യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടുന്നു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ തലസ്ഥാനത്ത് വൻ സംഘർഷം. പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പോലിസ് ലാത്തിവീശി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്ഗ്രസ് ആരോപിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് വീണ്ടും കുപ്പിയേറും കല്ലേറുമുണ്ടായി.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിയുകയും, എസ്എഫ്ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതോടെ പൊലിസ് ഹോസ്റ്റലിൽ ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗിച്ചു. പാളയത്തും ഹോസ്റ്റലിന് പുറത്ത് പ്രതിഷേധിച്ച കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും പൊലിസ് ലാത്തിച്ചാർജ് ഉണ്ടായി.
പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വൻ പോലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
Tags : clash major clash university hostel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash