പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൊലിസ് അന്വേഷണത്തിൽ ഇതേ രീതിയിലുള്ള വീഴ്ചകൾ തുടരുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ കേസുകളുടെയും അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ ആവശ്യപ്പെടേണ്ടിവരുമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് യുപി പൊലിസിന്റെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ജനങ്ങൾ നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു. യുപി പൊലിസിന്റെ എല്ലാ അന്വേഷണങ്ങളും സിബിഐ നടത്തുന്നതാണ് നല്ലതെന്നും പൊലിസ് സേനയെ പിരിച്ചുവിടുന്നതാകും ഉചിതമെന്നും കോടതി വിമർശിച്ചു.
ഈ അസംബന്ധം എവിടെയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. യുപി പൊലിസ് രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം. പരാതിക്കാരൻ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലിസിന് കൈമാറിയിട്ടും എഫ്ഐആറിൽ ഇയാളെ അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയതെന്നാണ് കേസ്. പൊലിസ് അന്വേഷണ നടപടികളിലെ ഈ വൈരുധ്യമാണ് സുപ്രീംകോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്.
Tags : Supreme Court Uttar Pradesh Police Supreme Court Criticism UP Police CBI Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash