സുപ്രീംകോടതി.
ന്യൂഡൽഹി: സ്കൂളുകളിലെ ആർത്തവ ശുചിത്വത്തെ സംബന്ധിച്ച അടിസ്ഥാന യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിന് മിന്നൽ പരിശോധന നടത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോടു (ഡിഇഒ) സുപ്രീംകോടതി.
അധ്യാപകരടങ്ങുന്ന സംഘത്തോടൊപ്പം സ്കൂളുകളിലെത്തി അവിടെ ആവശ്യമായ ശൗചാലയങ്ങൾ, ശുചീകരണത്തിനുള്ള സൗകര്യം, ആർത്തവ ശുചിത്വ പരിപാലനകേന്ദ്രം, മാലിന്യസംസ്കരണ സംവിധാനം എന്നിവയുണ്ടോയെന്നു പരിശോധിക്കാനാണ് കോടതിയുടെ നിർദേശം.
രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ ആർത്തവ ശുചിത്വ സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ പല സംസ്ഥാനങ്ങളും പാലിച്ചില്ലെന്നു കണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കേന്ദ്രസർക്കാരിന്റെ ആർത്തവ ശുചീകരണ നയം രാജ്യവ്യാപകമായി നടപ്പിലാക്കാൻ മുമ്പ് ഉത്തരവിട്ടിരുന്ന കോടതി സ്വകാര്യ, സർക്കാർ സ്കൂളുകൾക്ക് ഇതുസംബന്ധിച്ച് നിർബന്ധിത മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ആർത്തവ ശുചിത്വം സംബന്ധിച്ച കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ പല സംസ്ഥാനങ്ങളും വീഴ്ച വരുത്തിയെന്നാണു കോടതിയുടെ കണ്ടെത്തൽ. നിർദേശങ്ങൾ പാലിക്കുന്നതിൽ സംസ്ഥാനങ്ങൾ നൽകിയ റിപ്പോർട്ടുകളിൽ സുപ്രീംകോടതി അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.
വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഡിഇഒമാർ നടത്തിയ പരിശോധനകളുടെ കണ്ടെത്തലുകളും വിദ്യാർഥികളിൽനിന്നു ശേഖരിച്ച അജ്ഞാതമായ അഭിപ്രായങ്ങളും വെളിപ്പെടുത്താൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു.
Tags : SupremeCourt Schools Hygiene Menstrual Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash