കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി യുഡിഎഫിൽ വിള്ളൽ. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തെ പൂർണമായും തള്ളിക്കൊണ്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തു വന്നതോടെ പദ്ധതിയിൽ യുഡിഎഫിനുള്ളിലെ ചേരിതിരിവ് വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ അടൂർ പ്രകാശ് പറഞ്ഞത്, യുഡിഎഫ് യോഗത്തിൽ പിഎം ശ്രീയുമായി ബന്ധപ്പെട്ട ചർച്ച നടന്നുവെന്നും കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പിഎം ശ്രീ നടപ്പാക്കേണ്ട സ്കൂളുകളെ സംബന്ധിച്ചുള്ള തെരഞ്ഞെടുക്കൽ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നുമായിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ ഇന്നലെ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അടൂർ പ്രകാശിന്റെ പരാമർശത്തിനെതിരേ രംഗത്തു വന്നതോടെയാണ് പിഎം ശ്രീയിൽ യുഡിഎഫിലെ വിള്ളൽ വ്യക്തമായത്.
യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ 101 ശതമാനവും തെറ്റാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
പിഎം ശ്രീ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനായി നിയോഗിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ കൈക്കൊള്ളുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനു പിന്നാലെ അടൂർ പ്രകാശ് തന്റെ പഴയ നിലപാടിൽ നിന്നു മലക്കംമറിഞ്ഞു. ഇന്നലെ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കണ്‍വീനർ, പിഎം ശ്രീ പദ്ധതി സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രതികരിച്ചത്. താൻ പത്രസമ്മേളനത്തിൽ പറഞ്ഞത് യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനം എടുക്കുമെന്നുമായി പുതിയ നിലപാട്.
ഇതോടെ കഴിഞ്ഞ ഇടതു സർക്കാരിൽ സിപിഎം-സിപിഐ പരസ്യ പോരിനു വഴി വച്ച പിഎം ശ്രീ ഇപ്പോൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽനിന്നുള്ള ഫണ്ടുകൾ ലഭിക്കാത്ത സാഹചര്യമുണ്ടാവും.
പിഎം ശ്രീയിൽ റിപ്പോർട്ട് തയാറാക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവവരെ റിപ്പോർട്ട് നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇനി യുഡിഎഫ് യോഗം ഓണത്തിനു ശേഷമേ ഉണ്ടാവുകയുള്ളു.
മലപ്പുറം: വിവാദ പിഎംശ്രീ പദ്ധതി സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോണ്‍ഗ്രസും മുസ്ലിം ലീഗും വ്യത്യസ്ത നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പിഎംശ്രീയില്‍ കോണ്‍ഗ്രസിനും ലീഗിനും ഒരേ അഭിപ്രായമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രിസഭ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സര്‍ക്കാര്‍ അന്തിമ നിലപാട് വ്യക്തമാക്കും. അതിനു ശേഷമേ യുഡിഎഫും ഔദ്യോഗിക അഭിപ്രായം വ്യക്തമാക്കുകയുള്ളൂ.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച പദ്ധതിയാണ് പിഎംശ്രീയെന്നും അതിന്റെ നിയമപരവും സാങ്കേതികവുമായ സങ്കീര്‍ണതകള്‍ നിയമസഭയില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയിലാണ് അന്ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്നും ഇനി പദ്ധതിയില്‍ നിന്ന് എങ്ങനെ പിന്മാറാമെന്നത് സബ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : PMShri Kunhalikutty AdoorPrakash UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash