പ്രതീകാത്മക ചിത്രം
ടെഹ്റാൻ: മിഡ്ടേം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അമേരിക്കയിൽ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ അനുയായികൾക്കും എതിരേ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ഇറാനിലെ വിപ്ലവ ഗാർഡ്.
ഇസ്രയേലിനെ പിന്തുണയ്ക്കുകയും വിദേശത്ത് സൈനികമായി ഇടപെടുകയും ചെയ്യുന്ന ഭരണകർത്താക്കളെ അമേരിക്കൻ ജനത പുറത്താക്കണമെന്നു വിപ്ലവഗാർഡ് പുറത്തിറക്കിയ 26 പേജുള്ള കത്തിൽ നിർദേശിക്കുന്നു.
ഇറേനിയൻ മാധ്യമങ്ങൾ പ്രസദ്ധീകരിച്ച കത്ത് അമേരിക്കൻ ജനത കാണാൻ പോലും സാധ്യതയില്ലെന്നാണു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടാൻ ശത്രുരാജ്യമായ ഇറാനു കഴിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തോൽക്കുമെന്നും പ്രതിപക്ഷ ഡെമോക്രാറ്റുകൾ കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നേടുമെന്നുമാണു സൂചന.
അമേരിക്കയുടെ നിലവിലുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും പുതിയവ തുടങ്ങില്ലെന്നും വാഗ്ദാനം ചെയ്താണ് ട്രംപ് വീണ്ടും അധികാരത്തിലേറിയത്.
പക്ഷേ, ഫെബ്രുവരി അവസാനം അമേരിക്കൻ സേന ഇസ്രയേലിനൊപ്പം ഇറാനെതിരേ തുടങ്ങിയ യുദ്ധം ആഗോളതലത്തിൽ മാത്രമല്ല അമേരിക്കയിലും ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയും ഉയരാൻ ഇടയാക്കി. ട്രംപിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്.
Tags : VoteagainstTrump Iran Tells AmericanPeople Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash