പ്രതീകാത്മക ചിത്രം
മുംബൈ: 32 കോടിയുടെ സാമ്പത്തിക തർക്കത്തെത്തുടർന്ന് പ്രമുഖ അലുമിനിയം ഫോയിൽ നിർമാണ കമ്പനിയായ ‘ജിഎസ്എം ഫോയിൽസ്’ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനുനേരേ വധശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ചെയർമാൻ സാഗർ ഭാനുശാലി (33) ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വധശ്രമം കമ്പനി വളപ്പിൽ; ക്വട്ടേഷൻ 30 ലക്ഷത്തിന്
കഴിഞ്ഞ മാസം 24ന് മുംബൈ വസായി ഈസ്റ്റിലെ നവ്ജീവൻ ഡയമണ്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കമ്പനി വളപ്പിൽ വച്ചാണ് പർമാറിനുനേരേ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം പർമാറിനെ തടഞ്ഞുനിർത്തി തോളിന് വെടിവയ്ക്കുകയായിരുന്നു. വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായതോടെ തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു.
പോലീസ് അന്വേഷണത്തിലാണ് കൊലപാതക ശ്രമത്തിനു പിന്നിലെ പ്രധാന സൂത്രധാരൻ ചെയർമാൻ സാഗർ ഭാനുശാലിയാണെന്നു തെളിഞ്ഞത്. 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഇയാൾ കൊലയാളി സംഘത്തിനു നൽകിയത്. ഇതിനായി അഞ്ചു ലക്ഷം രൂപ അഡ്വാൻസും നൽകിയിരുന്നു. ഉത്തർപ്രദേശ് പോലീസിലെ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ഉത്തർപ്രദേശിൽനിന്നാണ് ഭാനുശാലിയെ മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.
സാമ്പത്തികബാധ്യതയും കമ്പനി പിടിച്ചെടുക്കൽ മോഹവും
അലുമിനിയം ഫോയിലുകൾ നിർമിക്കുന്ന ജിഎസ്എം ഫോയിൽസിലെ തന്റെ ഓഹരികൾ സാഗർ ഭാനുശാലി നേരത്തേ പർമാറിന് വിറ്റ് 32 കോടിയോളം കൈപ്പറ്റിയിരുന്നു. ഔദ്യോഗിക ഓഹരിക്കൈമാറ്റം നടന്നുമില്ല. എന്നാൽ അന്താരാഷ്ട്ര ഓഹരി വിപണിയിൽ തെറ്റായ നിക്ഷേപങ്ങൾ നടത്തി ഇയാൾ കടുത്ത സാമ്പത്തികബാധ്യതയിലായി.
പർമാറിനെ വധിച്ചാൽ ഈ സാമ്പത്തിക ബാധ്യതയിൽനിന്നു രക്ഷപ്പെടാമെന്നും കമ്പനിയുടെ പൂർണ നിയന്ത്രണം തിരികെ പിടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഭാനുശാലി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
ഓഹരി വിപണിയിൽ വൻ തിരിച്ചടി
സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഎസ്എം ഫോയിൽസ് കമ്പനി അധികൃതർ വെടിവയ്പു വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില ഒറ്റയടിക്ക് 20 ശതമാനം ഇടിഞ്ഞ് 192ലേക്ക് കൂപ്പുകുത്തി.
അതേസമയം, ആക്രമണം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വസായി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫാക്ടറികൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
Tags : dispute GSM Foils MD shot arrest share price Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash