പ്രതീകാത്മക ചിത്രം
ബ്രസൽസ്: പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയ്ക്കെതിരേ അണ്വായുധ ഭീഷണി മുഴക്കി റഷ്യ. റഷ്യയുടെ വിദൂര പ്രദേശമായ കളിനിൻഗ്രാഡിനെ വേർപെടുത്താൻ ശ്രമിച്ചാൽ അണ്വായുധം പ്രയോഗിക്കേണ്ടിവരുമെന്നാണു നാറ്റോയ്ക്ക് അയച്ച അനൗപചാരിക രേഖയിൽ റഷ്യ മുന്നറിയിപ്പു നല്കിയത്.
നാറ്റോ അംഗങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കളിനിൻഗ്രാഡിനെ റഷ്യയിൽനിന്നു വിച്ഛേദിക്കാനുള്ള നീക്കങ്ങൾ അപകടം പിടിച്ചതാണെന്നും നാറ്റോയുമായി നേരിട്ടുള്ള സംഘർഷത്തിനു വഴിവച്ചേക്കുമെന്നും റഷ്യ ചൂണ്ടിക്കാട്ടി.
സംഘർഷമുണ്ടായാൽ ആരംഭത്തിൽത്തന്നെ നാറ്റോ രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെ റഷ്യ ആക്രമിച്ചേക്കാം. സ്വന്തം പ്രദേശത്തെ സംരക്ഷിക്കാനായി അണുബോംബ് അടക്കമുള്ള എല്ലാ ആയുധങ്ങളും റഷ്യ പ്രയോഗിക്കും. നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യക്ക് ഉദ്ദേശ്യമില്ല. എന്നാൽ, കളിനിൽഗ്രാഡിനെ തൊട്ടുകളിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും റഷ്യ പറയുന്നു.
റഷ്യൻസേന യൂറോപ്യൻ രാജ്യങ്ങളിൽ ഹൈബ്രിഡ് ആക്രമണത്തിനു കോപ്പുകൂട്ടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു ഭീഷണിവാർത്ത പുറത്തുവന്നത്. ശീതയുദ്ധത്തിനുശേഷം ആദ്യമായിട്ടാണു റഷ്യ അണ്വായുധ ഭീഷണി മുഴക്കുന്നത്.
റഷ്യയുടെ സന്ദേശം ലഭിച്ചതായി നാറ്റോ വക്താവ് ആലിസൺ ഹാർട്ട് സ്ഥിരീകരിച്ചു. പ്രതിരോധ സഖ്യമായ നാറ്റോ മറ്റു രാജ്യങ്ങൾക്കു ഭീഷണിയല്ലെന്നും റഷ്യൻ ഭീഷണിയെ തള്ളിപ്പറയുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
Tags : Russia NuclearThreat Issues NATO Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash