ഇന്ദിരാഭവൻ
തിരുവനന്തപുരം: തർക്കങ്ങളും വിവാദ പരാമർശങ്ങളും പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയും അവസാനിപ്പിക്കാനുമുള്ള അവസാനഘട്ട കരുനീക്കത്തിന് കോൺഗ്രസ് നേതൃത്വം.
മുഖ്യമന്ത്രിയുടെ ഭരണശൈലിയും യുഡിഎഫ് കൺവീനറുടെ അപക്വമായ വിമർശനവും ചർച്ച ചെയ്യാനൊരു വേദിയായി കെപിസിസി യോഗം മാറും. ഇതിന്റെ ഭാഗമായിട്ടാണ് 13നു കെപിസിസി യോഗം വിളിച്ചുകൂട്ടി പാർട്ടി-സർക്കാർ ഏകോപനസമിതി രൂപീകരിക്കാൻ ഒരുങ്ങുന്നത്.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉയർത്തിയ വിവാദ വിമർശനത്തിനു പിന്നാലെ ഡൽഹിയിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ചർച്ച നടത്തിയാണ് കെപിസിസി യോഗം വിളിക്കാൻ തീരുമാനിച്ചത്. കെപിസിസി, ഡിസിസി പുനഃസംഘടന വൈകുന്നതും ബോർഡ്, കോർപറേഷൻ അധ്യക്ഷന്മാരുടെ നിയമനങ്ങൾ നീണ്ടുപോകുന്നതും ചർച്ച ചെയ്യപ്പെടും.
ഇതുകൂടാതെ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധവും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരായ തുടർസമരങ്ങളും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്ന് പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടും അന്തിമ തീരുമാനമില്ലാത്തതിലെ തർക്കങ്ങളും ചർച്ച ചെയ്യപ്പെടും.
മുഖ്യമന്ത്രിക്കെതിരേ പത്രസമ്മേളനം
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരേ നടത്തിയ വിമര്‍ശനം ചര്‍ച്ചയാകും. പാര്‍ട്ടി ആസ്ഥാനത്തിരുന്നു മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നു വി.ഡി. സതീശനോട് അടുപ്പമുള്ളവര്‍ പറയുമ്പോള്‍ അടൂര്‍ പ്രകാശിന്റെ ആരോപണം പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നു മറുഭാഗം വാദിക്കുന്നുണ്ട്. മന്ത്രിമാരും എംപിമാരും മുതിർന്ന നേതാക്കളും അടൂർപ്രകാശിനെ തള്ളിപ്പറഞ്ഞിരുന്നു.
ബോർഡ് -കോർപറേഷൻ പദവി
ബോര്‍ഡ് കോര്പറേഷന് അധ്യക്ഷന്മാരെ നിയമിക്കുന്നതും നീളുകയാണ്. യുഡിഎഫ് അധികാരത്തിൽ വരുന്പോഴെല്ലാം ബോർഡ്- കോർപറേഷൻ അധ്യക്ഷപദവികളിലൊന്നും സമയത്തിനു വിഭജനം നടക്കാറില്ല. 10 വര്‍ഷത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്തിയിട്ടും പല നിലകളില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുന്നതില്‍ അണികളിലും അതൃപ്തിയുണ്ട്.
പാർട്ടി- സർക്കാർ സമിതി
സർക്കാരും പാർട്ടിയും തമ്മിലൊരു ഏകോപനം ഉണ്ടാകണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെല്ലാം ഏകസ്വരമാണ്. കൂടിയാലോചനകൾ ഉണ്ടായിരുന്നെങ്കിൽ വിദേശയാത്രയും വിമാനയാത്രയും പ്രതിപക്ഷത്തിന് അടിക്കാനുള്ള വടിയായി മാറില്ലെന്നും നേതാക്കൾ പറയുന്നു.
Tags : KPCCMeeting Amidst Controversies UDFConvenor AdoorPrakash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash