നോയിഡ അന്താരാഷ്ട്ര വിമാനത്തവാളം
നോയിഡ: ഉത്തർപ്രദേശിലെ ജെവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം' എന്ന് പുനർനാമകരണം ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു.
ഉത്തർപ്രദേശിന് പ്രധാനമന്ത്രി നൽകിയ വലിയ സമ്മാനമാണിതെന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥ്, വിമാനത്താവളത്തിന് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേര് നൽകുന്നതിലൂടെ സംസ്ഥാനത്തിന്റെ അഭിമാനം ഉയരുമെന്നും വ്യക്തമാക്കി.
ഈ വർഷം മാർച്ച് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15-ന് ലക്നൗവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനമിറങ്ങിയാണ് ഇവിടെ ആദ്യ സർവീസ് ആരംഭിച്ചത്. സ്വിസ് സ്ഥാപനമായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണലിന്റെ അനുബന്ധ സ്ഥാപനമായ യമുന ഇന്‍ർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും യുപി സർക്കാരും ചേർന്നാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്.
11,282 കോടി രൂപ ചെലവിൽ നിർമിച്ച ഈ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഇത് വരും വർഷങ്ങളിൽ ഏഴ് കോടിയായി ഉയർത്താനാകും. വിശാലമായ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന 3,900 മീറ്റർ റൺവേയും അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റോഡ്, വ്യോമ മാർഗങ്ങളിലൂടെ മികച്ച കണക്റ്റിവിറ്റിയാണ് വിമാനത്താവളത്തിനുള്ളത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash