Kerala
പത്തനംതിട്ട: യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്നും എന്നാല്‍ താന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. അടൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതാണ്. ആരുടെ ഭാഗത്തു നിന്നും ഒരു സമവായശ്രമവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസില്‍ താന്‍ ഒറ്റയ്ക്കാണ്. ആരുടെയും പിന്തുണയില്ലന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
ഇരിട്ടി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് നിലപാടെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ്. അടൂർ പ്രകാശ് എഐസിസി അംഗവും മുതിർന്ന നേതാവുമാണ്.
അദ്ദേഹംതന്നെ ഇതു സംബന്ധിച്ച് ഹൈക്കമാൻഡിനു പരാതി നൽകുമെന്നു മാധ്യമപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് വ്യക്തിപരമായി അഭിപ്രായം പറയേണ്ടന്നാണു തന്റെ നിലപാടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എം.കെ. മുനീറിനു കാബിനറ്റ് പദവി നൽകിയത് അർഹതയ്ക്കുള്ള അംഗീകാരമാണ്. തെരഞ്ഞെടുപ്പു കമ്മിഷനെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നടത്തുന്ന പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ ഡിസിസി സെക്രട്ടറിമാരായ ബെന്നി തോമസ്, ടി.എ. ജസ്റ്റിൻ എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തി വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടിയിൽ ഹൈക്കമാൻഡിനും അതൃപ്തി.
യുഡിഎഫ് കൺവീനറുടെ പരസ്യപ്രസ്താവനയിൽ വി.ഡി. സതീശൻ എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിയോട് പരാതി അറിയിച്ചു. അടൂർ പ്രകാശും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരേ പരാതി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ദീപാ ദാസ് മുൻഷിയെ ചുമതലപ്പെടുത്തി.
പാർട്ടി സർക്കാർ ഏകോപനം ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ പോക്കെന്നും യുഡിഎഫിൽ ആലോചിക്കാതെയാണ് പല കാര്യങ്ങളും സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രി തീരുമാനിക്കുന്നത് എന്നുമാണ് അടൂർ പ്രകാശ് ഹൈക്കമാൻഡിനെ ബോധിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും ഘടകകക്ഷി നേതാക്കൾക്കും അതിർത്തിയുണ്ടെന്നും കോൺഗ്രസിലെ പല നേതാക്കളും ഹൈക്കമാൻഡിന് പരാതി അറിയിച്ചിട്ടുണ്ട്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരെ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി മുസ്ലിം ലീഗിലെ എം.കെ. മുനീറിനെ തീരുമാനിച്ച കാര്യം യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല എന്നും താനിക്കാര്യം അറിഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. പല കാര്യങ്ങളും മുഖ്യമന്ത്രി താനുമായി കൂടിയാലോചന നടത്താറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സംഭവം വിവാദമായെങ്കിലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും അനുഭവത്തിൽ വെളിച്ചത്തിൽ ഉള്ള കാര്യങ്ങളാണ് താൻ വ്യക്തമാക്കിയത് എന്നും അടൂർ പ്രകാശ് ആവർത്തിച്ച് പറഞ്ഞതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി 100 ദിവസങ്ങൾ പിന്നിട്ടിട്ടും മുന്നണിയിൽ തർക്കങ്ങളും വാക്കേറ്റങ്ങളും ഉണ്ടാകുന്നത് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങൽ വരുത്തുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം.
ജനങ്ങൾ നൽകിയ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കണമെന്നും ഗാന്ധിയൻ ആദർശങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ട് പോകണമെന്നും ഈ വിഷയത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും കടുത്ത അതൃപ്തിയുമായി എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യുഡിഎഫ് നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ലെന്നും അടുർ പ്രകാശ് തുറന്നടിച്ചു.
പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെയാണ് അറിയിക്കാറുള്ളതെന്നും തനിക്ക് ചുമതല നൽകിയത് എഐസിസി ആണെന്നും അദ്ദേഹം വ്യക്തമാക്കി.
അതൃപ്തി അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുകൂട്ടേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും അത് ചെയർമാന്റെ അനുമതിയോടെയാണ് ചെയ്യേണ്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ലെന്നും എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെ എന്നും എം.കെ. മുനീറിന്റെ പദവി അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അർഹതപ്പെടാത്ത ആർക്കും പദവി നൽകിയെന്ന് താൻ പറയുന്നില്ല. ഇത് സംബന്ധിച്ച് എഐസിസിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം വിശദമാക്കി.
യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള തന്റെ അതൃപ്തി പരസ്യമായി വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ്. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും തന്നെ അറിയിച്ചിട്ടില്ല. കൺവീനറെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല എന്നത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എന്നാലും യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി യുഡിഎഫിൽ വിള്ളൽ. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തെ പൂർണമായും തള്ളിക്കൊണ്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തു വന്നതോടെ പദ്ധതിയിൽ യുഡിഎഫിനുള്ളിലെ ചേരിതിരിവ് വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ അടൂർ പ്രകാശ് പറഞ്ഞത്, യുഡിഎഫ് യോഗത്തിൽ പിഎം ശ്രീയുമായി ബന്ധപ്പെട്ട ചർച്ച നടന്നുവെന്നും കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പിഎം ശ്രീ നടപ്പാക്കേണ്ട സ്കൂളുകളെ സംബന്ധിച്ചുള്ള തെരഞ്ഞെടുക്കൽ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നുമായിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ ഇന്നലെ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അടൂർ പ്രകാശിന്റെ പരാമർശത്തിനെതിരേ രംഗത്തു വന്നതോടെയാണ് പിഎം ശ്രീയിൽ യുഡിഎഫിലെ വിള്ളൽ വ്യക്തമായത്.
യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ 101 ശതമാനവും തെറ്റാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
പിഎം ശ്രീ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനായി നിയോഗിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ കൈക്കൊള്ളുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനു പിന്നാലെ അടൂർ പ്രകാശ് തന്റെ പഴയ നിലപാടിൽ നിന്നു മലക്കംമറിഞ്ഞു. ഇന്നലെ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കണ്‍വീനർ, പിഎം ശ്രീ പദ്ധതി സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രതികരിച്ചത്. താൻ പത്രസമ്മേളനത്തിൽ പറഞ്ഞത് യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനം എടുക്കുമെന്നുമായി പുതിയ നിലപാട്.
ഇതോടെ കഴിഞ്ഞ ഇടതു സർക്കാരിൽ സിപിഎം-സിപിഐ പരസ്യ പോരിനു വഴി വച്ച പിഎം ശ്രീ ഇപ്പോൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽനിന്നുള്ള ഫണ്ടുകൾ ലഭിക്കാത്ത സാഹചര്യമുണ്ടാവും.
പിഎം ശ്രീയിൽ റിപ്പോർട്ട് തയാറാക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവവരെ റിപ്പോർട്ട് നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇനി യുഡിഎഫ് യോഗം ഓണത്തിനു ശേഷമേ ഉണ്ടാവുകയുള്ളു.
Kerala
തിരുവനന്തപുരം: പിഎംശ്രീ പദ്ധതി നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതിയിൽ തുടരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഷയം യുഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നുമാണ് അടൂർ പ്രകാശിന്റെ നിലപാട്. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് അനുസരിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യമൊന്നുമില്ലെന്നും വിഷയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ നടപ്പാക്കുന്ന കാര്യത്തിൽ ഗൗരവമുള്ള ചർച്ച നടന്നിട്ടില്ലെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇത് സംബന്ധിച്ച് ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ ചില കാര്യങ്ങൾ സൂചിപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി അന്തിമ തീരുമാനം പറഞ്ഞിരുന്നില്ല.
വിഷയത്തിൽ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ യുഡിഎഫ് നിയോഗിച്ചിരുന്നുവെങ്കിലും ഈ കമ്മിറ്റി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കമ്മിറ്റി റിപ്പോർട്ട് നൽകും മുമ്പ് എങ്ങനെയാണ് പിഎം ശ്രീ നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചത് എന്നാണ് ലീഗ് നേതൃത്വത്തിന്റെ ചോദ്യം. ഈ വിയോജിപ്പാണ് പി.കെ.കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രകടിപ്പിച്ചത്.
Kerala
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തു കേന്ദ്ര സർക്കാരുമായി ഒപ്പുവച്ച പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാ പത്രത്തിൽനിന്നു പിൻവാങ്ങാൻ കഴിയില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
കഴിഞ്ഞ സർക്കാരാണ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രസഭാ ഉപസമിതിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും തുടർനടപടി .
ഫണ്ട് സംബന്ധിച്ചുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബോർഡ് കോർപറേഷനുകളിലെ നിയമനങ്ങൾ ഉടൻ നടത്തുമെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ഉടൻ പൂർത്തിയാകും.
എൽഡിഎഫ് പ്രതിനിധികൾ വഹിക്കുന്ന ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ അവർ സ്വമേധയാ രാജിവയ്ക്കുന്നതാണ് ഉചിതം.
സർക്കാർ ഔദ്യോഗികമായി ബോർഡുകൾ പിരിച്ചുവിടേണ്ട സാഹചര്യം ഒഴിവാക്കി മാന്യമായി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.