവർ കാറിൽ പോയാൽ മതി. സാധാരണക്കാരൻ വല്ല സൈക്കിളിലും പോകട്ടെ.’’
കഴിഞ്ഞദിവസം എണ്ണവില വർധനയെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു സ്വയം പ്രഖ്യാപിത സന്പന്ന വയോധികൻ നടത്തിയ പ്രതികരണമാണിത്. ഇതുതന്നെയല്ലേ 10 ദിവസത്തിനകം നാലുവട്ടം ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാർ ഈ രാജ്യത്തെ പാവപ്പട്ടവനോട് പറയുന്നത്?
സാധാരണക്കാരും പാവപ്പെട്ടവരും പോയി തുലയട്ടെന്നു നേരിട്ടു പറഞ്ഞില്ലെന്നല്ലേയുള്ളൂ. ഇന്ധന വിലവർധന, വിലക്കയറ്റം, പണപ്പെരുപ്പം... പ്രധാനമന്ത്രിയും മന്ത്രിമാരും എണ്ണക്കന്പനി പ്രഭുക്കന്മാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ രാജകീയ ജീവിതം നയിക്കുന്നവരെയൊന്നും ബാധിക്കാത്ത ഇന്ത്യൻ ദുരിതകാലമെന്നല്ലാതെ എന്തു പറയാൻ!
ഏകദേശം 7.5 രൂപ ഉയർത്തിയതോടെ പെട്രോളിനും ഡീസലിനും യഥാക്രമം 115.49, 104.40 എന്നിങ്ങനെയായി. നീറ്റും സിബിഎസ്ഇയുമൊക്കെയായി പല ദുരന്തങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി വരുന്നതുകൊണ്ട് ജനങ്ങൾക്ക് ഏതിനെതിരേ നിലവിളിക്കണമെന്നറിയില്ല. തെരഞ്ഞെടുപ്പുകാലത്തു മാത്രം യോഗം വിളിച്ചുകൂട്ടുന്ന പ്രതിപക്ഷത്തിനാണെങ്കിൽ വിശ്രമകാലവുമായി. ആഗോള അസംസ്കൃത എണ്ണ കൂപ്പുകുത്തിയ കാലത്ത്, അതിന്റെ ആനുകൂല്യം ജനങ്ങൾക്കു കൊടുക്കാതെ നികുതി കൂട്ടിക്കൊണ്ടിരുന്ന ബിജെപി സർക്കാർ, വിലയിത്തിരി കൂടിയപ്പോൾ ജനങ്ങളുടെ കുത്തിനു പിടിക്കുന്നു. യുദ്ധം, യുദ്ധം എന്നു പറഞ്ഞു പേടിപ്പിക്കുന്നതിനു പകരം, 12 വർഷത്തോളം വർധിപ്പിച്ചുകൊണ്ടേയിരുന്ന നികുതി കുറയ്ക്കുകയാണ് മര്യാദയുണ്ടെങ്കിൽ ചെയ്യേണ്ടത്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാലാം ഇരുട്ടടിയിലൂടെ തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. തെരഞ്ഞെടുപ്പടുക്കുന്പോൾ “വില വർധിപ്പിക്കാനോ, ഞങ്ങളോ, വ്യാജവാർത്തകളിൽ വിശ്വസിക്കരുതേ’’ എന്ന് ഇത്തവണയും കേന്ദ്രം നുണ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതുപോലെ മേയ് 15ന് ആദ്യ അടി വീണു. പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപയോളവും സിഎൻജി കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചായിരുന്നു തുടക്കം. തിങ്കളാഴ്ച 10-ാം പക്കം നാലാം വർധന.
ജനത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത ഈ സർക്കാർ ഇനിയും വർധിപ്പിക്കാൻ മടിക്കില്ല. ഒരു ലിറ്റർ പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയും കൊടുത്ത് എങ്ങനെ പൊതുഗതാഗതം മുന്നോട്ടു പോകുമെന്ന് സർക്കാരിനു ചിന്തയില്ല. ഇപ്പോൾതന്നെ രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ ജീവിതയുദ്ധത്തിലാക്കി. അവർ ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്തു. യാത്രകൾ ഒഴിവാക്കി. പലരും കാറും സ്കൂട്ടറുമൊക്കെ വീട്ടിലിട്ട് ബസിൽ കയറി. ബസുകാർ ഡീസലടിക്കാനുള്ള പണം തികഞ്ഞോയെന്ന് തപ്പുന്നു. ഭവന-വാഹന-സംരംഭ-വ്യക്ത്യധിഷ്ഠിത വായ്പ അടവുകൾ മുടങ്ങിത്തുടങ്ങി, അധ്യയനവർഷവും കാലവർഷവും തുടങ്ങി, പല കുടുംബങ്ങളിലും അങ്കലാപ്പാണ്.
ജനജീവിതം ദുസഹമാക്കിയിട്ട് അതിന്റെ കാരണം പറഞ്ഞുതരാനല്ല, സർക്കാരുകളെ തെരഞ്ഞെടുത്തത്. അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 108 രൂപ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപയും ഡീസല്‍ വില 48-49 രൂപയുമായിരുന്നു. അന്നതിനെ കുറ്റം പറഞ്ഞ് രാഷ്ട്രീയനേട്ടമുണ്ടാക്കിയ ബിജെപി അധികാരത്തിലെത്തി ഇന്നുവരെ ആഗോള വിപണിയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നു മാത്രമല്ല, പലപ്പോഴും വില കുത്തനെ ഇടിയുകയും ചെയ്തു. 2020ൽ കോവിഡ് കാലത്ത് അസംസ്കൃത എണ്ണവില 35 ഡോളറിലേക്കു കൂപ്പുകുത്തി. അപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 70.
ബിജെപി സർക്കാരും സംസ്ഥാനസർക്കാരുകളും നികുതി വാരിക്കൂട്ടി. അതു കുറയ്ക്കുകയാണ് സർക്കാരുകൾ ഇപ്പോൾ ചെയ്യേണ്ടത്. എണ്ണക്കന്പനികളുടെ ധൂർത്ത് ഓഡിറ്റ് ചെയ്യണം. എടുത്താൽ പൊങ്ങാത്ത ശന്പളവും പെൻഷനും വാങ്ങുന്നവരുടെ ന്യായീകരണങ്ങൾക്ക് ഒപ്പിടാനല്ല, ദരിദ്രജനകോടികൾ വോട്ട് ചെയ്തത്. ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഇന്ധന വില വർധനയോടെ രൂക്ഷമാകും. ചങ്ങാത്ത മുതലാളിമാരുടെയല്ലാതെ, സാധാരണക്കാരുടെ ആളോഹരി വരുമാനമോ ജീവിതനിലവാരമോ സർക്കാർ വർധിപ്പിച്ചിട്ടില്ലെന്നും മറക്കരുത്. ചോദ്യങ്ങൾ ചോദിക്കുന്ന ‘പാറ്റ’കളെ വിലക്കുന്നത് എളുപ്പമാണ്. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ ഈ സർക്കാരിന് ഒട്ടും എളുപ്പമല്ല.
ലോകത്ത് ഇന്ത്യയിലാണ് കുറഞ്ഞ ശതമാനം വർധനയെന്ന ന്യായവും ശരിയല്ല. മറ്റുള്ളവർ യുദ്ധകാലത്ത് ശതമാനം വർധിപ്പിച്ചപ്പോൾ നമ്മളതു സമാധാനകാലത്തുതന്നെ വർധിപ്പിച്ചിരുന്നു. ഇന്ധനവിലക്കയറ്റത്തിൽനിന്നു സാധാരണക്കാരെ രക്ഷിക്കാൻ എക്സൈസ് തീരുവ കുറച്ചതിലൂടെ വർഷം ഒരു ലക്ഷം കോടി രൂപയുടെ വരുമാനമാണ് വേണ്ടെന്നു വച്ചതെന്നും എണ്ണക്കന്പനികളാണ് വർധന നടപ്പാക്കുന്നതെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. ആഗോളവിപണിയിൽ എണ്ണവിലയിടിഞ്ഞപ്പോൾ സർക്കാരും കന്പനികളും എന്തെടുത്തെന്നുകൂടി പറയണം. എക്സൈസ് തീരുവ കുറച്ചില്ലായിരുന്നെങ്കിൽ 10 രൂപയുടെ വർധന ഉണ്ടാകുമായിരുന്നത്രേ. പല തവണയായി 10 ദിവസംകൊണ്ട് 7.5 രൂപ വർധിപ്പിച്ചത് മിണ്ടുന്നില്ല. ഇനിയും വർധിപ്പിച്ച്, പതിവുപോലെ നഷ്ടമെല്ലാം ലാഭമാക്കുമോ എന്നേ അറിയാനുള്ളൂ. ആരോടു പറയാൻ?
പ്രതിപക്ഷ രാഷ്ട്രീയം ഏതാനും വർഷങ്ങളായി സമൂഹമാധ്യമ മോഡിലാണ്. രാഷ്ട്രീയം സമൂഹമാധ്യമ പ്രസ്താവനകളിലൊതുങ്ങി. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധനയ്ക്ക് പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നത് ഉൾപ്പെടെ നയാപൈസയ്ക്ക് ഉപകാരമില്ലാത്ത കുറെ പ്രസ്താവനകൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയിട്ടുണ്ട്. അവരുടെ ജോലി കഴിഞ്ഞു.
സമൂഹമാധ്യമത്തിൽ കുരുത്ത പാറ്റാപ്പാർട്ടിയുടെ കരുത്തുപോലുമില്ലാതായല്ലോ സ്വാതന്ത്ര്യസമരത്തിൽ കുരുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്! ഇന്ത്യാ മുന്നണിയുടെ പൊടിപോലുമില്ല കാണാൻ. സത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജയോഗമാണ് അലസരും സുഖിമാന്മാരുമായ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം. പെട്രോൾ പന്പിലെ യോഗ്യനായ സന്പന്ന വയോധികൻ രാജ്യം ഭരിക്കുന്നതുപോലെ തോന്നുന്നു!
Editorial
നീറ്റ് പരീക്ഷയും സിബിഎസ്ഇ പരീക്ഷാഫലവുമൊക്കെ താറുമാറായാൽ വിദ്യാർഥികൾക്കല്ലാതെ മറ്റാർക്കും നഷ്ടമോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്ഥിതിയായി. നീറ്റ് ചോദ്യപേപ്പർ ചോർച്ച 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കിയ വർത്ത വായിച്ചു തീരുംമുന്‍പാണ് സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ കെടുകാര്യസ്ഥത, 17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം തെറ്റിച്ച വാർത്ത രാജ്യം വായിക്കേണ്ടിവന്നത്. നീറ്റ്-യുജി പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുകയാണ്.
12-ാം ക്ലാസ് പുനർ മൂല്യനിർണയത്തിന്റെ നടപടികളും തുടങ്ങി. കെടുകാര്യസ്ഥതകളിൽനിന്നു തത്കാലം തടിയൂരാനുള്ള നീക്കമല്ലാതെ ഒന്നുമില്ല. 2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽനിന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എൻടിഎ ഒന്നും പഠിച്ചില്ലെന്നാണ് ഇന്നലെ സുപ്രീംകോടതി വിമർശിച്ചത്. ചരിത്രപാഠങ്ങളിലുൾപ്പെടെ വെട്ടും തിരുത്തും സംഘപരിവാർ താത്പര്യങ്ങളുടെ കൂട്ടിച്ചേർക്കലും വീഴ്ചയില്ലാതെ നടത്തിയ വിദ്യാഭ്യാസ മന്ത്രാലയം അടിസ്ഥാന ജോലികൾ മറന്നു. പാർട്ടിയുടെ ഭാവിയേക്കാൾ വിദ്യാർഥികളുടെ ഭാവിക്കു മുൻതൂക്കം കൊടുക്കാൻ സർക്കാർ തയാറായാൽ കുറ്റവാളികൾ അകത്താകും. വിദ്യാർഥികൾ രക്ഷപ്പെടും.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് ആകെ അലങ്കോലമായത്. ഇതനുസരിച്ച്, ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം നടത്തുന്നത്. ആദ്യദിനം മാർക്ക് കുറഞ്ഞതിന്റെ ഒറ്റപ്പെട്ട പരാതികളായിരുന്നെങ്കിലും പെട്ടെന്നതു രാജ്യമൊട്ടാകെ ഉയർന്നു.
പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പെടുത്തപ്പോഴാണ് ഇതിൽ പലതും വായിക്കാൻപോലുമാകാത്ത നിലയിലാണെന്ന വസ്തുത പുറത്തായത്. പൂർണ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. സ്കാൻ ചെയ്യാൻ കരാറെടുത്ത സ്വകാര്യ ഏജൻസികൾ അതു കൃത്യമായി ചെയ്യാത്തതും അവ്യക്തമായ ആ പകർപ്പുകൾ വച്ചു മാർക്കിട്ടതുമാണ് പിഴവെന്നും ഏതാണ്ട് വ്യക്തമായിട്ടുണ്ട്. വായിക്കാനാവാത്ത ഉത്തരക്കടലാസ് വച്ച് അധ്യാപകർ എങ്ങനെ മാർക്കിട്ടെന്നതും ദുരൂഹമാണ്. അധ്യാപകരുടെ പരാതി മുകളിലുള്ളവർ അവഗണിച്ചോ എന്നതിൽ ഉൾപ്പെടെ ഒന്നിലും വ്യക്തതയില്ല.
പുനർമൂല്യനിർണത്തിന് ലക്ഷക്കണക്കിനു വിദ്യാർഥികളാണ് അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതോടെ ഇതിനായുള്ള പോർട്ടൽ തകരാറിലായി. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ തീയതി രണ്ടുതവണ നീട്ടിയെങ്കിലും ഇന്നലെയും പ്രശ്നം പരിഹരിച്ചിട്ടില്ല. ഇത്രയും പേർ ഒന്നിച്ച് കയറുന്പോൾ സൈറ്റ് തകരാറിലാകുമെന്ന സാമാന്യ ബോധംപോലും വിദ്യാഭ്യാസ വകുപ്പിനില്ലാതെപോയി. 29 വരെയാണ് മൂല്യനിർണയം.
സിബിഎസ്ഇ പരീക്ഷാഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണയം നടത്തി വീണ്ടും ഫലം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുമുണ്ട്. പക്ഷേ, കുട്ടികളുടെ ഭാവിയെക്കുറിച്ച് സർക്കാരിന് അത്ര പിരിമുറുക്കമൊന്നുമില്ല. 2024ൽ നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നപ്പോഴും ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടില്ല. ഇത്തവണയും അതേ സംഭവം ആവർത്തിച്ചു.
വഴിപാട് അന്വേഷണവും അറസ്റ്റുമൊക്കെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ചത്. 2024ൽ ചോദ്യപേപ്പര്‍ ചോർന്നപ്പോൾ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയോടും എന്‍ടിഎയോടും സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ കാരണഭൂതരായ സർക്കാർ കേട്ട ഭാവമില്ല. ഉത്തരക്കടലാസ് സ്കാൻ ചെയ്യാൻ കരാറെടുത്ത ഏജൻസികളുടെ വിവരങ്ങളും പുകമറയിലാണ്.
വിദ്യാഭ്യാസമേഖലയിലെ കെടുകാര്യസ്ഥതയ്ക്കു മുന്നിൽ രാജ്യം തലകുനിച്ചു നിൽക്കുകയാണ്. അതിലും ഖേദകരമാണ് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ നിരാശാഭരിതമായ മാനസികാവസ്ഥ. ഇതിനുപുറമേ, പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി സ്കാൻ ചെയ്ത പകർപ്പെടുക്കാനുള്ള ഫീസും വിദ്യാർഥികൾ അടയ്ക്കണം. പിഴവ് സർക്കാരിന്റേത്, പിഴ ഇരകളുടേത്! മാത്രമല്ല, ഒഎസ്എം അടുത്ത വർഷവും തുടരാനും 10-ാം ക്ലാസ് മൂല്യനിർണയത്തിലും നടപ്പാക്കാനുമാണ് തീരുമാനം. നീറ്റ് പോലെ ഇതും തുടർക്കഥയാകുമോയെന്നേ ഇനി അറിയാനുള്ളൂ. സ്വന്തം ഉത്തരവാദിത്വങ്ങളിൽ തോൽക്കുന്ന സർക്കാർ ജനങ്ങളെ തോൽപ്പിക്കുകയാണ്.
Editorial
ദിവസങ്ങൾക്കുമുന്‍പ്, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം, വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഡംബരങ്ങളെല്ലാം കുറയ്ക്കണം തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നടത്തിയത് ദുഃസൂചനയായിരുന്നു.
തൊട്ടുപിന്നാലെ പെട്രോളിനും ഡീസലിനും വില കൂട്ടി- രണ്ടു തവണ. പിന്നാലെ ധാന്യങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ... എല്ലാറ്റിനും വില കുതിച്ചുകയറി. മൂല്യമിടിഞ്ഞ രൂപ പാതാളത്തിലായി. വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാന്പത്തികവളർച്ചാനിരക്കും കുറഞ്ഞു. ആഡംബരങ്ങളും ധൂർത്തും കുറയ്ക്കാം.
പക്ഷേ, അതൊന്നും പണ്ടേയില്ലാത്ത മഹാഭൂരിപക്ഷം ഇന്ത്യക്കാർക്ക് തിന്നാനും കുടിക്കാനും വേണ്ടേ? കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും ഒപ്പമിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കണം. വിലക്കയറ്റത്തെക്കുറിച്ചു ചോദിക്കുന്പോൾ ഹോർമുസ് എന്നു പറഞ്ഞാൽ പോരാ.
ഇറാനെതിരേ ഇസ്രയേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധം കാര്യമായ ഫലം കണ്ടില്ലെന്നു മാത്രമല്ല, ലോകത്തെ സാന്പത്തികമാന്ദ്യത്തിലേക്കു വീഴ്ത്തുകയും ചെയ്തു. ഗൾഫിലെ സുന്നി രാഷ്ട്രങ്ങളെ ഉൾപ്പെടെ വലയ്ക്കുന്ന ഇറാന്റെ തീവ്രവാദ വ്യാപാരം യാഥാർഥ്യമാണ്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടലുകൾ ഇറാൻ യുദ്ധത്തിലെന്നപോലെ പിഴച്ചു.
തുടക്കത്തിൽ തിരിച്ചടി നേരിട്ട ഇറാൻ ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കിയതോടെ ഇന്ധനക്കപ്പലുകൾ ഉൾപ്പെടെ കടലിൽ കിടപ്പായി. ഇന്ത്യ ഏതാനും കപ്പലുകൾ ഇറാന്റെ സഹായത്താൽ കടത്തിക്കൊണ്ടുവന്നതൊഴിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. യുദ്ധകാല നയതന്ത്രങ്ങൾ ഓരോ ദിവസവും മാറ്റാൻ പങ്കാളികളായ രാജ്യങ്ങൾ നിർബന്ധിതരാകും.
തിക്തഫലം അനുഭവിക്കുന്നത് മറ്റു രാജ്യങ്ങളാണ്. കടുത്ത എണ്ണക്ഷാമത്തില്‍ സമ്പദ്വ്യവസ്ഥ അടിമുടി തകരാതിരിക്കാൻ എണ്‍പതോളം രാജ്യങ്ങള്‍ ഇതിനകംതന്നെ മുൻകരുതൽ നടപടികള്‍ സ്വീകരിച്ചെന്നാണ് ‘ഫിനാൻഷ്യൽ ടൈം’സിന്റെ റിപ്പോർട്ട്. ഹോർമുസ് പ്രതിസന്ധി എത്രയും പെട്ടെന്നു പരിഹരിച്ചില്ലെങ്കിൽ എണ്ണവില ഇനിയും കൂടും. ഇന്ത്യയുടെ എണ്ണശേഖരം 18 ദിവസത്തേക്കേ ബാക്കിയുള്ളെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ രാജ്യങ്ങൾ എണ്ണ സബ്സിഡികൾ നിർത്തലാക്കുകയാണ്. ഇന്ത്യ അതു പണ്ടേ ഒതുക്കത്തിൽ ഒഴിവാക്കുകയും നികുതി വർധിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ആഗോള എണ്ണവില വർധിച്ചതോടെ വീണ്ടും വില കൂട്ടി. ഒന്നും പേടിക്കാനില്ലെന്ന പ്രസംഗമൊന്നും പ്രവൃത്തിയിൽ വന്നില്ല. തീർച്ചയായും ശ്രമങ്ങൾ നടത്തുന്നുണ്ടാകും.
പക്ഷേ, ചന്തയിൽ സാധനങ്ങളുടെ വില ദിവസവും കുതിച്ചുകയറുന്നത് സാധാരണക്കാരുടെ അടുക്കളബജറ്റ് അട്ടിമറിച്ചുകഴിഞ്ഞു. പാചകവാതകക്ഷാമം വന്നതോടെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലുമായി തൊഴിൽ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ ദുരിതം വേറെ. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതിയും പരിതാപകരമാകുകയാണ്. കേരളത്തിൽ വനിതകളുടെ സൗജന്യയാത്രയുടെ സാന്പത്തികാഘാതം കുറയ്ക്കാൻ കൂടുതൽ ഗൃഹപാഠം വേണ്ടിവരും. വിലക്കയറ്റം തടയാൻ കേരളത്തിൽ പലയിടത്തും ജില്ലാതല അവലോകന യോഗങ്ങൾ നടത്തി.
പക്ഷേ, ആഗോള മലവെള്ളപ്പാച്ചിലിനെ തടയാൻ ജില്ലാ കളക്ടർക്കും സംഘത്തിനും ഒരു പരിധിക്കപ്പുറം കഴിയില്ലെന്നതാണ് വസ്തുത. രാസവളത്തിന്റെ വിലക്കയറ്റം രാജ്യത്തെ കർഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുന്‍പുതന്നെ വളത്തിനു സബ്സിഡി കുറച്ച് വില കൂട്ടിയിരുന്നു. കൃഷിച്ചെലവേറുന്നത് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണമാകും. അല്ലെങ്കിൽ കർഷകർ തകരും.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ആരുടെയും അഭിപ്രായത്തിനു കാത്തുനിൽക്കാതെ അമിത ആത്മവിശ്വാസത്തിൽ യുദ്ധത്തിനിറങ്ങിയ ട്രംപ് ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. ദിവസങ്ങൾക്കകം യുദ്ധം തീരുമെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചിരുന്നു. ഇരുട്ടിവെളുക്കുന്പോഴേക്കും ഇറാനെ തീർക്കാൻ പോകുകയാണെന്നു പറയാനും മടിയില്ല.
യുദ്ധം അവസാനിക്കുമോ, ഹോർമുസ് പ്രതിസന്ധി പരിഹരിക്കുമോ എന്നു പ്രവചിക്കാൻ വിദഗ്ധർക്കുപോലും കഴിയാത്ത സ്ഥിതിയാണ്. ഐക്യരാഷ്ട്രസഭ സാന്പത്തിക-സാമൂഹികകാര്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇന്ത്യയുടെ 2026ലെ സാന്പത്തികവളർച്ചാനിരക്ക് മുന്‍പു പ്രവചിച്ചിരുന്ന 6.6ൽനിന്ന് 6.4 ആയി കുറച്ചു. ആഗോള ധനസ്ഥിതി പ്രതികൂലമാകുന്നത് റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണത്തെയും ബാധിക്കും.
ഇപ്പോൾ 97നടുത്തെത്തിയ രൂപയുടെ മൂല്യം വൈകാതെ 100ലെത്തുന്നതു തടയാൻ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ബാധ്യതയും ജനങ്ങളിലേക്കാകും. ആർബിഐ മറ്റു ബാങ്കുകൾക്ക് വിദേശനാണ്യശേഖരത്തിൽനിന്ന് ഡോളർ നൽകാനുള്ള സാധ്യതയുമുണ്ട്. എങ്ങനെയും മൂല്യത്തകർച്ച തടയുകയാണു ലക്ഷ്യം. ഇന്ധന ഇറക്കുമതി ഏറെയുള്ള രാജ്യമായതിനാൽ വിദേശനാണ്യശേഖര ശോഷണത്തിനുമിടയാക്കിക്കഴിഞ്ഞു.
ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥന അതിന്റെ തുടർച്ചയായിരുന്നു. അധികാരത്തിൽ ഇല്ലാതിരുന്നപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരേ 40 രൂപയാക്കുമെന്നൊക്കെ വീന്പിളക്കിയെങ്കിലും മോദിഭരണത്തിൽ രൂപ ചരിത്രത്തിലെ എറ്റവും വലിയ തകർച്ചയിലെത്തി. പെട്രോൾവില 50 ആക്കുമെന്നു പറഞ്ഞ ബിജെപിക്കാരെ വില 110നോടടുത്തപ്പോൾ കാണാനേയില്ല.
പക്ഷേ, കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും മുന്‍പുതന്നെ സ്ത്രീകൾക്കു സൗജന്യയാത്രയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയില്ലെന്നു പറഞ്ഞ് സമരത്തിനിറങ്ങി. അടുക്കളയും വയറും കത്തുന്പോൾ യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ഇത്തരം സമരങ്ങൾ പോരാതെ വരും.
ഇന്ത്യയുടെ സാന്പത്തിക പ്രതിസന്ധി ആഗോള പ്രതിഭാസമാണെന്നു പറഞ്ഞൊഴിയാനാകില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ, താൻ വന്നാൽ എല്ലാം മാറ്റിമറിക്കുമെന്നു മോദി പറഞ്ഞതുപോലെ യാഥാർഥ്യബോധമില്ലാതെ പറയാൻ ഇന്നു പ്രതിപക്ഷത്താരും മുതിരുന്നില്ല. മന്ത്രിസഭാ യോഗങ്ങൾ മാത്രമല്ല, പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും വിളിച്ചുകൂട്ടി രക്ഷാമാർഗം ആരായണമെങ്കിൽ അതിനു വൈകരുത്.
ജനം ബുദ്ധിമുട്ടുന്നതിനിടെ ഇന്ധനവില വർധിപ്പിച്ച കേന്ദ്രം, നികുതിവർധനയാണോ അടുത്തതായി ആലോചിക്കുന്നതെന്ന ഭീതി ജനങ്ങൾക്കുണ്ട്. അങ്ങനെയെങ്കിൽ സാന്പത്തികമാന്ദ്യം പടിവാതിൽക്കലാണ്. ഒരു ലോക്ഡൗണിൽനിന്ന് ജനം നടു നിവർത്തിവരുന്നതേയുള്ളെന്നു മറക്കരുത്.
Editorial
അഞ്ചു വർഷത്തിലേറെ പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ പദ്ധതിക്ക് അന്ത്യം. 2020ലെ പദ്ധതി വിജ്ഞാപനവും തുടർന്നുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വർഷങ്ങളായി ഈ ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ വിഷമിക്കുന്ന മനുഷ്യരെയാണ് ഈ സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇതേയവസ്ഥയിൽ പ്രാകൃത നിയമങ്ങളാലും വിജ്ഞാപനങ്ങളാലും ഏറ്റെടുക്കലുകളാലും സ്വന്തം കിടപ്പാടത്തിൽ ബന്ദികളാക്കപ്പെട്ട മുഴുവൻ മനുഷ്യരെയും മോചിപ്പിക്കുന്നതിന്റെ തുടക്കമാകട്ടെ ഈ മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കേരളം ആശ്വാസത്തോടെയാണു കേട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിനു നിർദേശവും നൽകി. ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ ആഭ്യന്തരവകുപ്പ് കോടതിയിൽ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ നാട് കേൾക്കാൻ കാത്തിരുന്ന കാര്യങ്ങളാണ് പുതിയ സർക്കാർ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അതിനു കാലതാമസമുണ്ടായില്ലെന്നതാണ് ശ്രദ്ധേയം.
പതിനൊന്ന് ജില്ലകളിലൂടെ 529.45 കിലോമീറ്റർ കടന്നുപോകുന്നതാണ് കെ-റെയിൽ പാത. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം. 63,940.67 കോടിയായിരുന്നു പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഏറ്റെടുക്കേണ്ടിവരുന്നത് ഏകദേശം 1,200 ഹെക്ടർ (2,965 ഏക്കർ). 185 ഹെക്ടര്‍ ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ളത് വിട്ടുനല്‍കുമെന്നായിരുന്നു സർക്കാർ അറിയിച്ചത്. 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിക്കുവേണ്ടിയാണ് മഞ്ഞക്കുറ്റി നാട്ടിയത്. റെയിൽവേയുടെയും കേരള സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനായിരുന്നു (കെ-റെയിൽ) നടത്തിപ്പ്. 2020ൽ വിജ്ഞാപനം ഇറങ്ങി.
ഒരു ജനാധിപത്യ സർക്കാരിന്റെ ശൈലിയിലായിരുന്നില്ല സർക്കാരിന്റെ നീക്കങ്ങൾ. സമരങ്ങൾ, പോലീസ് മർദനം, കേസുകൾ... പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം തുലാസിലായി. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതുപോലെ, പദ്ധതി നടക്കുന്നില്ലെന്നു മാത്രമല്ല, ഉപേക്ഷിച്ചിട്ടുമില്ല.
ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ പദ്ധതിപ്രദേശത്തെ ജനം തടവിലാക്കപ്പെട്ടു. വഖഫ് ബോർഡ് ഏറ്റെടുക്കാനിറങ്ങിയ മുനന്പത്തെ മനുഷ്യരുടെ അതേ ഗതികേട്! ഈ നിലപാടു മതി, സ്വന്തം മണ്ണിൽ കഠിനതടവിനു വിധിക്കപ്പെട്ട മുനന്പത്ത് ഉൾപ്പെടെയുള്ള നിരപരാധികൾക്കു സ്വാതന്ത്ര്യം കൊടുക്കാൻ. ഇന്നലെ മനുഷ്യത്വം കാണിച്ച മന്ത്രിസഭയ്ക്ക് അതു സാധിക്കും. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ്.
ചത്തഴുകി ജനജീവിതം ദുഃസഹമാക്കിയ സിൽവർലൈനിന്റെ സംസ്കാരമാണ് വിഡിഎസ് സർക്കാർ നടത്തിയത്. അതേസമയം, പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാത്ത ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും അക്കാര്യങ്ങൾ പിന്നീട് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതീക്ഷയാണ്. വികസനങ്ങളെ തടയുകയല്ല, മനുഷ്യർക്കും പ്രകൃതിക്കും നേർക്കുള്ള ആഘാതം പരമാവധി കുറച്ച്, ഭൂമിയും ജീവിതമാർഗവും നഷ്ടപ്പെടുന്നവരെ അന്തസായി പുനരധിവസിപ്പിച്ച് വികസനത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കുകയാണു വേണ്ടത്.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടിയത് ഉദ്യോഗാർഥികളുടെ മനസ് കുളിർപ്പിക്കുന്ന തീരുമാനമായി. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട കാലാവധി നവംബർ വരെയാണ് ദീർഘിപ്പിച്ചത്. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നിർവഹണം വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയത് ക്രിയാത്മക നടപടിയായി. അടുത്ത തെരഞ്ഞെടുപ്പിന്റെ തലേന്നു വരെ തുടരേണ്ട ചർച്ചയല്ല തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ഒരു സർക്കാരിനു തീരുമാനങ്ങളെടുക്കാൻ ഇത്രയൊക്കെ സമയമേ വേണ്ടൂയെന്ന് കേരളം തിരിച്ചറിയുകയാണ്. എല്ലാ തീരുമാനങ്ങളും അതിവേഗം എടുക്കാനാകില്ല. പക്ഷേ, ചുവപ്പുനാടകളിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു ജീവിതങ്ങളെ മോചിപ്പിക്കാനാകും. സർക്കാരിനും ജനങ്ങൾക്കും സഹായമാകേണ്ട ഉദ്യോഗസ്ഥരെ ദുഷ്പ്രഭുക്കളാക്കിയത് മാറിമാറി വന്ന സർക്കാരുകളാണ്. ഈ ഇച്ഛാശക്തി തുടർന്നാൽ സർക്കാർ കാര്യം ‘മുറപോലെ’ നടക്കുമെന്ന് ഉറപ്പാക്കാം. പണ്ടത്തെ ആമയിഴയും മുറയല്ല; പുതിയത്
Editorial
ഈ രാജ്യം സമീപകാലത്തു കേട്ട ഏറ്റവും കാലികവും യാഥാർഥ്യം ഉൾക്കൊള്ളുന്നതുമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാം! രാജ്യം കാത്തിരുന്ന വിധി. ഒരുനിമിഷം വൈകരുത്; കാലഹരണപ്പെട്ട നിയമങ്ങളും കപടമൃഗസ്നേഹികളും അവരുടെ വാലാട്ടികളായ രാഷ്ട്രീയക്കാരും കടിച്ചുകുടഞ്ഞ സ്വൈരജീവിതം എത്രയുംവേഗം തിരിച്ചുപിടിക്കണം.
മനുഷ്യർക്കു ദയാവധം അനുവദിക്കുന്പോൾ പമ്മിക്കിടക്കുന്നവർ, ചോരയൊലിക്കുന്ന മനുഷ്യശരീരം നൊട്ടിനുണയുന്ന നായകൾക്കു ദയാവധമെന്നു കേട്ടാൽ ചാടിയെഴുന്നേറ്റേക്കാം. കടിക്കാൻ അനുവദിക്കരുത്. കാൽനൂറ്റാണ്ടിലേറെ കോടികൾ മുടിപ്പിച്ച എബിസിയെന്ന നായവന്ധ്യംകരണ പ്രഹസനം, ശതകോടികളുടെ വാക്സിൻ കച്ചവടം തുടങ്ങിയവയിലൂടെയുള്ള ഖജനാവ് ചോർച്ചയും നിയന്ത്രിക്കാം. കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കും ഗുണകരമാകുന്ന ഈ വിധി നിയമക്കുരുക്കില്ലാതെ നടപ്പാക്കാൻ പുതിയ സർക്കാരിന് അവസരം ലഭിച്ചിരിക്കുകയാണ്. അട്ടിമറിച്ചാൽ മാപ്പില്ല.
മനുഷ്യജീവനു ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊല്ലാനാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഇതു നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി എടുക്കരുതെന്നും വിധിയിലുണ്ട്. വിധിയിലില്ലെങ്കിലും, അങ്ങനെ നടപടിയെടുക്കാൻ ശേഷിയുള്ള ‘മായാവി’കൾ താക്കോൽസ്ഥാനങ്ങളിലുണ്ടെങ്കിൽ പൂട്ടണം. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ മറ്റു പ്രധാന പരാമർശങ്ങൾ ഇങ്ങനെ: പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ല.
തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റണം. പിടികൂടിയയിടത്തു തുറന്നുവിടരുതെന്ന മുൻ ഉത്തരവിൽ മാറ്റമില്ല. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കു ഗുരുതര വീഴ്ച ഉണ്ടായി. എല്ലാ ജില്ലകളിലും പൂർണതോതിൽ പ്രവർത്തിക്കുന്ന എബിസി സെന്റർ വേണം. ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളുടെയും വാക്സിനുകളുടെയും ലഭ്യത ഉറപ്പാക്കണം.
തീർന്നില്ല, റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കാനും കോടതി നിർദേശിച്ചിരിക്കുന്നു. വിപ്ലവകരം! ഈ അപക്വവും നിർബന്ധിതവുമായ മൃഗസ്നേഹത്തിന്റെ രൂക്ഷത ഉത്തരേന്ത്യയിൽ അങ്ങേയറ്റമാണ്. മനുഷ്യർക്കും വാഹനങ്ങൾക്കും ഒരിഞ്ചു നിങ്ങാനാകില്ല. കോടതി പറഞ്ഞതുകൊണ്ടു കുഴപ്പമില്ല. അല്ലെങ്കിൽ മതരാഷ്ട്രീയം കണ്ണുരുട്ടും. ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ രണ്ടംഗ ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതികളെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നടപ്പാക്കിയവ ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് അഞ്ചിനുള്ളിൽ ഹൈക്കോടതികളെ അറിയിക്കണം. ഹൈക്കോടതികൾ നവംബർ 17നുള്ളിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ചരിത്രവിധിയാണിത്.
ബിജെപി, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള സർക്കാരുകൾ തോറ്റന്പിയിടത്താണ് കോടതിയുടെ ഇടപെടൽ. കേന്ദ്രം വൻ പരാജയമായിരുന്നു. രാജ്യം പോയിട്ടു രാജ്യതലസ്ഥാനംപോലും സുരക്ഷിതമാക്കാനായില്ല. പ്രതിപക്ഷവും നോക്കുകുത്തിയായി. പേവിഷബാധ മരണങ്ങള് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്, തെരുവുനായകളെ മാറ്റുന്നത് ക്രൂരവും സഹതാപരാഹിത്യവുമാണെന്നാണ്.
ബദൽ മാർഗങ്ങളുണ്ടത്രേ. അതെന്താണെന്നു പക്ഷേ, കോൺഗ്രസ് മുഖ്യമന്ത്രിമാരോടുപോലും ഇന്നലെവരെ പറഞ്ഞുകൊടുത്തില്ല. കുഞ്ഞുങ്ങളടക്കം പതിനായിരങ്ങൾ നായ ആക്രമണത്തിൽ ചോരയൊലിപ്പിച്ചും നൂറുകണക്കിനാളുകൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാനാകാതെ ലോകത്തെ ഏറ്റവും യാതനയേറിയ മരണത്തിനു കാത്തുകിടക്കുകയും ചെയ്യുന്പോഴാണ് ഭരണ-പ്രതിപക്ഷങ്ങളുടെ തെരുവുനായപ്രേമം! കടിയേറ്റ മനുഷ്യനേക്കാൾ കടിച്ച പട്ടിയോടു സഹതപിക്കുന്ന രാഷട്രീയമാണ് ഈ ചോരപ്പുഴയുടെ പ്രഭവകേന്ദ്രം. ജനപ്രതിനിധികൾ കടിച്ച മനുഷ്യർക്കു പരമോന്നതകോടതി വാക്സിൻ കണ്ടെത്തിയിരിക്കുന്നു.
തെരുവുനായ-വന്യജീവി ആക്രമണങ്ങൾക്കെതിരേ ദീപികയുടെയത്ര മുഖപ്രസംഗങ്ങൾ ഈ രാജ്യത്തുതന്നെ മറ്റാരും എഴുതിയിട്ടുണ്ടാകില്ല. എബിസി പരാജയപ്പെട്ടു കഴിഞ്ഞെന്നു വിദഗ്ധാഭിപ്രായത്തെ മുൻനിർത്തി സ്ഥാപിച്ചു. പെറ്റുപെരുകിയ തെരുവുനായകളെ നിയന്ത്രിക്കാവുന്ന ഘട്ടം കഴിഞ്ഞെന്നും കൊല്ലണമെന്നും സധൈര്യം എഴുതി. നാടുനിറഞ്ഞ് ജനങ്ങളെ കൊന്നൊടുക്കുന്ന പാന്പുകൾ ഉൾപ്പെടെയുള്ള വന്യജീവികളെ വേട്ടയാടുകയോ കൊല്ലുകയോ മാത്രമാണ് പ്രതിവിധിയെന്ന് ഈ രംഗത്തെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് നേരെഴുതി.
നമുക്ക് ഒരു ജീവിയോടും വെറുപ്പില്ല. പക്ഷേ, നിസഹായരായ മനുഷ്യരുടെ ഛിന്നഭിന്നമായ മൃതദേഹങ്ങൾക്കും ജീവിതം തകർന്ന അവരുടെ പ്രിയപ്പെട്ടവർക്കും മുന്നിൽ നിന്നുകൊണ്ട് വന്യജീവികളെ സ്നേഹിക്കാൻ ബുദ്ധിമുട്ടുണ്ട്. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണെന്നും ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ലെന്നും സുപ്രീംകോടതി വിധിക്കുന്പോൾ, ഇതൊക്കെ അധികാരികളോടു പണ്ടേ പറഞ്ഞിരുന്നെന്ന അഭിമാനമുണ്ട്. ഈ സുപ്രീംകോടതിവിധിയെയും അട്ടിമറിക്കുകയാണെങ്കിൽ അതു നിയമം കൈയിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനു തുല്യമായിരിക്കും. തദ്ദേശസ്ഥാപനങ്ങൾ ഇന്നു പ്രവർത്തിച്ചുതുടങ്ങുക. ഇവിടെ സുരക്ഷാഭടന്മാരില്ലാത്ത മനുഷ്യർക്കും ജീവിക്കണം.
Kerala
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ആരോപണം.
അധികാരം ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് കടന്നുവെന്നാണ് എഡിറ്റോറിയലിലെ ആരോപണം. ലീഗിന്റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
യുഡിഎഫ് അധികാരത്തിലേറും മുൻപ് മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
ലീഗ് അഭിനയിക്കുന്ന മതേതരം കപട നാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമർശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാർ കലാപം നടന്ന നാട്ടിലാണ് ലീഗ് വളർന്നു പന്തലിച്ചത്. കെ.എം. ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
Editorial
തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഇന്ധനവില വർധിപ്പിക്കില്ലെന്ന് ആണയിട്ട ബിജെപി സർക്കാർ തനിനിറം പുറത്തെടുത്തു. പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ വർധിപ്പിച്ചു. എണ്ണക്കന്പനികൾക്കു നഷ്ടമായതിനാൽ പിടിച്ചുനിൽക്കാനാകുന്നില്ലത്രേ. ജനം എവിടെ പിടിച്ചുനിൽക്കും? രാജ്യത്ത് വിലക്കയറ്റത്തോതും പണപ്പെരുപ്പവും വർധിച്ച് അവശ്യസാധനങ്ങളുടെയെല്ലാം വില കുതിച്ചുകയറുന്നതിനിടെയാണ് ഇന്നലെ കേന്ദ്രം എരിതീയിലേക്ക് എണ്ണയൊഴിച്ചിരിക്കുന്നത്.
നാലു വർഷത്തോളം സർക്കാർ വില വർധിപ്പിച്ചില്ലെന്നാണു പറയുന്നത്. ദുർവ്യാഖ്യാനമാണ്. കൂട്ടിയില്ലെന്നല്ല, ആഗോളവിപണിയിൽ കുറഞ്ഞിട്ടും ഇവിടെ കുറച്ചില്ലെന്നാണു പറയേണ്ടത്. മന്ത്രിമാരെയും എണ്ണക്കന്പനി ഉദ്യോഗസ്ഥരെയുമൊന്നും ഒരു വർധനയും ബാധിക്കില്ല. സാധാരണക്കാരുടെ വരുമാനം കുറഞ്ഞു, ജീവിതച്ചെലവ് കൂടി. അതൊന്നും സർക്കാരിന് അറിയേണ്ടെന്നാണോ പറയുന്നത്?
പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപയിലധികവും സിഎൻജി കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചു. പെട്രോളിന് കൊച്ചിയിൽ 108.62, ഡീസലിനു 97.55 രൂപ. എണ്ണക്കന്പനികൾ സർക്കാരിനോട് കൂടുതൽ വർധന ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇനിയും പ്രഹരിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ഗാർഹിക പാചകവാതക വിലവർധനയുടെ ഭീതി വേറെ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും പെട്രോളിയം മന്ത്രാലയം തെരഞ്ഞെടുപ്പിനുമുന്പ് ആവർത്തിക്കുകയായിരുന്നു. ആരുടേതായിരുന്നു തെറ്റായ പ്രസ്താവന? വോട്ടെണ്ണാൻപോലും കാത്തുനിൽക്കാതെ വാണിജ്യ പാചകവാതകത്തിനു ചരിത്രത്തിലെ ഏറ്റവും വലിയ വർധന നടപ്പാക്കി.
19 കിലോഗ്രാം സിലിണ്ടറിന്റെ വില ഏകദേശം 2,078.50 രൂപയിൽനിന്ന് 3,071.50 രൂപയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടുത്ത ഇരുട്ടടി. വാഹനമോടിക്കാൻ ചെലവേറുമെന്നത് ഇതിന്റെ ഏറ്റവും ചെറിയ ആഘാതമാണ്. അവശ്യവസ്തുക്കൾ ഉൾപ്പെടെ സകലതിനും വീണ്ടും വില കൂടുമെന്നതാണ് യഥാർഥ പ്രശ്നം. ജനങ്ങളോടു കൂടുതൽ പണം ആവശ്യപ്പെടുന്ന സർക്കാർ, വിലക്കയറ്റവും പണപ്പെരുപ്പവും മൂലം വരുമാനത്തിൽ കുറവുണ്ടായവർ അത് എവിടെനിന്നെടുത്തു തരുമെന്ന് ചിന്തിക്കുന്നില്ല.
കേരളത്തിൽ പച്ചക്കറിക്കും കോഴിയിറച്ചിക്കും ഉൾപ്പെടെ വില കുതിച്ചുകയറി. ഇനിയതു വീണ്ടും വർധിച്ചേക്കും. ഹോട്ടലുകൾ പലതും അടഞ്ഞു. ചിലത് ഇനി തുറക്കില്ല. ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. അസംഘടിത തൊഴിലാളികൾ, ആശമാരെപ്പോലെ തുച്ഛവരുമാനക്കാർ, കർഷകർ, സ്വയംതൊഴിലുകാർ, തൊഴിലില്ലാത്തവർ, ചെറുകിട കച്ചവടക്കാർ... എന്നിവരുടെ ജീവിതം ദുഃസഹമായി. തിങ്കളാഴ്ച അധികാരമേൽക്കുന്ന സംസ്ഥാന സർക്കാരിനും ബാധ്യതയേറി. നാലു വർഷത്തിനുശേഷമാണ് കേന്ദ്രസർക്കാർ വെറും മൂന്നു രൂപ വർധിപ്പിച്ചതെന്ന ‘വേദനസംഹാരി ഗുളിക’യും വിതരണം ചെയ്യുന്നുണ്ട്. പക്ഷേ, അടുത്തയിടെ യുദ്ധം മുറുകുവോളം ആഗോള മാർക്കറ്റിൽ എണ്ണവില കൂപ്പുകുത്തിക്കിടക്കുകയായിരുന്നു. അപ്പോഴൊന്നും വില കുറച്ചില്ലെന്നുള്ള വസ്തുത മറച്ചുവയ്ക്കാനാകുമോ? 2022 മുതൽ പെട്രോൾ, ഡീസൽ വിലകൾ മരവിപ്പിച്ചിരിക്കുകയാണെന്നാണ് ഭാഷ്യം.
2022 മുതൽ പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുവോളം അസംസ്കൃത എണ്ണവില വീപ്പയ്ക്ക് ശരാശരി 70 യുഎസ് ഡോളറായിരുന്നു. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 108 ഡോളർ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപയും ഡീസല്‍ വില 48-49 രൂപയുമായിരുന്നെന്ന്, അന്നു കാളവണ്ടിസമരം നടത്തിയ ബിജെപിയെ ഓർമിപ്പിക്കട്ടെ. അവർ അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. 2020ൽ കോവിഡ് കാലത്ത് അസംസ്കൃത എണ്ണവില 35 ഡോളറിലേക്കു കൂപ്പുകുത്തി. അപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 70. നികുതി കൂട്ടിക്കൊണ്ടിരുന്നു. എന്നിട്ടിപ്പോൾ മൂന്നുമാസമായി ആഗോള വിപണിയിലെ വില വർധിച്ചപ്പോൾ വോട്ടെടുപ്പ് കഴിയാൻ കാത്തിരുന്നു.
രാജ്യത്ത് പണപ്പെരുപ്പം ഉയരുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 8.30 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ 42 മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചില്‍ ഇത് 3.88 ശതമാനമായിരുന്നു. വിലക്കയറ്റവും സ്വാഭാവികം. പൊറുതിമുട്ടുന്നത് ജനങ്ങളാണ്. ആഗോള വിലക്കയറ്റത്തിന്റെ പേരിൽ ഇവിടെ ഇന്ധനവില വർധിപ്പിക്കാൻ ഒരു ന്യായവുമില്ല. കഴിഞ്ഞ ഒരു ദശകത്തിലേറെയായി വർധിപ്പിച്ചുകൊണ്ടേയിരുന്ന നികുതി കുറച്ച് പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്.
ഒന്നും ചെയ്യാനാകാത്തവിധം സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെങ്കിൽ പരാജയം ജനങ്ങളോടു തുറന്നുപറയണം. അല്ലാതെ, ചരിത്രത്തിലില്ലാത്തവിധം കൂട്ടിയ നികുതിയും സർക്കാരിന്റെയോ എണ്ണക്കന്പനികളുടെയോ ആർഭാടങ്ങളും ചെലവുമൊന്നും കുറയ്ക്കാതെ ജനങ്ങളോടു സഹിച്ചോളാൻ പറയുന്നത് ക്രൂരതയാണ്; കഴിവില്ലായ്മയാണ്.
Editorial
2024 ജൂലൈ 30ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട്ടെ വിലങ്ങാട്ടും പൊട്ടിയ ഉരുളെടുത്ത പ്രാണനും നഷ്ടങ്ങളും സ്വപ്നങ്ങളും തിരിച്ചുകൊടുക്കാനാകില്ല. എന്തൊരു രാപകലുകളായിരുന്നു അത്! പക്ഷേ, മണ്ണിനെയല്ലാതെ മനുഷ്യത്വത്തെ ചവിട്ടിയരയ്ക്കാനാകില്ലെന്ന് കേരളം ഒരിക്കൽകൂടി തെളിയിച്ചു. കത്തോലിക്കാ സഭയും അതിന്റെ ചരിത്രപരമായ ജീവകാരുണ്യദൗത്യം വിലങ്ങാടുവഴി തുടരുകയാണ്. അവിടെ ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നടക്കും.
പൂർത്തിയായ 70 വീടുകളിലേക്ക് സഹോദരങ്ങളെത്തുന്നു. ഇതിനായി കഠിനാധ്വാനം ചെയ്തവർക്ക്, ത്യാഗം സഹിച്ചവർക്ക്, സ്നേഹത്തിന്റെ നിക്ഷേപക്കുടുക്കകൾ പൊട്ടിച്ചവർക്ക്, ഇല്ലായ്മയിൽനിന്നെടുത്ത ചില്ലിക്കാശ് പങ്കിട്ടവർക്ക്... എല്ലാവർക്കും അഭിമാനിക്കാവുന്ന ദിവസം. കത്തോലിക്കാസഭയുടെ സാഹോദര്യസന്ദേശം വിലങ്ങാടിനും ഉയിരാകട്ടെ.
ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിർമിക്കാനായിരുന്നു തീരുമാനമെങ്കിലും ആവശ്യക്കാരുടെ എണ്ണമേറിയതോടെ പദ്ധതി വിപുലീകരിച്ചു. അങ്ങനെ 70 കുടുംബങ്ങളെ ചേർത്തുനിർത്തി. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണ് കെസിബിസി ഏല്പിച്ചത്.
ഫോറത്തിന്റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്സ് ടീം എന്നിവയ്ക്കാണു രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലും കോഴിക്കോട്ടുമുണ്ടായത്. പക്ഷേ, മറ്റെങ്ങുമില്ലാത്തവിധം സാഹോദര്യത്തിന്റെ രക്ഷാകരങ്ങൾ അവിടേക്കു നീണ്ടു. കേരളം ഒറ്റക്കെട്ടായി. ജനങ്ങൾ അവരുടെ കൈയും മെയ്യും മറന്നു മനുഷ്യത്വം പ്രകടിപ്പിച്ചപ്പോൾ, കേന്ദ്രവും സംസ്ഥാനവും ക്രമേണ തർക്കത്തിലേക്കു നീങ്ങുന്നതും നിർഭാഗ്യവശാൽ നമുക്കു കാണേണ്ടിവന്നു.
പ്രധാനമന്ത്രി സന്ദർശനത്തിനെത്തിയതു വാർത്തയായെങ്കിലും തുടർനടപടികൾ ആശാവഹമായിരുന്നില്ല. കേരളത്തിനു സഹായം നൽകാതിരിക്കാൻ കാരണങ്ങൾ നിരത്തിക്കൊണ്ടിരുന്ന കേന്ദ്രത്തെ കോടതിക്കുപോലും വിമർശിക്കേണ്ടിവന്നു. ഒടുവിൽ കേരളം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൈമാറിയ വീടുകളുടെ ന്യൂനതകളും ചർച്ചയായി. ഇവിടെ ആരും താമസം തുടങ്ങിയിട്ടുമില്ല.
അതുപോലെ, ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന്റെ സ്ഥിതിയും പരിതാപകരമാണ്. കോടികളുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും യാത്രായോഗ്യമായിട്ടില്ല. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്.
വിലങ്ങാട് പെട്രോള്‍ പമ്പിനു മുന്നിലെ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി നിറുത്തി. കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ നിരത്തിയാൽ തീരില്ല. എല്ലാം നഷ്ടപ്പെട്ടവരെ പടിപടിയായി അവഗണിക്കുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമൊഴുകിയിട്ടും ദുരന്തമേഖലയിൽ പലയിടത്തും ഇതാണു സ്ഥിതി. പ്രകൃതി പെരുവഴിയിലാക്കിയ ദുരന്തബാധിതരെ പുതിയ സർക്കാരെങ്കിലും ആശ്വസിപ്പിക്കണം.
ഇതിനിടെയാണ് 70 താമസക്കാരുടെ താത്പര്യത്തിനുസരിച്ച്, പലയിടത്തും അവരുടെയും പങ്കാളിത്തത്തോടെ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും കെസിബിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നത്. പരിമിതികളില്ലാത്തതല്ല, എല്ലാം തകർന്ന മനുഷ്യരോടുള്ള സാഹോദര്യവും ജീവകാരുണ്യ പ്രതിബദ്ധതയും അഴിമതിരാഹിത്യവുമാണ് ഇത്തരം പ്രവർത്തനങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. ജാതിമതഭേദമെന്യേ നാം ഒന്നാണെന്ന് ഈ ദൗത്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അതിനിയും തുടരണം. വിനാശം പ്രകൃതിയുടെയോ ഹീനമനസുകളുടേതോ ആകട്ടെ, നാം കൈകോർത്തു നിൽക്കും.