Editorial Audio
ഇതെന്തൊരു തോന്ന്യാസമാണ്? പത്തനംതിട്ട കവിയൂരിൽ വീട്ടുവളപ്പിലെ കായ്ക്കാറായ തെങ്ങുകൾ കെഎസ്ഇബി വാളിനറത്തുകളഞ്ഞത്, അതു വച്ചുപിടിപ്പിച്ചവരോട് ഒരു വാക്ക് പറയാതെയാണ്. മാസങ്ങൾക്കുള്ളിൽ നിരവധിപ്പേരുടെ ഫലവൃക്ഷങ്ങൾ നശിപ്പിച്ചുകഴിഞ്ഞു. വൈദ്യുതകന്പികളിൽ തട്ടുന്ന വൃക്ഷക്കന്പുകൾ വെട്ടുന്നതിൽ ആർക്കുമില്ല പരാതി. പക്ഷേ, അതിന്റെ മറവിൽ നിശ്ചിത പരിധിക്കപ്പുറത്തുള്ള ഫലവൃക്ഷങ്ങൾ പോലും വെട്ടിക്കൂട്ടിയാൽ പരാതിയുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും പലയിടത്തും ഇതു നടന്നു. കർഷകർക്കു നഷ്ടപരിഹാരം കൊടുത്തു. പക്ഷേ, നശിപ്പിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽ ഒരു കുറവുമുണ്ടായില്ല; നടപടിയുമില്ല. ഈ ഉദ്യോഗസ്ഥസംരക്ഷണമാണ് കേരളത്തിന്റെ ശാപം. മന്ത്രിയറിയണം, പത്തനംതിട്ട സംഭവം. കായ്ക്കാറായ തെങ്ങുകളുൾപ്പെടെ അരിഞ്ഞു രസിക്കുകയാണ് ‘കുറുവാസംഘം’. ‘ധവളപത്രത്തിലെ ബാധ്യത’യെ നാട്ടിൽ അഴിച്ചുവിടരുത്.
മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതായി ജനുവരി മുതൽ പത്തനംതിട്ടയിൽ വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ നിർത്തിച്ച വെട്ടിനിരത്തലിനു വീണ്ടുമിറങ്ങിയിരിക്കുകയാണ്. നോട്ടീസ് നൽകുകയോ സുരക്ഷാ ദൂരപരിധി പാലിക്കുകയോ ചെയ്യാതെയാണ് പുരയിടങ്ങളിലെ ആദായകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്. കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്റെ പറമ്പിലെ തെങ്ങുകൾ വെട്ടിയതാണ് പുതിയ ക്രൂരത. 2.6 മീറ്റർ വരെയുള്ളത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്നാണ് കെഎസ്ഇബി പറഞ്ഞത്. അളന്നു നോക്കിയപ്പോൾ 2.6 മീറ്ററിനപ്പുറമുള്ളതും വെട്ടിക്കളഞ്ഞെന്നു വീട്ടുകാർ പറഞ്ഞു. നിശ്ചിത ഉയരത്തിലപ്പുറം വളരാത്ത ഇനം കായ്ക്കാറായ തെങ്ങുകളും നശിപ്പിച്ചു.
ചിലയിടത്ത് റബർമരങ്ങളാണ് നശിപ്പിച്ചത്. അകലമൊക്കെ ജീവനക്കാരൻ സ്വയം തീരുമാനിച്ച് വെട്ടിയാൽ മതിയോ, നട്ടുവളർത്തിയവൻ അറിയേണ്ടേ? ക്രെയിനും ജെസിബിയും യന്ത്രവാളുമൊക്കെ ഉപയോഗിച്ചാണ് ജനുവരി മുതൽ ഈ ക്രൂരവിനോദം. വൈദ്യുതിലൈനിലേക്കു ചായുന്ന കന്പോ മരമോ വെട്ടാൻ സമ്മതിക്കാത്തവരില്ല കേരളത്തിൽ. ഉണ്ടെങ്കിൽ അത്തരം സാമൂഹികദ്രോഹികളെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസിറങ്ങട്ടെ. പക്ഷേ, സംസ്ഥാനത്തു ചിലയിടങ്ങളിൽ, ചില ഉദ്യോഗസ്ഥർ സംവിധാനം ചെയ്യുന്ന വെട്ടിനിരത്തൽ നാടകം അവസാനിപ്പിക്കണം.
ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഉത്തരവിന്റെ മറവിൽ, 10 മീറ്ററകലെയുള്ള മരങ്ങൾപോലും വെട്ടിക്കഴിഞ്ഞന്നാണ് നാട്ടുകാർ പറയുന്നത്. ഇത് തടിക്കച്ചവടക്കാരുമായുള്ള ഡീലാണെന്നും ആരോപണമുണ്ട്. ഈ തടി പിടിയാവിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. നിശ്ചിത ദുരത്തിനുള്ളിലാണെങ്കിൽ പോലും, കന്പും കോലും വെട്ടുന്നതുപോലെയാണോ വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയെടുത്ത ഫലവൃക്ഷങ്ങൾ ഉടമയോടു പറയാതെ അരിഞ്ഞുവീഴ്ത്തി താണ്ഡവമാടുന്നത്. കാസർഗോഡ് പുത്തിഗെ ചക്കണിഗെയില് സി. ബാലസുബ്രഹ്മണ്യ ഭട്ടിന്റെ 28 കമുകുകൾ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ മണ്ട വെട്ടിക്കളഞ്ഞത് 2025 ഫെബ്രുവരിയിലാണ്.
കമുക് വൈദ്യുതിലൈനിലേക്കു ചാഞ്ഞതല്ല, താങ്ങുകന്പി ദ്രവിച്ചുപൊട്ടിയതിനെത്തുടർന്ന് ലൈൻ കമുകിലേക്കു ചാഞ്ഞതാണെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ, നഷ്ടം കർഷകന്. 2023 ഓഗസ്റ്റിൽ ഓണത്തിനു മുന്പ് കോതമംഗലം വാരപ്പെട്ടിയിൽ തോമസ് എന്ന കർഷകന്റെ 400 കുലവാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞതിനെത്തുടർന്ന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്നു. തെമ്മാടിത്തരം കാണിച്ച ഉദ്യോഗസ്ഥന്റെ ശന്പളത്തിൽനിന്ന് നയാപൈസ പിടിച്ചതായറിയില്ല. ഉദ്യോഗസ്ഥരെയും സംഘടനകളെയും പേടിയില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം. പത്തനംതിട്ടയിൽ നഷ്ടപരിഹാരം കൊടുത്തേ തീരൂ. കെഎസ്ഇബിയും ചേർന്ന് കാലിയാക്കിയ ഖജനാവിൽനിന്നല്ല, ഉത്തരവാദികളുടെയത്രയും ശന്പളത്തിൽനിന്ന്.
വൈദ്യുതി കൊടുക്കൽ-വാങ്ങൽ കരാറുകൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ യഥാസമയത്തു നടത്തുകയും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കുകയും ചെയ്യുന്നതിലും ഈ മിടുക്ക് കാണിച്ചിരുന്നെങ്കിൽ കെഎസ്ഇബി ധവളപത്രത്തിലെ ‘കരിന്പട്ടിക’യിൽ പെടില്ലായിരുന്നു. ഇനിയിപ്പോൾ വൈദ്യുതിവകുപ്പിനെ വെടക്കാക്കി സ്വകാര്യവത്കരിക്കാൻ കൂലിക്കെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണോ ഈ കർഷകദ്രോഹത്തിനു പിന്നിലെന്നും അന്വേഷിക്കേണ്ടതാണ്.
വന്യജീവി, വനംവകുപ്പ്, കെഎസ്ഇബി... കർഷകന്റെ ജീവിതം തുലയ്ക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. അടിയിളകിയ കേരളത്തിലെ കർഷകരെ കാണാൻ ഈ സർക്കാരിനും ശേഷിയില്ലെന്നു വരരുത്. കായ്ക്കാറായ ഒരു തെങ്ങിനുവേണ്ടി നടത്തേണ്ടിവരുന്ന അധ്വാനം തിരിച്ചറിയാവുന്ന കർഷകർ ആരുമില്ലേ മന്ത്രിസഭയിൽ? പത്തനംതിട്ടയിൽ വെട്ടിനിരത്ത് ഭ്രാന്തിളകിയ കെഎസ്ഇബി മാടന്പിമാരോട്, പാലൂട്ടിയ ജനത്തെ കടിക്കരുതെന്നും കാലം മാറിയെന്നും സർക്കാർ പറയണം. അളമുട്ടിയാൽ കർഷകരും തിരിഞ്ഞുനിൽക്കുമെന്നു മറക്കരുത്.
Tags : DEEPIKA EDITORIAL KSEB TREES