x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം: വീണ്ടും തുടരന്വേഷണം, ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: October 9, 2026 01:55 PM IST | Updated: October 9, 2026 01:55 PM IST

വയലിനിസ്റ്റ് ബാലഭാസ്കർ, അപകടത്തിൽപെട്ട കാർ (File photo)

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ സിബിഐയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷിന്‍റെ ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. മരണത്തില്‍ ബാലഭാസ്‌കറിന്‍റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തേ സിബിഐ അടക്കം നടത്തിയ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും അതിനാല്‍ പുനരന്വേഷണം വേണമെന്നുമാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇത് മൂന്നാം തവണയാണ് കേസില്‍ സിബിഐ അന്വേഷണം വരുന്നത്.

വാഹനം ഓടിച്ച അര്‍ജുനെ മാത്രമായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരും സഹായികളും പിന്നീട് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കേസില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു.

ബാലഭാസ്‌കര്‍ അറിയാതെ വാഹനത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയിരുന്നോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ലെന്നും മാതാപിതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് നടന്ന അപകടത്തിലാണ് ബാലഭാസ്‌ക്കര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും രണ്ടു വയസുള്ള മകള്‍ മരിക്കുകയും ചെയ്തത്. ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2ന് ആണ് മരിച്ചത്.

Tags : Violinist Balabhaskar HighCourt Investigation

Recent News

Corehub Up