ജി.സുധാകരൻ എംഎൽഎ.
ചേർത്തല: സിപിഎം നേതൃത്വത്തിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി ജി.സുധാകരൻ എംഎൽഎ. കമ്മ്യൂണിസത്തിന്റെ സുഗന്ധം ഹൃദയത്തിലുള്ള ഒരാൾക്ക് നിലവിലെ സിപിഎമ്മിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പാർട്ടി ഇപ്പോൾ ബൂർഷ്വാ ദുർഗന്ധം വമിപ്പിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.
കമ്മ്യൂണിസത്തിന്റെ സുഗന്ധമില്ലാത്ത സിപിഎം നേതാക്കൾ സാധാരണക്കാരുടെ വീടുകളിലേക്ക് പോകുന്നില്ലെന്നും സമ്പന്നരുടെ വീടുകളിലും ഹോട്ടലുകളിലുമാണ് ഭക്ഷണവും താമസവുമെന്നും സുധാകരൻ പറഞ്ഞു. ഒരുകാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്നിരുന്ന പലരും ഇന്ന് വലിയ സമ്പന്നരായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ചേർത്തലയിൽ കെ.കെ. രമയ്ക്കൊപ്പം ആർഎംപി നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
പിണറായി വിജയന് മാർക്സിസ്റ്റ് ടെക്നോളജി അറിയില്ലെന്നും പകയും പ്രതികാരവുമാണ് അറിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവവും സുധാകരൻ പരാമർശിച്ചു. ചന്ദ്രശേഖരനെ 52 വെട്ടുവെട്ടി കൊലപ്പെടുത്തിയത് എന്ത് കുറ്റത്തിനാണ്. കൊലപാതകത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്കാരിക കേരളം മറക്കില്ല.
ഇക്കാര്യത്തിൽ സിപിഎം ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു. അതേസമയം താൻ സിപിഎമ്മിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും വർഷങ്ങളോളം പ്രവർത്തിച്ച പ്രസ്ഥാനമായതിനാൽ പിണറായി വിജയനെ അസഭ്യം പറയില്ലെന്നും സുധാകരൻ വ്യക്തമാക്കി. എന്നാൽ സ്വയം വിമർശനത്തിന് ഇടയാക്കുന്ന രീതിയിലാണ് പിണറായി വിജയന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Tags : PinarayiVijayan G.Sudhakaran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash