പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഹെഡ് ക്ലാർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തു. റെജിമോന്റെ മൊബൈൽ ഫോണിൽ നിന്നാണ് ടെൻഡർ വിവരങ്ങൾ ചോർന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
ശബരിമല തീർഥാടന കാലത്ത് 110 കടകൾ നടത്താനുള്ള ലേലത്തിൽ ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് ചോർന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലേല നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായാണ് ഇ-ലേലം നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ടെൻഡർ വിവരങ്ങൾ ചോർന്നതിലൂടെ ഈ നടപടിയാണ് അട്ടിമറിക്കപ്പെട്ടതെന്ന് കെ. ജയകുമാർ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരെയും തുടർനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം ശബരിമലയിൽ ശേഖരിക്കുന്ന ലോഹ ആക്രികൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനും തീരുമാനിച്ചതായി കെ. ജയകുമാർ അറിയിച്ചു.
Tags : Sabarimala SabarimalaTemple TenderLeak TenderDetails Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash