Kerala
കൊച്ചി: ആലുവയില്‍ യുവാവിനെ ആക്രമിച്ചത് ട്രാന്‍സ്ജെന്‍ഡര്‍ സംഘമെന്ന് റിപ്പോർട്ട്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജു (27) ആണ് ആക്രമണത്തിനിരയായത്. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിന്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലിസ് ജോഫിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം.
രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില്‍ കിടന്ന മൂന്നര പവന് തൂക്കംവരുന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. ക്രൂരമായ ആക്രമണത്തില്‍ ജോഫിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാർഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ഐസിയുവിലാക്കി.
മുമ്പും സമാന സംഭവങ്ങള്‍ ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്‍വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര്‍ തുടര്‍ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്ഫോമില്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.
National
ഇൻഡോർ: പശുമോഷണം ആരോപിച്ച് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ലസുദിയ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് പ്രതികൾ ചന്ദറിനെ ക്രൂരമായി മർദിച്ചത്. പ്രദേശവാസിയായ സുരാജ് ജാത്, ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും മറ്റൊരു വ്യക്തിയും ചേർന്നാണ് കൃത്യം നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് ലസുദിയ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Kerala
സുല്‍ത്താന്‍ ബത്തേരി: വാണിജ്യ അളവില്‍ രാസലഹരിയുമായി യുവാവ് പൊലിസ് പിടിയില്‍. കാസര്‍ഗോഡ് പെരിയടുക്ക അന്‍സാര്‍ മന്‍സില്‍ പി.എ. അന്‍സാറിനെയാണ്(27) 16.12 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റുചെയ്തത്. 1.21 ഗ്രാം എംഡിഎംഎ രണ്ട് ഗുളികരൂപത്തിലായിരുന്നു.
കഴിഞ്ഞദിവസം മുത്തങ്ങ ചെക്പോസ്റ്റില്‍ കര്‍ണാടക ആര്‍ടിസി ബസില്‍ എസ്ഐമാരായ സനല്‍, കുഞ്ഞിരാമന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിവദാസന്‍, ദീപേഷ് രാജന്, സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ പരിശോധനയിലാണ് അന്‍സാറിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.
ലഹരി കടത്ത്, മോഷണം, വധശ്രമം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് അന്‍സാറിനെതിരേ കാസര്‍ഗോഡ് ജില്ലയില്‍ കേസുകള്‍ ഉണ്ടെന്ന് പൊലിസ് അറിയിച്ചു.
Kerala
കോഴിക്കോട്: മദ്യലഹരിയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചയാൾ പിടിയിൽ. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി സുഭാഷ് ആണ് പിടിയിലായത്.
ജയനെയാണ് സുഭാഷ് വെട്ടിപ്പരിക്കേൽപിച്ചത്. തലയ്ക്കും ചെവിലും വെട്ടേറ്റ ജയനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുക്കം പൊലിസാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്.
Kerala
കറുകച്ചാൽ: കിണറ്റിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി ആനിക്കാട് മാടപ്പാട്ട് റെജിയുടെ മകൻ ജ്യോതിസ് മാത്യു (28) വിന്റെ മൃതദേഹമാണ് കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് മൃതദേഹം കണ്ടത്.
ഏതാനും ദിവസം മുൻപ് ജ്യോതിസ് കിണറിന് സമീപം നിൽക്കുന്നതുകണ്ട് പന്തികേടു തോന്നിയ നാട്ടുകാരും വ്യാപാരികളും യുവാവിനെ ഇവിടെനിന്നു മടക്കിയച്ചിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെ കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപത്തുകൂടെ ഇയാൾ നടന്നുപോകുന്നത് വ്യാപാരികളിൽ ചിലർ കണ്ടു. പിന്നീട് കിണറിന്റെ മുകൾഭാഗത്തെ ഗ്രില്ല് തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി ചിലർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽകോളജാശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷാന്റി.
Kerala
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പും ചുമത്തി. നാല് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്ന് യുവതി കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു.
കൗണ്‍സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കുകയും ചെയ്തു. പിന്നാലെയാണ് ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പ് ചുമത്തിയത്. പരാതി നല്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പോക്സോ ചുമത്താന്‍ പോലീസ് തയാറായത്.
ഭര്‍ത്താവ് കുഞ്ഞിനു മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.
കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി.
ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണു സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ് സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയമാക്കിയെങ്കിലും പിന്നീടും മര്‍ദനമേല്‍ക്കേണ്ടി വന്നുവെന്നു യുവതി മൊഴി നല്കി.
10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വിഡീയോകള്‍ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നെന്നും കുളിമുറിയില്‍ ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്കി.
നഗ്നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി.
കൗണ്‍സലിംഗ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില്‍ താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്‍സലിംഗിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്കി.
National
മുംബൈ: പാട്ട് ഉച്ചത്തിൽവച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം രണ്ടു പേരുടെ മരണത്തിൽ കലാശിച്ചു. രണ്ടു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വിക്രോളിയിലെ പാർക്ക്സൈറ്റിലുള്ള രാഹുൽ നഗറിലായിരുന്നു സംഭവം. ഒരു വീട്ടിൽ കഴിഞ്ഞുവന്ന നാലു സഹോദരങ്ങൾ തമ്മിലാണു കലഹമുണ്ടായത്. അതിരാവിലെ സുനിൽ വിശ്വകർമ (40) ഉയർന്ന ശബ്ദത്തിൽ പാട്ടുവച്ചതിനെ ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര വിശ്വകർമയും സൂരജ് വിശ്വകർമയും എതിർത്തു.
തർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ സുരേന്ദ്രയും സൂരജും സുനിലിനെയും കുടുംബത്തെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.
സുനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ 14 വയസുള്ള മകൻ ശ്ലോക് വിശ്വകർമ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സുനിലിന്റെ ഭാര്യക്കും ഇളയ മകനും ഗുരുതരമായി പരിക്കേറ്റു.
Kerala
പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ കൊട്ടം ചുരത്തിലെ വയൽ പീടികയിൽ ഹനീഫയുടെ (40) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു നൂറു മീറ്ററോളം അകലെ നിന്നാണ് ഇന്നു രാവിലെ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഹനീഫ ഒഴുക്കിൽപെട്ടത്.
പുഴയിലുടെ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ തൊണ്ടിയിൽ ചെസ് കഫേയുടെ സമീപത്തുവച്ചാണ് ഒഴുക്കിൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.
Kerala
കൊടുങ്ങല്ലൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും മരണത്തിനു കീഴടങ്ങി.
പുല്ലൂറ്റ് പി ഡബ്ളിയു കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയിൽനിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷംമുന്പാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുന്പാവൂരിൽ സ്വകാര്യ കന്പനിയിലായിരുന്നു ജോലി.
Kerala
മൂന്നിലവ്: കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ റ്റിറ്റോ ജോസഫ് (39) ആണ് മരിച്ചത്. ഇന്നലെ വെെകുന്നേരം 4.30നായിരുന്നു അപകടം.
സുഹൃത്തുക്കളായ നാലുപേരോടൊപ്പമാണ് റ്റിറ്റോ കട്ടിക്കയം വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ റ്റിറ്റോ കയത്തിൽ അകപ്പെടുകയായിരുന്നു.
ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് റ്റിറ്റോയെ പുറത്തെടുത്ത് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംസ്കാരം പിന്നീട്.
ഭാര്യ: റീജ. മകൻ: വിൽഫ്രഡ്.
Kerala
ആലപ്പുഴ: വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അഖിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കാസർഗോഡ്: ഫുട്ബോൾ മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുള്ള-ഖദീജ ദമ്പതികളുടെ മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറോടെ കുമ്പളയിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ റഫറിയിംഗ് നടത്തുന്നതിനിടെ ഹസ്സന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ തീരദേശ പട്ടണമായ മെയ്നിൽ യുവാവിനെ വെടിവച്ചുകൊന്നു.
ഇരുപത്തിയാറുകാരനായ കൊളംബിയൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനു നേരേ വെടിയുതിർക്കുകയായിരുന്നെന്നാണ് ഐസിഇ അധികൃതർ വിശദീകരിക്കുന്നത്.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുവാവിനെ അന്വേഷിച്ചെത്തിയതായിരുന്നു ഏജൻസി. എന്നാൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് യുവാവ് വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയായിരുന്നെന്ന് ഐസിഇ പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Kerala
കണ്ണൂർ: തലശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്.
185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ.
യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.