മോണ്‍സി. തോമസ് ആനിമൂട്ടിൽ
കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മോണ്‍സിഞ്ഞോര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി എന്നിവര്‍ സഹകാര്‍മികരായിരിക്കും.
കോഴിക്കോട് ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ചടങ്ങില്‍ തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അനുമോദന സന്ദേശം നല്‍കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് 50ലധികം ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.
ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്കാരികരംഗത്തെ പ്രമുഖര്‍, വൈദികര്‍, സന്യസ്തര്‍, അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍, യുവജനങ്ങള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ നാലായിരത്തോളം പേര് ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചു.
Tags : MsgrThomasAnimootil EpiscopalOrdination Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash