പുരുഷ ടീം കോംബോണ്ടില്‍ സ്വർണം നേടിയ ഇന്ത്യയുടെ കുശാല്‍ ദലാല്‍, സഹില്‍ ജാദവ്, ടി.ജി. മണിരത്നം എന്നിവരുടെ ആഹ്ലാദം.
നഗോയ: തെറ്റാത്ത ഉന്നവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട. അമ്പെയ്ത്തില്‍ മൂന്നും ഷൂട്ടിംഗില്‍ ഒന്നുമടക്കം ഇന്നലെ ഉന്നം കൃത്യമാക്കി ഇന്ത്യ നേടിയത് നാലു സ്വര്‍ണം. കോംബോണ്ട് ഇനങ്ങളിലായിരുന്നു (പുരുഷ ടീം, വനിതാ ടീം, മിക്സഡ്) മൂന്നു സ്വര്‍ണം.
വനിതാ ടീം കോംബോണ്ടില്‍ ചികിത തനിപര്‍ത്തി, ജ്യോതി സുരേഖ വെണ്ണം, പ്രിതിക പ്രദീപ് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണത്തിലേക്ക് അമ്പെയ്തത്. സ്വര്‍ണ പോരാട്ടത്തില്‍ ചൈനയെ 234-238ന് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചു. 229-228നു ചൈനീസ് തായ്പേയിയെ കീഴടക്കി ദക്ഷിണകൊറിയ വെങ്കലം സ്വന്തമാക്കി. ദക്ഷിണകൊറിയയെ സെമിയില്‍ തോല്‍പ്പിച്ചായിരുന്നു (234-233) ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
പുരുഷ ടീം കോംബോണ്ടില്‍ കുശാല്‍ ദലാല്‍, സഹില്‍ ജാദവ്, ടി.ജി. മണിരത്നം എന്നിവരടങ്ങിയ ടീമാണ് ഉന്നംതെറ്റാതെ സ്വര്‍ണം കരസ്ഥമാക്കിയത്. ഉജ്വല പോരാട്ടത്തിലൂടെ 238-237ന് ചൈനയെ തോല്‍പ്പിച്ച് ഇന്ത്യന്‍ പുരുഷന്മാര് ജേതാക്കളായി. സെമിയില്‍ കൊറിയയെ മറികടന്നായിരുന്നു (236-229) ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചത്.
കോംബോണ്ട് മിക്സഡ് ടീം ഫൈനലില്‍ ദക്ഷിണകൊറിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യക്കായി ചികിത തനിപര്‍ത്തി, സഹില്‍ ജാദവ് എന്നിവര്‍ അമ്പും വില്ലും കൈയിലേന്തി. ദക്ഷിണകൊറിയയ്ക്കായി പാര്‍ക്ക് ജംഗ് യോണും ചോയി യോങ്ഹിയുമായിരുന്നു മത്സരിച്ചത്. ആവേശകരമായ ഫൈനല്‍ പോരാട്ടം 157-157നു ടൈ. അതോടെ മത്സരം ഷൂട്ട്-ഓഫിലേക്കു നീണ്ടു. ഷൂട്ട്-ഓഫില്‍ 20-19ന്റെ ജയത്തോടെ ഇന്ത്യന്‍ സഖ്യം സ്വര്‍ണത്തില്‍ മുത്തമിട്ടു. തായ്ലന്‍ഡിനെ സെമിയില്‍ കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 156-155.
ചികിത, സഹില്‍ ഇരട്ട സ്വര്‍ണത്തിൽ
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ചികിത തനിപര്ത്തിയും സഹില്‍ ജാദവും അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണം കരസ്ഥമാക്കി. തെലുങ്കാന സുല്‍ത്താന്‍പുര്‍ സ്വദേശിനിയാണ് ഇരുപത്തൊന്നുകാരിയായ ചികിത. 2026 ഏഷ്യ കപ്പില്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. 2026 ലോകകപ്പില്‍ വെള്ളി നേടിയ ടീമിന്റെയും ഭാഗമായിരുന്നു ചികിത.
മഹാരാഷ്ട്ര സത്താറ സ്വദേശിയാണ് ഇരുപത്തഞ്ചുകാരനായ സഹില്‍ ജാദവ്. 2025 ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം, 2026 ലോകകപ്പില്‍ വെങ്കലം, 2025 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തില്‍ വെള്ളി തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

വീണ്ടും നീരു ഗോള്‍ഡ്
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ ഇന്ത്യന്‍ അക്കൗണ്ടിലെത്തിയ നാലാമതു സ്വര്‍ണം ഷൂട്ടിംഗ് റേഞ്ചില്‍നിന്നായിരുന്നു. മിക്സഡ് ട്രാപ്പ് ടീം ഇനത്തില്‍ ഇന്ത്യയുടെ നീരു ധണ്ഡയും കൈനന്‍ ചെനായിയും സ്വര്‍ണം സ്വന്തമാക്കി.
34 പോയിന്റ് നേടിയാണ് ഇന്ത്യന്‍ ടീം ഒന്നാമതു ഫിനിഷ് ചെയ്തത്. ഖത്തര്‍ (32) വെള്ളിയും ചൈന (23) വെങ്കലവും കൈക്കലാക്കി.
ഈ ഏഷ്യന്‍ ഗെയിംസില്‍ നീരുവിന്റെ മൂന്നാം മെഡലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തിഗത ട്രാപ്പ് ഇനത്തില്‍ സ്വര്‍ണവും ടീം ട്രാപ്പ് പോരാട്ടത്തില്‍ വെള്ളിയും നീരു സ്വന്തമാക്കിയിരുന്നു.

ഇന്ത്യ x പാക്; ഹോക്കി, വോളി
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ രണ്ടു വേദികളിലായി ഇന്ത്യ x പാക്കിസ്ഥാന് സൂപ്പര്‍ പോരാട്ടം. പുരുഷ ബഹോക്കി സെമിയില്‍ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഈ പോരാട്ടം. പൂള് എ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. പാക്കിസ്ഥാന് പൂള് ബി രണ്ടാം സ്ഥാനക്കാരായും അവസാന നാലില്‍ പ്രവേശിച്ചു.
പുരുഷ വോളിബോളില്‍ ക്വാര്‍ട്ടറിലാണ് ഇന്ത്യ x പാക് പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുന്നത്. ലോക റാങ്കിംഗില്‍ 48-ാം സ്ഥാനക്കാരാണ് ഇന്ത്യ. പാക്കിസ്ഥാന് 39-ാം സ്ഥാനക്കാരും. പൂള് എ രണ്ടാം സ്ഥാനക്കാരാണ് പാക്കിസ്ഥാന് ക്വാര്‍ട്ടറില്‍ എത്തിയത്. പൂള് സി ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
Tags : India AsianGames GoldMedals Archery Shooting Sports