മുഖ്യമന്ത്രി വി.ഡി.സതീശൻ.
തിരുവനന്തപുരം: നൂറു ദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർണമായി പൂർത്തിയാക്കി. ആകെ ലക്ഷ്യങ്ങളുടെ 96.5 ശതമാനവും കൈവരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനവും ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് പദ്ധതികൾ നടപ്പാക്കിയത്.
നിശ്ചയിച്ച ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് നേരിട്ട് അറിയുന്നതിനായി പ്രത്യേക പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും.
വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനവുമാണ് പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ സഹായിച്ചത്. ഓരോ ഫയലിലും ഓരോ ജീവിത പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫയൽ നീക്കത്തിന് പുതിയ രീതി കൊണ്ടുവരുമെന്നും അറിയിച്ചു. ജനസ്പര്ശം എന്ന പേരിൽ ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്ത് നടത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വയോജന വകുപ്പിന് പുതിയ നിയമം കൊണ്ടുവരും. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ്. ഇത് മുഴുവൻ സംസ്ഥാനങ്ങൾക്കും ഒരു മാതൃകയാകും. ഈ സഭാ സമ്മേളനത്തിൽ അത് പാസാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : press meet v.d.satheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash