Kerala
കൊച്ചി: സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുന്നു. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് ഒരേ സമയം പുരോഗമിക്കുന്നത്.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വീണ വിജയന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
Kerala
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.
ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സാലോജിക്കിന് 1.72 കോടി രൂപ നല്കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം ഏപ്രിൽ 23ലേക്ക് മാറ്റി ഡൽഹി ഹൈക്കോടതി. കേസിൽ അന്തിമ വാദം ഇന്ന് നടക്കുമെന്നായിരുന്നു വിലയിരുത്തൽ.
സമയക്കുറവ് മൂലമാണ് ഇന്ന് കോടതി ഹർജികൾ പരിഗണിക്കാതെ മാറ്റിയത്. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നിരുന്നു.
എന്നാൽ ഒക്ടോബറിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.
കേന്ദ്ര സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐഒയും സിഎംആര്‍എല്ലും നേരത്തെ ആരോപിച്ചിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും.
ജസ്റ്റീസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിൽ വാദം കേൾക്കുന്നതിൽനിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പിന്മാറിയിരുന്നു.
പിണറായി വിജയന്റെ മകൾ ടി. വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ. അജയനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം. സിഎംആർഎൽ, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
National
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് കുഴൽനാടന്റെ പരാതി പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കരിമണൽ കന്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കന്പനി കോടികൾ കൈപ്പറ്റിയെന്നാണു ഹർജിയിലെ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമപ്രവര്ത്തകന് എം.ആര്. അജയനാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും കോടതിയില്‍ നേരത്തെ സത്യവാംഗ്മൂലം നല്‍കിയിരുന്നു. എക്സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വീണ വിജയൻ കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രിയും മകള്‍ വീണയും വ്യക്തമാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.