പിണറായി വിജയൻ, വി.ഡി.സതീശൻ.
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നല്‍കിയേക്കില്ല. കോടതി ഉത്തരവനുസരിച്ച് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. അതേസമയം കേസിൽ നേരിട്ടുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇഡി കൈമാറിയ കത്തും തെളിവുകളും പരിഗണിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തയാറായിരുന്നില്ല. പകരം, ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ പ്രാഥമിക അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.
എന്നാൽ എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശം. ഇതോടെ കേസിൽ തുടർനടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം വിജിലൻസിനാകും. നിലവിൽ വിജിലൻസിന്റെ പക്കൽ കേസുമായി ബന്ധപ്പെട്ട ഫയലുകളില്ല.
എസ്ഐടിയിൽനിന്ന് രേഖകൾ ഏറ്റുവാങ്ങിയശേഷമായിരിക്കും വിജിലൻസ് തുടർനടപടികളിലേക്ക് കടക്കുക. എസ്ഐടി രേഖപ്പെടുത്തിയ മൊഴികളും ഇഡി കൈമാറിയ കത്തും മറ്റ് തെളിവുകളും വിജിലൻസ് പരിശോധിക്കും.
Tags : PinarayiVijayan MasappadiCase ExalogicCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash