കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കേസിൽ പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇതിൽ ലോക്കർ സൗകര്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. അതേസമയം വീണയ്ക്കെതിരായ അന്വേഷണത്തിന്റെ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്.
വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം.
ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക. തിങ്കളാഴ്ച ഹൈക്കോടതി കേസിൽ അപ്പീൽ പരിഗണിക്കാനിരിക്കെയാണ് ഇഡി നടപടികൾ വേഗത്തിലാക്കുന്നത്.
Tags : veena vijayan bank locker ed cmrl exalogic