മരിച്ച വി. ആയേഷ്
കൊച്ചി: കോതമംഗലത്തെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വ്യാഴാഴ്ച വൈകുന്നേരം 5.10 ഓടെയാണ് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്നും താഴേക്ക് വീണ് തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടു കൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) മരിച്ചത്.
ആയേഷ് ജീവനൊടുക്കുമെന്ന് കരുതുന്നില്ലെന്നും കോളജിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.
മൂന്നാം വര്‍ഷം എഐ മെഷീന്‍ ലേണിംഗ് ബ്രാഞ്ച് വിദ്യാര്‍ഥിയായിരുന്നു ആയേഷ്. വിദ്യാര്‍ഥി ഗോവണി വച്ച് കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. ഹോസ്റ്റലിന്‍റെ പ്രവേശന കവാടത്തിന് സമീപത്തെ പുല്‍ത്തകിടിയില്‍ വീണ വിദ്യാര്‍ഥിയെ അഗ്നിരക്ഷാസേന എത്തിയാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
സാരമായി പരിക്കേറ്റ ആയേഷിനെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30 ഓടെ മരിച്ചു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇതേ കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ അരുണാചല്‍പ്രദേശ് സ്വദേശി മിര്‍ച്ചി മാര്‍പ്പു വാടക വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു. ഇയര്‍ ബാക്ക് ഭയന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് എന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തുകയും സമരം നടത്തുകയും ചെയ്തിരുന്നു.
Tags : Death CollegeStudent Kothamangalam Complaint