പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോയും ട്രെയിൻ സർവീസുകളും പൂർണമായി അടച്ചിടാൻ കഴിയില്ലെന്ന് സുപ്രീംകോടതി. യാത്രാവിലക്കുകൾ പുനഃപരിശോധിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ശനിയാഴ്ച സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോയിലും ട്രെയിനുകളിലും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. "ഈച്ചയെ കൊല്ലാൻ ആരും ചുറ്റിക ഉപയോഗിക്കില്ല" എന്നും കോടതി നിരീക്ഷിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ യാത്ര ചെയ്യുന്നതിനാൽ എല്ലാം പൂർണമായി അടച്ചുപൂട്ടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം യാത്ര ചെയ്യുന്നവരാണെന്നും, യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. നിയന്ത്രണങ്ങളും പൂർണമായ അടച്ചുപൂട്ടലും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതിനും ട്രെയിനുകൾ റദ്ദാക്കുന്നതിനുമെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് കോടതിയെ സമീപിച്ചത്.
ക്രമസമാധാന പാലനത്തിനായി അധികാരികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും, പൊതുഗതാഗതം പൂർണമായി സ്തംഭിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. എല്ലാ ആളുകൾക്കും സ്വന്തമായി കാറോ സ്വകാര്യ വാഹനങ്ങളോ ഇല്ലെന്നും പൊതുഗതാഗതത്തെയാണ് സാധാരണക്കാർ ആശ്രയിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
Tags : SuprmeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash