പ്രതീകാത്മക ചിത്രം
കോൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ രണ്ട് സീറ്റിലും ബിജെപിക്ക് വൻ വിജയം. നന്ദിഗ്രാമിൽ റിക്കാർഡ് ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാർഥി ഹസി റാണി രഥ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹസി റാണി രഥ് പരാജയപ്പെടുത്തിയത്.
ഹസി റാണി രഥിന് 1,64,427 വോട്ടുകൾ ലഭിച്ചപ്പോൾ മിലൻ പ്രധാനിന് 41,674 വോട്ടുകൾ ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ സിപിഐ സ്ഥാനാർഥി സന്തി ഗോപാൽ ഗിരിക്ക് 5,779 വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചിരുന്നു. തുടർന്ന് നന്ദിഗ്രാം സീറ്റിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത സഹായിയായിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ മാതാവാണ് ഹസി റാണി രഥ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മേയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നന്ദിഗ്രാമിന് പിന്നാലെ റെജിനഗർ നിയമസഭാ മണ്ഡലത്തിലും ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാർഥി ശങ്കറവ്വ് സർക്കാർ 75,816 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം പിടിച്ചെടുത്തത്.
ശങ്കറവ്വ് സർക്കാരിന് 1,29,914 വോട്ടുകൾ ലഭിച്ചു. ആം ജനത ഉന്നയൻ പാർട്ടി സ്ഥാനാർഥി ഗുലാം നബി ആസാദിന് 54,098 വോട്ടുകൾ ലഭിച്ച് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തായ കോൺഗ്രസ് സ്ഥാനാർഥി അബ്ദുള്ളാഹിൽ കാഫിക്ക് 6,168 വോട്ടുകൾ മാത്രമാണ് നേടാനായത്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി റബിബുൾ അലാം ചൗധരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആം ജനത ഉന്നയൻ പാർട്ടി അധ്യക്ഷൻ ഹുമയൂൺ കബീർ എംഎൽഎ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് റെജിനഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
Tags : bypoll rejinagar nandigram bjp victory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash