എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ.
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പിണറായി വിജയനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കോടതിയും പൊലിസും അന്വേഷണ ഏജൻസികളും പിണറായി വിജയനെ ഏറെക്കാലമായി വേട്ടയാടുകയാണ്. ലാവ്ലിൻ കേസ് ഇതിന് ഉദാഹരണമാണെന്നും ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടും പിണറായി വിജയന് ഒരു പോറലുപോലും ഏറ്റിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിലെ കോടതി വിധി രാഷ്ട്രീയമായും നിയമപരമായും നേരിടുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കും. കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും അതേസമയം വിധിയെ വിമർശിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഉത്തരവ് അന്തിമവിധിയാണെന്ന് കരുതുന്നില്ല.
കേസുമായി ബന്ധപ്പെട്ട നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു. എക്സാലോജിക് ഇടപാടിൽ ക്രമക്കേടുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേസെടുക്കാമായിരുന്നുവെന്നും ഇഡി കേസ് എടുക്കാത്തത് ആരോപണങ്ങളിൽ കഴമ്പില്ലെന്നതിന്റെ സൂചനയാണെന്നും ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
കേസിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരെക്കുറിച്ചും അന്വേഷണം നടത്തണം. ഒരു വിഷയം തുടർച്ചയായി സജീവമാക്കി നിർത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും പിണറായി വിജയനെ ലക്ഷ്യമിട്ട് സിപിഎമ്മിനെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Tags : T.P.Ramakrishnan PinarayiVijayan MasappadiCase ExalogicCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash