കൊടുങ്ങല്ലൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും മരണത്തിനു കീഴടങ്ങി.
പുല്ലൂറ്റ് പി ഡബ്ളിയു കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയിൽനിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷംമുന്പാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുന്പാവൂരിൽ സ്വകാര്യ കന്പനിയിലായിരുന്നു ജോലി.
Tags : Sister illness Youngman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash