പിണറായി വിജയനും മുഹമ്മദ് റിയാസും (File photo)
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഇഡി നല്‍കിയ കത്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ അഡ്വ. കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദീന്‍റെ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.
പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസ് എടുക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. കേസ് എടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കത്തില്‍ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങള്‍ തെളിവ് കൈമാറിയതെന്നും അതില്‍ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.
എന്നാല്‍, ഡയറി മാത്രം വച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മൊഴിവിവരങ്ങള്‍ തെളിവായുണ്ടല്ലോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും കഴിഞ്ഞെന്ന് കോടതിയില്‍ ഇഡി ഉന്നയിച്ചിരുന്നു.
സുപ്രീം കോടതി വിധി പ്രകാരം, ലളിത കുമാരി കേസ് ഉദ്ധരിച്ചു കൊണ്ടായിരുന്നു സര്‍ക്കാരിന്‍റെ വാദം. അഴിമതി പോലുള്ള കൊഗ്നിസിബിള്‍ ഒഫന്‍സ് ആണോയെന്ന് പരിശോധിക്കാനായി ഏഴു ദിവസത്തേക്ക് പ്രാഥമിക അന്വേഷണം നടത്താമെന്ന വാദം അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇഡിയുടെയും ഹര്‍ജിക്കാരന്‍റെയും വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി കേസ് എടുക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
ഇഡി നല്‍കിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് കോടതി വിശദമായി പരിശോധിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മതിയായ വിവരങ്ങളും തെളിവുകളും ഉണ്ടെന്ന് കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.
ഇതോടെ കേസില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്ന സര്‍ക്കാരിന്‍റെ തീരുമാനത്തിനും തിരിച്ചടിയായിരിക്കുകയാണ്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും പിണറായി വിജയന്‍റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടി ലഭിച്ചുവെന്നതാണ് കേസിന് ആധാരമായ വിഷയം യാതൊരു സേവനവും നല്‍കാതെയാണ് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതെന്ന ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
Tags : PinarayiVijayan PAMohammedRiyas HighCourt CMRL Exalogic