പ്രതീകാത്മക ചിത്രം.
വാഷിംഗ്ടൺ ഡിസി/ന്യൂഡൽഹി: ഇന്ത്യ-യുഎസ് നയതന്ത്രബന്ധം കൂടുതൽ വഷളാകുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി വ്യാപാരചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കെ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ വിദഗ്ധർക്കു ഗ്രീൻ കാർഡ് (സ്ഥിരതാമസ അനുമതി) നൽകുന്നതിനുള്ള പ്രധാന പ്രക്രിയയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (പിഇആർഎം) പ്രോഗ്രാമിൽനിന്ന് പ്രമുഖ ഇന്ത്യൻ, ആഗോള ഐടി കമ്പനികളെ താത്കാലികമായി സസ്പെൻഡ് ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ നടപടി ബന്ധം കൂടുതൽ അസ്വാരസ്യങ്ങൾക്കു വഴിവച്ചിരിക്കുകയാണ്.
ടിസിഎസ് , ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, കോഗ്നിസന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐടി ഭീമന്മാർക്കുപുറമെ മൈക്രോസോഫ്റ്റ്, അഡോബ്, ക്യാപ്ജെമിനി എന്നീ എട്ട് വൻകിട ടെക്നോളജി കമ്പനികൾക്കെതിരേയാണ് യുഎസ് തൊഴിൽ വകുപ്പ് നടപടി സ്വീകരിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ കമ്പനികളിൽനിന്നുള്ള പുതിയ പിഇആർഎം അപേക്ഷകൾ സ്വീകരിക്കുകയോ നിലവിലുള്ളവ പ്രോസസ് ചെയ്യുകയോ ചെയ്യില്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു.
അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, വിദേശ തൊഴിലാളികൾക്കെതിരേ അമേരിക്ക നടത്തുന്ന നീക്കങ്ങളും എച്ച്-1ബി വീസയിലെ പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വലിയ വെല്ലുവിളിയാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയിലേക്ക് ഇന്ത്യൻ ഐടി കമ്പനികൾ നൽകുന്ന വൻ സംഭാവനകൾ തള്ളിക്കളഞ്ഞുകൊണ്ട് ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം കടുപ്പമേറിയ നിലപാടുകൾ ഇന്ത്യ-യുഎസ് സാമ്പത്തിക-വ്യാപാര അന്തരീക്ഷത്തെ വഷളാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ട്രംപ് ഭരണകൂടത്തിന്റെ ആരോപണം
വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ വൻതോതിൽ നിയമിക്കുന്നതുവഴി അമേരിക്കക്കാർക്കു ലഭിക്കേണ്ട തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും വീസ സമ്പ്രദായം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം.
അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് വിദേശ ജീവനക്കാരെ പകരം വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനാണ് ഈ സസ്പെൻഷനെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും തുറന്നടിച്ചു.
എച്ച്-1ബി വീസക്കാരെ എങ്ങനെ ബാധിക്കും?
അമേരിക്കയിൽ വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിന് തൊഴിൽ വകുപ്പിൽനിന്നു നേടേണ്ട ഏറ്റവും പ്രധാനപ്പെട്ട ആദ്യഘട്ട സാക്ഷ്യപത്രമാണ് പിഇആർഎം. താത്കാലിക തൊഴിൽ വീസയായ എച്ച്-1ബി വീസകളിൽനിന്ന് ഇതു വ്യത്യസ്തമാണ്.
ഈ നടപടി നിലവിലുള്ള എച്ച്-1ബി വീസകളെ നേരിട്ട് റദ്ദാക്കില്ല. ജീവനക്കാർക്കു നിലവിലെ വീസയിൽ തുടർന്ന് ജോലി ചെയ്യാം.
പിഇആർഎം പ്രോസസിംഗ് തടസ്സപ്പെടുന്നതോടെ എച്ച്-1ബി വീസയിൽനിന്ന് ഗ്രീൻ കാർഡിലേക്കു മാറാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഗ്രീൻ കാർഡ് സ്വപ്നങ്ങൾ വലിയ അനിശ്ചിതത്വത്തിലാകും.
എച്ച്-1ബി വീസയുടെ പരമാവധി കാലാവധിയായ ആറു വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ പിഇആർഎം പ്രോസസിംഗ് ആരംഭിച്ചവർക്കു മാത്രമേ സാധാരണയായി വീസ നീട്ടി ലഭിക്കാറുള്ളൂ. പുതിയ സസ്പെൻഷൻ കാരണം ഈ ഘട്ടത്തിലുള്ളവർക്ക് വീസ നീട്ടിയെടുക്കാൻ പ്രയാസം നേരിട്ടേക്കാം.
റിക്രൂട്ട്മെന്റിനെ ബാധിക്കില്ലെന്നു ടിസിഎസ്
യുഎസ് സർക്കാരിന്റെ വിലക്ക് തങ്ങളുടെ പ്രവർത്തനങ്ങളെയോ തൊഴിൽ തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്ന് പ്രമുഖ ഇന്ത്യൻ ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിഇആർഎം പ്രോഗ്രാം വഴി വളരെ കുറഞ്ഞ എണ്ണം അപേക്ഷകൾ മാത്രമാണു സമർപ്പിച്ചിട്ടുള്ളതെന്നും കമ്പനി അറിയിച്ചു.
മാത്രമല്ല, പ്രാദേശിക തൊഴിലവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യുഎസിൽനിന്ന് 15,000 പേരെ കൂടി പുതുതായി കമ്പനിയിലേക്കു നിയമിക്കുമെന്നും ടിസിഎസ് വ്യക്തമാക്കി.
Tags : US India GreenCardBan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs