പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രിയദർശിനി ബസുകളുടെ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താമെന്ന വിദഗ്ധ സമിതിയുടെ ശിപാർശ സർക്കാർ പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു.
50,000ത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും നിലവിലെ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും അനുകൂലമായ നടപടികൾ ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഈ മാസം അവസാനത്തോടെ സമരം ശക്തമാക്കുമെന്നും സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അവർ വ്യക്തമാക്കി.
Tags : PrivateBusOwners PrivateBuses Kerala BusStrike Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash