റിഷാദ്
കൊച്ചി: ആലുവ പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിൽ. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പ് റിഷാദ്(36) ആണ് പിടിയിലായത്.
അലുവ പൊലിസാണ് റിഷാദിനെ പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധരൻ (38) നേരത്തെ അറസ്റ്റിലായിരുന്നു. മണലുമായെത്തിയ വാഹനത്തിന്റെ ഉടമയാണ് പിടിയിലായ റിഷാദ്. മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പൊലിസ് സ്റ്റേഷനുകളിലായി സമാനമായ ഏഴ് കേസുകളിൽ ഉൾപ്പെട്ടയാളാണ് റിഷാദെന്ന് പൊലിസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ പെരിയാറിൽ നിന്ന് വാരി കടത്തുകയായിരുന്ന മണൽ മഹിളാലയം പാലത്തിനടുത്ത് വച്ചാണ് പൊലിസ് പിന്തുടർന്ന് പിടികൂടിയത്. ലോഡ് കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്ഐ രഞ്ജിത്ത് മാത്യു, സിപിഒ മാരായമാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, ഷിബിൻ തോമസ്'എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
റിഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണൽ വാരൽ സംഘത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലിസ് അറിയിച്ചു.
Tags : Periyar sand mining smuggling accused arrested