സെന്റ് ഹെലീന ദ്വീപ് സന്ദർശിച്ച ജോർജ് ആറാമൻ രാജാവും എലിസബത്ത് രാജ്ഞിയും കുടുംബാംഗങ്ങളും ജോനാഥൻ ആമയ്ക്കു സമീപം.
അവൻ നിസാരക്കാരനല്ല, അവന്റെ ഇതുവരെയുള്ള ജീവിതകാലത്തിനിടയിൽ നാൽപതിലധികം യുഎസ് പ്രസിഡന്റുമാർ കടന്നുപോയി. എട്ട് ബ്രിട്ടീഷ് രാജാക്കന്മാരും! 1947-ൽ എലിസബത്ത് രാജ്ഞി (അന്നു രാജകുമാരി) അവനെ കാണുകയും ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു. മാനുഷിക ചരിത്രത്ത മാറ്റിമറിച്ച ഒട്ടനവധി സംഭവങ്ങൾക്കു സാക്ഷി! ലോകമഹായുദ്ധങ്ങൾ മുതൽ ഗൾഫ് യുദ്ധങ്ങൾ വരെ. ഭൂമിയിൽനിന്നു വിസ്മയപൂർവം നോക്കിനിന്നിരുന്ന ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിനും അവൻ സാക്ഷി! അതേ അവൻ തന്റെ ജീവിതം തുടരുകയാണ്. പേര് 'ജോനാഥൻ'. പ്രായം 194. ഭാരം ഏകദേശം 180 കിലോഗ്രാം. താമസം ബ്രിട്ടന്റെ കീഴിലുള്ള സെന്റ് ഹെലീന ദ്വീപിൽ. 'അൽഡബ്ര' ഇനത്തിൽപ്പെട്ട 'ആമ'യാണു കക്ഷി!
ഭൂമിയിൽ, കണ്ടെത്തിയതിൽ ഏറ്റവും പ്രായമുള്ള കരജീവിയായ ജോനാഥന്റെ ആയർദൈർഘ്യത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രലോകം. ശാസ്ത്രജ്ഞർ രണ്ടു കാര്യങ്ങളാണു പ്രധാനമായും പഠനവിധേയമാക്കിയത്. ജോനാഥന്റെ ജീനോം, ഡിഎൻഎ മീഥൈലോം എന്നിവയാണിത്.
പ്രായമാകുമ്പോൾ ജീനുകളിൽ ഉണ്ടാകുന്ന ക്രമമില്ലായ്മ, വ്യതിയാനങ്ങൾ എന്നിവ ജോനാഥനിൽ കുറവാണെന്നു ഗവേഷകർ കണ്ടെത്തി. മൈറ്റോകോൺഡ്രിയൽ ഊർജോത്പാദനം നിയന്ത്രിക്കുന്ന മേഖലകളിൽ, ഈ ക്രമമില്ലായ്മ വളരെ കുറവായാണു ഗവേഷകർ കണ്ടെത്തിയത്. ജോനാഥിനു പ്രായമായിട്ടില്ലെന്നു തോന്നിക്കുന്ന തരത്തിലാണു ജീനുകൾ കാണപ്പെട്ടത്.

മൈറ്റോകോൺഡ്രിയയുടെ ക്ഷയവും ഊർജോത്പാദനവും നിയന്ത്രിക്കുന്നതിലൂടെ ദീർഘായുസ് സാധ്യമാക്കാം. ജോനാഥന്റെ ജീനുകളുടെ പഠനം ഇങ്ങനെയൊരു സാധ്യതയിലേക്കാണു വഴിതുറക്കുന്നതെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു. മൈറ്റോകോൺഡ്രിയയ്ക്ക് ഉണ്ടാകുന്ന പ്രായമാകലിന്റെ ആഘാതങ്ങളിൽനിന്നു സംരക്ഷിക്കാൻ സാധിച്ചേക്കാം. അങ്ങനെ മനുഷ്യന്റെ ആരോഗ്യപൂർണമായ ആയുസു വർധിപ്പിക്കാൻ കഴിയുമെന്ന് വാണ്ടർബിൽറ്റ്-ഇൻഗ്രാം കാൻസർ സെന്ററിലെ ഗവേഷകനും പഠനത്തിനു നേതൃത്വവും നൽകിയ സ്റ്റീഫൻ ക്ലാർക്ക് വ്യക്തമാക്കി.
ദീർഘായുസിനെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'കലെൽ ഫൗണ്ടേഷൻ' നടത്തുന്നതും സ്റ്റീഫൻ ക്ലാർക്ക് ആണ്. ജോനാഥൻ ആമയിലും അതുപോലെ, മറ്റു ജീവികളിലും നടക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘായുസിനായുള്ള മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള ക്ലിനിക്കൽ ട്രയലുകൾ ഉടൻ ആരംഭിക്കുമെന്ന് ക്ലാർക്ക് അറിയിച്ചു.

എന്തുകൊണ്ട് ജോനാഥൻ?
ബ്രിട്ടനു കീഴിലുള്ള സെന്റ് ഹെലീന ദ്വീപിൽ ജീവിക്കുന്ന 194 വയസുള്ള അൽഡബ്ര ഇനത്തിൽപ്പെട്ട ആമയാണ് ജോനാഥൻ. ഇത് സീഷെൽസ് ആമകളുടെ ഒരു ഉപവിഭാഗമാണ്. 1832 മുതൽ ജീവിച്ചിരിക്കുന്ന ജോനാഥന്റെ ദീർഘായുസിനെക്കുറിച്ച് പഠിക്കാൻ സ്റ്റീഫൻ ക്ലാർക്ക്, അവന്റെ രക്തസാമ്പിളുകൾ ശേഖരിക്കാൻ അനുമതി തേടി. തുടക്കത്തിൽ നിയമപരമായ അനുവാദം ലഭിച്ചില്ലെങ്കിലും, ആമയുടെ കവിളിന്റെ ഉള്ളിൽനിന്നു കോശങ്ങൾ ശേഖരിക്കാൻ ക്ലാർക്കിന് അനുമതി ലഭിച്ചു. ഇതാണു പഠനത്തിലേക്കു വഴിതുറന്നത്.
ജോനാഥന്റെ ജീനോം മറ്റ് അൽഡബ്ര ആമകളുടെയും ജീവിവർഗങ്ങളുടെയും ജീനോമുമായി താരതമ്യം ചെയ്താണു ആയുർരഹസ്യം പഠിച്ചത്. ഡിഎൻഎ പുനരുദ്ധാരണം, കോശങ്ങളുടെ കേടുപാടുകൾ തടയൽ, ഉപാപചയ പ്രവർത്തനം, മൈറ്റോകോൺഡ്രിയൽ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി അപൂർവ ജനിതക വ്യതിയാനങ്ങൾ ജോനാഥനിൽ കണ്ടെത്തി. ഇതിൽ മൈറ്റോകോൺഡ്രിയൽ പ്രവർത്തനമാണ് ശാസ്ത്രജ്ഞരെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. കാരണം പ്രായമാകുമ്പോൾ ജീനുകളിൽ സാധാരണയായി ഉണ്ടാകുന്ന 'ക്രമരഹിതത്വം' ജോനാഥന്റെ ജീനുകളിൽ പ്രകടമായിരുന്നില്ല.
വ്യത്യസ്ത പ്രായത്തിലുള്ള അൽഡബ്ര ആമകളുടെ മീഥൈലോമുമായി ജോനാഥന്റെ മീഥൈലോം താരതമ്യം ചെയ്തപ്പോൾ കാര്യമായ വ്യത്യാസങ്ങൾ കാണപ്പെട്ടു. അതായത്, എല്ലാ അൽഡബ്ര ആമകളിലും പ്രത്യേകത ഉണ്ടാകണമെന്നില്ലെന്നു പഠനം വെളിപ്പെടുത്തുന്നു.
Tags : International Jonathantortoise Aldabra KallelFoundation DNAmethylome Methylationentropy ScienceNews