കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം (പിജി) പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ബോണ്ട് സേവനം ഒഴിവാക്കുന്നതിലോ താത്കാലിക ഒഴിവ് സൃഷ്ടിക്കുന്ന കാര്യത്തിലോ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി.
കഴിഞ്ഞ ഡിസംബര്‍ 26ന് പിജി ഫലമറിഞ്ഞിട്ടും ഇതുവരെ ബോണ്ട് പ്രകാരമുള്ള സേവനത്തിന് (സീനിയര്‍ റെസിഡന്റ്) നിയമനം ലഭിച്ചില്ലെന്നാരോപിച്ച് ഒരുകൂട്ടം ഡോക്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ഉത്തരവ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പഠിച്ചവര്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത സര്‍വീസ് നടത്തണമെന്ന ബോണ്ട് വ്യവസ്ഥയുടെ സാധുത ശരിവച്ച കോടതി. കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷാഫലം പ്രസിദ്ധീകരിച്ച തീയതി മുതലാണ് ഒരു വര്‍ഷത്തെ ബോണ്ട് കാലയളവ് കണക്കാക്കേണ്ടതെന്നും വ്യക്തമാക്കി.
കോവിഡ് മൂലം അഡ്മിഷന് വൈകിയതിനാല്‍ 2021, 2022 ബാച്ചുകള്‍ ഒന്നിച്ച് പഠിച്ചിറങ്ങിയതാണു പ്രശ്നമായതെന്നാണ് സര്‍ക്കാർ വാദം. 600ഓളം സീനിയര്‍ റസിഡന്റ് ഒഴിവുകളാണുള്ളത്. രണ്ടു ബാച്ച് ഒരുമിച്ചിറങ്ങിയതിനാല് എല്ലാവര്ക്കും നിയമനം നല്കാന് സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ശിപാര്‍ശ നല്‍കിയിരുന്നു.
നിശ്ചിത പ്രതിഫലം കൂടി നല്കുന്ന ബോണ്ട് സേവനം പൂര്‍ത്തിയായാലേ സര്‍ട്ടിഫിക്കറ്റ് അടക്കം ലഭിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ പോലും സേവനം ചെയ്യാനാകാത്ത സാഹചര്യമുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പിജി ഡോക്ടര്‍മാരെ എട്ടുമാസമായി വെറുതെ ഇരുത്തുന്നത് ദേശീയനഷ്ടമാണെന്ന് കോടതി നിരീക്ഷിച്ചു.
Tags : Mandatory bond PG doctors Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash