പ്രതീകാത്മക ചിത്രം
കൊച്ചി: ശബരിമലയിലേക്ക് മിൽമയിൽ നിന്ന് വാങ്ങിയ നെയ്യുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘം മൂന്ന് ഇടങ്ങളിൽ റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പരിശോധന.
ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വീട്ടിലും പരിശോധന നടന്നു. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വാഹന കരാറുകാരുടെ സ്ഥാപനങ്ങളിലും എസ്ഐടി പരിശോധന നടത്തി. പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു.
ഹൈക്കോടതി നിർദേശപ്രകാരമാണ് കേസിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുന്നത്. മിൽമയിൽനിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ പ്രതിചേർത്ത് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
20,000 യൂണിറ്റ് അരവണ നിർമാണത്തിനായി മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽ ഒരു ഭാഗം വഴിമധ്യേ മറിച്ചുവിൽക്കുകയും പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തെന്നാണ് ആരോപണം. കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ശബരിമല സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കേസിൽ കൂടുതൽ അന്വേഷണം ശക്തമാക്കിയത്.
Tags : Sabarimala Milma GheeIrregularities Sit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash