പ്രതീകാത്മക ചിത്രം
ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഉണ്ടായ അക്രമസംഭവം ഭീകരാക്രമണ ശ്രമമാണോയെന്ന് പരിശോധിച്ച് ഇസ്രയേൽ അധികൃതർ. കോക്പിറ്റിൽ സഹപൈലറ്റ് പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലി ചാനൽ 12 റിപ്പോർട്ട് പ്രകാരം, ഒമാൻ പൗരനായ സഹപൈലറ്റ് യുഎഇ പൗരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെയാണ് വിമാനത്തിൽ ഗുരുതരമായ സാഹചര്യമുണ്ടായത്. വിമാനം ഇടിച്ചിറക്കാൻ സഹപൈലറ്റ് ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ ഭീകരാക്രമണമായി കാണണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
കോക്പിറ്റിലുണ്ടായ അക്രമാസക്തമായ സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സൗദി അധികൃതർ സഹപൈലറ്റിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ക്യാപ്റ്റന് പരിക്കേറ്റതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചതായാണ് റിപ്പോർട്ടുകൾ.
വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറങ്ങിയതോടെ യാത്രക്കാർ ആശ്വാസത്തോടെ കൈയടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Tags : Dubai TelAviv FlightIncident FlightAttack TerrorAttack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash